ലയണൽ മെസ്സിക്കും അർജന്റീന ഫുട്ബോൾ ടീമിനും വേണ്ടി ജലധാര
മാഹി: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിക്കും അർജന്റീന ഫുട്ബോൾ ടീമിനും വരാനിരിക്കുന്ന 2026-ലെ ലോകകപ്പിൽ വിജയമുണ്ടാകാൻ വേറിട്ട പ്രാർത്ഥനയുമായി ആരാധകർ. ടീമിന് യാതൊരു വിഘ്നങ്ങളും വരാതിരിക്കാൻ മാഹിയിലെ പള്ളൂർ ശ്രീ കൊയ്യോട്ട് തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലാണ് കടുത്ത ഫുട്ബോൾ ആരാധകർ പ്രത്യേക ജലധാര വഴിപാട് നടത്തിയത്.
'ലയണൽ മെസ്സി' എന്ന പേരിൽ മകം നക്ഷത്രത്തിലാണ് വഴിപാട് കഴിച്ചിരിക്കുന്നത്. പത്തു രൂപയാണ് വഴിപാട് തുകയായി നൽകിയിട്ടുള്ളത്. രസീതിൽ വഴിപാടിന്റെ വിവരങ്ങൾ എഴുതുന്ന ഭാഗത്ത് 'World cup 2026 Argentina ജലധാര' എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ക്ഷേത്രത്തിൽ നിന്നുള്ള ഈ രസീതിന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുകയും ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട ടീമുകളോടും താരങ്ങളോടുമുള്ള സ്നേഹം പലപ്പോഴും അതിരുകൾ കടക്കാറുണ്ട്. മുൻപും വലിയ ടൂർണമെന്റുകൾക്ക് മുൻപായി ഇഷ്ട ടീമുകൾക്ക് വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും നടത്തുന്ന കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. ഫുട്ബോളിനെയും മെസ്സിയെയും നെഞ്ചിലേറ്റുന്ന ആരാധകരുടെ അചഞ്ചലമായ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മറ്റൊരു ഉദാഹരണമായി മാറുകയാണ് മാഹിയിലെ പള്ളൂരിലുള വിഘ്നേശ്വരനു മുന്നിലെ ഈ വഴിപാടും. വരും ലോകകപ്പിലും അർജന്റീന തന്നെ കപ്പ് ഉയർത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

Post a Comment