ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു.
ആശവര്‍ക്കര്‍മാരുടെ വേതനവും സേവനവ്യവസ്ഥകളുമുള്‍പ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്‌റാവു ജാദവ്
2025 | ജൂലൈ 26 | ശനി
1200 | കർക്കിടകം 10 | ആയില്യം l 1447 l മുഹറം 29
➖➖➖➖➖➖➖➖
◾ ആശാവര്‍ക്കര്‍മാരുടെ പ്രതിമാസ ഇന്‍സെന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടിയായായി കേന്ദ്ര ആരോഗ്യസഹമന്ത്രി പ്രതാപ്‌റാവു ജാദവാണ് ലോക്സഭയെ ഇക്കാര്യമറിയിച്ചത്. ആശവര്‍ക്കര്‍മാരുടെ വിരമിക്കല്‍ ആനുകൂല്യം ഇരുപതിനായിരത്തില്‍ നിന്ന് അന്‍പതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ആശവര്‍ക്കര്‍മാരുടെ വേതനവും സേവനവ്യവസ്ഥകളുമുള്‍പ്പെടെ ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട പ്രാഥമികമായ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും മന്ത്രി വ്യക്തമാക്കി.
◾ പലസ്തീന്‍ വിഷയത്തിലെ പ്രതിഷേധത്തിന് സിപിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളില്‍ പ്രതിഷേധിച്ചാല്‍ പോരെയെന്നാണ് കോടതി ചോദിച്ചത്. ആയിരക്കണക്കിന് മൈല്‍ അകലെയുള്ള പലസ്തീനിലെ പ്രശ്‌നത്തില്‍ പ്രതിഷേധം എന്തിനെന്നുമാണ് കോടതിയുടെ ചോദ്യം. ഗാസയില്‍ നടക്കുന്ന വംശഹത്യക്കെതിരായ സിപിഎം പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. ദേശസ്നേഹികളാണെങ്കില്‍ ഇന്ത്യയിലെ മാലിന്യ സംസ്‌ക്കരണം, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു. അതേസമയം ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെയും പലസ്തീന്‍ സ്വാതന്ത്ര്യത്തിന് ഇന്ത്യ നല്‍കുന്ന പരമ്പരാഗത പിന്തുണയെയും കോടതി അവഗണിച്ചെന്ന് സിപിഎം വിമര്‍ശിച്ചു.
◾ സംസ്ഥാനത്ത് 7 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്. പശ്ചിമ ബംഗാളിന്റെ തീരത്തിന് മുകളിലും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലുമായി തീവ്രന്യൂനമര്‍ദം സ്ഥിതിചെയ്യുന്ന സാഹചര്യത്തിലാണിത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
◾ കനത്ത മഴ തുടരുന്ന കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കും. അതേസമയം മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
◾ ജയിലുകളിലെ സുരക്ഷ സംബന്ധിച്ച് അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. ജയില്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ചചെയ്യുക എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള ആലോചനകളും നടക്കുന്നതായാണ് വിവരം.
◾ ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തില്‍ ജയിലില്‍ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ച. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്നാണ് ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച റിപ്പോര്‍ട്ട്. ആരോ ഒരാള്‍ ജയില്‍ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷം മാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാര്‍ഡ് ഓഫീസര്‍ക്ക് ലഭിച്ച ആദ്യ റിപ്പോര്‍ട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്.
◾ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവും പിടികൂടലും അടക്കമുള്ള സംഭവങ്ങളില്‍ അത്ഭുതപ്പെടാനില്ലെന്നും മുഖ്യമന്ത്രിക്ക് കീഴിലുള്ള കേരളത്തിലെ ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അതീവ സുരക്ഷയുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ള ഈ രക്ഷപ്പെടല്‍ ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
◾ കണ്ണൂര്‍ ജയിലിലെ അതീവ സുരക്ഷാ സെല്ലില്‍ നിന്നും ജയില്‍ ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയെ പിടികൂടിയത് ആറ് മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവില്‍. ഒന്നരമാസത്തെ ആസൂത്രണത്തിന് ശേഷമാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് വിവരം. ശാരീരികമായും ഇയാള്‍ തയ്യാറെടുപ്പുകള്‍ നടത്തി. ജയിലിന്റെ അഴി മുറിക്കാന്‍ ഒന്നരമാസം സമയമെടുത്തു. ഇതിനുപയോഗിച്ച ബ്ലേഡ് എടുത്ത് ജയില്‍ വര്‍ക്ക്ഷോപ്പില്‍ നിന്നാണെന്ന് ചോദ്യം ചെയ്യലില്‍ ഗോവിന്ദച്ചാമി സമ്മതിച്ചു. ജയിലിന്റെ അഴി മുറിച്ച പാടുകള്‍ അറിയാതിരിക്കാന്‍ തുണികൊണ്ട് മറച്ചു. പുലര്‍ച്ചെ നാലരയോടെയാണ് ഇയാള്‍ ജയില്‍ ചാടിയതെന്നാണ് വിവരം.
◾ കൊന്നുകളയുമെന്ന് ഗോവിന്ദച്ചാമി തന്നെ ഭീഷണിപ്പെടുത്തിയതായി ഗോവിന്ദച്ചാമിയെ കിണറ്റി്ല്‍ ഒളിച്ചിരിക്കുന്നത് ആദ്യം കണ്ട ഉണ്ണിക്കൃഷ്ണന്‍. കണ്ണൂരിലെ അതീവ സുരക്ഷ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ഒളിച്ചിരുന്നത് തളാപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറ്റിനുള്ളിലാണ്. വാര്‍ത്ത അറിഞ്ഞ ഉടനെ നാട്ടുകാര്‍ക്കൊപ്പം തിരച്ചിലിന് എത്തിയതായിരുന്നു ഉണ്ണിക്കൃഷ്ണന്‍.
◾ കൊടുംകുറ്റവാളിയായ ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ച് തന്നോട് ചോദിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഗോവിന്ദച്ചാമി കേരളത്തിലെ സ്‌കൂളിലൊന്നും പഠിക്കുന്നില്ലല്ലോ എന്നായിരുന്നു മന്ത്രിയുടെ പരിഹാസ മറുപടി.
◾ സ്‌കൂള്‍ സമയ മാറ്റത്തില്‍ മത സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. ഈ അധ്യയന വര്‍ഷം തല്‍സ്ഥിതി തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും അടുത്ത വര്‍ഷം പരാതികള്‍ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
◾ സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ തൃപ്തരാണെന്ന് സമസ്ത നേതാക്കള്‍. അടുത്ത അധ്യയന വര്‍ഷം ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. മദ്രസ സമയത്തിലും മാറ്റമില്ലെന്നും മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഉമര്‍ ഫൈസി മുക്കം പ്രതികരിച്ചു.
◾ കെടിയു-ഡിജിറ്റല്‍ സര്‍വകലാശാല താല്‍ക്കാലിക വിസിമാരെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ഗവര്‍ണര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് രാജേന്ദ്ര ആര്‍ലേക്കറിന്റെ അപ്പീലിലെ ആവശ്യം. താത്കാലിക വി സി നിയമനങ്ങള്‍ക്ക് യുജിസി ചട്ടം പാലിക്കണമെന്നാണ് വാദം.
◾ വിഎസ് അച്യുതാനന്ദന്‍ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എകെജി- ഇഎംഎസ് വിയോഗ സന്ദര്‍ഭങ്ങളിലും സമാന പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സുരക്ഷാ വീഴ്ചയില്ലാതെ ജയില്‍ ചാടാന്‍ പറ്റുമോ എന്നായിരുന്നു ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തെ കുറിച്ചുള്ള ചോദ്യത്തിന് എംവി ഗോവിന്ദന്റെ മറുപടി.
◾ മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജാമ്യവ്യവസ്ഥ അനുസരിച്ച് കോടതിയില്‍ നല്‍കിയ പാസ്പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ടു. ജൂലൈ 31 ന് ഉത്തരവ് പുറപ്പെടുവിക്കും.
◾ എറണാകുളം രവിപുരത്ത് അമിതവേഗത്തില്‍ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സുകള്‍ക്കെതിരെ ആര്‍.ടി.ഒ (എന്‍ഫോഴ്സ്മെന്റ്) നടപടിയെടുത്തു. ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദാക്കി. എറണാകുളം സിറ്റി പൊലീസും ഈ ബസുകള്‍ക്കെതിരെ അപകടകരമായ ഡ്രൈവിങിന് നടപടി സ്വീകരിച്ചു.
◾ തൃശ്ശൂരില്‍ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിനൊരുങ്ങുന്നു. ആഗസ്റ്റ് അഞ്ച് മുതല്‍ സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന് ബസ് ഓപറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു. റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം. ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും പുഴക്കല്‍ വഴി പോകുന്ന ബസുകളാണ് സര്‍വീസ് നിര്‍ത്തുന്നത്.
◾ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയയുടെ സ്ഥാപനത്തിലെ രണ്ട് ജീവനക്കാര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. മൂന്ന് ജീവനക്കാരികള്‍ക്ക് എതിരെയായിരുന്നു ദിയയുടെ പരാതി.ദിയയുടെ സ്ഥാപനത്തില്‍ നിന്നും 69 ലക്ഷം രൂപ ജീവനക്കാരികള്‍ തട്ടിയെടുത്തെന്നാണ് കേസ്. ജീവനക്കാരികള്‍ ക്യു ആര്‍ കോഡ് ഉപയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണ് കൃഷ്ണകുമാറിന്റെ പരാതി.
◾ പാലക്കാട് വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് റിമാന്‍ഡില്‍. മരിച്ച നേഘയുടെ ഭര്‍ത്താവ് ആലത്തൂര്‍ തോണിപ്പാടം സ്വദേശി പ്രദീപിനെയാണ് ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. പ്രദീപിനെതിരെ കഴിഞ്ഞ ദിവസം ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു.
◾ പട്രോളിങ്ങിനിടെ പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസില്‍ സഹോദരങ്ങള്‍ പിടിയിലായി. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാര്‍ഡ് എഴുപുന്ന തെക്ക് പുറംതട വീട്ടില്‍ യദുകൃഷ്ണന്‍ (25), സഹോദരന്‍ മിഥുകൃഷ്ണന്‍ (22) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്.
◾ ഇടുക്കി പൊന്മുടി ഡാമിന്റെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ രണ്ടാമത്തെ ഷട്ടറാണ് 20 സെ.മി വരെ ഉയര്‍ത്തിയത്. പന്നിയാര്‍ പുഴയിലേക്കാണ് വെള്ളം തുറന്ന് വിട്ടത്. പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി. സെക്കന്റില്‍ 15000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
◾ ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ചാമ്പ്യന്‍ഷിപ്പിന് കോടഞ്ചേരി പഞ്ചായത്തിലെ ചാലിപ്പുഴയില്‍ തുടക്കം. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ത്രിതല പഞ്ചായത്തുകള്‍ എന്നിവ ഇന്ത്യന്‍ കയാക്കിംഗ് ആന്‍ഡ് കനോയിംഗ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാക്കിംഗ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ 11-ാമത് എഡിഷന്‍ ഒരുക്കുന്നത്.
◾ വയനാട് ബേഗൂര്‍ കുടുംബാരോഗ്യ കേന്ദ്രം ഉള്‍പ്പെടെ സംസ്ഥാനത്തെ ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 98.79 ശതമാനം മാര്‍ക്ക് നേടി മികച്ച നിലയിലാണ് ബേഗൂരിന് അംഗീകാരം ലഭിച്ചത്.
◾ പതിനാറിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ളവര്‍ തമ്മില്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. 18 വയസ്സിന് താഴെയുള്ളവരുടെ ലൈംഗിക ബന്ധം ലൈംഗിക ബലാത്സംഗമായി കണക്കാക്കുന്ന നിയമവ്യവസ്ഥകളെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്സിംഗിനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചത്.
◾ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 18 വയസ്സില്‍ നിന്ന് കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍, കൗമാരക്കാരുടെ പ്രണയവും ശാരീരികവുമായ ബന്ധങ്ങളില്‍ ജുഡീഷ്യല്‍ വിവേചനാധികാരം ഓരോ കേസിന്റെയും അടിസ്ഥാനത്തില്‍ പ്രയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു.
◾ കര്‍ണാടകയിലെ കുടകില്‍ വാഹനാപകടത്തില്‍ നാല് മരണം. മടിക്കേരിയിലെ ദേവരക്കൊല്ലി എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്. ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗോണിക്കൊപ്പല്‍ സ്വദേശികളായ നാല് യുവാക്കളാണ് അപകടത്തില്‍ മരിച്ചത്.
◾ ജമ്മു കശ്മീരിലെ പുഞ്ചില്‍ നിയന്ത്രണ രേഖയോട് ചേര്‍ന്ന് സ്ഫോടനം. സംഭവത്തില്‍ ഒരു ജവാന് വീരമൃത്യു. രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഗ്നിവീര്‍ ലളിത് കുമാര്‍ ആണ് വീരമൃത്യു വരിച്ചത്. കുഴി ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. ഇന്നലെ രാവിലെയാണ് സംഭവം.
◾ മുന്‍ കാമുകനെ സെക്‌സ്റ്റോര്‍ഷന് ഇരയാക്കിയ സംഭവത്തില്‍, യുവതിയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അലിഗഢിലെ ക്വാര്‍സി പ്രദേശത്താണ് സംഭവം. ബഹ്‌റൈനില്‍ നിന്ന് തിരിച്ചെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതി തന്ത്രപൂര്‍വം യുവാവിനെ ഹണി ട്രാപ്പില്‍ പെടുത്തുകയായിരുന്നു. ക്വാര്‍സി പ്രദേശത്തെ ഒരു ബേക്കറിയുടമയാണ് തട്ടിപ്പിനിരയായത്.
◾ ഹരിത റെയില്‍ നവീകരണത്തില്‍ സുപ്രധാന നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിന്‍ കോച്ച്, ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐ.സി.എഫ്) വിജയകരമായി പരീക്ഷിച്ചു. പരീക്ഷണ ഓട്ടത്തിന്റെ വീഡിയോ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് എക്സില്‍ പങ്കുവച്ചത്.
◾ അമ്മയുടെ മരണത്തില്‍ മനംനൊന്ത് മഹാരാഷ്ട്രയിലെ സോലാപ്പൂരില്‍ 16 വയസുകാരന്‍ ജീവനൊടുക്കി. ശിവശരണ്‍ ഭൂതാലി താല്‍ക്കോട്ടി എന്ന വിദ്യാര്‍ത്ഥിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്ന് അധികൃതര്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് മാസം മുന്‍പാണ് ശിവശരണിന്റെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.
◾ ജയ്പൂരില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. ഫ്ലൈറ്റ്റഡാര്‍ വെബ്‌സൈറ്റ് പ്രകാരം ഉച്ചയ്ക്ക് 1.35നാണ് വിമാനം പറന്നുയര്‍ന്നത്. പിന്നീട് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു എന്ന് രേഖപ്പെടുത്തുകയായിരുന്നു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാലദ്വീപില്‍ ഗംഭീര സ്വീകരണം. 60 -ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായി മാലിയിലെ വെലാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മോദിയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു നേരിട്ടെത്തി സ്വീകരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മാലദ്വീപിന്റെ ഗാര്‍ഡ് ഓഫ് ഓണറും നല്‍കി.
◾ ഒമാനിലെ സുഹാര്‍ വ്യാവസായിക തുറമുഖത്തെ ഒക്യുവിന്റെ എണ്ണ സംഭരണ ടാങ്കില്‍ തീപിടിത്തം. വ്യാഴാഴ്ച ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.
◾ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് കൂറ്റന്‍ സ്‌കോറിലേക്ക്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 358നെതിരെ ഇംഗ്ലണ്ട് മൂന്നാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെടുത്തിട്ടുണ്ട്. 77 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സും 21 റണ്‍സെടുത്ത ലിയാം ഡോസണ്‍ എന്നിവരാണ് ക്രീസില്‍. 150 റണ്‍സെടുത്ത ജോ റൂട്ടും 71 റണ്‍സെടുത്ത ഒലീ പോപ്പും ചേര്‍ന്ന മൂന്നാംവിക്കറ്റ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
◾ ഇന്ത്യന്‍ വിപണിയില്‍ മലേഷ്യയില്‍ നിന്നുള്ള പാമോയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യന്‍ വിപണിയില്‍ 35 ശതമാനം വിഹിതം നേടാന്‍ മലേഷ്യന്‍ പാമോയിലിന് സാധിച്ചു. മലേഷ്യന്‍ പാമോയില്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2.5 മില്യണ്‍ ടണ്‍ പാമോയില്‍ മെയ്, ജൂണ്‍ മാസങ്ങളില്‍ ഇന്ത്യയിലേക്ക് കയറ്റിയയച്ചു. സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാംപാദം വരെ ഈ ട്രെന്റ് തുടരുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍. വെളിച്ചെണ്ണ വില ഉടനൊന്നും കാര്യമായി കുറയില്ലെന്നതാണ് പാമോയിലിന് ഗുണകരമാകുന്നത്. ലോകത്ത് പാമോയില്‍ ഉത്പാദനത്തിലും കയറ്റുമതിയിലും രണ്ടാംസ്ഥാനത്തുള്ള രാജ്യമാണ് മലേഷ്യ. ആഗോള വിപണിയുടെ 24 ശതമാനവും അവര്‍ക്ക് അവകാശപ്പെട്ടതാണ്. കഴിഞ്ഞ വര്‍ഷം മലേഷ്യയുടെ ഉത്പാദനം 19.34 മില്യണ്‍ ടണ്ണായിരുന്നു. ഇതില്‍ 2.5 മില്യണ്‍ ടണ്‍ ഇന്ത്യയിലേക്കാണ്. മറ്റ് ഭക്ഷ്യഎണ്ണകളുടെ വില ഉയരുമ്പോള്‍ പാമോയില്‍ ഡിമാന്‍ഡ് കൂടുന്നതാണ് പതിവ്. സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഉയര്‍ന്നു തന്നെയാണ്. ഒരു കിലോഗ്രാമിന് പലയിടത്തും പല വിലയാണെങ്കിലും 500ന് മുകളിലാണ് എല്ലായിടത്തും. ചിലയിടങ്ങളില്‍ വില 550 വരെയെത്തി. ഓണം അടുക്കുന്നതോടെ വില 600 കടക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
◾ അര്‍ജുന്‍ അശോകനും രേവതി ശര്‍മ്മയും നായകനും നായികയുമായെത്തുന്ന മഹേഷ് നാരായണന്‍ അവതരിപ്പിക്കുന്ന 'തലവര'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റേയും മൂവിംഗ് നരേറ്റീവ്‌സിന്റേയും ബാനറില്‍ ഷെബിന്‍ ബെക്കറും മഹേഷ് നാരായണനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 15നാണ് റിലീസിനൊരുങ്ങുന്നത്. അഖില്‍ അനില്‍കുമാറാണ് സംവിധാനം. അശോകന്‍, ദേവദര്‍ശിനി ചേതന്‍, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണന്‍, പ്രശാന്ത് മുരളി, സാം മോഹന്‍, ഹരീഷ് കുമാര്‍, സോഹന്‍ സീനുലാല്‍, ഷാജു ശ്രീധര്‍, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിന്‍ ബെന്‍സണ്‍, അശ്വത് ലാല്‍, അമിത് മോഹന്‍ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
◾ എം സി ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച സസ്‌പെന്‍സ് ഡ്രാമ 'മീശ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. യൂണികോണ്‍ മൂവീസിന്റെ ബാനറില്‍ സജീര്‍ ഗഫൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ കതിര്‍, ഹക്കിം ഷാ, ഷൈന്‍ ടോം ചാക്കോ, ജിയോ ബേബി, ശ്രീകാന്ത് മുരളി, സുധി കോപ്പ, ഉണ്ണി ലാലു, ഹസ്ലി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നത്. വനത്തിന്റെ നിഗൂഡതകളെ പശ്ചാത്തലമാക്കി ഒരു രാത്രിയുടെ തീവ്രതയുടെ കഥയാണ് ചിത്രം പറയുന്നത്. ദീര്‍ഘനാളുകള്‍ക്കുശേഷം വീണ്ടും ഒരു കൂട്ടം സുഹൃത്തുക്കള്‍ ഒരുമിക്കുകയും എന്നാല്‍ അതൊരു അപ്രതീക്ഷിത സംഭവവികാസങ്ങളിലേക്ക് വഴി മാറുകയും ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ക്യാപിറ്റല്‍ സിനിമാസ് വിതരണം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് ഒന്നിന് തിയറ്ററുകളില്‍ എത്തും.
◾ സൈബര്‍സ്റ്റെര്‍ സ്പോര്‍ട്സ് കാര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. വാഹനത്തിന്റെ വിലയും വിശദാംശങ്ങളും ഉടന്‍ പുറത്തുവിടും. ലോകത്തിലെ ഏറ്റവും വേഗമേറിയ എംജി എന്നാണ് സൈബര്‍സ്റ്റെറിനെ വിശേഷിപ്പിക്കുന്നത്. എം9 എംപിവിക്കു ശേഷം എംജിയുടെ സെലക്ട് ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കുന്ന രണ്ടാമത്തെ മോഡലായിരിക്കും ഇലക്ട്രിക്ക് സ്പോര്‍ട്സ് കാറായ സൈബര്‍സ്റ്റെര്‍. 510 എച്ച്പി കരുത്തും 725എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന വാഹനമായിരിക്കും എംജി സൈബര്‍സ്റ്റെര്‍. 77 കിലോവാട്ടിന്റെയാണ് ബാറ്ററി. നിന്ന നില്‍പ്പില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ വെറും 3.2 സെക്കന്‍ഡ് മതി. ഒറ്റ ചാര്‍ജില്‍ 580 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാവും.
◾ ബുദ്ധതന്ത്രയുടെ വേരുകള്‍ തേടി ശാക്തേയ താന്ത്രിക പീഠങ്ങളിലൂടെ ചരിത്രത്തിന്റെ അടരുകള്‍ അന്വേഷിച്ചലഞ്ഞ എഴുത്തുകാരന്‍ ചെന്നെത്തുന്നത് ശാന്തിയുടെ സങ്കേതങ്ങളായിരുന്ന താന്ത്രിക ബുദ്ധിസത്തിന്റെ കാണാക്കാഴ്ചകളിലേക്കാണ്. ഇന്ന് അവ ദയനീയമായ നിലവിളികളുടെ ഭൂമികയാണ്. താന്ത്രിക ബുദ്ധദര്‍ശനത്തിലെ യോഗിനിമാരായ ബുദ്ധതാരയും വജ്രയോഗിനിയും ഡോംഭിയോഗിനിയുമെല്ലാം ശാക്തേയ താന്ത്രികദര്‍ശനത്തിലെ രക്തദാഹികളായ ദേവതമാരായി പരിവര്‍ത്തനം ചെയ്യപ്പെട്ടതെങ്ങനെയായിരിക്കും എന്ന ഭാവനാത്മകമായ ചിന്തയില്‍ നിന്നാണ് ഈ കൃതിയുടെ പിറവി. സ്‌ത്രൈണതയെ ദൈവമായി പൂജിക്കപ്പെടുന്ന താന്ത്രിക ബുദ്ധിസത്തിലെ ആകാശസഞ്ചാരിണികളുടെ രതിയില്‍ ഉടലുകള്‍ തീര്‍ത്തവരുടെ അപൂര്‍വവാങ്മയചിത്രങ്ങള്‍. 'നിര്‍വ്വാണമെന്ന പൂവ് തേടി'. കെ.വി. മോഹന്‍കുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 196 രൂപ.
◾ രാത്രി ഉറക്കം ഒന്‍പതു മണിക്കൂറില്‍ കൂടിയാല്‍ അകാല മരണ സാധ്യത 34 ശതമാനം വരെ വര്‍ധിക്കുമെന്നാണ് ഒക്ലഹോമ സര്‍വകലാശാലയുടെ പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. ഉറക്കം നമ്മുടെ ശരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടാനും വീണ്ടെടുക്കാനുമൊക്കെ പ്രധാനമാണ്. പേശി തകരാറ് പരിഹരിക്കാനും തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും വീണ്ടെടുക്കലിനുമൊക്കെ ഉറക്കം അനിവാര്യമാണ്. ഉറക്കരീതികളും ആരോഗ്യ അപകടങ്ങളും തമ്മിലുള്ള ബന്ധമായിരുന്നു പഠന വിഷയം. 79 പഠനങ്ങള്‍ വിശകലനം ചെയ്യുകയും അവയില്‍ പങ്കെടുത്ത ഓരോരുത്തരുടെയും ഉറക്കശീലങ്ങള്‍ ഒരു വര്‍ഷം വരെ നിരീക്ഷിക്കുകയും ചെയ്തു. മോശം ആരോഗ്യത്തിനോ മരണത്തിനോ ഉള്ള അപകടസാധ്യതയില്‍ ഉറക്കത്തിന്റെ ദൈര്‍ഘ്യത്തിന്റെ സ്വാധീനം വിലയിരുത്തുന്നതിനായിരുന്നു ഇത്. ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങുന്നവരെ അപേക്ഷിച്ച് ഒമ്പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നവര്‍ക്ക് മരണ സാധ്യത 34 ശതമാനം വരെ കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. മരണസാധ്യത വര്‍ധിക്കുന്നത് മുതല്‍ പ്രമേഹം, വിഷാദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുമായുള്ള ബന്ധം വരെ, അമിത ഉറക്കം കൂടുതല്‍ ആഴത്തിലുള്ള ഒന്നിന്റെ സൂചനയായിരിക്കാമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. പ്രായത്തിനനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകത വ്യത്യാസപ്പെടുന്നു. കൗമാരക്കാര്‍ക്ക് സാധാരണയായി 8 മുതല്‍ 10 മണിക്കൂര്‍ വരെ ഉറക്കം ആവശ്യമാണ്. ആരോഗ്യമുള്ള മിക്ക മുതിര്‍ന്നവര്‍ക്കും രാത്രിയില്‍ 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. ഉറക്കത്തിന്റെ ഗുണനിലവാരവും സ്ഥിരതയും ദൈര്‍ഘ്യം പോലെ തന്നെ പ്രധാനമാണ്. ഒന്‍പത് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നുണ്ടെങ്കിലും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍, വൈദ്യസഹായം തേടേണ്ടത് ആവശ്യമാണെന്നും പഠനത്തില്‍ പറയുന്നു. അമിതമായ ഉറക്കം ചിലപ്പോള്‍ ഗുരുതര രോഗാവസ്ഥയുടെ ലക്ഷണമാകാം.
*ശുഭദിനം*
*കവിത കണ്ണന്‍*
അയാളുടെ പാടം ദേശാടനപക്ഷികളുടെ സഞ്ചാരപാതയാണ്. ഒരു ദിവസം രണ്ട് പക്ഷികള്‍ കൂട്ടം വിട്ട് താഴ്ന്ന് പറക്കുന്നത് കണ്ടു. അവ രണ്ടും വ്യത്യസ്ത ഇനത്തില്‍ പെട്ടവയായിരുന്നു. ഒന്ന് ഒരു അരയന്നവും മറ്റേത് ഒരു മൂങ്ങയും. അയാളുടെ തൊട്ടടുത്ത് രണ്ടുപക്ഷികളും വന്നിറങ്ങി. വ്യത്യസ്തയിനം പക്ഷികള്‍ എങ്ങിനെ ഒരുമിച്ചു പറന്നു എന്ന് സൂക്ഷ്മനിരീക്ഷണം നടത്തിയ അയാള്‍ക്ക് കാര്യം പിടികിട്ടി. രണ്ടിന്റെയും കാലിന് വളവുളളതിനാല്‍ അവ ഞൊണ്ടിയാണ് നടക്കുന്നത്. ഒരേ മികവുളളവര്‍ ഒരുമിക്കുന്നതിനേക്കാള്‍ വേഗത്തില്‍ ഒരേ പ്രശ്‌നങ്ങളുളളവര്‍ ഒരുമിക്കും, ഒരു കൈ നഷ്ടപ്പെട്ടവന് മാത്രമാണ് അങ്ങിനെയുളള ഒരാളെ മനസ്സിലാകുക. ഒരുമിച്ചുണ്ടായിരുന്നവര്‍ നമ്മെ സൗകര്യപൂര്‍വ്വം ഒഴിവാക്കാന്‍ ഏതെങ്കിലുമൊരു ആപത്തുമതി. അതുവരെയുണ്ടായിരുന്ന സ്‌നേഹവും ഐക്യവും ഒരു നിമിഷംകൊണ്ട് നഷ്ടപ്പെടാം. പിന്നെയുള്ള ഏകമാര്‍ഗ്ഗം സമാന ദുരനുഭവമുള്ളവരോടൊപ്പം കൂടുക എന്നത് മാത്രമാണ്. അരുതാത്തത് സംഭവിക്കുന്നത് വരെമാത്രമേ അന്തസ്സും ആഭിജാത്യവും ഉളളൂ. ഒരേ കുഴിയില്‍ വീണുകിടക്കുന്നവര്‍ തമ്മില്‍ അന്തസ്സിനേയും ആഭിജാത്യത്തെയും കുറിച്ച് എന്തിന് തര്‍ക്കിക്കണം. പദവിയും പ്രൗഡിയും അപ്രസക്തമാക്കി എല്ലാവരേയും ഒന്നിപ്പിക്കുന്നത് ദുരിതങ്ങളും നൊമ്പരങ്ങളുമാണ്. ആരോഗ്യമുളളവന്‍ അനാരോഗ്യമുളളവനേയും വയറുനിറഞ്ഞവന്‍ പട്ടിണികിടക്കുന്നവനേയും പരിഗണിക്കണമെന്ന അടിസ്ഥാനബോധ്യമുണ്ടെങ്കില്‍ ആരും ഒറ്റപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ഇല്ല. നമുക്ക് ഒരുമയോടെ ഉയരാം - ശുഭദിനം.
Post a Comment