ന്യൂമാഹി ടൌണിൽ തണൽമരത്തിൻ്റെ ശിഖരങ്ങൾ മുറിച്ച സംഭവം:വനം വകുപ്പ് കേസെടുത്തു
ന്യൂമാഹി: ന്യൂമാഹി ടൗണിലെ രണ്ട് തണൽമരങ്ങളുടെ ശിഖരങ്ങൾ വെട്ടിമുറിച്ചിട്ട സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. വന്യ ജീവി സംരക്ഷണ നിയമമനുസരിച്ചാണ് കേസെടുത്തത്. ഇത് സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് തണൽ മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചിട്ടത്. പക്ഷികളുടെ വിസർജ്യം കാരണം ജനങ്ങൾ വഴി നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ വ്യാപകമായ പരാതിയുണ്ടായതിനെ തുടർന്നാണ് അധികൃതർ തണൽ മരത്തിൻ്റെ ശിഖരങ്ങൾ മുറിച്ചത്. ഇതേ തുടർന്ന് മരത്തിൽ കൂടു കൂട്ടിയിരുന്ന കിന്നരി കൊക്കുകളും കൊക്കുകളുടെ കുഞ്ഞുങ്ങളും ചത്തു. പക്ഷികളുടെ മുട്ടകളും നശിച്ചു. പരിസ്ഥിതി പ്രവർത്തകരുടെ പരാതിയെത്തുടർന്നാണ് വനം വകുപ്പ് അധികൃതർ വ്യാഴാഴ്ച രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയത്. തുടർന്നാണ് ഇതിന് ഉത്തവാദികളായവർക്കെതിരെ കേസെടുത്തത്.
Post a Comment