തലശ്ശേരി-മാഹി ബൈപ്പാസിൻ്റെ ബാക്കി പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് സംബന്ധിച്ച് നാഷണൽ ഹൈവേ അതോറിറ്റി അധികൃതരുമായി നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ചർച്ച നടത്തി.
ഡൽഹി നിയമസഭയിൽ വച്ചു നടന്ന ആൾ ഇന്ത്യ സ്പീക്കേഴ്സ് കോൺഫറൻസി ൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സ്‌പീക്കർ നാഷണൽ ഹൈവേ അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് ചുമതലപ്പെടുത്തിയ പ്രകാരം ചീഫ് ജനറൽ മാനേജർ വാൻപിൻഷ്ൻഗൈൻലാങ് ബ്ലായുമായി എൻ.എച്ച്.എ.ഐ ആസ്ഥാനത്ത് കൂടിക്കാഴ്‌ച നടത്തി. മണ്ഡലത്തിന്റെ ചുമതലയുള്ള അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജ്ജുൻ എസ്. കെ.യും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബൈപ്പാസിൻ്റെ മുഴുപ്പിലങ്ങാട് മുതൽ അഴിയൂർ വരെയുള്ള 18.6 കിലോമീറ്റർ ദൂരത്ത് ലൈറ്റ് സ്ഥാപിക്കൽ, സർവ്വീസ് റോഡുകൾ ഉൾപ്പെടെ ചൊക്ലി-പള്ളൂർ ജംഗ്ഷൻ, സിഗ്നൽ ജംഗ്ഷൻ, ട്രാഫിക് ജംഗ്ഷൻ മേഖലകളിൽ ചെറിയ വാഹനങ്ങൾക്കുള്ള ലൈറ്റ് വെഹിക്കിൾ അണ്ടർ പാസ് തുടങ്ങി നിലവിലുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൂടിക്കാഴ്ച്‌ചയിൽ ധാരണയായി.
തലശ്ശേരി-മാഹി ബൈപ്പാസ് കഴിഞ്ഞ വർഷം മാർച്ചിലാണ് നാടിന് സമർപ്പിച്ചത്. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കടമ്പകൾ മറികടന്ന് ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.
ബൈപ്പാസ് യാഥാർത്ഥ്യമായതോടെ തലശ്ശേരി നഗരവും മാഹിയും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗത കുരുക്കിനാണ് പരിഹാരമായത്.
Post a Comment