o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ





◾  സ്‌കൂള്‍ സമയ മാറ്റത്തില്‍ പിന്നോട്ടില്ലെന്നും ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തതെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.ഇത് സംബന്ധിച്ച കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആരുമായും ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

2025  ജൂലൈ 16  ബുധൻ 

1200  മിഥുനം 32   ഉത്രട്ടാതി 

1447  മുഹർറം 19


◾  യെമനില്‍ മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ആശ്വാസം കൊണ്ടും, വധശിക്ഷ നീട്ടിവയ്പ്പിച്ചതിനും അവരുടെ മോചനത്തിനായുള്ള പരിശ്രമം തുടരുന്നതിലും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ പ്രശംസിച്ചും കേരളം. നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിര്‍ഭരവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂര്‍ണ്ണവിജയത്തില്‍ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. വിവിധ മന്ത്രിമാരും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ളവരും കാന്തപുരത്തിന്റെ ഇടപെടലിനെ വാഴ്ത്തി. മന്ത്രിമാരായ വീണാ ജോര്‍ജ്, ആര്‍ ബിന്ദു, വി ശിവന്‍കുട്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങി നിരവധി നേതാക്കളും കാന്തപുരത്തെ പ്രശംസിച്ച് രംഗത്തെത്തി.


◾  നിമിഷപ്രിയയുടെ ശിക്ഷ മാറ്റിവച്ചതില്‍ പ്രതികരണവുമായി നിര്‍ണായക ഇടപെടല്‍ നടത്തിയ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധമായ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തന്നെ സമീപിച്ചതെന്നും യെമെനിലെ സൂഫി പണ്ഡിതരുമായി തനിക്ക് അടുത്തബന്ധമുണ്ടെന്ന വിശ്വാസത്തിലാണ് അദ്ദേഹം ഈ അഭ്യര്‍ഥനയുമായി മുന്നോട്ടുവന്നതെന്നും കാന്തപുരം പറഞ്ഞു. ഒരു ഇന്ത്യന്‍ പൗരന്‍ വിദേശരാജ്യത്ത് വധശിക്ഷ കാത്തുകഴിയുമ്പോള്‍ അതില്‍ ഇടപെട്ട് മനുഷ്യത്വപരമായ പരിഹാരം കാണുകയെന്നത് ദേശീയതാത്പര്യമാണെന്ന ബോധ്യത്തില്‍നിന്നാണ് ഇടപെടലിന് മുതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന് വേണ്ടി ഇടപെടണം എന്നാണ് അവിടുത്തെ മത പണ്ഡിതരോട് ആവശ്യപെട്ടത്. ദയാധനം സമാഹരിക്കാനുള്ള ഉത്തരവാദിത്തം ചാണ്ടി ഉമ്മന്‍ ഏറ്റെടുത്തിട്ടുണ്ട്. യമന്‍ ജനതക്ക് സ്വീകാര്യരായ മുസ്ലിം പണ്ഡിതരെയാണ് താന്‍ ബന്ധപെട്ടത്. ആ രാജ്യത്തെ മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നവരാണ് അവരെന്നും കാന്തപുരം പറഞ്ഞു.


◾  യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ പ്രതികരണവുമായി കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. വധശിക്ഷ നീട്ടിവെച്ചതില്‍ വളരെ സന്തോഷമെന്നും ആശ്വാസവാര്‍ത്തക്ക് കാരണം കൂട്ടായ പരിശ്രമമാണെന്നും ശുഭവാര്‍ത്ത ഇനിയും വരുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു.


◾  നിമിഷ പ്രിയയുമായി ബന്ധപ്പെട്ട് യെമനില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വധശിക്ഷ മാറ്റിവെച്ചതില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിമിഷ പ്രിയയുടെ വിഷയത്തില്‍ മോദി സര്‍ക്കാര്‍ എടുക്കുന്ന നടപടികള്‍ ഏറെ ശ്രദ്ധാപൂര്‍വ്വമാണ്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം നിമിഷപ്രിയയോട് കരുണ കാണിക്കുമെന്നാണ് നമ്മുടെ പ്രതീക്ഷയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


◾  യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഷയം സര്‍ക്കാര്‍, കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ആവശ്യമായ ഇടപെടല്‍ വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യത്വ നിലപാടാണ് ഇതില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ളതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.


◾  ബഹിരാകാശം കീഴടക്കി തിരിച്ചെത്തിയ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ഗഗന്‍യാനിലേക്കുള്ള മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്നും ബഹിരാകാശയാത്രികന്‍ എന്ന നിലയില്‍, അദ്ദേഹം തന്റെ സമര്‍പ്പണം, ധൈര്യം എന്നിവയിലൂടെ ഒരു ബില്യണ്‍ സ്വപ്നങ്ങള്‍ക്ക് പ്രചോദനം നല്‍കിയെന്നും മോദി സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ചു.


◾  കെടിയു താത്കാലിക വിസി നിയമനത്തിനായി പരിഗണിക്കേണ്ടവരുടെ പട്ടിക സംസ്ഥാന സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഹൈക്കോടതി വിധി പ്രകാരമാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. രാജ്ഭവന്‍ അപ്പീലിന് പോകും മുന്‍പാണ് സര്‍ക്കാര്‍ പട്ടിക നല്‍കിയത്. മൂന്ന് അംഗ പാനലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വി.സി നിയമനത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളിയ സാഹചര്യത്തിലാണീ നീക്കം.


◾  കേരള സര്‍വകലാശാലയില്‍ വിസി - റജിസ്ട്രാര്‍ പോര് തുടരുന്നു. റജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് തടഞ്ഞ് വിസി മോഹന്‍ കുന്നുമ്മല്‍ പുതിയ ഉത്തരവിറക്കി. ഡ്രൈവറുടെ കൈയ്യില്‍ നിന്നും സെക്യൂരിറ്റി ഓഫീസര്‍ കാറിന്റെ താക്കോല്‍ വാങ്ങി രജിസ്ട്രാറുടെ ചുമതല നല്‍കിയ മിനി കാപ്പനെ ഏല്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.


◾  സംസ്ഥാനത്ത് വിവിധ ജില്ലകളിലായി ആകെ 675 പേര്‍ നിപ സമ്പര്‍ക്ക പട്ടികയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്. ഇതില്‍ 178 പേര്‍ പാലക്കാട് നിപ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 210 പേരും പാലക്കാട് 347 പേരും കോഴിക്കോട് 115 പേരും എറണാകുളത്ത് 2 പേരും തൃശൂരില്‍ ഒരാളുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.


◾ സംസ്ഥാനത്ത് പാല്‍ വില വര്‍ധന ഉടനുണ്ടാവില്ലെന്ന് തീരുമാനം. വില കൂട്ടുന്നത് പഠിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കും. അതിന് ശേഷമായിരിക്കും തീരുമാനമുണ്ടാവുക. വില വര്‍ധനയുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും ആദ്യം പരിശോധിക്കുമെന്നും മില്‍മ ചെയര്‍മാന്‍ കെഎസ് മണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

◾  സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ പോഷ് ആക്ട് കമ്മിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. 2013ലെ പോഷ് ആക്ട് പ്രകാരം അതത് സ്ഥാപനങ്ങളിലെ പരാതി നിര്‍വഹണ ആഭ്യന്തര കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങളെ പറ്റി തൊഴിലുടമകള്‍ക്ക് ഇപ്പോഴും ധാരണയില്ലെന്നും അവര്‍ പറഞ്ഞു. എറണാകുളം ജില്ല കളക്ടറേറ്റില്‍ നടന്ന സംസ്ഥാന വനിതാ കമ്മീഷന്റെ ജില്ലാതല അദാലത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.


◾  തൃശ്ശൂരില്‍ മുന്നറിയിപ്പ് വക വെക്കാതെ അയലക്കുഞ്ഞുങ്ങളെ പിടിച്ച വള്ളം ഫിഷറീസ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തു. അഴീക്കോട് തീരത്തോട് ചേര്‍ന്ന് ചെറുമീനുകളെ പിടിച്ച കുറ്റിക്കാട്ട് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ത്വയ്ബ എന്ന വള്ളമാണ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വള്ളത്തില്‍ നിന്നും 14 സെന്റീമീറ്ററില്‍ താഴെ വലിപ്പമുള്ള 500 കിലോ അയലക്കുഞ്ഞുങ്ങളെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.


◾  വനത്തിനുള്ളിലൂടെ കടന്നുപോകുന്ന റോഡ് കോണ്‍ക്രീറ്റ് ചെയ്തതിന് സ്വകാര്യ റിസോര്‍ട്ട് അധികൃതര്‍ക്കെതിരെ കേസെടുത്ത് വനംവകുപ്പ്. കല്‍പ്പറ്റ റെയിഞ്ച് പരിധിയിലെ മണ്ടലഭാഗം വനത്തിലൂടെ പോകുന്ന റോഡാണ് ഇതിന് സമീപത്തെ ഗ്രീന്‍വുഡ് വില്ലാസ് റിസോര്‍ട്ടിന്റെ ആളുകള്‍ അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്തതെന്ന് വനംവകുപ്പ് അറിയിച്ചു. നാട്ടുകാര്‍ വിവരം നല്‍കിയതോടെ കല്‍പ്പറ്റ സെക്ഷനില്‍ നിന്നുള്ള ഉദ്യോഗസ്ഥരെത്തി ഇത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.


◾  മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായിലിന്റെ പാര്‍ട്ടി അംഗത്വം പുതുക്കും. അംഗത്വം പുതുക്കരുതെന്ന പാലക്കാട് ജില്ലാ ഘടകത്തിന്റെ ശുപാര്‍ശ തള്ളിക്കൊണ്ട് സിപിഐ എക്സിക്യൂട്ടീവിന്റേതാണ് നിര്‍ദേശം. കൂടാതെ, അംഗത്വം പുതുക്കി നല്‍കാന്‍ ജില്ലാ ഘടകത്തിനോട് സംസ്ഥാന എക്സിക്യൂട്ടീവ് ആവശ്യപ്പെടുകയും ചെയ്തു.


◾  മലപ്പുറത്തെ മുഴുവന്‍ അങ്കണവാടികളിലും സ്മാര്‍ട്ട് അങ്കണവാടി പദ്ധതി പൂര്‍ത്തീകരിച്ചു. എല്ലാ അങ്കണവാടികളിലും എയര്‍കണ്ടീഷന്‍ സൗകര്യം, സ്മാര്‍ട്ട് ടിവി, സൗണ്ട് സിസ്റ്റം മോഡേണ്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍, ഹൈടെക് കളിയുപകരണങ്ങള്‍, ശിശു സൗഹൃദ ഫര്‍ണിച്ചറുകള്‍, സ്റ്റോറേജ് ബിന്നുകള്‍,മിക്സി ഗ്രൈന്‍ഡറുകള്‍ തുടങ്ങി സജ്ജീകരണങ്ങളും ഒരുങ്ങിയിട്ടുണ്ട്.സമ്പൂര്‍ണ്ണ ഹൈടെക് അങ്കണവാടികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ വകുപ്പ് മന്ത്രി ശ്രീ.ജയന്ത് ചൗധരി നാളെ മലപ്പുറം ടൗണ്‍ഹാളില്‍ വച്ച് നിര്‍വഹിക്കും.


◾  എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട പ്രഫുല്‍ പട്ടേലിനോട് പാര്‍ട്ടി ഭരണഘടന വായിക്കാന്‍ ആവശ്യപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന്‍. ഭരണഘടന പ്രകാരം പാര്‍ട്ടിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഇല്ല. ഇല്ലാത്ത പദവിയുടെ പേരില്‍ അധികാരം പ്രയോഗിക്കാന്‍ കഴിയില്ല. എനിക്കോ തോമസ് കെ തോമസിനോ കത്തയക്കാന്‍ അദ്ദേഹത്തിന് കഴിയില്ല. അതിനാല്‍ തന്നെ കത്ത് ഗൗരവമായി എടുക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.


◾  ചൂരല്‍മല റോഡ് കടന്നുപോകുന്ന താഞ്ഞിലോട് പ്രദേശത്ത് രൂക്ഷമായ വന്യമൃഗശല്യത്തില്‍ പരിഹാരം കാണാത്ത വനം വകുപ്പിന്റെ നടപടിക്കെതിരെ താഞ്ഞിലോട് പ്രദേശവാസികള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. രാവിലെ എഴരയോടെയാണ് സമരം തുടങ്ങിയത്. പ്രതിഷേധം മണിക്കൂറുകളോളം നീണ്ടതോടെ പൊലീസ് സമരക്കാരെ ലാത്തിച്ചാര്‍ജ്ജ് ചെയ്തു. വീണ്ടും സമരക്കാര്‍ ഒത്തുകൂടിയെങ്കിലും നേതൃത്വം നല്‍കിയവരെ അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.


◾  കൊച്ചിയില്‍ കെഎസ്ആര്‍ടിസി ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ആരംഭിച്ചു. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായുള്ള കെഎസ്ആര്‍ടിസിയുടെ ഓപ്പണ്‍ ഡബിള്‍ ഡക്കര്‍ നാടാകെ ആഗ്രഹിച്ചിരുന്ന സംവിധാനമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.


◾  ഏറ്റുമാനൂര്‍ നീറിക്കാട്ട് രണ്ട് പെണ്‍മക്കളുമായി അഭിഭാഷക ആത്മഹത്യ ചെയ്ത കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ചയ്ക്കുള്ളില്‍ ഏറ്റുമാനൂര്‍ പൊലീസ് രേഖകള്‍ കൈമാറണമെന്നും നാല് മാസത്തിനകം ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. പെണ്‍മക്കളുമായി മീനച്ചിലാറ്റില്‍ ചാടിയാണ് അഭിഭാഷകയായിരുന്ന ജിസ്‌മോള്‍ ആത്മഹത്യ ചെയ്തത്.


◾  കണ്ണൂര്‍ പയ്യന്നൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് കുളത്തില്‍ മുങ്ങിമരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശി ആഷിഖ് (27) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. നാട്ടുകാരും പയ്യന്നൂര്‍ ഫയര്‍ഫോഴ്സും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.


◾ പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് തച്ചമ്പാറക്കടുത്ത് കെ.എസ്.ആര്‍.ടി.സി. ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനും മരിച്ചു. തൃക്കല്ലൂര്‍ സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ അസീസ്(52), യാത്രക്കാരന്‍ അയ്യപ്പന്‍ക്കുട്ടി(60) എന്നിവരാണ് മരിച്ചത്.


◾  ആലപ്പുഴയില്‍ ഹൗസ് ബോട്ടില്‍ നിന്ന് വീണു മരിച്ചയാളുടെ കുടുംബത്തിന് 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. പന്തളം സ്വദേശി അബ്ദുല്‍ മനാഫ് മരിച്ച കേസിലാണ് പത്തനംതിട്ട ഉപഭോക്തൃ കോടതി വിധി പ്രസ്താവിച്ചത്. 2022 മെയ് എട്ടിനാണ് സുഹൃത്തിന്റെ റിട്ടയര്‍മെന്റ് പാര്‍ട്ടിക്കിടെ ഇറിഗേഷന്‍ ഉദ്യോഗസ്ഥനായ അബ്ദുല്‍ മനാഫ് കായലില്‍ വീണ് മരിച്ചത്.


◾  ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്‌കാരം നീളും. കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം സംബന്ധിച്ച് വിപഞ്ചികയുടെ അമ്മ ശൈലജ അടിയന്തര ഇടപെടലിന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടണമെന്നും മകള്‍ക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ പറഞ്ഞു.


◾  ബലാത്സംഗക്കേസുകളില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് അതിജീവിതയുടെ വാദം കേള്‍ക്കണമെന്ന സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി. കോഴിക്കോട് നടന്ന ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതി നല്‍കിയ ഹര്‍ജി തള്ളി കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ണ്ണായക ഉത്തരവ്.


◾  അഹമ്മദാബാദ് വിമാന അപകടത്തിനു ശേഷം നിര്‍ത്തിവച്ച എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഭാഗികമായി പുനസ്ഥാപിക്കും. ആഗസ്റ്റ് ഒന്ന് മുതല്‍ പല അന്താരാഷ്ട്ര സര്‍വീസുകളും പുനരാരംഭിക്കും എന്നാണ് അറിയിപ്പ്. ഒക്ടോബര്‍ 1 മുതല്‍ പൂര്‍ണമായും പുനസ്ഥാപിക്കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു.


◾  സിനിമാ ടിക്കറ്റിലെ കൊള്ളനിരക്കിന് കടിഞ്ഞാണിടാന്‍ കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടകയില്‍ സിനിമ ടിക്കറ്റ് നിരക്കിന് പരിധി നിശ്ചയിച്ചു. സിനിമാ ടിക്കറ്റിന്റെ പരമാവധി നിരക്ക് 200 രൂപയാക്കി നിശ്ചയിച്ചുള്ള കരട് വിജ്ഞാപനം പുറത്തിറങ്ങി. മള്‍ട്ടിപ്ലക്സുകള്‍ക്ക് അടക്കം ഈ പരിധി ബാധകമാക്കാനാണ് തീരുമാനം.


◾  ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. റോഷി ഖാന്‍ എന്ന യുവതിയാണ് ക്രൂരമായ കൊല നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം തന്റെ ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തി എന്ന് യുവതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു.


◾  തെലങ്കാനയില്‍ അഞ്ച് മാവോവാദികള്‍ കീഴടങ്ങി. ഇതില്‍ കൗമാരപ്രായക്കാരായ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. മുളുകു പൊലീസ് സൂപ്രണ്ട് ഡോ. പി ശബരീഷിന്റെ മുന്നിലാണ് ഇവര്‍ കീഴടങ്ങിയത്. തെലങ്കാന സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതികളില്‍ ആകൃഷ്ടരായാണ് ഇവര്‍ കീഴടങ്ങിയത് എന്നാണ് ശബരീഷ് വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്.


◾  സൈനികരെക്കുറിച്ചുള്ള പരാമര്‍ശങ്ങളെ ചൊല്ലിയുള്ള മാനനഷ്ടക്കേസില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ലഖ്‌നൗ കോടതി ജാമ്യം അനുവദിച്ചു. 2022-ലെ ഭാരത് ജോഡോ യാത്രയ്ക്കിടെ ഇന്ത്യന്‍ സൈനികര്‍ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്.


◾  ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജിലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ അംഗീകാരം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. പാര്‍ട്ടിയുടെ ഭരണഘടന മതേതര കാഴ്ചപ്പാടുകള്‍ക്ക് എതിരാണെന്നും, മുസ്ലിം മത വിഭാഗത്തിന്റെ ഉന്നമനം മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. അംഗീകാരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിരുപതി നരസിംഹ മുരാരിയെന്ന വ്യക്തിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.


◾  ലോകോത്തര ഇന്ത്യന്‍ ചലച്ചിത്ര സംവിധായകന്‍ സത്യജിത് റേയുടെ ധാക്കയിലുള്ള പൈതൃക വസതി ബംഗ്ലാദേശ് സര്‍ക്കാര്‍ പൊളിച്ച് മാറ്റാന്‍ പോവുകയാണെന്നും കേന്ദ്രം ഇടപെടണമെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളിന്റെ സാംസ്‌കാരിക ചരിത്രവുമായി സങ്കീര്‍ണ്ണമായി ബന്ധപ്പെട്ടിരിക്കുന്ന റേയുടെ പൈതൃക ഭവനം സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ബംഗ്ലാദേശിലെ മുഹമ്മദ് യൂനുസ് സര്‍ക്കാരിനോടും ആ രാജ്യത്തെ എല്ലാ മനസ്സാക്ഷിയുള്ള ജനങ്ങളോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ഒപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടണമെന്നും മമത എക്സില്‍ എഴുതി.


◾  മാംസാഹാരം നല്‍കുന്ന പശുക്കളില്‍ നിന്നുള്ള പാല്‍ ഇന്ത്യന്‍ വിപണിയില്‍ അനുവദിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.. അമേരിക്കന്‍ പാലിനും പാലുല്‍പ്പന്നങ്ങള്‍ക്കും ഇന്ത്യ വിപണി തുറന്ന് കൊടുക്കണമെന്ന് അമേരിക്ക ശക്തമായ ആവശ്യം ഉന്നയിക്കുമ്പോഴും കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ ഉറപ്പാക്കുമെന്നാണ് ഇന്ത്യയുടെ വാദം. ക്ഷീര, കാര്‍ഷിക മേഖലകളില്‍ ഇന്ത്യ കൈകടത്തരുതെന്നും ഇത് അനാവശ്യമായ വ്യാപാര തടസ്സം സൃഷ്ടിക്കുമെന്നുമാണ് അമേരിക്കന്‍ വാദം.


◾  ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിനെ കണ്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ബീജിങില്‍ ഷാങ്ഹായി സഹകരണ സംഘടന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് എസ് ജയശങ്കര്‍ ചൈനീസ് പ്രസിഡന്റിനെ കണ്ടത്. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലെ ചര്‍ച്ചകളുടെ പുരോഗതി എസ് ജയശങ്കര്‍ കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ചു.


◾  പത്രപ്രവര്‍ത്തകയും ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യയുമായ റെഹം ഖാന്‍ പാകിസ്ഥാനില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. 'പാകിസ്ഥാന്‍ റിപ്പബ്ലിക് പാര്‍ട്ടി' എന്നാണ് റെഹം ഖാന്റെ പുതിയ പാര്‍ട്ടിയുടെ പേര്.  ഭരണ വര്‍ഗത്തെ ഉത്തരവാദിത്വമുള്ളവരാക്കി തീര്‍ക്കുമെന്നും ജനങ്ങളുടെ ശബ്ദമായി പാകിസ്ഥാന്‍ റിപ്പബ്ലിക് പാര്‍ട്ടി മാറുമെന്നും പാകിസ്ഥാനില്‍ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന അതൃപ്തിയോടുള്ള പ്രതികരണമാണ് തന്റെ പുതിയ പാര്‍ട്ടിയെന്നും അവര്‍ പറഞ്ഞു.


◾  യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയതിന് മറുപടിയുമായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. യുഎസ് പ്രസിഡന്റിന്റെ നീക്കങ്ങള്‍ക്ക് പിന്നിലുള്ള കാരണം മനസിലാക്കാന്‍ റഷ്യ ആഗ്രഹിക്കുന്നുവെന്നും, ഏത് പുതിയ ശിക്ഷാ നടപടികളെയും നേരിടാന്‍ റഷ്യക്ക് കഴിയുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.


◾  യുദ്ധം അവസാനിപ്പിക്കാമെന്ന് റഷ്യയും പ്രസിഡന്റ് പുടിനും തെറ്റിദ്ധരിപ്പിച്ചത് നാല് തവണയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.  റഷ്യക്കെതിരെ കൂടുതല്‍ ഉപരോധ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കകമാണ് ട്രംപിന്റെ ആരോപണങ്ങള്‍. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിക്കുന്നത് തുടര്‍ന്നതോടെയാണ് ഉപരോധ മുന്നറിയിപ്പ് പ്രഖ്യാപിച്ചതെന്നും ട്രംപ് വിവരിച്ചു.


◾  റഷ്യമായുള്ള സാമ്പത്തിക ബന്ധം തുടര്‍ന്നാല്‍ ഇന്ത്യ, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ കടുത്ത ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റൂട്ട്. യുക്രെയ്‌നിനു പുതിയ ആയുധങ്ങള്‍ നല്‍കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയും അന്‍പതു ദിവസത്തിനുള്ളില്‍ സമാധാന കരാര്‍ നിലവില്‍ വന്നില്ലെങ്കില്‍ റഷ്യന്‍ കയറ്റുമതി ഉല്‍പന്നങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്കുമേല്‍ 100% തീരുവ ചുമത്തുമെന്ന ഭീഷണിക്കും പിന്നാലെയാണ് റൂട്ടിന്റെ മുന്നറിയിപ്പ്.


◾  റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയിലും തന്ത്രപ്രധാനമായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലും ആക്രമണം നടത്താനായി യുക്രൈനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് രഹസ്യമായി പ്രോത്സാഹിപ്പിച്ചതായി റിപ്പോര്‍ട്ട്. റഷ്യയ്ക്കെതിരെ ഉപയോഗിക്കാനായി യുക്രൈന് ആയുധം നല്‍കാനുള്ള തീരുമാനമെടുത്തിന് പിന്നാലെ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയോട് ഫോണില്‍ സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം ചോദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ആയുധങ്ങള്‍ തന്നാല്‍ തങ്ങള്‍ക്ക് അതിന് തീര്‍ച്ചയായും കഴിയുമെന്ന് സെലെന്‍സ്‌കി മറുപടി പറഞ്ഞതായും വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


◾  റിസര്‍വ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറച്ചതിന്റെ ചുവടുപിടിച്ച് എസ്ബിഐ വീണ്ടും സ്ഥിര നിക്ഷേപങ്ങളുടെ പലിശനിരക്ക് കുറച്ചു. വിവിധ കാലാവധികളിലേക്കുള്ള സ്ഥിരനിക്ഷേപങ്ങളുടെ (എഫ്ഡി) പലിശനിരക്കിലാണ് മാറ്റം വരുത്തിയത്. പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന പലിശനിരക്കിലും മാറ്റമുണ്ട്. 0.15 ശതമാനം കുറവാണ് വരുത്തിയത്. വിവിധ ഹ്രസ്വകാല സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്കാണ് കുറച്ചത്. ഇതനുസരിച്ച് 46-179 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.05 ശതമാനത്തില്‍ നിന്ന് 4.90 ശതമാനമായി. 180-210 ദിവസം കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 5.80 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായാണ് കുറച്ചത്. 211 ദിവസം മുതല്‍ ഒരുവര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.05 ശതമാനത്തില്‍ നിന്ന് 5.90 ശതമാനമായാണ് കുറച്ചത്. മറ്റു കാലാവധികളുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കില്‍ മാറ്റമില്ല.


◾  നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് 'അഖണ്ഡ 2'. 2021 ല്‍ പുറത്തിറങ്ങിയ 'അഖണ്ഡ'യുടെ രണ്ടാം ഭാഗമാണിത്. ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ ഇരട്ട വേഷത്തിലാണ് ബാലയ്യ എത്തുന്നത്. ചിത്രം സെപ്റ്റംബറില്‍ പുറത്തിറങ്ങുമെന്നാണ് നേരത്തെ അറിയച്ചതെങ്കിലും ഇപ്പോഴിതാ റിലീസ് മാറ്റിവെച്ചെന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ 25ന് തന്നെ പവന്‍ കല്യാണ്‍ ചിത്രമായ 'ഒജി'യും റിലീസിന് ഒരുങ്ങുന്നുണ്ട്. ഇതിനാലാണ് സിനിമയുടെ റിലീസ് വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ഡബ്ബിംഗ് ബാലകൃഷ്ണ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിനിമയുടെ ടീസര്‍ നേരത്തെ പുറത്തുവന്നിരുന്നു. ഒരു മാസ് മസാല ആക്ഷന്‍ ചിത്രമാകും രണ്ടാം ഭാഗമെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.


◾  'ബണ്‍ ബട്ടര്‍ ജാം' എന്ന പാന്‍ ഇന്ത്യന്‍ തമിഴ് സിനിമയുടെ ട്രെയിലര്‍ പുറത്ത്. ബിഗ് ബോസ് തമിഴ് താരം രാജുവാണ് നായകനാകുന്നത്. മലയാളം ,തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ശാന്തതയോടെ ജീവിതം ആസ്വദിക്കുന്ന യൗവനങ്ങളുടെ വര്‍ണ്ണാഭമായ കഥയാണ് ചിത്രം പറയുന്നത്. 'യെന്നി തുണിഗ' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ റെയിന്‍ ഓഫ് ആരോസ് എന്റര്‍ടൈന്‍മെന്റില്‍ നിന്നുള്ള സുരേഷ് സുബ്രഹ്‌മണ്യനാണ് 'ബണ്‍ ബട്ടര്‍ ജാം' എന്ന സിനിമ നിര്‍മ്മിക്കുന്നത്. 'കാലങ്ങളില്‍ അവള്‍ വസന്തം' സംവിധാനം ചെയ്യുകയും 'സൈസ് സീറോ' എന്ന ചിത്രത്തിന് സംഭാഷണം എഴുതുകയും ദേശീയ അവാര്‍ഡ് നേടിയ 'ബാരം' എന്ന ചിത്രത്തിന് തിരക്കഥ-സംഭാഷണം എഴുതുകയും ചെയ്ത രാഘവ് മിര്‍ദത്ത് ഈ ചിത്രം സംവിധാനം ചെയ്യുമ്പോള്‍ റിലീസ് ജൂലൈ 18നാണ്. ബിഗ് ബോസിലെ രാജു, ആധ്യ പ്രസാദ്, ഭവ്യ ത്രിക എന്നിവര്‍ അഭിനയിച്ച 'ബണ്‍ ബട്ടര്‍ ജാം' എന്ന സിനിമ, നിലവിലെ ജെന്‍ ഇസഡിന്റെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ ഒരു കാഴ്ചപ്പാടാണ് അവതരിപ്പിക്കുന്നത്. ഭൂതകാലത്തിനറെ സങ്കടങ്ങളുടെയും ഭാവിയെക്കുറിച്ചുള്ള ഭയത്തിന്റെയും ഇടയില്‍ ജീവിക്കുന്നതിനുപകരം ശാന്തത പാലിക്കാനും വര്‍ത്തമാനകാലത്തെ പുഞ്ചിരിയോടെ നേരിടാനും പഠിക്കുന്ന ജെന്‍ ഇസഡ് യുവാക്കളുടെ കഥയാണ് ബണ്‍ ബട്ടര്‍ ജാം എന്ന ചിത്രം.


◾  കിയയുടെ ഇലക്ട്രിക് എംപിവി കാരന്‍സ് ക്ലാവിസ് ഇവി വിപണിയില്‍. വില  17.99 ലക്ഷം രൂപ മുതല്‍ 24.49 ലക്ഷം രൂപ വരെ. ഒറ്റ ചാര്‍ജില്‍ 490 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ക്ലാവിസ് ഇവി, കിയയുടെ ആദ്യത്തെ മാസ് മാര്‍ക്കറ്റ് ഇലക്ട്രിക് കാറാണ്. രണ്ടു ബാറ്ററി പായ്ക്കുകളിലായിട്ടാണ് പുതിയ വാഹനം ലഭിക്കുക. 42 കിലോവാട്ട് ബാറ്ററി മോഡലിന് 404 കിലോമീറ്ററാണ് റേഞ്ച്, 51.4 കിലോവാട്ട് മോഡലിന്റെ റേഞ്ച് 490 കിലോമീറ്ററും. മുന്‍ ആക്സിലുകളില്‍ ഘടിപ്പിച്ച് ഇലക്ട്രിക് മോട്ടറാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 171 എച്ച്പി പവറും 255 എന്‍എം ടോര്‍ക്കുമുള്ള മോഡലിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 8.4 സെക്കന്‍ഡുകള്‍ മാത്രം മതി. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ഏഴ് സീറ്റര്‍ ഇലക്ട്രിക് വാഹനമാണ് കാരന്‍സ് ഇവി. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ഇഎഎസ്സി, എബിഎസ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടിപിഎംഎസ്, ഓള്‍ ഡിസ്‌ക് ബ്രേക് സിസ്റ്റം, ലെവല്‍ 2 എഡിഎഎസ്, 360 ഡിഗ്രി കാമറ എന്നിവയും നല്‍കിയിരിക്കുന്നു.


◾  എവിടെപ്പോയാലും അവിടെയുള്ളവര്‍ക്കുള്ളില്‍ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഗൃഹാതുരത്വം കൊണ്ടുവന്ന, എല്ലാ പ്രവൃത്തി ദിവസങ്ങളെയും ഞായറാഴ്ചകളാക്കി മാറ്റിയ ഒരു മനുഷ്യന്റെ കഥ. ജോലി, വിവാഹം, സ്ഥിരത... ഒക്കെയും അന്യമായിരുന്ന ക്‌നുല്‍പ്പിന്റെ ജീവിതത്തിലെ മൂന്നു നിമിഷങ്ങള്‍. സിദ്ധാര്‍ത്ഥയുടെ ആത്മീയ സഹോദരനായ പുസ്തകം. 'കാറ്റുപോലൊരു ജീവിതം'. ഹെര്‍മന്‍ ഹെസ്സെ. പരിഭാഷ - പി.സുധാകരന്‍. മാതൃഭൂമി. വില 144 രൂപ.


➖➖➖➖➖➖➖➖

Post a Comment

Previous Post Next Post