o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ



◾  ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അദ്ദേഹത്തിന്റെ ഭാര്യ കല്‍പന സോറനും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും ജാര്‍ഖണ്ഡില്‍ വന്‍ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങുന്നുവെന്നും റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തിലുണ്ടായ അതൃപ്തിക്ക് പിന്നാലെയാണ് ഈ നീക്കമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഹേമന്ത് സോറനെതിരായ ഇഡി കേസുകളും പുതിയ നീക്കത്തിന് കാരണമായിട്ടുണ്ടാകാമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. നിലവിലെ നിയമം അനുസരിച്ച് മുഖ്യമന്ത്രി അറസ്റ്റ് ചെയ്യപ്പെട്ടാല്‍ 31-ാം ദിവസം സ്ഥാനമൊഴിയണം.

◾  തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ഒ. പനീര്‍ സെല്‍വം ഒപിഎസ് എന്‍ഡിഎയില്‍ തിരിച്ചെത്തിയേക്കും. ദില്ലിയില്‍ ബിജെപി നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തി. ടി.ടി.വി.ദിനകരനും ഒപിഎസ്സും ഒപ്പം നില്‍ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അമിത് ഷാ ഈ മാസം തമിഴ്നാട്ടില്‍ എത്തുമ്പോള്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് ബിജെപി വൃത്തങ്ങള്‍ നേരത്തെ അവകാശപ്പെട്ടിരുന്നു.


2025 | ഡിസംബർ 3 | ബുധൻ 

1201 | വൃശ്ചികം 17 |  ഭരണി |  ജ:ആഖിർ 12


➖➖➖

➖➖➖➖➖➖➖➖

◾ അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്, സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി കോണ്‍ഗ്രസ്. രാഹുല്‍ മാങ്കൂട്ടം വിഷയം തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് വിവാദ വിഷയമായി നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ശബരിമലക്കൊള്ള ഉയര്‍ത്തി പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ് ശ്രമം. രാഹുലിനെതിരെ പരാതിയുമായി മറ്റൊരു സ്ത്രീകൂടി ഇന്നലെ രംഗത്തെത്തിയതിന് പിന്നാലെയാണ് അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്' എന്ന പുതിയ കാമ്പെയിനിനെ കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹികമാധ്യമങ്ങളില്‍ തുടക്കമിട്ടിരിക്കുന്നത്. ഫേസ്ബുക്ക് പ്രൊഫൈലിന്റെ കവര്‍ ഫോട്ടോ മാറ്റിയാണ് നേതാക്കളും അണികളും കാമ്പെയിന്‍ നടത്തുന്നത്. പ്രതിപക്ഷനേതാവ് വി. ഡി സതീശന്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ കവര്‍ പേജ് മാറ്റി ഈ പ്രചാരണത്തിന് തുടക്കമിട്ടു.


◾ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ലൈംഗീക പീഡന പരാതികളില്‍ കടുത്ത നടപടിക്ക് കോണ്‍ഗ്രസ്. രാഹുലിനെ പുറത്താക്കണം എന്ന ആവശ്യമാണ് നേതാക്കള്‍ക്കിടയില്‍ പ്രധാനമായും ഉയരുന്നത്. എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെടലിന് പരിമിതിയുള്ളതിനാല്‍ നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുലിനെ പുറത്താക്കലാണ് ഇനിയുള്ള നടപടി.


◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ബലാത്സംഗ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ക്രൂരമായി പീഡിപ്പിച്ചെന്ന് കാണിച്ചാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ പുതിയ പരാതി എത്തിയിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിക്കും കെപിസിസി പ്രസിസന്റിനും യുവതി പരാതി അയച്ചതായാണ് വിവരം.


◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലഭിച്ച ബലാത്സംഗ പരാതി കെപിസിസി നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറി. പരാതി കൈമാറിയ വിവരം കോണ്‍ഗ്രസ് നേതൃത്വം യുവതിയെ അറിയിച്ചു. ബംഗളൂരുവില്‍ താമസിക്കുന്ന 23കാരിയാണ് രാഹുലിനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ കെപിസിസി നേതൃത്വത്തിനാണ് യുവതി പരാതി നല്‍കിയത്. നിയമപരമായി നേരിടാന്‍ യുവതിയ്ക്ക് താല്‍പ്പര്യമില്ലാത്തതിനാലായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത്. എന്നാല്‍ പരാതി കോണ്‍ഗ്രസ് നേതൃത്വം പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു.


◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ പുതിയ പരാതിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കെപിസിസി പ്രസിഡന്റ് പരാതി ഉടന്‍ ഡിജിപിക്ക് കൈമാറിയെന്നും ഇതിനേക്കാള്‍ മാതൃകാപരമായി ഒരു പാര്‍ട്ടി എങ്ങനെ ചെയ്യുമെന്നുമായിരുന്നു സതീശന്റെ പ്രതികരണം. സിപിഎം പാര്‍ട്ടി സെക്രട്ടറിക്ക് മുന്‍പ് കിട്ടിയ പരാതികള്‍ പൊലീസില്‍ പോലും എത്തിയിട്ടില്ലെന്നും പീഡന പരാതികള്‍ സിപിഎമ്മിനുള്ളില്‍ തീര്‍ത്ത ചരിത്രമാണുള്ളതെന്നും സതീശന്‍ വിമര്‍ശിച്ചു. കോണ്‍ഗ്രസ് തല ഉയര്‍ത്തിയാണ് നില്‍ക്കുന്നതെന്നും ഇങ്ങനെ നിലപാടെടുത്ത ഒരു പാര്‍ട്ടി കേരളത്തില്‍ ഉണ്ടായിട്ടില്ലെന്നും വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതിയില്‍ പ്രതികരിച്ച് ഷാഫി പറമ്പില്‍ എംപി. വിഷയത്തില്‍ കെപിസിസി ഒരു നിലപാട് എടുത്തിട്ടുണ്ടെന്നും പരാതിയില്‍ കോണ്‍ഗ്രസ് അല്ല അന്വേഷണം നടത്തുന്നതെന്നും വന്ന പരാതി ഉടന്‍ പൊലീസിന് കൈമാറിയെന്നും ഷാഫി പറഞ്ഞു. സിപിഎം കൈകാര്യം ചെയ്യുന്ന പോലെ അല്ല നിയമപരമായി തന്നെയാണ് കോണ്‍ഗ്രസ് കാര്യങ്ങള്‍ ചെയ്യുന്നതെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതിയില്‍ പ്രതികരണവുമായി സുഹൃത്ത് ഫെന്നി നൈനാന്‍. പരാതി പച്ചക്കള്ളമാണെന്നും പിന്നില്‍ ഗൂഢാലോചനയെന്നും ഫെന്നി വ്യക്തമാക്കി. എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരം പച്ചക്കള്ളങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ഇന്ന് പരിഗണിക്കാനിരിക്കുന്ന ജാമ്യഹര്‍ജി തള്ളിക്കുവാന്‍കൂടി വേണ്ടിയാണോ ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം നടത്തിയിരിക്കുന്നതെന്നും സംശയമുണ്ടെന്നും ഫെനി പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട് ഡിജിപിക്ക് പരാതി അയച്ചിട്ടുണ്ടെന്നും പരാതി നല്‍കിയ വ്യക്തിക്കും വാര്‍ത്തയ്ക്കുമെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഫെനി വ്യക്തമാക്കി.


◾  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്‌നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗല്ലൂരിലെ റിസോര്‍ട്ടിലെന്ന് റിപ്പോര്‍ട്ട്. ബാഗല്ലൂരിലെ റിസോര്‍ട്ടില്‍ പൊലീസ് എത്തുന്നതിന് മുമ്പ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയെന്നും ഞായറാഴ്ചയാണ് രാഹുല്‍ റിസോര്‍ട്ടിലെത്തിയതെന്നും അതിന് ശേഷം കര്‍ണാടകയിലേക്ക് കടന്നെന്നുമാണ് സൂചന. ഒളിവിലുള്ള രാഹുല്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നതായും സംശയമുണ്ട്. ഇന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്.


◾  അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിനെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. താന്‍ നിരാഹര സമരത്തിലാണെന്ന് രാഹുല്‍ സൂപ്രണ്ടിന് എഴുതി നല്‍കുകയായിരുന്നു. ഈ സാഹചര്യത്തില്‍ രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയില്‍ വകുപ്പ് തീരുമാനിക്കുകയും പൂജപ്പുര ജില്ലാ ജയിലില്‍ നിന്ന് സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ ഡോക്ടറുടെ സേവനവും രാഹുല്‍ ഈശ്വറിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.


◾  രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന കേസില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യബന്ധങ്ങള്‍ക്ക് പാവനമായൊരു തലമുണ്ടെന്നും സ്നേഹബന്ധങ്ങളിലും അത് വേണമെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. പ്രണയത്തില്‍ മാന്യത വേണമെന്നും സ്ത്രീയെ ഉപഭോഗവസ്തുവായി ആര് കണ്ടാലും തെറ്റാണെന്നും രാഹുല്‍ രാജി വെക്കണമെന്നും തെറ്റ് നിരന്തരം ആവര്‍ത്തിക്കുന്ന നേതാവ് അതൊരു നേട്ടമായി കൊണ്ടാടുന്നുവെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു.


◾  തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സംസ്ഥാന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു. 0471 2773100 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതികള്‍ അറിയിക്കാം. കണ്‍ട്രോള്‍ റൂം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പ്രവര്‍ത്തിക്കും.


◾  വെര്‍ച്വല്‍ ക്യൂ വഴി ശബരിമലയിലേക്ക് വരുന്ന തീര്‍ത്ഥാടകര്‍ ബുക്ക് ചെയ്ത ദിവസം തന്നെ എത്തണമെന്ന് സന്നിധാനം സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍ ആര്‍ ശ്രീകുമാര്‍. ബുക്ക് ചെയ്ത ദിവസമല്ലാതെ ആ ടോക്കണുമായി വേറെ ദിവസം എത്തുന്നത് തിരക്ക് നിയന്ത്രിക്കുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ടെന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം.


◾  വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചത്. ഭരണം കിട്ടിയാല്‍ 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്നും തൃശൂര്‍ പ്രസ് ക്ലബിന്റെ വോട്ട് വൈബ് പരിപാടിയില്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഡിജിറ്റല്‍ ഭരണം വീട്ടുപടിക്കല്‍ എന്നതാണ് ലക്ഷ്യമെന്നും ഭരണശൈലിയില്‍ മാറ്റം വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


◾  കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം തടയാതെ സുപ്രീംകോടതി. എന്യുമറേഷന്‍ ഫോം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂര്‍വ്വം പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കി. എസ്ഐആര്‍ പ്രക്രിയയ്ക്ക് നിലവിലുള്ളതിനെക്കാള്‍ കൂടുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരെ ഉയോഗിക്കരുതെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.


◾  തദ്ദേശ വോട്ടെടുപ്പ് ദിവസങ്ങളില്‍ പൊതുഅവധി പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ്. തദ്ദേശ വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9,11 തീയതികളില്‍ അതത് ജില്ലകളിലാണ് അവധി. ഡിസംബര്‍ 9ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും ഡിസംബര്‍ 11ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.


◾  കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള കാരശേരി സര്‍വീസ് സഹകരണ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സിപിഎമ്മുമായി ചേര്‍ന്ന് നീക്കം നടത്തിയ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ.അബ്ദുറഹ്‌മാനെ കോണ്‍ഗ്രസ് പുറത്താക്കി. കെപിസിസി അംഗമായ ഇദ്ദേഹത്തിനെതിരെ കെപിസിസി പ്രസിഡന്റാണ് നടപടിയെടുത്തത്. മലബാറിലെ തന്നെ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള സഹകരണ സ്ഥാപനങ്ങളിലൊന്നാണ് കാരശേരി സര്‍വീസ് സഹകരണ ബാങ്ക്. ഭരണസമിതി തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബാങ്ക് ചെയര്‍മാനായ അബ്ദുറഹ്‌മാന്‍ സിപിഎമ്മുമായി ചേര്‍ന്ന് ഭരണം അട്ടിമറിക്കാന്‍ നീക്കം നടത്തിയത്.


◾  തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്ര പോയ ബസ് കോട്ടയം നെല്ലാപ്പാറയില്‍ വച്ച് അപകടത്തില്‍പെട്ടു. മൂന്നാറില്‍ നിന്ന് തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.


◾  ഇന്ത്യ- മാലിദ്വീപ് സൈനിക അഭ്യാസത്തിന് തിരുവനന്തപുരത്ത് തുടക്കമായി. എക്സസൈസ് എക്യുവെറിന്‍ എന്ന് പേരിട്ടിരിക്കുന്ന സൈനിക അഭ്യാസത്തിന്റെ പതിനാലാം പതിപ്പാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ഈ മാസം 14 വരെയാണ് പരിപാടി. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം വെച്ചുള്ള പരിപാടിയാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്.


◾  ടിവികെ അധ്യക്ഷന്‍ വിജയ്യുടെ റോഡ് ഷോയ്ക്ക് അനുമതി നല്‍കാനാകില്ലെന്ന് പുതുച്ചേരി പൊലീസ്. ടിവികെയുടെ അപേക്ഷയില്‍ ഡിഐജി സര്‍ക്കാരിനെ നിലപാട് അറിയിച്ചു. വിജയ്ക്ക് പൊതുയോഗത്തില്‍ പ്രസംഗിക്കാം. അതിനായി ഒരു സ്ഥലം തെരഞ്ഞെടുക്കാമെന്നും പൊലീസ് പറഞ്ഞു.


◾  സ്മാര്‍ട്ട് ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് ഉള്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ വ്യാപക പ്രതിഷേധം. സ്വേച്ഛാധിപത്യ ഭരണകൂടം പൗരാവകാശങ്ങള്‍ കണ്ടുകെട്ടുന്നതിനും നിയന്ത്രിക്കുന്നതിനും ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. സഞ്ചാര്‍ സാഥി രഹസ്യാന്വേഷണ ആപ്പാണെന്നും അത് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് പരിഹാസ്യമാണെന്നും പ്രിയങ്കാഗാന്ധി പറഞ്ഞു. സര്‍ക്കാര്‍ കാണാതെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദേശങ്ങള്‍ അയക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടാവണമെന്നും ബിജെപി രാജ്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റുകയാണെന്നും പ്രിയങ്ക വ്യക്തമാക്കി.


◾  ഫോണുകളില്‍ സഞ്ചാര്‍ സാഥി ആപ്പ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബിജെപി. ബിജെപി വക്താവ് സംബിത് പാത്ര വാര്‍ത്താസമ്മേളനം നടത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ് സംബന്ധിച്ച വിവാദത്തില്‍ പ്രതികരിച്ചത്. സഞ്ചാര്‍ സാഥി ആപ്പ് ചാരവൃത്തിക്കുള്ളതല്ലെന്നും ഇതില്‍ രാഷ്ട്രീയ കലര്‍ത്തുന്നത് അനാവശ്യമാണെന്നും സംബിത് പാത്ര പറഞ്ഞു.


◾  കോണ്‍ഗ്രസ് ഹൈക്കമാന്റുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും കൂടിക്കാഴ്ചയ്ക്ക് സമയം തേടി. നേതാക്കള്‍ സമയം നല്‍കിയാല്‍ ദില്ലിയിലെത്തി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറുമായി നടത്തിയ രണ്ടാംവട്ട പ്രാതല്‍ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് സിദ്ധരാമയ്യ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടങ്ങിയത്.  കോണ്‍ഗ്രസ് സംഘടനാ സെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി ഇന്ന് നേരിട്ട് കാണും.


◾  മൊബൈല്‍ ഫോണും സിഗരറ്റും ജയിലില്‍ ലഭിക്കണമെന്ന വിചിത്ര ആവശ്യമവുമായി ജയിലിലെ തടവുകാര്‍ മൂന്ന് ദിവസമായി നിരാഹാര സമരത്തില്‍. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെ തടവുകാരാണ് സമരം ചെയ്യുന്നത്. ജലിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും മദ്യപിക്കുന്നതുമടക്കം റിസോര്‍ട്ടിലേതിന് സമാനമായ തടവുജീവിതത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ  നിയന്ത്രിത വസ്തുക്കള്‍ ജയിലിലേക്ക് കടത്തുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തടവുകാരുടെ നിരാഹാരസമരം. ജയില്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിച്ചതോടെ എല്ലാവരും സമരത്തില്‍ നിന്ന് പിന്മാറിയതായാണ് ജയിലില്‍ നിന്ന് ഒടുവില്‍ വരുന്ന വിവരം.


◾  കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്മ ഖാന്‍.  റാവല്‍പിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഇമ്രാനെ കണ്ടത്. ഏകാന്ത തടവിലുള്ള ഇമ്രാന് ശാരീരികമായി പ്രശ്നങ്ങളില്ലെന്നും എന്നാല്‍ മാനസികമായി സമ്മര്‍ദ്ദത്തിലാക്കാന്‍ ജയില്‍ അധികൃതര്‍ ശ്രമിക്കുകയാണെന്നും ഉസ്മ പറഞ്ഞു.




◾  റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ പ്രതിരോധ ഇടപാടുകള്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്ന് റിപ്പോര്‍ട്ട്. റഷ്യയില്‍ നിന്ന് കൂടുതല്‍ എസ്-400 വ്യോമപ്രതിരോധ സംവിധാനം വാങ്ങുന്നതും, അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57നുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്ദര്‍ശന വേളയില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്യുമെന്നാണ് വിവരം. നാളെ വൈകിട്ടാണ് വ്ളാദിമിര്‍ പുടിന്‍ ദില്ലിയിലെത്തുന്നത്.


◾  ഏകദിന ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ കളിച്ച് മികവ് തെളിയിക്കണമെന്ന നിര്‍ദേശത്തോട് ഇടഞ്ഞുനിന്ന വിരാട് കോലി ഒടുവില്‍ നിലപാട് മാറ്റിയതായി റിപ്പോര്‍ട്ട്. ബിസിസിഐയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് താരം ഈ മാസം ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ദില്ലിക്കായി കളിക്കാന്‍ തീരുമാനിച്ചുവെന്നാണ് വിവരം. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും കോച്ച് ഗൗതം ഗംഭീറും കൊണ്ടുവന്ന പരിഷ്‌കാരത്തോട് മുഖം തിരിച്ച് ഇടഞ്ഞ് നില്‍ക്കുകയായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും. രോഹിത് ശര്‍മ ആഭ്യന്തര ലീഗില്‍ മുംബൈക്കായി കളിക്കാന്‍ തയ്യാറായതിന് പിന്നാലെയാണ് വിരാട് കോലി നിലപാടില്‍ മാറ്റം വരുത്തിയത്.


◾  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരം ഇന്ന് റായ്പൂരില്‍. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. മത്സരം ഉച്ചക്ക് 1.30 നാണ് ആരംഭിക്കുക.


◾  ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി ഓഹരി വില്പനയിലൂടെ 10,000 കോടി രൂപ കൂടി സമാഹരിക്കാന്‍ ഒരുങ്ങുന്നു. അടുത്തയാഴ്ച നടക്കുന്ന ഓഹരി വില്പനയില്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കാണ് ഓഹരികള്‍ സ്വന്തമാക്കാന്‍ അവസരം. സിറ്റിഗ്രൂപ്പ്, ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കോ, കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍ കോ എന്നീ സ്ഥാപനങ്ങളാണ് ഓഹരി വില്പനയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. അടുത്തിടെ ഓണ്‍ലൈന്‍ ടാക്‌സി പ്ലാറ്റ്‌ഫോമായ റാപ്പിഡോയിലെ നിക്ഷേപം സ്വിഗ്ഗി വിറ്റഴിച്ചിരുന്നു. 12 ശതമാനം ഓഹരി പങ്കാളിത്തം 2,400 കോടി രൂപയ്ക്കാണ് കമ്പനി വിറ്റൊഴിവാക്കിയത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു സ്വിഗ്ഗി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 11,327 കോടി രൂപയായിരുന്നു അന്ന് സമാഹരിച്ചത്. കടുത്ത മത്സരം നടക്കുന്ന ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് അടുത്തെങ്ങും ലാഭത്തിലെത്താന്‍ സ്വിഗ്ഗിക്ക് സാധിച്ചിട്ടില്ല. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം വര്‍ധിച്ചെങ്കിലും അതിനനുസരിച്ച് നഷ്ടവും പെരുകി. രണ്ടാപാദത്തിലെ വരുമാനം 5,561 കോടി രൂപയും നഷ്ടം 1,092 കോടി രൂപയുമായിരുന്നു.


◾  അര്‍ജുന്‍ അശോകനും ഷറഫുദ്ദീനും ശ്രീനാഥ് ഭാസിയും ധ്രുവനും പ്രധാന വേഷങ്ങളിലെത്തുന്ന 'ഖജുരാഹോ ഡ്രീംസി'ന്റെ ചിരി നിറയ്ക്കുന്ന ടീസര്‍ പുറത്തിറങ്ങി. ചിത്രം ഡിസംബര്‍ 5-ന് തിയറ്ററുകളിലെത്തും. യൂത്തിനെ ഏറെ ആകര്‍ഷിക്കുന്ന സംഭാഷണങ്ങളും ദൃശ്യങ്ങളും ഫണ്‍ നിമിഷങ്ങളുമൊക്കെയായി എത്തുന്നതാണ് ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മ്മിച്ച് മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് സേതുവാണ്. ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് ത്രൂ ആശിര്‍വാദ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. അതിഥി രവി, ചന്തുനാഥ്, ജോണി ആന്റണി, സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നൈന സര്‍വാര്‍, അമേയ മാത്യു, രക്ഷ രാജ്, നസീര്‍ ഖാന്‍, അശോക് എന്നിവരും ചിത്രത്തിലുണ്ട്.


◾  അഖില്‍ സത്യന്‍-നിവിന്‍ പോളി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഫാന്റസി ഹൊറര്‍ കോമഡി ചിത്രം 'സര്‍വ്വം മായ'യുടെ പുതിയ പോസ്റ്റര്‍ റിലീസായി. ഡിസംബര്‍ 25-ന് ക്രിസ്മസ് റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം എത്തും. പോസ്റ്ററിന്റെ വലത് വശത്ത്, ഒരു മ്യൂസിക്കല്‍ ട്രൂപ്പിന്റെ ഭാഗമായി ഗിറ്റാറുമായി നില്‍ക്കുന്ന നിവിന്‍ പോളിയുടെ പുതിയ ലുക്ക് വളരെ ആകര്‍ഷകമാണ്. അദ്ദേഹം മുമ്പെങ്ങും ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു കഥാപാത്രമാകും ഇതെന്ന് ലുക്ക് സൂചന നല്‍കുന്നു. നിവിന്‍ പോളിയും അജു വര്‍ഗീസും ഒന്നിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും 'സര്‍വ്വം മായ'ക്കുണ്ട്. ഇവര്‍ക്കൊപ്പം മലയാളത്തിന്റെ പ്രിയതാരങ്ങളായ ജനാര്‍ദ്ദനന്‍, രഘുനാഥ് പലേരി, മധു വാര്യര്‍, അല്‍താഫ് സലിം, പ്രീതി മുകുന്ദന്‍ എന്നിവരും അണിനിരക്കുന്നു. ഫയര്‍ഫ്‌ളൈ ഫിലിംസിന്റെ ബാനറില്‍ അജയ്യ കുമാര്‍, രാജീവ് മേനോന്‍ എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.


*ശുഭദിനം*

*കവിത കണ്ണന്‍*

തുറമുഖനഗരമായ യോക്കഹാമയിലെ വന്‍കിട വ്യവസായ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയായിരുന്നു ഷിസുവോ ഐഷിമ.  തന്ത്രപ്രധാനമായ ചില യന്ത്രങ്ങള്‍ നിയമവിരുദ്ധമായി കയറ്റി അയച്ചു എന്ന് ആരോപിച്ച് ഐഷിമയേയും അവിടുത്തെ രണ്ട് ഉന്നത ഉദ്യോഗസ്ഥരേയും 2020 ല്‍ അറസ്റ്റ് ചെയ്തു.  മൂന്നുപേരും ജയിലിലായി.  തടവില്‍ കഴിയുമ്പോഴാണ് ഐഷിമയ്ക്ക് വയറില്‍ കാന്‍സര്‍ സ്ഥിരീകരിച്ചത്.  രോഗസാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ വക്കീല്‍ കോടതിയില്‍ അപേക്ഷിച്ചു.  ഒന്നല്ല, എട്ട് തവണയാണ് ജാമ്യം നിഷേധിക്കപ്പെട്ടത്.  കാന്‍സറിന് ശരിയായ ചികിത്സകിട്ടാതെ ഐഷിമ ജയലില്‍ കിടന്ന മരിച്ചു.  അതുകഴിഞ്ഞാണ്, ഐഷിമയുടെ അറസ്റ്റ് തെറ്റാണെന്ന് അന്വേഷകര്‍ കണ്ടെത്തിയത്.  അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം വ്യാജമായിരുന്നു.  2025 ആഗസ്റ്റ് 25 ന് ജപ്പാനിലെ തലസ്ഥാനമായ ടോക്കിയോക്ക് സമീപമുളള  സെമിത്തേരി വളരെ അസാധാരണമായ ഒരു രംഗത്തിന് വേദിയായി.  ഉന്നത പോലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂട്ടര്‍മാരും മറ്റു കോടതി ഉദ്യോഗസ്ഥരുമെല്ലാം സെമിത്തേരിയില്‍ പൂക്കളര്‍പ്പിച്ചു.  മുട്ടുകുത്തിനിന്ന് മാപ്പ് അപേക്ഷിച്ചു.  കണ്ണില്ലാത്ത വ്യവസ്ഥിതിക്ക് ഇരയായി മരണമടഞ്ഞ ആ മനുഷ്യനോട് ക്ഷമ ചോദിക്കാനാണ് അവര്‍ ആ ശ്മശാനത്തിലെത്തിയത്.  അവര്‍ക്ക് സംഭവിച്ച വലിയ പിഴ ഏററുപറയാന്‍. പക്ഷേ, എത്ര തീവ്രമായ ക്ഷമായാചനത്തിനും ആ മനുഷ്യനെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല,.  നമ്മുടെ ആത്മാവിനേല്‍ക്കുന്ന മുറിവാണ് കുറ്റബോധം.  ശരീരത്തിന് മുറിവേറ്റാല്‍ നമുക്ക ്ചികിത്സിക്കാം. പക്ഷേ ആത്മാവിന് മുറിവേറ്റാല്‍ ചികിത്സ അത്ര എളുപ്പമല്ല.  തീരാത്ത കുററബോധമുണ്ടാകാനിടയുളള പ്രവര്‍ത്തികള്‍ക്ക് പ്രതിരോധമാണ് മരുന്നായി വേണ്ടത്.  ഒരു തുള്ളി മനുഷ്യത്വമാണ് ആ പ്രതിരോധ മരുന്ന് - ശുഭദിനം .

________𝕻𝖔𝖕𝖚𝖑𝖆𝖗_______//////

Post a Comment

Previous Post Next Post