o പ്രഭാത വാർത്തകൾ
Latest News


 

പ്രഭാത വാർത്തകൾ

 ◾ സി.പി.എം. കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍ സമ്മേളനത്തില്‍ വാക്കേറ്റവും സംഘര്‍ഷവുമെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനസമിതി അംഗങ്ങളായ കെ.രാജഗോപാല്‍, കെ.സോമപ്രസാദ് എന്നിവരെ സമ്മേളനവേദിയില്‍ പൂട്ടിയിട്ടെന്നും സമ്മേളനത്തില്‍ ഔദ്യോഗികപക്ഷം അവതരിപ്പിച്ച പാനല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന പ്രതിഷേധക്കാരുടെ നിലപാടാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. തര്‍ക്കത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് കീഴിലെ ഭൂരിഭാഗം ലോക്കല്‍ സമ്മേളനങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം സിപിഎം തൊടിയൂര്‍ ലോക്കല്‍ സമ്മേളനം തര്‍ക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു.



2024 | നവംബർ 29 | വെള്ളി 

1200 | വൃശ്ചികം 14 | ചോതി 

➖➖➖➖➖➖➖➖


➖➖➖➖➖➖➖➖

◾ കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് പശുക്കളെ തെരയാന്‍ വനത്തിലേക്ക് കയറിപ്പോയ മൂന്ന് സ്ത്രീകളെ കാണാതായി. പാറുക്കുട്ടി, മായ ജയന്‍, ഡാര്‍ലി സ്റ്റീഫന്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഉച്ചക്ക് ഒരു മണിയോടെയാണ് ഇവര്‍ വനത്തിലേക്ക് പോയത്. നാലുമണി വരെ ഇവര്‍ ബന്ധുക്കളുമായി ഫോണില്‍ സംസാരിച്ചിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇവര്‍ക്ക് വഴി തെറ്റി കാട്ടില്‍ കുടുങ്ങിയതാകാമെന്നാണ് പൊലീസ് നിഗമനം. ഇവരെ കണ്ടെത്താന്‍ രാത്രി വൈകിയും  തെര്‍മല്‍ ക്യാമറ ഉപയോഗിച്ചുള്ള പരിശോധന  തുടരുകയാണെന്ന്  മലയാറ്റൂര്‍ ഡിഎഫ്ഒ ശ്രീനിവാസ് അറിയിച്ചു. പൊലീസും അഗ്‌നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേര്‍ന്നുള്ള 50 പേരടങ്ങുന്ന നാല് സംഘങ്ങളാണ് തിരച്ചില്‍ നടത്തുന്നത്.


◾ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ആനയില്ലെങ്കില്‍ ആചാരങ്ങള്‍ മുടങ്ങുന്നത് എങ്ങനെയാണെന്നും ഏതു മതാചാരത്തിന്റെ ഭാഗമാണെന്നും ഡിവിഷന്‍ ബെഞ്ച് ആരാഞ്ഞു. 15 ആനകളെ എഴുന്നളളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ പൂര്‍ണത്രയേശ ക്ഷേത്ര ഭരണസമിതി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

◾ ഡോ. കെ ശിവപ്രസാദിനെ എപിജെ സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലറായി  നിയമിച്ച ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഡോ.കെ ശിവപ്രസാദിന് നോട്ടീസ് അയച്ചു.  ഈ പാനലില്‍ യോഗ്യത ഉള്ളവര്‍ ഉണ്ടായിരുന്നില്ലെന്നും സര്‍വ്വകലാശാലയിലെ ഭരണ സ്തംഭനാവസ്ഥ ഒഴിവാക്കാനാണ് താത്കാലിക ചുമതല നല്‍കി യോഗ്യത ഉള്ളയാളെ നിയമിച്ചതെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു.


◾ പമ്പ - നിലയ്ക്കല്‍ സര്‍വീസ് നടത്തുന്ന ലോ ഫ്ലോര്‍ ബസ് കത്തിയ സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതായി കെ എസ് ആര്‍ ടി സി ഹൈക്കോടതിയെ അറിയിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തെന്നും സൂപ്പര്‍ വൈസര്‍, ഡിപ്പോ എന്‍ജിനീയര്‍ എന്നിവര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചെന്നുമാണ് സത്യവാങ്മൂലത്തിലുളളത്.


◾ വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി കരാറില്‍ ഒപ്പിട്ടു. 2028 ഓടുകൂടി പതിനായിരം കോടി രൂപയുടെ കൂടി നിക്ഷേപം തുറമുഖം വഴി ആകര്‍ഷിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ വ്യക്തമാക്കി.




◾ വയനാട് ദുരന്തത്തില്‍ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പില്‍ ക്ലര്‍ക് തസ്തികയില്‍ ജോലി നല്‍കും.  നിയമനം നടത്താന്‍ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി.


◾ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കിയ ഉത്തരവില്‍ ഡിജിപി ആവശ്യപ്പെട്ടു.അന്വേഷണ സംഘത്തിനെ തീരുമാനിക്കാനുള്ള പാനല്‍ ഡിജിപി ആവശ്യപ്പെട്ടിരുന്നു. അത് തിരുത്തിയാണ് കോടതി ഉത്തരവ് പ്രകാരം അന്വേഷണം ഏറ്റെടുക്കാനും സംഘത്തെ തീരുമാനിക്കാനും ഉത്തരവിറക്കിയത്.

◾ സംസ്ഥാനത്തെ  ഐടിഐകളില്‍ മാസത്തില്‍ രണ്ട് ദിവസം ആര്‍ത്തവ അവധി അനുവദിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഈ കാര്യം അറിയിച്ചത്. ഐടിഐകളില്‍ ശനിയാഴ്ച അവധി ദിവസവമാക്കിയിട്ടുണ്ട്. ഐ.ടി.ഐ ട്രെയിനികളുടെ ദീര്‍ഘകാല ആവശ്യം പരിഗണിച്ചാണ് മന്ത്രി വി ശിവന്‍കുട്ടിയുടെ തീരുമാനം.


◾ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരെ മുന്നില്‍ നിര്‍ത്തി സിപിഎം തെരഞ്ഞെടുപ്പിലെ പരാജയം മറച്ചുവെക്കാന്‍ ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ജമാ അത്തെ ഇസ്ലാമി ഹിറാ സെന്ററില്‍ ഏത് സി പി എം നേതാവാണ് പോവാത്തതെന്നും സിപിഎമ്മിനെ  അനുകൂലിച്ചാല്‍ നല്ല പാര്‍ട്ടി എതിര്‍ത്താല്‍ മോശം പാര്‍ട്ടി- ഇതാണ് അവരുടെ നിലപാട് എന്നും അദ്ദേഹം വിമര്‍ശിച്ചു.


◾ പത്തനംതിട്ടയിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ നിര്‍ണായക കണ്ടെത്തല്‍. പതിനേഴുകാരിയായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. പെണ്‍കുട്ടിയെഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹപാഠിയെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.


◾ വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞന്‍ ബാല ഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ പെരിന്തല്‍മണ്ണ സ്വര്‍ണ്ണ കവര്‍ച്ച കേസില്‍ അറസ്റ്റിലായി. പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം തട്ടിയ കേസിലാണ് ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ അറസ്റ്റിലായത്. പ്രതികള്‍ കവര്‍ച്ച ചെയ്ത സ്വര്‍ണ്ണത്തില്‍ 2.2 കിലോ സ്വര്‍ണ്ണവും, സ്വര്‍ണ്ണം വിറ്റുകിട്ടിയ പണവും പൊലീസ് കണ്ടെടുത്തു. ഇതോടെ ദുരൂഹമായ ബാലഭാസ്‌കറിന്റെ മരണം വീണ്ടും വിവാദമാവുകയാണ്.


◾ തൃശൂര്‍ വടക്കാഞ്ചേരി വ്യാസ കോളേജിന്റെ ഉടമസ്ഥാവകാശം എന്‍.എസ്.എസിന് ആണെന്ന കേരള ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. കേരള ഹൈക്കോടതി വിധിക്കെതിരേ ജ്ഞാനാശ്രമം മാനേജിങ് ട്രസ്റ്റി സ്വാമി ദയാനന്ദതീര്‍ഥ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീം കോടതി തള്ളി.


◾ നടനും നിര്‍മാതാവും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിന്റെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് പരിശോധന. നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ല, കണക്കുകള്‍ മറച്ചുവെച്ചുവെന്നുമാണ് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്.


◾ കോഴിക്കോട് നിന്ന് കൊച്ചിയില്‍ വിനോദയാത്രക്കെത്തിയ സ്പെഷല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ നടപടിയുമായി നഗരസഭ. ഭക്ഷണം തയ്യാറാക്കി നല്‍കിയ ലില്ലീസ് കിച്ചണ്‍ എന്ന കേറ്ററിംഗ് സ്ഥാപനം നഗരസഭ അടപ്പിച്ചു. കൊച്ചി എംഎം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ ലൈസന്‍സ് ഭക്ഷ്യ സുരക്ഷ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.


◾ കോഴിക്കോട് സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട കേസ്സില്‍ പ്രതിക്കായി അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു  പൊലീസ്. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ്  വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്. കൂടെ മുറിയെടുത്ത തൃശ്ശൂര്‍ തിരുവില്വാമല സ്വദേശി അബ്ദുള്‍ സനൂഫിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പൊലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.


◾ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. ചത്ത നിലയില്‍ കണ്ടെത്തിയ നായയുടെ പോസ്റ്റ്മോര്‍ട്ടത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 18 യാത്രക്കാരെ ഇന്നലെയാണ് നായ കടിച്ചത്. സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് കടിയേറ്റത്.


◾ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ അതിതീവ്രന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തെക്കന്‍ കേരള തീരത്ത് ഇന്ന് മുതല്‍ നവംബര്‍ 30 വരെയും കേരള തീരത്ത് ഡിസംബര്‍ 1, 2 തീയതികളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


◾ മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണത്തിനായുള്ള ചര്‍ച്ചയുമായി   മഹായുതി നേതാക്കള്‍ ഡല്‍ഹിയില്‍ . ദേവേന്ദ്ര ഫഡ്‌നവിസും ഏക്‌നാഥ് ഷിന്ദേയും അജിത് പവാറും ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയിലെത്തി. നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കുതന്നെ ആയിരിക്കുമെന്നതില്‍ ഏകദേശ ധാരണയായിട്ടുണ്ടെന്നാണ് സൂചന. ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയും ഏക്‌നാഥ് ഷിന്ദേ ഉപമുഖ്യമന്ത്രിയുമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തീരുമാനം ബിജെപിക്ക് വിട്ട് നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഒഴിവായതോടെ ദേവേന്ദ്ര ഫഡ്‌നാവിസിനു വഴി തുറന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ അപ്രതീക്ഷിത 'തിരഞ്ഞെടുപ്പ്' ഉണ്ടാകുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്.


◾ ജാര്‍ഖണ്ഡില്‍ പുതിയ മന്ത്രിസഭ സത്യപ്രതിഞ്ജ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ പതിനാലാമത്തെ മുഖ്യമന്ത്രിയായി മുഖ്യ ഭരണ കക്ഷിയായ ജെഎംഎമ്മിന്റെ ഹേമന്ത് സോറന്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യാ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ഉദയനിധി സ്റ്റാലില്‍ തുടങ്ങിയവര്‍ സംസ്ഥാനത്തെ പുതിയ മന്ത്രിസഭാ ചടങ്ങില്‍ പങ്കെടുത്തു.


◾ പഞ്ചാബിലെ ഗുരുദാസ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 റോക്കറ്റ് ലോഞ്ചറുകള്‍  കണ്ടെത്തി. റെയില്‍വെ സ്റ്റേഷന്‍ നവീകരണത്തിനായുള്ള നിര്‍മ്മാണ പ്രവര്‍ത്തനത്തിനിടയാണ് റോക്കറ്റ് ലോഞ്ചറുകള്‍ ലഭിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.


◾ ലഷ്‌കര്‍ ഭീകരന്‍ സല്‍മാന്‍ റഹ്‌മാന്‍ഖാനെ റുവാണ്ടയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചു. ബെംഗളൂരു ജയില്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തന ഗൂഢാലോചന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി തിരയുന്ന പ്രതിയാണ് സല്‍മാന്‍. സിബിഐയുടെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ എന്‍ഐഎയുടെയും ഇന്റര്‍പോളിന്റെ കിഗാലിയിലെ നാഷണല്‍ സെന്‍ട്രല്‍ ബ്യൂറോയുടെയും സഹായത്തോടെയാണ് രഹസ്യ ദൗത്യം നടത്തിയത്.


◾ ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണമയൂരം സ്വന്തമാക്കി സൗളി ബിലുവൈറ്റെ സംവിധാനം ചെയ്ത ലിത്വാനിയന്‍ ചിത്രം 'ടോക്സിക്'. 40 ലക്ഷം രൂപയാണ്  സമ്മാനത്തുക. ലോക ചലച്ചിത്രമേഖലയിലെ ആജീവനാന്ത സംഭാവനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സത്യജിത് റായ് പുരസ്‌കാരം മേളയില്‍ ഫിലിപ്പ് നോയ്സിന് സമ്മാനിച്ചു. ഇന്ത്യന്‍ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയര്‍ പുരസ്‌കാരം ബോളിവുഡ് താരം വിക്രാന്ത് മാസ്സിക്ക് നല്‍കി.


◾ ഡല്‍ഹിയില്‍ വായുമലിനീകരണ നിയന്ത്രണത്തിനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍- നാല്  അനുസരിച്ചുള്ള നടപടികള്‍ ഡിസംബര്‍ രണ്ടുവരെ തുടരാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. സ്‌കൂളുകളെയും കോളേജുകളെയും ഈ നടപടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ചേരുന്ന കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റ് യോഗത്തില്‍ ജി.ആര്‍.എ.പി മൂന്നിലേക്കോ രണ്ടിലേക്കോ ചുരുക്കികൊണ്ടുവരുന്നതില്‍ തീരുമാനമെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.


◾ ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ അറസ്റ്റുചെയ്ത ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസിനെ ഉടന്‍ വിട്ടയക്കണമെന്ന് മുന്‍ ബംഗ്ലാദേശ് പ്രസിഡന്റും അവാമി ലീഗ് നേതാവുമായ ഷെയ്ഖ് ഹസീന. അറസ്റ്റ് അനീതിയാണെന്നും രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും മതസ്വാതന്ത്ര്യവും ജീവനും സ്വത്തിനും സുരക്ഷയും ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും എന്നാല്‍ യൂനുസ് സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും ഷെയ്ഖ് ഹസീന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.


◾ മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡിയുടെ ദയനീയ തോല്‍വിക്കു കാരണം കോണ്‍ഗ്രസിന്റെ മനോഭാവമാണെന്ന വിമര്‍ശനവുമായി ഉദ്ധവ് താക്കറെ ശിവസേന നേതാവ് അംബാദാസ് ദാന്‍വേ. കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസവും സീറ്റ് വിഭജനത്തിലെ മനോഭാവവുമാണ് മുന്നണി കനത്ത പരാജയം നേരിടാന്‍ കാരണമെന്ന് നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷനേതാവ് അംബാദാസ് ദാന്‍വേ പറഞ്ഞു. സഖ്യം ഉദ്ധവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിക്കേണ്ടിയിരുന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


◾ അത്യാധുനിക പ്രതിരോധ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യന്‍ ഗവേഷകര്‍. യുദ്ധവിമാനങ്ങളെയും ടാങ്കുകളെയും ശത്രുവിന്റെ റഡാര്‍ കണ്ണുകളില്‍ പെടാതെ മറയ്ക്കുന്ന മെറ്റാ മെറ്റീരിയല്‍ സര്‍ഫസ് ക്ലോക്കിങ് സിസ്റ്റം ആണ് ഇന്ത്യന്‍ ഗവേഷകര്‍ വികസിപ്പിച്ചത്. കാണ്‍പുര്‍ ഐഐടിയാണ് പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് മുതല്‍കൂട്ടാകുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചത്.


◾ ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ കരുത്തായിമാറിയ ആണവ അന്തര്‍വാഹിനി ഐ.എന്‍.എസ് അരിഘാതില്‍ നിന്ന് ആദ്യ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് നാവികസേന. 3500 കിലോമീറ്റര്‍ റെയ്ഞ്ചിലുള്ള കെ.ഫോര്‍ ബാലിസ്റ്റിക് മിസൈല്‍ ആണ് ബേ ഓഫ് ബംഗാളില്‍വെച്ച് പരീക്ഷിച്ചത്.


◾ തന്റെ സര്‍ക്കാരിന്റെ കാലത്ത് അദാനി ഗ്രൂപ്പ് ആന്ധ്രാപ്രദേശിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കോടികള്‍ കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി. സൗരോര്‍ജ ഇടപാടിന്റെ ഭാഗമായി അദാനി ഗ്രൂപ്പ് കൈക്കൂലി നല്‍കിയെന്ന ആരോപണം തള്ളിയ ജഗന്‍, കരാര്‍ രണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലായിരുന്നെന്ന് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടത് സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുമായിട്ടാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.


◾ മണിപ്പുരില്‍ സായുധസേനയ്ക്കുള്ള പ്രത്യേക അധികാരനിയമമായ അഫ്സ്പ പിന്‍വലിക്കണമെന്നും ജിരിബാമില്‍ മൂന്ന് സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയവരെ കണ്ടത്തെണമെന്നുമാവശ്യപ്പെട്ട് ഇഫാംല്‍ ഈസ്റ്റ് ജില്ലയില്‍ ആയിരങ്ങള്‍ റാലിനടത്തി. മെയ്ത്തി വിഭാഗത്തിലെ സ്ത്രീകളുടെ സംഘടനയായ 'മെയ്ര പെയ്ബിസും' പ്രാദേശിക ക്ലബ്ബുകളും ചേര്‍ന്നാണ് റാലി നടത്തിയത്.


◾ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് വിലക്കുമായി ഓസ്ട്രേലിയ. പതിനാറ് വയസിന് താഴെയുള്ളവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍  അക്കൗണ്ട് എടുക്കുന്നതിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് അക്കൗണ്ട് എടുക്കാന്‍ പറ്റാത്ത തരത്തില്‍ സമൂഹമാധ്യമങ്ങള്‍ മാറ്റം കൊണ്ടുവരണമെന്നാണ് നിര്‍ദ്ദേശം. ഏറെക്കാലമായി ചര്‍ച്ച ചെയ്തിരുന്ന നിയമം ഓസ്ട്രേലിയന്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി.


◾ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ വീണ്ടും തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്. എഫ്.സി. ഗോവയ്ക്ക് തുടര്‍ച്ചയായ മൂന്നാം ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴിസിനെ ഗോവ പരാജയപ്പെടുത്തിയത്.


◾ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ്, പാകിസ്താനുപുറമേ മറ്റൊരു വേദിയിലും നടത്താനുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കത്തോട് എതിര്‍പ്പ് അറിയിച്ച് പാകിസ്താന്‍. വെള്ളിയാഴ്ച ഐ.സി.സിയുടെ നിര്‍ണായക യോഗം നടക്കാനിരിക്കെയാണ് പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്  നിലപാട് വ്യക്തമാക്കിയത്.


◾ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പോളണ്ടിന്റെ വനിതാ ടെന്നീസ് താരവും ലോക രണ്ടാം നമ്പര്‍ താരവുമായ ഇഗ സ്വിയാടെക്കിന് ഒരുമാസം വിലക്ക്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. ഉറക്കസംബന്ധമായ പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഉപയോഗിച്ച മരുന്നാണ് വിനയായതെന്ന് താരം സമ്മതിച്ചു.


◾ എയര്‍ ഇന്ത്യയുടെ 5 പ്രധാന മെട്രോ റൂട്ടുകളില്‍ ഡിസംബര്‍ 1 മുതല്‍ എല്ലാ ആഭ്യന്തര നാരോബോഡി സര്‍വീസുകള്‍ക്കും വിസ്താരയുടെ എയര്‍ബസ് 320 നിയോ വിമാനങ്ങളായിരിക്കും ഉപയോഗിക്കുക. തിരക്കേറിയ മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസുകളില്‍ കൂടുതല്‍ മെച്ചപ്പെട്ട സൗകര്യമൊരുക്കി യാത്രക്കാരെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ഇന്‍ഡിഗോ മെട്രോ റൂട്ടുകളില്‍ 'ഇന്‍ഡിഗോ സ്ട്രെച്ച്' എന്ന പേരില്‍ ആരംഭിച്ച ബിസിനസ് ക്ലാസ് സര്‍വീസിനെ നേരിടാന്‍ കൂടിയാണിത്. വിസ്താരയുടെ ഏറ്റവും മികച്ച വിമാനങ്ങളായിരിക്കും ഈ റൂട്ടില്‍ നാരോബോഡി സര്‍വീസുകള്‍ക്കായി ഉപയോഗിക്കുക. വിസ്താര വിമാനങ്ങള്‍ 'എഐ2' എന്ന ഫ്ലൈറ്റ്കോഡ് ഉപയോഗിക്കുന്നതിനാല്‍ ഈ റൂട്ടുകളിലെ എല്ലാ നാരോബോഡി എയര്‍ ഇന്ത്യ സര്‍വീസുകളുടെയും കോഡ് ഈ രീതിയിലായിരിക്കും. ഇതോടെ ഈ റൂട്ടുകളിലെ എല്ലാ എയര്‍ ഇന്ത്യ സര്‍വീസുകളിലും ബിസിനസ് ക്ലാസ് (8 സീറ്റ്), പ്രീമിയം ഇക്കോണമി (24 സീറ്റ്), ഇക്കോണമി (132 സീറ്റ്) എന്നിവയുണ്ടാകും. ഡല്‍ഹിയില്‍ നിന്ന് മുംബൈ, ബെംഗളൂരു, ഹൈദരാബാദ് റൂട്ടുകളില്‍ എയര്‍ ഇന്ത്യയുടെ ഒന്ന് വീതം വൈഡ്ബോഡി (വലിയ വിമാനം) സര്‍വീസ് തുടരും.


◾ ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് എലന്‍സ് സംവിധാനം ചെയ്ത ചിത്രമാണ് 'ഹലോ മമ്മി'. ഫാന്റസി ഹൊറര്‍ കോമഡി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഈ മാസം 21 നാണ് തിയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകശ്രദ്ധ നേടി തിയറ്ററുകളില്‍ തുടരുന്ന ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പുള്ളിമാന്‍ കണ്ണിലെ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം ജേക്സ് ബിജോയ്. ദീപക് നായര്‍ ആണ് ആലപിച്ചിരിക്കുന്നത്.  ഇടവേളയ്ക്ക് ശേഷം ഷറഫുദ്ദീന്റെ ചിരിപ്പിക്കുന്ന വേഷമാണ് ഹലോ മമ്മിയിലെ ബോണി. ഐശ്വര്യ ലക്ഷ്മിയുടെ കരിയറിലെയും ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് ഈ ചിത്രത്തിലെ സ്റ്റെഫി. സണ്ണി ഹിന്ദുജ ('ആസ്പിരന്റ്സ്'ഫെയിം), അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗ മീരാ തുടങ്ങിയവരും ചിത്രത്തിലുണ്ട്.


◾ ഫോറന്‍സിക് എന്ന സിനിമക്ക് ശേഷം ടോവിനോ തോമസ്,സംവിധായകരായ അഖില്‍ പോള്‍ - അനസ് ഖാന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന 'ഐഡന്ററ്റി' 2025 ജനുവരി മാസം തീയേറ്ററുകളിലേക്ക് എത്തും. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന 'ഐഡന്റിറ്റി' യില്‍ നടന്‍ വിനയ് റായും, ബോളിവുഡ് താരം മന്ദിര ബേദി മറ്റൊരു പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രത്തിന്റെ ആള്‍ ഇന്ത്യ വിതരണാവകാശം റെക്കോര്‍ഡ് തുകക്കാണ് ശ്രീ ഗോകുലം  മൂവിസ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകരായ അഖില്‍ പോള്‍ -അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഐഡന്റിറ്റിയുടെ തിരക്കഥയും രചിച്ചിരിക്കുന്നത്. അഖില്‍ ജോര്‍ജ് ക്യാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വഹിക്കുന്നത് ചമന്‍ ചാക്കോ ആണ്. മ്യൂസിക് ആന്‍ഡ് ബാക്ക്ഗ്രൗണ്ട് ജേക്സ് ബിജോയ് കൈകാര്യം ചെയ്യുന്നു. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.


◾ ഓഡി ഇന്ത്യ ക്യു7 എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 88.66 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള, പരിഷ്‌കരിച്ച ഈ എസ്യുവിക്ക് കോസ്മെറ്റിക് ഡിസൈന്‍ മാറ്റങ്ങളും മെച്ചപ്പെട്ട ഇന്റീരിയറും ലഭിക്കുന്നു. 335 ബിഎച്പിയും 500 എന്‍എം ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റര്‍ വി6 പെട്രോള്‍ എഞ്ചിനിലാണ് പുതിയ ക്യു7 ലഭ്യമാകുന്നത്. എഞ്ചിന്‍ 8-സ്പീഡ് ഓട്ടോമാറ്റിക്, ഔഡിയുടെ ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. 5.6 സെക്കന്‍ഡിനുള്ളില്‍ 0-100 കി.മീ/മണിക്കൂര്‍ വേഗത കൈവരിക്കാന്‍ ക്യു7ന് കഴിയുമെന്നും ഉയര്‍ന്ന വേഗത മണിക്കൂറില്‍ 250 കി.മീ ആണെന്നും ഓഡി അവകാശപ്പെടുന്നു. സഖീര്‍ ഗോള്‍ഡ്, വൈറ്റോമോ ബ്ലൂ, മൈത്തോസ് ബ്ലാക്ക്, സമുറായി ഗ്രേ, ഗ്ലേസിയര്‍ വൈറ്റ് എന്നീ അഞ്ച് ബാഹ്യ നിറങ്ങളില്‍ പുതിയ ഔഡി ക്യു7 ലഭ്യമാകും. സെഡാര്‍ ബ്രൗണ്‍, സൈഗ ബീജ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇന്റീരിയര്‍ വാഗ്ദാനം ചെയ്യുന്നത്.


◾ ഹൃദയത്തില്‍ സൂക്ഷിക്കണം എന്ന് തോന്നുന്ന വാക്കുകളെയെല്ലാം വരികളാക്കി കുറുക്കിയെടുത്ത് ഓര്‍മ്മകളിലേക്ക് കവിതയാക്കി അടക്കി പെറുക്കി വെയ്ക്കുന്ന കാവ്യസമാഹാരം. ഒരോര്‍മ്മയില്‍ നിന്ന് മറ്റൊരോര്‍മ്മയിലേക്ക് മഴയായി പെയ്യുന്ന കവിതകള്‍. അവയില്‍ ജീവിതം നോവില്‍ കുളിര്‍ത്ത് നനയുമ്പോള്‍, സ്നേഹമെന്ന വിത്തുകള്‍ മുളയ്ക്കും. അതങ്ങനെ വളര്‍ന്ന് പൂക്കളായും കായ്കളായും ജീവിതത്തിലുടനീളം നമ്മെ സ്പര്‍ശിച്ചു നില്‍ക്കുന്ന ആനന്ദം. കാറ്റുകളെ അയച്ച്, മേഘത്തെ ഇളക്കിവിട്ട്, ആകാശത്തില്‍ അവയെ പരത്തി പലകഷണങ്ങളാക്കി... ഉദ്ദേശിച്ചിടത്ത് മഴയെ വര്‍ഷിപ്പിച്ച് നല്‍കുന്നവന് മുന്‍പില്‍ നന്ദിയര്‍പ്പിക്കുന്ന വരികള്‍. എഴുത്തുകാരിയുടെ മേല്‍ മഴ വര്‍ഷിക്കുന്നതിന് മുന്‍പ് തീര്‍ച്ചയായും ആശയറ്റവള്‍ ആയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന കവിതാസമാഹാരം. 'ആകാശം പോലെ'.  സബീഖ ഫൈസല്‍. ഗ്രീന്‍ ബുക്സ്. വില 128 രൂപ.


◾ ശരീരത്തിലെ സങ്കീര്‍ണ്ണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്ന അവയവമാണ് വൃക്കകള്‍. ശരീരത്തിന് ആവശ്യമുള്ളതൊക്കെ വലിച്ചെടുക്കുകയും ആവശ്യമില്ലാത്തവയെ അരിച്ചുമാറ്റുന്നതും വൃക്കകളാണ്. എന്നാല്‍ 24 മണിക്കൂറും നിര്‍ത്താതെ പണിയെടുക്കുന്ന വൃക്കകളെ വളരെ പെട്ടെന്ന് ഫംഗല്‍ അണുബാധ പിടിപ്പെടാം. കാന്‍ഡിഡ, ആസ്പര്‍ജില്ലസ്, ബ്ലാസ്റ്റോമൈസസ്, ക്രിപ്‌റ്റോകോക്കസ് തുടങ്ങിയവയാണ് സാധാരണമായി വൃക്കകളെ ബാധിക്കുന്ന ഫംഗസുകള്‍. വൃക്കകളിലെ ബാധിക്കുന്ന ഫംഗല്‍ അണുബാധയ്ക്ക് കിഡ്നി ഫംഗസ് എന്നാണ് വിളിക്കുന്നത്. മൂത്രസഞ്ചിയില്‍ നിന്നുള്ള അണുബാധ നേരിട്ടും ഫംഗസ് അണുബാധ രക്തപ്രവാഹത്തിലൂടെ വ്യാപിക്കുന്നതും വൃക്കകളില്‍ ഫംഗസ് ഉണ്ടാക്കാം. നേരത്തെയുള്ള രോഗ നിര്‍ണയം രോഗാവസ്ഥ ഗുരുതരമാകാതെ തടയും. ശരിയായ ചികിത്സയിലൂടെ കിഡ്നി ഫംഗസിനെ പൂര്‍ണമായും നീക്കം ചെയ്യാം. എന്നാല്‍ പതിവ് പരിശോധനയിലൂടെ ഫംഗസ് ബാധ ആവര്‍ത്തിച്ചു വരുന്നില്ലെന്ന് ഉറപ്പാക്കുകയും വേണം. അണുബാധ ബാധിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും. കിഡ്നി ഫംഗസ് ചികിത്സക്കാതെ പോകുന്നത് വൃക്കകളുടെ ദീര്‍ഘകാല ആരോഗ്യത്തെ ബാധിക്കാം. മൂത്രം ഒഴിക്കുമ്പോള്‍ പുകച്ചില്‍, വേദന, അടിവയറ്റില്‍ വേദന, മൂത്രത്തിനൊപ്പം രക്തം വരിക, പനി, വിറയല്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.


*ശുഭദിനം*

*കവിത കണ്ണന്‍*

വളരെയധികം താഴ്ചയുള്ള ഒരു കിടങ്ങിലാണ് അവന്‍ ജോലി ചെയ്തിരുന്നത്. വൈകുന്നേരമായപ്പോള്‍ പണി നിര്‍ത്തി കയറാന്‍ തുടങ്ങുന്നതിനിടയിലാണ് മണ്ണിടിച്ചല്‍ സംഭവിച്ചത്.  ദേഹം മുഴുവന്‍ മണ്ണ് മൂടി മരണമുറപ്പിച്ചെങ്കിലും അവന്‍ സഹായത്തിന് വേണ്ടി കൈ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.  പക്ഷേ, ആരും വന്നില്ല.   തൊട്ടപ്പുറത്ത് ജോലി ചെയ്തിരുന്ന ഒരു തൊഴിലാളി പണി നിര്‍ത്തി പോകാന്‍ നേരം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരു യന്ത്രം ശ്രദ്ധയില്‍ പെട്ടു. പരിസരമാകെ തിരച്ചില്‍ നടത്തിയ തൊഴിലാളി കിടങ്ങില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒരു കൈപ്പത്തി കണ്ടു.  ഉറക്കെ അലറിവിളിച്ച് തൊഴിലാളി ആളെക്കൂട്ടി അവനെ മണ്ണിനടിയില്‍ നിന്നും രക്ഷിച്ചു.  അത്ഭുതങ്ങള്‍ എപ്പോള്‍ എവിടെ വേണമെങ്കിലും സംഭവിക്കാം.  അത് അസാധാരണമാണെങ്കിലും അസംഭവ്യമല്ല.  എത്ര ആസൂത്രിതമായി കാര്യങ്ങള്‍ നീക്കിയാലും എപ്പോള്‍ വേണമെങ്കിലും നിയന്തണാതീതമായ കാര്യങ്ങള്‍ സംഭവിക്കാം.   അവയെ കൈകാര്യം ചെയ്യാന്‍ ചിലപ്പോള്‍ അപ്രതീക്ഷിതമായ ഇത്തരം ഇടപെടലുകള്‍ വേണ്ടിവന്നേക്കാം.  അത് ആര് ചെയ്യുമെന്നോ , എപ്പോള്‍ സംഭവിക്കുമെന്നോ നമുക്ക് പ്രവചിക്കാനാകില്ല.  പക്ഷേ, അകപ്പെട്ടുപോയ അപകടത്തേക്കാള്‍ ആക്‌സ്മകമായായിട്ടായിരിക്കും അത്ഭുതങ്ങള്‍ കടന്നുവരിക.. ആര്‍ക്കെങ്കിലും വേണ്ടി ആരെങ്കിലുമൊക്കെ അവതരിക്കും. അതൊരുവിശ്വാസമാണ്.. അത് ചിലപ്പോള്‍ സാധാരണമായ, എന്നാല്‍ സമയോചിതമായ ഇടപെടലായിരിക്കും. - ശുഭദിനം.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post