സ്മാരകപ്രഭാഷണവും അനുസ്മരണവും നടത്തുന്നു
മയ്യഴി വിമോചനസമരത്തിന്റെ മുൻനിര നേതാവും കവിയും പത്രപ്രവർത്തകനുമായ മംഗലാട്ട് രാഘവന്റെ അഞ്ചാം ചരമവാർഷികത്തിൽ സ്മാരകപ്രഭാഷണവും അനുസ്മരണവും നടത്തുന്നു. സപ്തംബർ 20ന് കാലത്ത് 10 മണിക്ക് മയ്യഴി മലയാളകലാഗ്രാമത്തിൽ അഡ്വ. ടി. അശോക്‌കുമാർ എം. എൽ.എ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ പത്രപ്രവർത്തകൻ എൻ. പി. ചെക്കുട്ടി അദ്ധ്യക്ഷത വഹിക്കും. മാതൃഭൂമി ഡപ്യൂട്ടി എഡിറ്റർ പി. പി. ശശീന്ദ്രൻ അനുസ്മരണപ്രഭാഷണം നടത്തും. പ്രമുഖ കവിയും നിരൂപകനുമായ കല്പറ്റ നാരായണൻ കവിത: ഭാവനയുടെ സാർവ്വലൗകികത എന്ന വിഷയത്തിൽ സ്മാരകപ്രഭാഷണം നടത്തും.
മയ്യഴി വിമോചനസമരത്തിലെ സോഷ്യലിസ്റ്റ് ധാരയുടെ നേതവായ മംഗലാട്ട് രാഘവൻ 1948 ലെ മയ്യഴി വിപ്ലവത്തിൽ നിറതോക്കേന്തിവന്ന മിലിറ്ററി പോലീസിനെ വെടിവെക്കാൻ വെല്ലുവിളിച്ച വിപ്ലവകാരിയായിരുന്നു. മിലിറ്ററി പോലീസിനുമുന്നിൽ പതറിപ്പോയ സ്വാതന്ത്ര്യസമരസേനാനികളെ ആവേശഭരിതരാക്കിയ ഈ നടപടി പട്ടാളം പിന്തിരിഞ്ഞുപോകാൻ ഇടയാക്കി. സ്വാതന്ത്ര്യസമരഭടന്മാർ മയ്യഴി വിമോചിപ്പിച്ച സംഭവങ്ങളുടെ തുടക്കം അതായിരുന്നു. 1942-ൽ മാതൃഭൂമി ലേഖകനായി ചേർന്ന മംഗലാട്ട് മയ്യഴി വിമോചനത്തിനുശേഷം മാതൃഭൂമിയുടെ എഡിറ്റോറിയൽ അംഗമായി. ചീഫ് സബ് എഡിറ്ററായാണ് പിരിഞ്ഞത്. ഫ്രഞ്ചിൽനിന്ന് വിവർത്തനം ചെയ്ത കവിതകളുടെ മൂന്ന് സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

Post a Comment