◾ വയനാട് ചൂരല്‍മലയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും. മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ ഇന്നുമുതല്‍ ചാലിയാര്‍ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിലും തെരച്ചില്‍ നടത്തും. 40 കിലോമീറ്ററില്‍ ചാലിയാറിന്റെ പരിധിയില്‍ വരുന്ന എട്ട് പൊലീസ് സ്റ്റേഷന്റെ പുഴ ഭാഗങ്ങളില്‍ പൊലീസും നീന്തല്‍ വിദഗ്ധരായ നാട്ടുകാരും ചേര്‍ന്നാകും തിരച്ചില്‍ നടത്തുക. പൊലീസ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് സമാന്തരമായും തെരച്ചില്‍ നടത്തും. ഇതോടൊപ്പം കോസ്റ്റ്ഗാര്‍ഡും നേവിയും വനം വകുപ്പും ചേര്‍ന്ന് പുഴയുടെ അരികുകളും മൃതദേഹങ്ങള്‍ തങ്ങാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കേന്ദ്രീകരിച്ചും തെരച്ചില്‍ നടത്തും. മണ്ണില്‍ പുതഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്താനായി ഡല്‍ഹിയില്‍ നിന്നും ഡ്രോണ്‍ ബേസ്ഡ് റഡാര്‍ നാളെ എത്തുമെന്നും മന്ത്രിമാര്‍ അറിയിച്ചു. മൃതദേഹങ്ങളടക്കം കണ്ടെത്താന്‍ നിലവില്‍ 6 നായകളും തെരച്ചില്‍ സംഘത്തിനൊപ്പമുണ്ട്. തമിഴ്നാട്ടില്‍ നിന്നും നാല് കാഡാവര്‍ നായകള്‍ കൂടി വയനാട്ടിലെത്തും.
2024 | ഓഗസ്റ്റ് 2 | വെള്ളി|
1199 | കർക്കടകം 18 | തിരുവാതിര l 1446 l മുഹറം 27
➖➖➖➖➖➖➖➖
◾ പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് വയനാട് ചൂരല്‍മലയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം കരസേന അംഗങ്ങള്‍ പൂര്‍ത്തിയായിക്കിയത്. ഒരേസമയം 24 ടണ്‍ ഭാരംവരെ വഹിക്കാന്‍ ശേഷിയുള്ളതാണ് സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്ലി ബാലം. ഹിറ്റാച്ചി അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ യന്ത്രസാമഗ്രികള്‍ ബെയ്‌ലി പാലത്തിലൂടെ മുണ്ടക്കൈയിലേയ്‌ക്കെത്തിക്കാനാകും. ഇവിടെയുണ്ടായിരുന്ന പാലം മലവെള്ളപ്പാച്ചലില്‍ ഒലിച്ചുപോയതോടെയാണ് മുണ്ടക്കൈ പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടത്.
◾ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 283 ആയി ഉയര്‍ന്നു. 240 പേരെ ഇപ്പോഴും കാണാനില്ല. കനത്ത മഴ മൂന്നാം ദിനവും രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നു. പല സ്ഥലങ്ങളിലും ഇനിയും രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ ആവാതിരുന്നതിനാല്‍ ഇന്നത്തെ സംഘം തിരിച്ചുള്ള തിരച്ചിലോടെ മരണസംഖ്യ ഏറെ ഉയര്‍ന്നേക്കും.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കരുതെന്നും അഭിപ്രായങ്ങള്‍ പറയരുതെന്നും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി. അത്തരത്തില്‍ ഒരു നയം സര്‍ക്കാരിനില്ലെന്നും വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും ഇത് പിന്‍വലിക്കാന്‍ ഇടപെടണമെന്നും ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ മേഖലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്ത സ്ഥലം സന്ദര്‍ശിക്കരുതെന്നും ഇത് സംബന്ധിച്ച് മാധ്യമങ്ങളോട് അഭിപ്രായങ്ങള്‍ പറയരുതെന്നായിരുന്നു ശാസ്ത്രജ്ഞര്‍ക്ക് നല്‍കിയ നിര്‍ദേശം. പഴയ പഠനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുതെന്നും ദുരന്തനിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പ്രത്യേക കുറിപ്പില്‍ അറിയിച്ചിരുന്നു.
◾ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദര്‍ശിക്കാനായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനും ഇവരോടൊപ്പമുണ്ടായിരുന്നു.
◾ തന്റെ അച്ഛന്‍ മരിച്ചപ്പോള്‍ എന്താണോ തനിക്ക് തോന്നിയത് അതേ വേദനയാണിപ്പോള്‍ ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇവിടെ ഒരോരുത്തരുടെയും കുടുംബം ഒന്നാകെയാണ് നഷ്ടമായത്. അന്ന് തനിക്കുണ്ടായതിനേക്കാള്‍ ഭീകരാവസ്ഥയാണ് ഇവിടെ ഓരോരുത്തര്‍ക്കുമുണ്ടായിരിക്കുന്നത്. ആയിരകണക്കനു പേര്‍ക്കാണ് ഉറ്റവരെ നഷ്ടമായത്. അവരുടെ കുടെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് പുനരധിവാസം ഉള്‍പ്പെടെ ആവശ്യമായ എല്ലാ സഹായവും ചെയ്യും എന്നും അദ്ദേഹം പറഞ്ഞു.
◾ സഹോദരന് തോന്നിയ അതേ വേദനയാണ് തനിക്കുമുണ്ടായതെന്നും അതിദാരുണമായ സംഭവമാണിതെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരിച്ചുപോകേണ്ടന്നാണ് ക്യാംപിലുള്ളവര്‍ പറയുന്നതെന്നും അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഇക്കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ദുരന്തഭൂമിയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
◾ മുണ്ടക്കൈ - ചൂരല്‍മല രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേര്‍. തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. എന്‍ഡിആര്‍എഫ്, സിആര്‍പിഎഫ്, കര വ്യോമ നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.
◾ വയനാട്ടിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെ കാണാതായതായി ഡിഡിഇ യോഗത്തില്‍ അറിയിച്ചു.
◾ മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് മേജര്‍ ജനറല്‍ വി ടി മാത്യു അറിയിച്ചു. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൃതദേഹ അവശിഷ്ടങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രശ്നമായി അവശേഷിക്കുന്നത്. മൃതദേഹം കിട്ടിയാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
◾ വയനാട് ദുരന്ത ഭൂമിയിലെ അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥന്‍ ശ്രീറാം സാംബശിവ റാവു. അറിയപ്പെടാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്ന കാര്യം അതാത് ഗ്രാമപഞ്ചായത്തുകള്‍ തീരുമാനിക്കുമെന്നും, അതോടൊപ്പം ഉരുള്‍പൊട്ടല്‍ ഇത്ര ആഘാതം എങ്ങനെ ഉണ്ടാക്കി എന്നത് ഗൗരവമായി പഠിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ചൂണ്ടിക്കാട്ടി.
◾ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചു . ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടി ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി താമസിപ്പിച്ചു.
◾ സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടുമില്ല. എന്നാല്‍ ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
◾ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇടുക്കിയിലും എറണാകുളത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി ആയിരിക്കും.
◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് തീരുമാനം. വള്ളംകളി സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനം. എന്ന് നടത്തണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും.
◾ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പേരില്‍ വ്യാജ വാര്‍ത്ത സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ അടിയന്തിരമായി നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ പ്രൈവറ്റ് സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് ആഹ്വാനം ചെയ്തെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം.
◾ വയനാട്ടിലെ ദുരന്തപശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇത്തരത്തിലുള്ള 194 പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങള്‍ക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു.
◾ വയനാട് ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട നിരാലംബരായ ജനതയ്ക്ക് പരമാവധി സഹായം എത്തിക്കുന്നതിനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും, അനാവശ്യ രാഷ്ട്രീയ വാഗ്വാദങ്ങള്‍ അവസാനിപ്പിക്കണമെന്നും കെ.സുധാകരന്‍ എംപി. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയിക്കാനുള്ള അധുനിക സാങ്കേതിക സംവിധാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
◾ ഡോ. ശശി തരൂര്‍ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കി. വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നും, എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാര്‍ഗരേഖ പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ എല്ലാ എം.പി മാര്‍ക്കും അവരുടെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികള്‍ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനായി ശുപാര്‍ശ ചെയ്യുവാന്‍ കഴിയുമെന്നും കത്തിലുണ്ട്.
◾ അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു. തൃശൂര്‍ ജില്ലയില്‍ ജാഗ്രത സന്ദേശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആരും സാഹസികത കാണിക്കാതെ സംയമനം പാലിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.
◾ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചു. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പാക്കേജുകള്‍ക്കൊപ്പം തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും എഐവൈഎഫ് നേതാക്കള്‍ അറിയിച്ചു.
◾ സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നശേഷി വ്യക്തികള്‍ക്ക് ചികിത്സയും പരിചണവും ലഭിക്കുന്നതിന് മറ്റ് രോഗികള്‍ക്കൊപ്പം ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല എന്ന നോട്ടീസ് പതിക്കണമെന്നും സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും നോട്ടീസ് പ്രദര്‍ശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ ഉത്തരവിട്ടു.
◾ കേരളത്തിലെ 10-ാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യാപക സംഘടനകളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണു ഉത്തരവ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയതു നടപ്പാക്കിക്കഴിഞ്ഞെങ്കിലും ഇനി മുതല്‍ അത് പാടില്ലെന്നും കോടതി വ്യക്തമാക്കി.
◾ തൃശൂര്‍ അകമല മേഖലയില്‍ നിന്ന് ആളുകളോട് വീടൊഴിയാന്‍ നിര്‍ദേശം നല്‍കിയതായി പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ കലക്ടര്‍. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
◾ മലമ്പുഴ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
◾ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പസഫിക്ക് സമുദ്രത്തില്‍ എല്‍നിനോ സതേണ്‍ ഓസിലേഷന്‍ നിലവില്‍ ന്യൂട്രല്‍ സ്ഥിതിയിലാണെന്നും ലാനിന ഓഗസ്റ്റ് അവസാനത്തോടെ ആരംഭിക്കാന്‍ സാധ്യതയെന്നും ഐഎംഡി അറിയിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ഗവര്‍ണര്‍മാരുടെ അനൗദ്യോഗിക യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്ന് വിവരിച്ച ആരിഫ് ഖാന്‍, ഇന്ന് ചേരുന്ന യോഗത്തില്‍ ഇത് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.
◾ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ചയില്‍ മന്ദിരം രൂപകല്പന ചെയ്ത ബിമല്‍ പട്ടേലിനോട് ലോക്സഭാ സ്പീക്കര്‍ വിശദീകരണം തേടി. കഴിഞ്ഞ ദിവസത്തെ മഴയില്‍ പാര്‍ലമെന്റ് ലോബിയിലുണ്ടായ ചോര്‍ച്ച വലിയ ചര്‍ച്ചയായിരുന്നു. വിഷയം സഭയില്‍ ഉന്നയിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. 2600 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും നിലനില്‍ക്കുമെന്നായിരുന്നു അവകാശവാദം. അതേസമയം ചോര്‍ച്ചയ്ക്കിടയാക്കിയ സാങ്കേതിക പ്രശ്നം പരിഹരിച്ചെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് നല്കിയ വിശദീകരണം.
◾ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ 13 പേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. നിതീഷ് കുമാറാണ് ഒന്നാം പ്രതി. കേസില്‍ അന്വേഷണം തുടരും, 58 ഇടങ്ങളില്‍ പരിശോധന നടത്തി, അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സിബിഐ അറിയിച്ചു. ഇതുവരെ 40 പേരെയാണ് കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്.
◾ ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മലാനയിലെ പന്‍ഡോഹ് ഡാം തകര്‍ന്നു. പാര്‍വതി നദിയിലെ ഡാം തകര്‍ന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം ഒഴിയണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇടതടവില്ലാതെ പെയ്യുന്ന മഴയില്‍ ഹിമാചല്‍ പ്രദേശില്‍ വ്യാപകമായ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.
◾ പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് കനത്ത നിരാശ സമ്മാനിച്ച് ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പുരുഷ ഡബിള്‍സില്‍ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ക്വാര്‍ട്ടറിലെ തോല്‍വിയും ഇന്ത്യക്ക് വേദനയായി. അതേസമയം, ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയെ വീഴ്ത്തി യുവതാരം ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ കടന്നു. നേരത്തെ, പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുസാലെ ഇന്ത്യയ്ക്ക് പാരിസിലെ മൂന്നാം വെങ്കലം സമ്മാനിച്ചിരുന്നു. ഈ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മൂന്നു മെഡലുകളും ഷൂട്ടിങ്ങില്‍ നിന്നാണ്. പുരുഷ ഹോക്കിയില്‍ ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ബല്‍ജിയത്തോടു തോറ്റു. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരെ ഇന്ത്യ തോല്‍വി വഴങ്ങിയത്. തോറ്റെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്. വനിതാ ബോക്സിങ്ങില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നിഖാത് സരീനും പ്രീക്വാര്‍ട്ടറില്‍ തോറ്റു.
◾ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാനിരക്ക് കൂട്ടി. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് വര്‍ധിപ്പിച്ചത്. വിവിധ വായ്പകളുടെ പലിശനിരക്കില്‍ അഞ്ചു ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഉപഭോക്താക്കളുടെ വായ്പ കൂടുതല്‍ ചെലവേറിയതാകും. ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 8.85 ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായി ഉയര്‍ന്നു. വാഹന, വ്യക്തിഗത അടക്കമുള്ള മിക്ക ഉപഭോക്തൃ വായ്പകള്‍ക്കും പലിശനിരക്ക് നിശ്ചയിക്കാന്‍ ഉപയോഗിക്കുന്നത് ഒരു വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് ആണ്. മൂന്ന് വര്‍ഷം കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്ക് 9.20 ശതമാനമായാണ് ഉയര്‍ന്നത്. വിവിധ കാലാവധിയുള്ള മറ്റു എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കും ഉയര്‍ന്നിട്ടുണ്ട്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു.
◾ റാം ചരണ്‍ നായകനായെത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് 'ഗെയിം ചെയ്ഞ്ചര്‍'. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബറില്‍ പ്രേക്ഷകരിലേക്കെത്തുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ദില്‍ രാജു മുന്‍പ് പറഞ്ഞിരുന്നു. ബോളിവുഡ് താരം കിയാര അഡ്വാനിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. കിയാരയുടെ 33-ാം പിറന്നാളിനോടനുബന്ധിച്ച് വ്യാഴാഴ്ച താരത്തിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. കളര്‍ഫുള്ളായ ക്യാരക്ടര്‍ ലുക്കാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ജബിലമ്മ അക്ക എന്നാണ് ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. കിയാരയുടെ തെന്നിന്ത്യയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ഗെയിം ചെയ്ഞ്ചര്‍. മുന്‍പ് ചിത്രത്തിലെ ജരഗണ്ടി എന്ന് തുടങ്ങുന്ന ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പാട്ട് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആവുകയും ചെയ്തിരുന്നു.
◾ റൂസോ സഹോദരങ്ങളുടെ സയന്‍സ് ഫിക്ഷന്‍ സീരിസ് സിറ്റഡേലിന്റെ 'ഇന്ത്യന്‍ സ്പിന്‍ ഓഫ് സിറ്റഡേല്‍: ഹണി ബണ്ണി' ടീസര്‍ എത്തി. ഫാമിലി മാന്‍ ഒരുക്കിയ രാജ് ആന്‍ഡ് ഡികെയാണ് സീരിസിന്റെ ഇന്ത്യന്‍ സ്പിന്‍ഓഫ് സംവിധാനം ചെയ്യുന്നത്. വരുണ്‍ ധവാനും സമാന്തയും സീരിസില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. കെ.കെ മേനന്‍, സിമ്രാന്‍, സിഖന്ദര്‍ ഖേര്‍, സഖിബ് സലീം എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. നവംബര്‍ ഏഴ് മുതലാണ് സ്ട്രീമിങ് ആരംഭിക്കുക. പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മാഡനും അഭിനയിച്ച ഹോളിവുഡ് സീരിസ് ആണ് സിറ്റഡേല്‍. 2023ല്‍ ആമസോണ്‍ പ്രൈമിലൂടെയാണ് സീരിസ് റിലീസ് ചെയ്തത്. റൂസോ ബ്രദേഴ്സ് സൃഷ്ടിച്ച സയന്‍സ് ഫിക്ഷന്‍ സ്പൈ ത്രില്ലറിന് വിവിധ രാജ്യങ്ങളില്‍ ഒന്നിലധികം സ്പിന്‍ഓഫുകള്‍ ഉണ്ടാകും, അതില്‍ ഒരു രാജ്യമാണ് ഇന്ത്യ.
◾ വിലമതിക്കാനാകാത്ത ഒരു സമ്മാനം മകന് നല്‍കിയിരിക്കുകയാണ് ബോളിവുഡ് താരം അര്‍ബാസ് ഖാന്‍. മകന്‍ അര്‍ഹാനായി പിതാവ് തിരഞ്ഞെടുത്തത് ബിഎംഡബ്ള്യുവിന്റെ ആഡംബര എസ്യുവിയായ എക്സ് 5 ആണ്. മാറ്റ് ബ്ലാക്ക് നിറത്തിലുള്ളതാണ് അര്‍ഹാന്റെ പുതിയ വാഹനം. ഏകദേശം ഒരു കോടി രൂപയാണ് ഈ വാഹനത്തിനു വില വരുന്നത്. മാറ്റം വരുത്തിയ ബമ്പറും എല്‍ഇഡി ഹെഡ് ലൈറ്റുകളും 21 ഇഞ്ച് അലോയ് വീലുകളുമൊക്കെയാണ് ആദ്യ കാഴ്ചയിലെ എടുത്തു പറയേണ്ട സവിശേഷതകള്‍. ബിഎംഡബ്ള്യു എക്സ് 5 നു രണ്ടു എന്‍ജിന്‍ ഓപ്ഷന്‍ ആണ് വരുന്നത്. 3.0 ലീറ്റര്‍, 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് അതിലൊന്ന്. ഈ മോട്ടോര്‍ 381 ബിഎച്ച്പി കരുത്തും 520 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. അടുത്ത എന്‍ജിന്‍ ഓപ്ഷന്‍ ഡീസലാണ്. 3.0 ലീറ്റര്‍, 6 സിലിണ്ടര്‍ തന്നെയാണത്. 286 ബി എച്ച് പി കരുത്തും 650 എന്‍ എം ടോര്‍ക്കും നല്‍കും ഈ എന്‍ജിന്‍. ഇരു എന്‍ജിനുകള്‍ക്കും 12 ബി എച്ച് പി കരുത്തും 200 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്സുമുണ്ട്. രണ്ടു എന്‍ജിനുകളിലും 48 വി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇലക്ട്രിക് മോട്ടോര്‍ 12 ബി എച്ച് പി കരുത്തും 200 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കും.
◾ കഥയ്ക്കും ജീവിതത്തിനുമിടയില്‍ അത്ര സുതാര്യമല്ലാത്ത ഒരിടത്താണ് കെ.എസ്. രതീഷ് ഒളിച്ചിരിക്കുന്നത്. ചുറ്റുമുള്ള ജീവിതങ്ങളില്‍നിന്നും മറ്റാരും കാണാത്ത ഒരു കരച്ചില്‍ വീണുകിട്ടിയാല്‍ ആദ്യം അതിലേക്ക് തന്റെ ശബ്ദം ഡബ്ബ് ചെയ്യും. പിന്നാലെ അതിലേക്ക് മറിഞ്ഞുവീണ് ആ കണ്ണീരിനെ സ്വന്തമാക്കി തിളക്കമുള്ള കഥയായി പരിണമിപ്പിക്കും. അതുകൊണ്ടാണ് ഓരോ കഥയിലൂടെയും കടന്നുപോകുമ്പോള്‍ ഇതെന്റെ കണ്ണീരാണെന്ന് ഞാനും നിങ്ങളും കഥാകൃത്തിനോട് തര്‍ക്കിക്കേണ്ടിവരുന്നത്. പഠനം: ഡോ. നിബുലാല്‍ വെട്ടൂര്‍ കെ.എസ്. രതീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. 'മാളം'. കെ.എസ്. രതീഷ് . ഡിസി ബുക്സ്. വില 171 രൂപ.
◾ ധാരാളം പോഷകങ്ങള്‍ അടങ്ങിയ വിത്താണ് സൂര്യകാന്തി വിത്തുകള്‍. ഇതില്‍ അടങ്ങിയ മോണോ, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദയാരോഗ്യം സംരംക്ഷിക്കുന്നതില്‍ നല്ല സ്വാധീനം ചെലുത്തും. ധാരാളം ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ് സൂര്യകാന്തി വിത്തുകള്‍. ഇവയില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകളും വിറ്റാമിന്‍ ഇയും കോശങ്ങളുടെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാകെ ഊര്‍ജ്ജ ഉപാപചയത്തിന് അത്യന്താപേക്ഷിതമായ ബി 1 (തയാമിന്‍), തലച്ചോറിന്റെ ആരോഗ്യത്തിനും മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും അത്യന്താപേക്ഷിതമായ ബി 6 എന്നിവയുള്‍പ്പെടെ നല്ല അളവില്‍ ബി വിറ്റാമിനുകളും സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന സെലിനിയം മാനസികാരോഗ്യം കൈവരിക്കുന്നതിലും വിഷാദം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നിയാസിന്‍ മൊത്തം കൊളസ്‌ട്രോള്‍ നിലയെ നിയന്ത്രിക്കുന്നു. കൂടാതെ ഹൃദ്രോഗ സാധ്യതയും ഇത് കഴിക്കുന്നത് വഴി കുറയ്ക്കാന്‍ സാധിക്കും. കൂടാതെ നാരുകള്‍ ദഹന ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. മലവിസര്‍ജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിര്‍ത്താനും നാരുകള്‍ സഹായിക്കുന്നു. സൂര്യകാന്തി വിത്തുകള്‍ സാലഡിനൊപ്പമോ സ്മൂത്തിയിലോ ചേര്‍ത്ത് കഴിക്കുന്നത് രുചികരം മാത്രമല്ല പോഷകസമൃദ്ധവുമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജാവിനൊരാഗ്രഹം. ആനപ്പുറത്ത് കയറണം. പിറ്റേന്ന് ആനയും പാപ്പാനും കൊട്ടാരമുറ്റത്തെത്തി. ജനങ്ങളും തടിച്ചുകൂടി. പാപ്പാന്‍ രാജാവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും രാജാവ് അത് പാടെ അവഗണിച്ചു. ആനയുടെ അടുത്തെത്തി രാജാവ് ഉത്തരവുകള്‍ പുറപ്പെടുവിച്ചെങ്കിലും ആന അനങ്ങാതെ നിന്നു. രാജാവറിയാതെ പാപ്പാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയപ്പോഴാണ് ആന രാജാവിന് കയറാന്‍ പാകത്തില്‍ നിന്നുകൊടുത്തത്. രാജാവ് സ്വന്തം ഇഷ്ടത്തില്‍ ആനപ്പുറത്ത് കയറിയെങ്കിലും ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. രാജാവ് കാരണമന്വേഷിച്ചപ്പോള്‍ പാപ്പാന്‍ പറഞ്ഞു: അങ്ങ് ആനപ്പുറത്ത് തിരിഞ്ഞാണ് ഇരിക്കുന്നത്. എന്നാല്‍ ആനയെ തിരിച്ചുനിര്‍ത്താനായി രാജാവിന്റെ കല്‍പന. ആളുകള്‍ കൂക്കിവിളിച്ചു. അവസാനം ഗതികെട്ട് രാജാവ് പാപ്പാന്റെ നിര്‍ദ്ദേശപ്രകാരം യഥാവിധി ആനപ്പുറത്തിരിക്കുകയും ചെയ്തു. താനാണ് ശരിയെന്നും തന്നില്‍ നിന്നും ശരിമാത്രമേ വരൂ എന്ന് ചിന്തിക്കുന്നവരാണ് തങ്ങളുടെ പരിസരങ്ങളെ അശുദ്ധവും നിശ്ചലവുമാക്കുന്നത്. അത്തരക്കാര്‍ അധികാരത്തിലേറിയാല്‍ അവരും നാടും ദശാബ്ദങ്ങള്‍ക്ക് പിന്നിലേക്ക് പോകും. എല്ലാവര്‍ക്കും അവരവരുടെ മേഖലയില്‍ വൈദ്ഗ്ദ്യമുണ്ടാകും. അതറിയുന്നവരെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യുക എന്നതാണ് പ്രധാനം. പിടിവാശിയുള്ളവരൊക്കെ പിടിവിട്ടുവീണിട്ടേയുള്ളൂ.. ഒരോ കാല്‍വെയ്പുകളിലും മുന്നറിയപ്പുകളും താക്കീതുകളുമുണ്ടാകും. അവയെ കാണാനും ഗ്രഹിക്കാനും ആവശ്യമെങ്കില്‍ തിരുത്തലുകള്‍ വരുത്താനും നമുക്ക് സാധിക്കണം - ശുഭദിനം
➖➖➖➖➖➖➖➖
Post a Comment