**കുടുംബബന്ധങ്ങൾ സ്നേഹവും ശാന്തിയും നിറഞ്ഞതാകണം:*
വേണുദാസ് മൊകേരി
പാനൂർ: കുടുംബബന്ധങ്ങൾ സ്നേഹവും പരസ്പര ബഹുമാനവും കൊണ്ട് ദൃഢമാക്കണമെന്നും ജീവിതം സ്നേഹങ്ങൾ പങ്കുവെക്കാനും അർത്ഥപൂർണ്ണമാക്കാനുമുള്ളതാണെന്നും പ്രഭാഷകൻ വേണുദാസ് മൊകേരി പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം പാനൂർ സ്ഥാനീയ സമിതി പാനൂർ വ്യാപാരഭവനിൽ സംഘടിപ്പിച്ച കുടുംബസംഗമവും കർമ്മശ്രേഷ്ഠ പുരസ്കാര വിതരണ ചടങ്ങിൽ 'ഭാരതീയ കുടുംബ സങ്കൽപ്പം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളിൽ നിന്ന് സ്നേഹവും സന്തോഷവും സമാധാനവും നഷ്ടപ്പെടുന്ന സാഹചര്യം ഗൗരവത്തോടെ കാണണം. മാതാപിതാക്കൾ പരസ്പരം സ്നേഹിക്കുകയും മുതിർന്നവരെ ബഹുമാനിക്കുകയും ചെയ്യുന്നത് കണ്ട് വളരുന്ന കുട്ടികളാണ് നല്ല സമൂഹത്തെ സൃഷ്ടിക്കുന്നത്. കുടുംബബന്ധങ്ങളിൽ അഹങ്കാരത്തിനും ഈഗോയ്ക്കും പകരം പരസ്പര സ്നേഹത്തിനും സൗഹൃദത്തിനും പ്രാധാന്യം നൽകണം. ഭാരതീയ കുടുംബ സങ്കൽപ്പത്തിലെ ചതുരാശ്രമങ്ങളായ ബ്രഹ്മചര്യം, ഗാർഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നിവയും ഗാർഹസ്ഥാശ്രമിയുടെ പഞ്ചമഹായജ്ഞങ്ങളായ ബ്രഹ്മയജ്ഞം, പിതൃയജ്ഞം, ദേവയജ്ഞം, ഭൂതയജ്ഞം, നരയജ്ഞം എന്നിവയും അദ്ദേഹം വിശദീകരിച്ചു.
മാഹി മഹാത്മാഗാന്ധി കോളേജ് റിട്ട. പ്രൊഫ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. എലാങ്കോട് കെ. പ്രകാശൻ, കൈവേലിക്കൽ ടി. അനീഷ് എന്നിവർക്ക് കർമ്മശ്രേഷ്ഠ പുരസ്കാരങ്ങൾ സമ്മാനിച്ചു. തുടർന്ന് സരസ്വതി ദക്ഷിണ നടന്നു. ടി. സജീവൻ മാസ്റ്റർ സ്വാഗതവും പി.പി. രാമചന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Post a Comment