o കലയും ജോലിയുമായി പരീക്ഷയെഴുതി ജയിച്ച ബീഹാറുകാരന് നാടിൻ്റെ ആദരം
Latest News


 

കലയും ജോലിയുമായി പരീക്ഷയെഴുതി ജയിച്ച ബീഹാറുകാരന് നാടിൻ്റെ ആദരം

 കലയും ജോലിയുമായി പരീക്ഷയെഴുതി ജയിച്ച ബീഹാറുകാരന് നാടിൻ്റെ ആദരം 



ചൊക്ലി: പഠനത്തിനും, ജോലിക്കും, കലാ പ്രവർത്തനങ്ങൾക്കുമിടയിൽ എസ്.എസ് എൽ.സി.പരീക്ഷയെഴുതിയ ബീഹാറിയായ നിർദ്ധന വിദ്യാർത്ഥിക്ക് തിളക്കമാർന്ന വിജയം. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ പ്രിൻസ് കുമാറാണ് അഭിമാനാർഹമായ വിജയം കൊയ്ത് നാട്ടുകാരുടേയും, വിദ്വാലയത്തിൻ്റേയും അരുമയായത്.

ഹിന്ദിയിൽ എ പ്ലസ് നേടിയ പ്രിൻസിന് മലയാളമടക്കം നാല് വിഷയങ്ങളിൽ എ ഗ്രേഡുണ്ട്.

സ്കൂൾ നാടകങ്ങളിലും ശാസ്ത്ര നാടകങ്ങളിലും അഭിനയിച്ച് ഏറെ പ്രശംസ നേടിയ ഈ കലാകാരൻ സ്കൂൾ യുവജനോത്സവത്തിൽ ജില്ലാതലത്തിൽ മികച്ച നടനുള്ള പുരസ്ക്കാരം നേടിയിട്ടുണ്ട്.സംസ്ഥാന തലത്തിൽ എ.ഗ്രേഡും നേടിയിരുന്നു. അഭിനയകലയിൽ അനിതരസാധാരണമായ സിദ്ധിവൈഭവമുള്ള പ്രിൻസ് കുമാർ ഒട്ടേറെ നാടകങ്ങളിൽ ഇതിനകം അഭിനയിച്ചിട്ടുണ്ട്.

ജോലി തേടി കേരളത്തിലെത്തിയ ഒരു

 ബീഹാറുകാരൻ്റെ തന്നെ സംഭവ ബഹുലമായകഥ പറയുന്ന, മാഹി നാടക പുരയുടെ 'രമണം' എന്ന നാടകത്തിൽ അഭിനയിച്ചു വരികയാണിപ്പോൾ..പന്ത്രണ്ട് തവണ ദേശീയ നാടകോത്സവത്തിൽ പങ്കെടുക്കുകയും, നാല് തവണ ഒന്നാം സ്ഥാനം നേടുകയും ചെയ്ത മാഹി നാടകപ്പുരയുടെ പുതിയ നാടകമായ 'രമണ' ത്തിൽ കേന്ദ്രകഥാപാത്രത്തെ തൻമയത്വത്തോടെയാണ് പ്രിൻസ് അവതരിപ്പിക്കുന്നത്.

മാതാപിതാക്കൾക്കൊപ്പം

പത്ത് വർഷമായി കേരളത്തിലെത്തിയിട്ട് '

അച്ഛൻ രാംദിനേശ് താക്കൂർ മരപ്പണിക്കാരനും അമ്മ ആരതി ടൈലറുമാണ്.സ്കൂൾ ഒഴിവു ദിവസങ്ങളിലും സമയം കിട്ടുമ്പോഴുമെല്ലാം ഇൻ്റീരിയർ ഡക്കറേഷൻ ജോലി ചെയ്യുകയാണ് ഈ മിടുക്കനായ വിദ്യാർത്ഥി. ആദ്യകാലത്ത് വാടക വീടുകളിൽ താമസിച്ചു വന്ന ഈ കുടുംബം, കഠിനാദ്ധ്വാനത്തിലൂടെ ചൊക്ലി ഒളവിലത്ത് സ്വന്തമായി ഒരു ചെറുവീട് വെച്ചിരിക്കുകയാണ്.

അഭിമാനകരമായ വിജയം കൊയ്ത പ്രിൻസ് ഠാക്കൂറിന് നിടുമ്പ്രം കലാഭവനിൽ നാട്ടുകാർ സ്നേഹാദരം നൽകി. ചൊക്ലി ബി.പി.സി.സുനിൽ ബാലിൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു, നാടക / ചലച്ചിത്ര നടൻ രാജേന്ദ്രൻ തായാട്ട്, നടൻ ടി.ടി.മോഹനൻ, ആർട്ടിസ്റ്റ് രാജേന്ദ്രൻ ചൊക്ലി ,ഗീതാ സുരേഷ്, സംസാരിച്ചു.ടി.ടി.വേണുഗോപാൽ സ്വാഗതവും സുരേഷ് ചെണ്ടയാട് നന്ദിയും  പറഞ്ഞു.

Post a Comment

Previous Post Next Post