*ഗാലറിയിൽ ആവേശത്തിരയിളക്കി മിന്നും താരമായി പാപ്പാത്തി*
മാഹി : മാഹിയിൽ ഫുട്ബോൾ ടൂർണ്ണമെന്റ് കലാശപ്പോരാട്ടത്തിലേക്ക് അടുക്കുന്തോറും പോരാട്ട ചൂടും ആവേശവും വാനോളമുയർന്നു.
ആരാധകരുടെ പ്രിയ ടീമുകൾ പലതും പ്രതീക്ഷയ്ക്കൊത്തുയരാൻ പറ്റാതെ പാതിയിൽ വെച്ച് മടങ്ങിയെങ്കിലും പുതുതാരങ്ങൾ മൈതാനത്ത് ഉദിച്ചുയർന്നു.
ചൊവ്വാഴ്ച്ച നടന്ന മത്സരത്തിൽ മലപ്പുറം സ്‌റ്റുഡിയോയുടെ ആരാധകർ പിന്തുണയുമായി ഗാലറികളിൽ ആർത്തു വിളിച്ചെങ്കിലും , എതിർടീമായ യൂറോ ക്ളബ് കൈതക്കാടിന്റെ 11-ാം നമ്പർ താരം തമിഴ്നാട്ടുകാരൻ പാപ്പാത്തി എന്ന് വിളിപ്പേരുള്ള ഗണപതി എതിർ ടീമിന്റെ പോലും പ്രശംസ പിടിച്ചു പറ്റി താരമായി മാറി. മൈതാനം മുന്നേറ്റത്തിൽ ഇടത് വലത് വിംഗിലും പ്രതിരോധത്തിലും മൈതാനം മുഴുവൻ നിറഞ്ഞു കളിച്ച പാപ്പാത്തിയെ പിടിച്ചു കെട്ടാൻ മലപ്പുറം സ്റ്റുഡിയോ നന്നേ പാടുപെട്ടു.
ഗോൾ പോസ്റ്റിലേക്ക് ഇരച്ചു കയറുന്ന പാപ്പാത്തിയെ ഫൗൾ ചെയ്തു വീഴ്ത്തുമ്പോൾ മലപ്പുറത്തിന്റെ ആരാധകർ പോലും പാപ്പാത്തിക്ക് വേണ്ടി ശബ്ദമുയർത്തി.
ഒടുവിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യൂറോ ക്ളബ് കൈതക്കാട് വിജയിച്ചപ്പോൾ ഗാലറിയാകെ പാപ്പാത്തിക്ക് വേണ്ടി കയ്യടിക്കുകയായിരുന്നു.
തമിഴ്നാട് കാരക്കുടി സ്വദേശിയായ ഗണപതി [ പാപ്പാത്തി ] സന്തോഷ് ട്രോഫിക്കായി കർണ്ണാടകത്തിന് വേണ്ടി കളത്തിലിറങ്ങിയിരുന്നു.
ബാങ്ഗ്ളൂർ ലീഗ് താരം കൂടിയാണ് പാപ്പാത്തി
Post a Comment