*കുറിച്ചിയിൽ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി നിർത്തലാക്കിയതുമായി ബന്ധപ്പെട്ട് വാട്ടർ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1, 14 വാർഡുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന കുറിച്ചിയിൽ ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി കേരള വാട്ടർ അതോറിറ്റിയുടെ ചെലവ് ചുരുക്കൽ നയത്തിന്റെ ഭാഗമായി നിർത്തലാക്കിയതിനെ തുടർന്ന് പദ്ധതി പുനസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ കേരള വാട്ടർ അതോറിറ്റി അധികൃതർക്ക് നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വാട്ടർ അതോറിറ്റി അധികൃതരുമായി ചർച്ച നടത്തി. യോഗത്തിൽ ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, വൈസ് പ്രസിഡൻ്റ് എം കെ സെയിത്തു, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, സെക്രട്ടറി ടി എസ് പ്രണവ്, കേരള വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പി ദീപ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എമിൽ മാത്യൂസ്, അസിസ്റ്റൻ്റ് എഞ്ചിനീയർ കെ കെ മുവീദ, ഡ്രാഫ്റ്റ്സ്മാൻ സി ഒ ടി തസ്ലീം എന്നിവർ യോഗത്തിൽ പങ്കെടുത്തു.
കുറിച്ചിയിൽ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി ജൽ ജീവൻ മിഷൻ പദ്ധതി കമ്മീഷൻ ചെയ്യുന്നത് വരെയെങ്കിലും നിലനിർത്തണം എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ആവശ്യപ്പെട്ടു. എന്നാൽ വാട്ടർ അതോറിറ്റി ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ഇത്തരത്തിലുള്ള ചെറുകിട പദ്ധതികൾ പൂർണമായും ഉപേക്ഷിക്കുകയാണെന്നും കുറിച്ചിയിൽ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതി പുനസ്ഥാപിക്കാൻ സാധിക്കുകയില്ല എന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment