*കൈലാസ്‌നാഥ് പുതുച്ചേരി ഗവർണ്ണറായി ആഗസ്ത് 7 ന് കാലത്ത് 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും*
*വടകരയില്‍ ജനനം, പഠനം ഊട്ടിയില്‍, സേവനം ഗുജറാത്തില്‍; മോദിയുടെ വിശ്വസ്തന്‍ കൈലാസ്‌നാഥിന് പുതുദൗത്യം*
മാഹി: ജനിച്ചത് വടകരയിൽ, പഠിച്ചത് ഊട്ടിയിൽ, സേവനമത്രയും ഗുജറാത്തിൽ... ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങിയ വടകരക്കാരൻ കെ. കൈലാസ് നാഥിന് ഇനിദൗത്യം പുതുച്ചേരിയിൽ. ജൂൺ 30-ന് ഔദ്യോഗികജീവിതം അവസാനിപ്പിച്ച കൈലാസ്നാഥിനെ പുതുച്ചേരി ലെഫ്. ഗവർണറായാണ് രാഷ്ട്രപതി നിയമിച്ചത്. വടകര വില്യാപ്പള്ളി മുയ്യോട്ട് താഴയിലെ പറമ്പത്ത് താഴ കുനിയിൽ റിട്ട. പോസ്റ്റ്മാസ്റ്റർ പരേതനായ ഗോവിന്ദന്റെയും ലീലയുടെയും മകനാണ് കൈലാസ് നാഥ്. തൃശ്ശൂർ എലൈറ്റ്് ഗ്രൂപ്പിന്റെ പാർട്ണർ ടി.ആർ. രാഘവന്റെ മകൾ ബീനയാണ് കൈലാസ് നാഥിന്റെ ഭാര്യ. യു.കെ.യിൽ ഡോക്ടറായ യാമിനിയും ബിസിനസുകാരനായ റോഹിത്തും മക്കൾ.
*തുടക്കംമുതൽ ഗുജറാത്തിൽ*
ഊട്ടിയിൽ പോസ്റ്റ് മാസ്റ്ററായിരുന്നു കൈലാസ് നാഥിന്റെ അച്ഛൻ ഗോവിന്ദൻ. പഠനത്തിൽ മിടുക്കനായ കൈലാസ് നാഥ് എട്ടാംക്ലാസിൽ പഠിക്കവേ ഓൾ ഇന്ത്യ മെറിറ്റ് സ്കോളർഷിപ്പ് നേടി ചെന്നൈ അഡയാറിലെ തിയോസഫിക്കൽ സൊസൈറ്റിയുടെ സ്കൂളിൽ പ്രവേശനം നേടി.
1979-ലാണ് ഐ.എ.എസ്. കിട്ടിയത്. ഗുജറാത്ത് കേഡറിൽ ബറോഡ അസിസ്റ്റന്റ് കളക്ടറായി ആദ്യനിയമനം. അന്നുതുടങ്ങിയതാണ് ഗുജറാത്ത് ജീവിതം. നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ 2006-ൽ അദ്ദേഹത്തിന്റെ ഓഫീസിലെത്തി. വൈകാതെ പ്രിൻസിപ്പൽ സെക്രട്ടറിയായി. മോദിയുടെ വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 2013-ൽ വിരമിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവി വീണ്ടും ഇദ്ദേഹത്തിന് നൽകി.
*സന്തോഷപ്പൂക്കൾ വിടർന്നു, റോസ് ബാങ്ക്സ് വീട്ടിൽ*
കോഴിക്കോട്: പുതുച്ചേരി ലെഫ്. ഗവർണറായി നിയോഗിക്കപ്പെട്ട കെ. കൈലാസനാഥന്റെ കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കത്തെ റോസ് ബാങ്ക്സ് വീട്ടിൽ ആഹ്ലാദനിമിഷങ്ങൾ. ചുങ്കത്തെ വീട്ടിൽ അമ്മ ലീലയും സഹോദരി മഞ്ജു ജഗദീഷുമാണുള്ളത്. മൂന്നുമാസംമുൻപും കൈലാസനാഥൻ ഇവിടെയെത്തിയിരുന്നു. അന്ന് സബർമതി ആശ്രമത്തിന്റെ നവീകരണത്തിന്റെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ ഇൻ ചാർജായിരുന്നു.
ആറാംക്ലാസിൽ പഠിക്കുമ്പോൾ ഓൾ ഇന്ത്യ മെറിറ്റ് സ്കോളർഷിപ്പ് നേടിയതുമുതൽ അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങൾ മകൻ കൈവരിച്ചതായി അമ്മ ലീല പറഞ്ഞു. കുട്ടിയായിരിക്കെ അച്ഛൻ പറഞ്ഞുകൊടുത്ത മൂന്നക്ഷരം 'ഐ.എ.എസ്.' കൈലാസിന് എന്നും പ്രചോദനമായെന്ന് അവർ പറയുന്നു.
''ബന്ധുക്കളായ കുട്ടികളെ അദ്ദേഹം പഠനത്തിൽ നിരന്തരം പ്രോത്സാഹിപ്പിക്കും. അവരുടെ റോൾമോഡലാണ് കൈലാസ്. അവധിദിനങ്ങൾ ആഘോഷിക്കാറില്ല. പകരം അന്നും ജോലികളിൽ മുഴുകും. കോഴിക്കോട്ടെത്തുമ്പോൾ മാത്രമാണ് അല്പം വിശ്രമം. വായനയാണ് പ്രധാന വിനോദം. നീലഗിരി ലൈബ്രറിയാണ് തന്റെ വളർച്ചയ്ക്കുകാരണമെന്ന് കൈലാസനാഥൻ ഇടയ്ക്കിടെ പറയാറുണ്ട്. വർഷത്തിലൊരിക്കലെങ്കിലും ഇവിടെയെത്തുന്ന കൈലാസ് അപ്പോൾ തനി കോഴിക്കോട്ടുകാരനായി മാറും. മാർക്കറ്റിലോ ഹാർബറിലോ ഓട്ടോയിൽപോയി മീൻ വാങ്ങിവരും'' -ചേവായൂർ ഭവൻസ് സ്കൂൾ റിട്ട. പ്രിൻസിപ്പലായ സഹോദരി മഞ്ജു ജഗദീഷ് പറഞ്ഞു.
*ജില്ലയ്ക്ക് അഭിമാനനിമിഷം*
വടകര: പുതുച്ചേരി ലെഫ്. ഗവർണറായി കെ. കൈലാസനാഥൻ നിയമിതനായതോടെ ജന്മനാടായ വടകരയ്ക്കൊപ്പം കോഴിക്കോടിനും അഭിമാനകരമായ നേട്ടം. വടകരയിലും വില്യാപ്പള്ളിയിലുമെല്ലാം ഇദ്ദേഹത്തിന്റെ ബന്ധുക്കളുണ്ട്. അമ്മ ലീല താമസിക്കുന്നത് കൈലാസ് നാഥിന്റെ കോഴിക്കോട് വെസ്റ്റ്ഹിലിലെ വീട്ടിലാണ്. ഇതിനുസമീപം തന്നെയാണ് സഹോദരി മഞ്ജുവുമുള്ളത്. നാട്ടിൽവരുമ്പോൾ കൈലാസ് നാഥ് വെസ്റ്റ്ഹിലിലെ വീട്ടിലാണുണ്ടാവുക. ലെഫ്. ഗവർണറായ വിവരം അമ്മ ലീലയും സഹോദരിയും ശനിയാഴ്ച രാത്രിതന്നെ അറിഞ്ഞിരുന്നു.
''ബന്ധുക്കളും സുഹൃത്തുക്കളുമായി കുറേപ്പേർ അമ്മയെ ആശംസയറിയിക്കാൻ വരുന്നുണ്ട്. എല്ലാവരും വലിയ സന്തോഷത്തിലാണ്'' -സഹോദരി മഞ്ജു ജഗദീഷ് പറഞ്ഞു.
മൂന്നുമാസം മുൻപാണ് കൈലാസ് വീട്ടിൽവന്നത്. വീട്ടിൽ വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളെയെല്ലാം വിളിച്ച് ഒരുദിവസം ഒത്തുചേരും.
കഴിഞ്ഞവരവിലും എല്ലാവരും കോഴിക്കോട് സംഗമിച്ചിരുന്നുവെന്ന് കൈലാസ് നാഥിന്റെ പിതൃസഹോദരപുത്രൻ വടകര ചോളംവയൽ സ്വദേശി ഗോവിന്ദൻ 'മാതൃഭൂമി'യോട് പറഞ്ഞു. മൂന്നു സഹോദരങ്ങളാണ് കൈലാസിനുള്ളത്. പരേതരായ സിന്ധ്യ, വിലാസ് നാഥ് എന്നിവരാണ് മറ്റ് സഹോദരങ്ങൾ.

Post a Comment