അഴിയൂർ ആർ ജെ ഡി പ്രശ്ന പരിഹാരം നേതൃത്വത്തിന് തലവേദന രൂക്ഷം.
അഴിയൂർ പഞ്ചായത്തിലെ ആർ.ജെ.ഡി യിൽ ഉള്ള തർക്കങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന നേതൃത്വം വീണ്ടും ശ്രമം തുടങ്ങിയെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.വർഷങ്ങൾക്ക് മുൻപാണ് ഒരു കരുത്തുറ്റ വിഭാഗം പാർട്ടിയുമായി ഇടഞ്ഞതും വിഭാഗീയ പ്രവർത്തനവുമായി ഇപ്പോഴും തുടരുന്നത്. അതിന് ശേഷം അഴിയൂരിൽ പാർട്ടിക്ക് ഏറെ ക്ഷീണം തട്ടുകയും തെരഞ്ഞെടുപ്പുകളിൽ അത് പ്രതിഫലിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റ് നിഷേധിക്കപ്പെട്ട ശ്രീമതി.കെ.ലീല സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. അതോടെ പാർട്ടിയിൽ പ്രശ്നം രൂക്ഷമാവുകയുമായിരുന്നു. കെ.ലീലയോടൊപ്പമുള്ള ഒരു വിഭാഗം വിമത പ്രവർത്തനവുമായി മുന്നോട്ടു നീങ്ങി. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ ഭാഗമായി നടത്തിയ കൺവെൻഷനിൽ വെച്ച് വീണ്ടും പ്രശ്നം രൂക്ഷമാവുകയായിരുന്നു. കൺവെൻഷനിൽ പങ്കെടുത്ത ശ്രീമതി.കെ.ലീലയോടൊപ്പമുള്ള മുഴുവൻ പ്രവർത്തകരെയും കൺവെൻഷൻ ഹാളിൽ നിന്നും പുറത്താക്കുകയും ഹാളിൽ നിലയുറപ്പിച്ച കെ.ലീലയോട് പുറത്ത് പോകാൻ നേതൃത്വം ആവശ്യം ഉന്നയിക്കുകയും നടപ്പിലാകാതെ വന്നപ്പോൾ അഴിയൂരിലെ പാർട്ടി പ്രവർത്തകർ കൺവെൻഷൻ ബഹിഷ്കരിക്കുകയുമാണ് ഉണ്ടായത്. തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കെ വീണ്ടും പാർട്ടി നേതൃത്വം സമവായ ചർച്ചകൾ ആരംഭിക്കാൻ ശ്രമം തുടങ്ങിയിരിക്കുകയാണ്. നിലവിലുള്ള അഴിയൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ മാറ്റി വിമത വിഭാഗത്തെ തൽസ്ഥാനങ്ങളിൽ ഭാരവാഹികളാക്കാനുള്ള ശ്രമങ്ങൾ അണിയറയിൽ തുടങ്ങി കഴിഞ്ഞു. ശ്രീമതി കെ. ലീലയുടെ സഹോദരൻ്റെ ചരമവാർഷികദിനത്തോടനുബന്ധിച്ച് ശ്രീ. മനയത്ത് ചന്ദ്രനും ശ്രീ.ഇ.പി ദാമോദരൻ മാസ്റ്റും അനുസ്മരണ പ്രഭാഷണം നടത്തിയത് അനുരഞ്ജനത്തിൻ്റെ വഴി തുറക്കാനായിരുന്നു. എന്നാൽ പാർട്ടി പഞ്ചായത്ത് ഭാരവാഹികൾ ആരും തന്നെ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തില്ല എന്നത് പ്രശ്നപരിഹാരത്തിന് വിലങ്ങുതടിയാരിക്കുകയുമാണ്.നിലവിലെ ഭാരവാഹികളെ മാറ്റിയാൽ പാർട്ടിയിൽ ഉണ്ടാകുന്ന തലവേദന ചെറുതല്ല എന്ന ബോധ്യമുണ്ടെങ്കിലും നിലവിലെ പാർട്ടി പഞ്ചായത്ത് ഭാരവാഹികൾ പ്രശ്നപരിഹാരത്തിന് മുൻകൈ എടുക്കാത്തത് സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു. ഒരു വിഭാഗം യാതൊരു വിട്ടു വീഴ്ചക്കും തയ്യാറല്ല എന്നും യഥാർത്ഥ സോഷ്യലിസ്റ്റുകളൊയി നിലകൊള്ളുമെന്ന് വാദിക്കുന്നവരും വിമത വിഭാഗത്തിലുണ്ട് എന്നത് ശ്രദ്ധേയമാണ്.ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും സ്ഥാനചലനം ഉണ്ടായ ശ്രീ. മനയത്ത് ചന്ദ്രനും നിലവിലെ ജില്ലാ പ്രസിഡണ്ടും തമ്മിലുള്ള സ്വരചേർച്ചയില്ലായ്മയും പാർട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട് എന്നത് ഒരു പരമാർത്ഥമായിരിക്കെ അഴിയൂരിലെ പ്രശ്നം നേതൃത്വത്തിന് വലിയ ഒരു തലവേദനയായി മാറിയിരിക്കുകയാണ്.

Post a Comment