ചാലക്കരയിലും പരിസര പ്രദേശത്തും കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷം.
മാഹി: ചാലക്കരയിലും പരിസരപ്രദേശങ്ങളില കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമെന്നു പരാതി. മുള്ളൻപന്നി, കുരങ്ങ്, പെരുമ്പാമ്പ്, കാട്ടുപന്നി എന്നിവയുടെ ശല്യം ഈ പ്രദേശത്ത് ഇപ്പോൾ കൂടിവരികയാണ്. ഇതിൽ കാട്ടു പന്നി ശല്യമാണ് രൂക്ഷം.
ചാലക്കര സായിവിന്റെ കുന്ന്, എംഎൽഎ റോഡ്, ഫ്രഞ്ച് പെട്ടിപ്പാലം, മൈദ കമ്പനി റോഡ് എന്നിവിടങ്ങളിലൂടെ ഇരുൾ പരന്നാൽ കാട്ട് പന്നി ശല്യം മൂലം യാത്ര ദുഷ്കരമാണ്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ പോകുന്നവർ പലപ്പോഴും കഷ്ടിച്ചാണ് പന്നിയുടെ ആക്രമണത്തിൽ നിന്നു രക്ഷപ്പെിട്ടുള്ളത്. മഹാത്മ ഗാന്ധി ഗവ. ആർട്‌സ് കോളജ്, രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളജ്, ഇന്ദിരാഗാന്ധി പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലെ വിശാലമായ പറമ്പുകളിലെ കാടുകളിൽ പകൽ സമയങ്ങൾ താവളമാക്കിയ ഇവ രാത്രിയാണ് പുറത്തേക്ക് ഇറങ്ങുന്നത്. ഇതുമൂലം ആളുകൾ വളരെ ഭയത്തോടു കൂടിയാണ് ഇവിടെ കഴിയുന്നത്. നിരവധി പ്രൊഫഷണൽ കോളേജുകൾ ഉള്ള സ്ഥലം ആയതിനാൽ അന്യസംസ്ഥാനത്തു നിന്നടക്കമുള്ള വിദ്യാർത്ഥികൾ താമസിക്കുന്ന പ്രദേശം കൂടിയാണ് ചാലക്കര.
ഇതിനു മുൻപ് പകൽ സമയത്ത് മഹാത്മാഗാന്ധി ഗവ. ആർട്സ്കോളജിന്റെ പിൻവശത്തുള്ള സായിവിൻ്റെ കുന്നുമ്മൽ വിമലയുടെ വീട്ടിനകത്ത് കാട്ടുപന്നി കയറുകയുണ്ടായി. വാരാന്തയിൽ കെട്ടിയ പ്ലാസ്റ്റിക് വലയുടെ വേലി പൊട്ടിച്ച് അകത്തുകയറിയ പന്നി വീട്ടുകാർ ശബ്ദമുണ്ടാക്കിയപ്പോൾ ഇറങ്ങി ഓടുകയായിരുന്നു. അന്ന് ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞുവെങ്കിലും ഇന്ന് നാട്ടുകാർ കാട്ടുപന്നി ശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ്.
ചാലക്കര പ്രദേശത്തെ നാട്ടുകാരുടെ കൂട്ടായ്മ്മ ചാലക്കര ദേശം കാട്ടുമൃഗങ്ങൾ നാട്ടിൽ സ്വൈര്യ ജീവിതം തകർക്കുന്നതിന് പരിഹാരം അഭ്യർത്ഥിച്ചു കൊണ്ട് മാഹി ഭരണാധികാരി റീജിണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. പ്രദേശത്തെ കാട് പിടിച്ചു നിൽക്കുന്ന പ്രദേശം വെട്ടിത്തെളിക്കണമെന്ന അഭ്യർത്ഥനയിൽ അദ്ദേഹം നടപടി സ്വീകരിക്കാമെന്നു നിവേദക സംഘത്തിനോട് പറഞ്ഞു.
Post a Comment