◾ ലോകം ഉറ്റുനോക്കുന്ന അര്‍ജന്റീന- സ്പെയിന്‍ ലോക കപ്പ് ഫൈനല്‍ ഇന്ന്. അര്‍ധരാത്രി പന്ത്രണ്ടര മുതല്‍ യുഎസിലെ ന്യൂജേഴ്സിയിലുള്ള മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണു മല്‍സരം. കാലാവസ്ഥ മോശമായതിനാല്‍ സ്പെയിനിന്റേയും അര്‍ജന്റീനയുടേയും കലാശ പരിശീലനം തടസപ്പെട്ടിരുന്നു. ഇന്നു നടക്കുന്ന ഫൈനല്‍ മല്‍സരം കാണാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ളവര്‍ എത്തും
2026 | ജൂലൈ 19, ഞായര്‍
1201 | കര്‍ക്കടകം 3, ഉത്രം
➖➖➖➖➖➖➖➖
◾ ഫിഫ ലോകകപ്പ് ലൂസേഴ്സ് ഫൈനലില്‍ ഗോള്‍മഴ. ഫ്രാന്‍സിനെ നാലിനെതിരേ ആറു ഗോളിനു തോല്‍പ്പിച്ച് ഇംഗ്ലണ്ട് മൂന്നാം സ്ഥാനം സ്വന്തമാക്കി. മിയാമി ഗാര്‍ഡനിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ആദ്യ പകുതിയില്‍തന്നെ ഇംഗ്ലണ്ട് ഫ്രാന്‍സിനെ നാല് ഗോളുകള്‍ക്കു പിന്നിലാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ബുക്കായോ സാക ഹാട്രിക് ഗോളുകളുമായി തിളങ്ങി. ഫ്രാന്‍സിന് വേണ്ടി കിലിയന്‍ എംബാപ്പെ ഇരട്ട ഗോളുകള്‍ നേടിയെങ്കിലും ഫ്രഞ്ച് പടയെ രക്ഷിക്കാനായില്ല. എന്നാല്‍ 10 ഗോളുകളും ആകെ 22 ഗോളുകളുമായി എംബാപ്പെ സീസണില്‍ കൂടുതല്‍ ഗോള്‍ നേടിയ താരമായി. ഈ സീസണിലെ 8 ഗോളുകളും ആകെ 21 ഗോളുകളുമായി ലയണല്‍ മെസിയാണ് തൊട്ടുപിന്നില്‍.
◾ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടിക്കു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യനുമായി മമ്മൂട്ടി പുരസ്‌കാരം പങ്കുവച്ചു. പത്മഭൂഷണും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരവുമായി തിളങ്ങി നില്‍ക്കേയാണ് 74 -ാം വയസില്‍ നാലാം തവണ ദേശീയ പുരസ്‌കാരം മമ്മൂട്ടിയെ തേടിയെത്തുന്നത്. ആര്‍ട്ടിക്കിള്‍ 370 എന്ന ചിത്രത്തിലൂടെ യാമി ഗൗതം മികച്ച നടിയായി. അമരന്‍ ഒരുക്കിയ രാജ്കുമാര്‍ പെരിയസാമിയാണ് മികച്ച സംവിധായകന്‍. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ നേടി. മികച്ച തമിഴ് ചിത്രം ധനുഷ് സംവിധാനം ചെയ്ത രായനും മികച്ച ഹിന്ദി സിനിമ ശ്രീകാന്തും സ്വന്തമാക്കി. മികച്ച ഛായാഗ്രഹണം- ഭ്രമയുഗം, ഷെഹ്നാഥ് ജലാല്‍. മികച്ച ഗായിക- വൈക്കം വിജയ ലക്ഷ്മി- (എആര്‍എം ലെ അങ്ങ് വാന കോണില്).
◾ എംബിബിഎസ് കോഴ്സിന്റെ ട്യൂഷന്‍ ഫീസ് ഇനി മുതല്‍ നാലര വര്‍ഷത്തേക്കു മാത്രമേ ഈടാക്കാവൂവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ അടിയന്തര നടപടി.
◾ ടാറ്റാ പ്രതിനിധികളുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ ചര്‍ച്ച നടത്തിയെന്ന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. ടാറ്റാ പ്രതിനിധികള്‍ തങ്ങളെ വന്നു കണ്ടിരുന്നുവെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രോജക്ടിന്റെ തുടര്‍ച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ചയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
◾ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതികള്‍ മിഷന്‍ സമുദ്രയുടെ ഭാഗമാക്കി മുഖ്യമന്ത്രി വി.ഡി. സതീശന്‍ ക്രെഡിറ്റ് തട്ടാന്‍ ശ്രമിക്കുന്നുവെന്ന് എല്‍ഡിഎഫ്. വില്ലിങ്ടണ്‍ ഐലന്റിന് പിന്നാലെ മുഖ്യമന്ത്രി അവകാശപ്പെടുന്ന കൊച്ചി രാമന്‍തുരുത്തിലെ ഷിപ്പ് ബില്‍ഡിംഗ് പദ്ധതിയും എല്‍ഡിഎഫ് സര്‍ക്കാര്‍ അന്തിമനടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്ന് മുന്‍ വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു.
◾ മഴക്കുറവും താപനില വര്‍ധനയും മൂലം ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് സര്‍ക്കാര്‍. വൈദ്യുതി ഉപഭോഗം ഗണ്യമായി വര്‍ധിച്ചിരിക്കുകയാണ്. രാജ്യത്തു വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യത കുറഞ്ഞുവെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് അറിയിച്ചു.
◾ ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകള്‍ വരുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാന്‍ പാടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
◾ പൊതിച്ചോറ് പദ്ധതി നിര്‍ത്തലാക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിര്‍ത്തലാക്കുമെന്ന് പറയുന്നു. എല്ലാം മുടക്കുക എന്നതാണ് ഭരണപക്ഷത്തിന്റെ രീതി. തുടര്‍ന്നുകൊണ്ടേയിരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതിയെന്നും വസീഫ് പറഞ്ഞു. പൊതിച്ചോര്‍ വിതരണം തുടരുമെന്നു സംസ്ഥാന സെക്രട്ടറി വി കെ സനോജ്.
◾ സംസ്ഥാനത്തു ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സ്റ്റേറ്റ് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സ്ഥാപിക്കാന്‍ അനുമതിയായെന്ന് എക്സൈസ് മന്ത്രി എം ലിജു. സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കാതെ വകുപ്പിലെ നിലവിലുള്ള തസ്തികകള്‍ പുനര്‍വിന്യസിച്ചും ഉദ്യോഗസ്ഥര്‍ക്ക് അധിക ചുമതലകള്‍ നല്‍കിയുമാണ് ബ്യൂറോയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
◾ വടക്കഞ്ചേരി- മണ്ണുത്തി ആറുവരിപ്പാതയിലെ വടക്കഞ്ചേരി ഇടതു മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കായി വീണ്ടും അടച്ചു. തൃശൂര്‍ ദിശയിലേക്കുള്ള മൂന്നുവരി പാതയാണ് അടച്ചത്. പാലത്തിലെ ജോയിന്റുകളില്‍ വിള്ളല്‍ രൂപപ്പെടുകയും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ശക്തമായ ശബ്ദവും കുലുക്കവും അനുഭവപ്പെടുകയും ചെയ്തിരുന്നു.
◾ മുന്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എം.എല്‍.എ എന്നു ചേര്‍ത്തതിന് നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്. 18 വയസിന് മുന്‍പ് ഗണേഷ് കുമാര്‍ ലൈസന്‍സ് നേടിയ ആരോപണത്തിലും ശക്തമായ നടപടിക്ക് വകുപ്പ് നിര്‍ദ്ദേശിച്ചു. അന്വേഷിച്ച് നടപടിയെടുക്കാന്‍ സൗത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറെ ഗതാഗത കമ്മിഷണര്‍ ചുമതലപ്പെടുത്തി.
◾ കെ എസ് ആര്‍ ടി സി ബദലി ജീവനക്കാരുടെ 2026 ജൂണ്‍ മാസത്തെ ശമ്പളം പൂര്‍ണമായും വിതരണം ചെയ്തു. 6264 പേരടങ്ങുന്ന മുഴുവന്‍ ബദലി ജീവനക്കാര്‍ക്കുമായി 11.94 കോടി രൂപയാണ് വിതരണം ചെയ്തതെന്ന് കെ എസ് ആര്‍ ടി സി അറിയിച്ചു.
◾ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം സി സുജിത്ത് മെമ്പര്‍ സ്ഥാനം രാജിവച്ചു. പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ രാഗം കോര്‍ണറിനെ പ്രതിനിധീകരിച്ച സുജിത്ത്, വികസന കാര്യ സ്ഥിരം സമിതി ചെയര്‍മാനായിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് യുവതിയുടെ പരാതിയില്‍ ശ്രീകൃഷ്ണപുരം പൊലീസ് സിപിഎം അംഗമായ സുജിത്തിനെതിരെ കേസെടുത്തത്.
◾ മൊബൈല്‍ ഫോണില്‍ എ.ഐ വ്യാജ വീഡിയോയും ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പും തുറന്ന വടകരയിലെ വയോധികന്റെ 1.37 കോടി രൂപ നഷ്ടപ്പെട്ടു. തട്ടിപ്പിന് ഇരയായ വയോധികന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി.
◾ വഖഫ് ബോര്‍ഡ് മരവിപ്പിച്ച വിഷയത്തില്‍ പിണറായി വിജയന്റെ പ്രസ്താവനകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്. വഖഫ് ബോര്‍ഡ് മുസ്ലിം സമുദായത്തിന്റെ മാത്രം സ്വത്തല്ല കൈകാര്യം ചെയ്യുന്നത്. ഇതര സമുദായവുമായി കേസുകളുണ്ടെന്നും മുനമ്പം ഉദാഹരണം മാത്രമാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.
◾ പ്ലീഡര്‍ നിയമന വിവാദത്തില്‍ വിശദീകരണവുമായി ഡീന്‍ കുര്യാക്കോസ് എംപി. ജിയോണ ജയിംസിനെ ശുപാര്‍ശ ചെയ്തിരുന്നുവെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനമെന്നും എംപി പറഞ്ഞു.
◾ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഒരു ഡിവൈഎഫ്ഐ നേതാവ് കൂടി അറസ്റ്റില്‍. ഡിവൈഎഫ്ഐ നേതാവായ അമലിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സിപിഎം കണ്ണങ്കുഴി ബ്രാഞ്ചംഗം കൂടിയാണ് അമല്‍.
◾ തിരുവനന്തപുരത്ത് മരിച്ച കോടതി ജീവനക്കാരി രഞ്ചിതയുടെ മുറിയില്‍ നിന്നും ആത്മഹത്യകുറിപ്പ് കണ്ടെടുത്തു. ജോലി സ്ഥലത്തെ സമ്മര്‍ദ്ദമാണ് ആത്മഹത്യക്കു കാരണമെന്നാണ് കുറിപ്പിലുള്ളത്.
◾ കോട്ടയം മെഡിക്കല്‍ കോളേജിലെ സ്‌കിന്‍ ബാങ്കിന് ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മുന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വേര്‍പാടിന്റെ വേദനയിലും അതിന് സന്നദ്ധരായ കുടുംബത്തോട് മുന്‍ മന്ത്രി നന്ദിയും ആദരവും അറിയിച്ചു.
◾ കെഎസ്ആര്‍ടിസി ബസില്‍ സഹയാത്രികയായ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ ജീവനക്കാരന്‍ പിടിയിലായി. കെഎസ്ആര്‍ടിസി കായംകുളം ഡിപ്പോയിലെ ഡ്രൈവറും ചേര്‍ത്തല വയലാര്‍ തെക്കേക്കര സ്വദേശിയുമായ രഞ്ജന്‍ (53) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.
◾ ഗുജറാത്തില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ടുപേര്‍ മരിച്ചു. അപകടത്തില്‍ ഒന്‍പതുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഹമ്മദാബാദിലെ വസ്ത്രാല്‍ മേഖലയിലെ ടാലന്റ് ഫയര്‍വര്‍ക്ക്സ് പടക്കനിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്.
◾ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരുടെ കൂട്ടരാജിയില്‍ വിശദീകരണവുമായി ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. ശാസ്ത്രജ്ഞരുടെ രാജി ഭരണപരമായ കാരണങ്ങളാല്‍ ആണെന്നും അല്ലാതെ വലിയ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നതല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
◾ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത തന്ത്രം രൂപീകരിക്കാന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ത്ത 'ഇന്ത്യ' സഖ്യത്തിന്റെ യോഗത്തില്‍ കടുത്ത അനിശ്ചിതത്വം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരിട്ട് ക്ഷണിച്ചിട്ടും യോഗത്തില്‍ പങ്കെടുക്കുമോയെന്ന് ഭൂരിഭാഗം സഖ്യകക്ഷികളും അറിയിച്ചിട്ടില്ല.
◾ കര്‍ണാടകയില്‍ വരള്‍ച്ച നേരിടാനുള്ള കര്‍മപരിപാടികള്‍ ആലോചിക്കാന്‍ തിങ്കളാഴ്ച അടിയന്തര മന്ത്രിസഭാ യോഗം വിളിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ദുരിതം കാരണം ജനങ്ങളുടെ പലായനം എന്നിവ യോഗത്തില്‍ വിലയിരുത്തും.
◾ പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് കെട്ടിടം പൊളിച്ചുനീക്കുന്നു. തൃണമൂല്‍ ദേശീയ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനര്‍ജിയുടെ അംതാലയിലെ അഞ്ചുനിലകളുള്ള ഓഫീസ് കെട്ടിടമാണ് പൊളിച്ചുനീക്കുന്നത്.
◾ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അര്‍ധനഗ്നനായി തെരുവിലൂടെ ഓടിനടന്ന് നിരവധി വീടുകളിലേക്ക് ഓടിക്കയറി സാധനങ്ങള്‍ വലിച്ചെറിയുകയും വീട്ടുകാരെ കടിക്കാന്‍ ശ്രമിക്കുകയും ചെയ്ത വിദേശ പൗരനെ പിടികൂടി പോലീസില്‍ ഏല്‍പിച്ചു.
◾ ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തിവന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച, സിബിഎസ്ഇ പരീക്ഷ മൂല്യനിര്‍ണയ പിഴവുകള്‍ എന്നിവയുടെ പേരില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടിയുടെ ജന്തര്‍മന്തറിലെ പ്രതിഷേധത്തില്‍ ആദ്യമായാണ് രാഹുല്‍ പ്രതികരിച്ചത്.
◾ ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിനുനേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതായി. ഇറാന്റെ മിസൈലുകളെ പ്രതിരോധിക്കുന്നതിനിടയിലാണ് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.
◾ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും കുടുംബത്തിനുമെതിരേ വീണ്ടും ഇറാന്റെ വധഭീഷണി. അമേരിക്കന്‍ പതാക പുതച്ച ശവപ്പെട്ടികള്‍ക്ക് മുകളില്‍ ട്രംപിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ പതിച്ച കൂറ്റന്‍ പരസ്യബോര്‍ഡ് ഉയര്‍ത്തിയാണ് ഭീഷണി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ പലസ്തീന്‍ സ്‌ക്വയറിലാണു കൂറ്റന്‍ പരസ്യബോര്‍ഡ് സ്ഥാപിച്ചത്.
◾ തുറമുഖങ്ങള്‍, ഗതാഗത ശൃംഖലകള്‍, എന്നിവയടക്കം ഇറാന്റെ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കുനേരെ സൈനിക ആക്രമണങ്ങള്‍ നടത്തുന്ന അമേരിക്കയ്ക്കെതിരേ ഐക്യരാഷ്ട്രസഭയില്‍ ഇറാന്റെ പരാതി. ഇറാന്‍ പ്രതിനിധി അമീര്‍ സഈദ് ഇരവാനിയാണ് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടെറസിന് പരാതി നല്‍കിയത്.
◾ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ പരുക്കേറ്റ ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് പുറത്തായി. സുന്ദറിന് പകരക്കാരനായി സ്പിന്‍ ഓള്‍റൗണ്ടര്‍ ഹര്‍ഷ് ദുബേയെ ടീമില്‍ ഉള്‍പ്പെടുത്തി.
◾ യൂറോപ്യന്‍ മണ്ണില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യയുടെ മിനര്‍വ അക്കാദമി അണ്ടര്‍-12 ഫുട്‌ബോള്‍ ടീം. ലോകപ്രശസ്ത ഗോതിയ കപ്പില്‍ ബ്രസീലിയന്‍ ടീമായ ആര്‍എസ് സ്‌പോര്‍ട്‌സ് യെല്ലോയെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് മിനര്‍വ അക്കാദമി കിരീടം നിലനിര്‍ത്തിയത്. ഒരാഴ്ചയ്ക്കിടെ നേടുന്ന രണ്ടാമത്തെ അന്താരാഷ്ട്ര കിരീടമാണിത്. അടുത്തിടെ നടന്ന ഹെല്‍സിങ്കി കപ്പിലും മിനര്‍വയായിരുന്നു ജേതാക്കള്‍.
◾ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 36.57 ശതമാനം വര്‍ധിച്ച് 1,176.93 കോടി രൂപയിലെത്തി. മൊത്തം ബിസിനസ് ഇതോടെ 6 ലക്ഷം കോടി രൂപയെന്ന ചരിത്ര നേട്ടത്തിന് തൊട്ടരികിലെത്തി. അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 26.06 ശതമാനം വര്‍ധിച്ചു. ബാങ്കിന്റെ കമ്മീഷന്‍ വഴിയുള്ള ഫീ വരുമാനത്തില്‍ 21.71 ശതമാനം വര്‍ധനയുണ്ടായി. പ്രവാസി നിക്ഷേപം 14.24 ശതമാനം വര്‍ധിച്ച് 1,05,123.41 കോടി രൂപയായി. കോര്‍പ്പറേറ്റ് വായ്പകളും 16.12 ശതമാനം വര്‍ധനയോടെ ഒരു ലക്ഷം കോടി രൂപ കടന്നു. മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 13.05 ശതമാനം വര്‍ധിച്ച് 5,97,615.83 കോടി രൂപയിലെത്തി. മൊത്തം നിക്ഷേപങ്ങള്‍ 11.37 ശതമാനം വര്‍ധനയോടെ 3,20,117.66 കോടി രൂപയായി. കാസാ നിക്ഷേപങ്ങള്‍ 188 ബിപിഎസ് വര്‍ധിച്ച് ആകെ നിക്ഷേപത്തിന്റെ 32.23 ശതമാനമായി. ആകെ വായ്പ 14.94 ശതമാനം വര്‍ധനയോടെ 281239 .54 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 0.18 ശതമാനത്തിലേക്ക് താഴ്ന്നു (506.04 കോടി രൂപ). മൊത്ത നിഷ്‌ക്രിയ ആസ്തി 1.52 ശതമാനമാണ് (1,541.30 കോടി രൂപ).
◾ പ്രമുഖ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്‌റ്റോ, ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 'സെപ്‌റ്റോ ക്ലബ്' എന്ന പേരില്‍ പുതിയ പെയ്ഡ് മെമ്പര്‍ഷിപ്പ് പദ്ധതി അവതരിപ്പിച്ചു. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രം ചേരാവുന്ന ഈ പുതിയ പദ്ധതിയിലൂടെ ഉപഭോക്താക്കളെ സ്ഥിരമായി നിലനിര്‍ത്താനും ആവര്‍ത്തിച്ചുള്ള വാങ്ങലുകള്‍ പ്രോത്സാഹിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രതിമാസം 99 രൂപ എന്ന പ്രാരംഭ നിരക്കിലാണ് 'സെപ്‌റ്റോ ക്ലബ്' മെമ്പര്‍ഷിപ്പ് ലഭ്യമാകുന്നത്. ഈ പദ്ധതിയനുസരിച്ച് ഓരോ ഓര്‍ഡറിലും 5 ശതമാനം ക്യാഷ്ബാക്ക് 'സെഡ്-കോയിനുകളായി' അംഗങ്ങള്‍ക്ക് ലഭിക്കും. ഇത് പിന്നീട് പണമടയ്ക്കാന്‍ ഉപയോഗിക്കാം. കൂടാതെ, 99 രൂപയ്ക്ക് മുകളിലുള്ള ഓര്‍ഡറുകള്‍ക്ക് പരിധിയില്ലാത്ത സൗജന്യ ഡെലിവറി, ഓര്‍ഡറുകള്‍ പാക്ക് ചെയ്യുന്നതിലും വിതരണം ചെയ്യുന്നതിലും മുന്‍ഗണന എന്നിവയും ലഭിക്കും. മുന്‍ഗണനാടിസ്ഥാനത്തിലുള്ള കസ്റ്റമര്‍ സപ്പോര്‍ട്ടും തിരഞ്ഞെടുക്കപ്പെട്ട ഓഫറുകളിലേക്കുള്ള ആദ്യകാല പ്രവേശനവും ഈ പാക്കേജിന്റെ ഭാഗമാണ്.
◾ നടന്മാരായ വിനീത്, ദിലീഷ് പോത്തന്‍, സാഗര്‍ സൂര്യ എന്നിവര്‍ പ്രധാന താരങ്ങളായി എത്തുന്ന ചിത്രം 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. ഒരു ഗ്രാന്‍ഡ് പിയാനോയും അതിന് മറുവശത്തായി നീളമുള്ളൊരു അത്താഴ മേശയും ചുറ്റും ആ വീട്ടിലെ അംഗങ്ങളും നിരന്നിരിക്കുന്നു. ചുവരിനോട് ചേര്‍ന്നിരിക്കുന്ന മുത്തച്ഛന്‍ ക്ലോക്കില്‍ സമയം പത്ത് പത്ത്. മേശയ്ക്ക് ചുറ്റുമുള്ള 16 അംഗങ്ങളില്‍ 4 പേരൊഴികെ മറ്റെല്ലാവരുടെയും മുന്നിലെ പ്ലേറ്റിലും കഴിക്കാനുള്ള വിഭവങ്ങളുണ്ട്. പുതുമയുള്ള ഈ പോസ്റ്റര്‍ ഇതിനകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. രേവതി ശര്‍മ്മ, അതിഥി ബാലന്‍, മധുപാല്‍, ലെന, മോക്ഷ സെന്‍ഗുപ്ത, മെറിന്‍ ഫിലിപ്പ്, രഘുനാഥ് പലേരി, ജാഫര്‍ ഇടുക്കി, വിജയ് ബാബു, മണിക്കുട്ടന്‍, സജിന്‍ ചെറുകയില്‍, പ്രവീണ, നില്‍ജ, ജെയ്ന്‍ ആന്‍ഡ്രൂസ്, ബിനോജ് വില്യ, കാവ്യ എസ് ഭാനു, നസ്ലിന്‍ ജമീല, നൗഷാദ്, സെന്തില്‍, ഭഗത് മാനുവല്‍, അപര്‍ണ ജോണ്‍സ് തുടങ്ങി വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.
◾ നിവിന്‍ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന 'ബത്‌ലഹേം കുടുംബ യൂണിറ്റിന്റെ' റിലീസ് തീയതി പുറത്ത്. ഓണം റിലീസായി ഓഗസ്റ്റ് 21 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. റെയില്‍വേ പ്ലാറ്റ്ഫോമിലൂടെ ബാഗും തൂക്കി നടക്കുന്ന നിവിനെയും മമിതയെയുമാണ് റിലീസ് പോസ്റ്ററില്‍ കാണാനാവുക. ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് എ ഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കര്‍, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ്, ശ്യാം മോഹന്‍, ഷമീര്‍ ഖാന്‍, ശ്രിന്ദ, പാര്‍വതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രന്‍ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്.
◾ ജനപ്രിയ റോഡ്സ്റ്റര്‍ മോട്ടോര്‍സൈക്കിളായ ഗറില്ല 450-യുടെ വിവിധ വകഭേദങ്ങളുടെ എക്‌സ്‌ഷോറൂം വില റോയല്‍ എന്‍ഫീല്‍ഡ് വര്‍ധിപ്പിച്ചു. പരമാവധി 2,044 രൂപ വരെയാണ് വില കൂട്ടിയത്. എന്നാല്‍ വില വര്‍ധനവ് ഒഴികെ ബൈക്കിന്റെ രൂപകല്‍പ്പനയിലോ എന്‍ജിനിലോ ഫീച്ചറുകളിലോ കമ്പനി യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഗറില്ല 450-ല്‍ മുമ്പുണ്ടായിരുന്ന അതേ 452 സിസി ലിക്വിഡ്-കൂള്‍ഡ്, ഒറ്റ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എന്‍ജിന്‍ 39 ബിഎച്ച്പി കരുത്തും 40 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. സ്റ്റീല്‍ ട്വിന്‍-സ്പാര്‍ ഫ്രെയിമിനെ അടിസ്ഥാനമാക്കിയുള്ള ബൈക്കില്‍ മുന്‍വശത്ത് അപ്‌സൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് സസ്‌പെന്‍ഷനുമാണ് നല്‍കിയിരിക്കുന്നത്. ബ്രാവ ബ്ലൂവിന് 2,044 രൂപ വില വര്‍ധിച്ചത്. ഷാഡോ ആഷ് വകഭേദത്തിന് 2,003 രൂപയും അപെക്സ് ഗ്രീനിന് 1,922 രൂപയും അപെക്സ് റെഡ്, ട്വിലൈറ്റ് ബ്ലൂ എന്നീ വകഭേദങ്ങള്‍ക്ക് 1,869 രൂപയും വീതമാണ് വര്‍ധിപ്പിച്ചത്.
◾ ഓര്‍മ്മകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഇടയില്‍, കാലത്തിന്റെ മൃദുവായ വിരലുകളില്‍ നിന്ന് പിറവിയെടുത്ത കഥകള്‍, മഴ, ഓര്‍മ്മ, മാതൃത്വം, നഷ്ടങ്ങള്‍ എന്നിവയുടെ കാണാത്ത അതിരുകളിലൂടെ സഞ്ചരിക്കുന്ന മനുഷ്യജീവിതങ്ങളുടെ നിശ്ശബ്ദമായ അന്വേഷണമാണ് ഈ കഥാസമാഹാരം. വികാരങ്ങളുടെ അമിതാഭിനയമില്ലാതെ, കാവ്യസൗന്ദര്യവും നിയന്ത്രിതമായ ആഴവും ചേര്‍ത്താണ് ഓരോ കഥയും നെയ്തെടുത്തിട്ടുള്ളത്. ഗ്രാമങ്ങളും നഗരങ്ങളും വിമാനത്താവളങ്ങളും കടന്ന് മൗനത്തിന്റെ തീരങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ കഥകളിലെ സാധാരണ മനുഷ്യര്‍ മനസ്സിന്റെയുള്ളില്‍ അവര്‍ പേറുന്നത് അസാധാരണമായ ആന്തരിക ലോകങ്ങള്‍ തന്നെയാണ്. ലോകം എത്ര മാറിയാലും മനുഷ്യന്റെ വേദനയും കരുണയും മാറുന്നില്ലെന്ന് ഈ കഥകള്‍ ഓര്‍മ്മിപ്പിക്കുന്നു. 'മഴത്തുള്ളികളുടെ നഗരം'. അനീഷ് നാറാത്ത്. ഗ്രീന്‍ ബുക്സ്. വില 190 രൂപ.
◾ പ്ലേറ്റ്‌ലെറ്റുകള്‍ രക്തത്തിലെ ഒരു പ്രധാന ഘടകമാണ്. ശരീരത്തില്‍ മുറിവുണ്ടായാല്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ചെറു കോശങ്ങളാണവ. രക്തക്കുഴലുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ പ്ലേറ്റ്‌ലെറ്റുകള്‍ ഒരുമിച്ച് കട്ടപിടിച്ച് രക്തസ്രാവം തടയുന്നു. ഒരു മൈക്രോലീറ്റര്‍ രക്തത്തില്‍ ഏതാണ്ട് 1,50,000 4,50,000 പ്ലേറ്റ്ലെറ്റ് ഉണ്ട്. വൈറല്‍ ബാധ, കാന്‍സര്‍, ചില ജനിതകരോഗങ്ങള്‍ ഇവ മൂലം ശരീരത്തില്‍ പ്ലേറ്റ്ലെറ്റിന്റെ എണ്ണം വളരെ കുറഞ്ഞേക്കാം. വൈദ്യസഹായം തേടുന്നതോടൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുക വഴിയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാം കഴിയും. പഴുത്ത പപ്പായ രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാന്‍ മികച്ച മാര്‍ഗമാണ്. ആന്റി-ഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മാതളം രക്തത്തിലെ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കൂട്ടാനും സഹായിക്കും. ഇത് രോഗപ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചതാണ്. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മത്തങ്ങ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂട്ടാനും ശരീരകോശങ്ങളിലെ പ്രോട്ടീനുകളെ നിയന്ത്രിക്കാനും സഹായിക്കുന്നു. മത്തങ്ങയിലെ ബീറ്റാ കരോട്ടിന്‍ ഒരു ആന്റിഓക്‌സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. പച്ചച്ചീര, ഉലുവ തുടങ്ങി വിറ്റാമിന്‍ കെ ധാരാളം അടങ്ങിയ ഇലക്കറികള്‍ പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടാന്‍ സഹായിക്കും. സാലഡില്‍ ചേര്‍ത്തോ, കറിവച്ചോ എങ്ങനെയും ഇവ കഴിക്കാം. വിളര്‍ച്ച ബാധിച്ചവര്‍ക്ക് ബീറ്റ്റൂട്ട് ഒരു മികച്ച ഭക്ഷണമാണ്. ആഴ്ചയില്‍ രണ്ടു തവണ വീതം കാരറ്റും ബീറ്റ് റൂട്ടും കഴിക്കുന്നത് പ്ലേറ്റ്ലെറ്റ് കൗണ്ട് കൂട്ടും.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരു സാധു ബ്രാഹ്‌മണന്‍ തന്റെ മകളുടെ വിവാഹം നടത്താന്‍ കഴിയാതെ വിഷമത്തിലായിരുന്നു. സഹായം തേടി അദ്ദേഹം പാണ്ഡവരെ സമീപിച്ചു. അദ്ദേഹത്തിന്റെ ദുഃഖം കേട്ട ധര്‍മ്മപുത്രരും മറ്റ് സഹോദരന്മാരും കഴിയുന്ന സഹായങ്ങള്‍ നല്‍കി. എന്നാല്‍ ഭീമന്‍ പറഞ്ഞു: 'നിങ്ങളുടെ മകളുടെ വിവാഹം തീരുമാനിക്കുന്ന ദിവസം, വിവാഹസദ്യയ്ക്ക് വേണ്ട വിറക് ഞാന്‍ എത്തിച്ചുതരാം.' അത് കേട്ട ധര്‍മ്മപുത്രര്‍ ശാന്തമായി പറഞ്ഞു: 'അപ്പോള്‍, അന്നുവരെ ജീവിച്ചിരിക്കുമെന്ന് നിനക്ക് ഉറപ്പുണ്ടോ?' ആ ഒരു ചോദ്യം ഭീമനെ ചിന്തിപ്പിച്ചു. ഒട്ടും വൈകാതെ മഴുവുമെടുത്ത് കാട്ടില്‍ പോയി, വിറക് വെട്ടി, കെട്ടുകളാക്കി ബ്രാഹ്‌മണന്റെ വീട്ടിലെത്തിച്ചു. കാരണം, നാളെ ചെയ്യാമെന്ന് കരുതുന്ന നന്മകള്‍ക്ക് നാളെ അവസരം ലഭിക്കണമെന്നില്ല. സഹായം ചെയ്യാനുള്ള മനസ്സിനേക്കാള്‍ വിലപ്പെട്ടത്, സമയത്ത് ചെയ്യുന്ന സഹായമാണ്. കാരണം, മാറ്റിവെച്ച നന്മകള്‍ക്ക് ഒരുപക്ഷേ മറ്റൊരു അവസരം ലഭിച്ചെന്നുവരില്ല.
ശുഭദിനം.
➖➖➖➖➖➖➖➖

Post a Comment