*ഐടിഐ റോഡിൽ കോൺക്രീറ്റ് ചെയ്യാതെ ഒഴിവാക്കിയ ഭാഗങ്ങൾ മുഴുവനായും പൂർത്തിയാക്കണം*
താഴെ ചൊക്ലി–മാഹി മെയിൻ റോഡിൽ നിന്ന് ഐടിഐയിലേക്കുള്ള പോക്കറ്റ് റോഡിന്റെ ടാറിങ് പ്രവൃത്തി പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും, റോഡിന്റെ ഇരുവശങ്ങളിലെയും കോൺക്രീറ്റ് പ്രവൃത്തി പൂർണമായി പൂർത്തിയാക്കാത്തത് പ്രദേശവാസികൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
മെയിൻ റോഡിൽ നിന്ന് ഐടിഐ കവാടം വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശവും മതിലിനോട് ചേർത്ത് കോൺക്രീറ്റ് ചെയ്യുന്നതിനുള്ള ഫണ്ട് ടാറിങ് പ്രവൃത്തിയോടൊപ്പം തന്നെ അനുവദിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. എന്നിട്ടും പലയിടത്തും കോൺക്രീറ്റ് ചെയ്യാതെ ഭാഗങ്ങൾ ഒഴിവാക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് ഐടിഐയുടെ വലിയ മതിലിനോട് ചേർന്ന ഭാഗങ്ങൾ മുഴുവനായും കോൺക്രീറ്റ് ചെയ്യാത്തതിനാൽ അവിടെ കാടും പുല്ലും വളർന്ന് റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന സ്ഥിതിയാണ്.
കവിയൂർ റോഡുമായി ഈ പോക്കറ്റ് റോഡിന് നേരിട്ടുള്ള ബന്ധമുള്ളതിനാൽ ദിനേന നിരവധി വാഹനങ്ങളും സ്കൂൾ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. കോൺക്രീറ്റ് ചെയ്യാതെ കിടക്കുന്ന ഭാഗങ്ങളിൽ കാടും പുല്ലും വ്യാപിച്ചതിനാൽ രണ്ട് വാഹനങ്ങൾ പരസ്പരം സൈഡ് നൽകുന്നതിനും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി സഞ്ചരിക്കുന്നതിനും വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്.
ആയതിനാൽ, മെയിൻ റോഡിൽ നിന്ന് ഐടിഐ കവാടം വരെയുള്ള റോഡിന്റെ ഇരുവശവും, പ്രത്യേകിച്ച് മതിലിനോട് ചേർന്ന് കോൺക്രീറ്റ് ചെയ്യാതെ ഒഴിവാക്കിയിട്ടുള്ള എല്ലാ ഭാഗങ്ങളും മതിലിനോട് ചേർത്ത് പൂർണമായും കോൺക്രീറ്റ് ചെയ്ത് നിർമാണപ്രവൃത്തി സമ്പൂർണമായി പൂർത്തിയാക്കി ജനങ്ങളുടെ യാത്രാസുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Post a Comment