o കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിലാണ്ട മീനപ്പീസുകൾ
Latest News


 

കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിലാണ്ട മീനപ്പീസുകൾ

 *കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതിയിലാണ്ട മീനപ്പീസുകൾ*



വിശാലമായ കടപ്പുറത്തെ പൂഴിപ്പരപ്പിൽ വിരിച്ച  ചൂടിപ്പായയിൽ ഉണക്കാനായി നിരത്തിയിട്ട മീനുകൾ മാഹി കടപ്പുറത്തെ മൂന്ന് പതിറ്റാണ്ട് മുമ്പത്തെ പതിവ് കാഴ്ച്ചകളിൽ ഒന്നായിരുന്നു. തൊട്ടടുത്ത് ഹാർബറുകളൊന്നുമില്ലാത്തതിനാൽ 

അക്കാലത്ത്  മാഹി കടപ്പുറത്ത് മീനുമായി അടുക്കുന്ന ബോട്ടുകളും തോണികളും നിരവധിയുണ്ടായിരുന്നു.

ഒട്ടനവധി മീൻ ചാപ്പകളും സജീവമായി പ്രവർത്തിച്ചിരുന്നു.

വളവിൽ മുതൽ പൂഴിത്തല വരെ നിരവധി മീൻ ചാപ്പകളുണ്ടായിരുന്നു.

മാഹി പാറക്കൽ അമ്പലപ്പറമ്പിന് ചേർന്ന് മാത്രം അടുത്തടുത്തായി ഒമ്പതോളം മീൻ ചാപ്പകൾ പ്രവർത്തിച്ചിരുന്ന കാലമായിരുന്നു അത്.


മീൻ ഉണക്കി സൂക്ഷിക്കാനാണ് ഈ ചാപ്പകൾ ഉപയോഗിച്ചിരുന്നത്.

ചാപ്പകളിൽ തയ്യാറാക്കിയ വലിയ സിമന്റ് ടാങ്കുകളിൽ ഉപ്പുലായനി നിറച്ച് അതിലിട്ടു വെക്കുന്ന മീനുകൾ ഉണക്കി ചാക്കുകളിൽ നിറച്ച് കയറ്റി അയക്കുകയാണ് ചെയ്തിരുന്നത്.



ബോട്ടുകളിൽ നിന്നും മത്സ്യങ്ങളുടെ കൂടെ ലഭിക്കുന്ന ചെള്ള് [പൂച്ച ] ഉണക്കി വളത്തിനായും കയറ്റി അയക്കാറുണ്ടായിരുന്നു.

കല്യാണി അമ്മയുടെയും , കിട്ടേട്ടന്റെയും , മുകുന്ദേട്ടന്റെയും മീൻ ചാപ്പകളൊക്കെ പ്രദേശത്ത് സജീവമായി പ്രവർത്തിച്ചിരുന്ന മീൻ ചാപ്പകളായിരുന്നു.



പ്രദേശത്തെ സ്ത്രീകളടക്കമുള നിരവധി പേരുടെ വരുമാന മാർഗ്ഗമായിരുന്നു മീനപ്പീസുകൾ .


മീൻ ചാപ്പകളിൽ ജോലി ചെയ്യുന്നവർക്ക് കൂലി നല്കുന്ന   ഓഫീസാണ് [ചാപ്പ ]ആപ്പീസായും പിന്നീട് മീനപ്പീസായും മാറിയത്.


ഇന്ന് പലയിടത്തും മീൻ ചാപ്പകളുടെ തകർന്നു വീണതിന്റെ അവശിഷ്ടം മാത്രമാണ് കാണപ്പെടുന്നത്. പലതും പൊളിച്ച് വീടുകളാക്കി മാറ്റി.


തൊട്ടടുത്ത് ചോമ്പാല ഹാർബർ വന്നതോടെ മാഹിതീരത്ത് മത്സ്യവുമായി തോണി അടുക്കാത്തതും , കടൽ ഭിത്തി പണിതതോടെ   കടൽതീരം ശുഷ്കിച്ച് മീൻ ഉണക്കാനുളള സ്ഥലമില്ലാതായതും   സർക്കാർ സംവിധാനങ്ങളുടെ പിന്തുണ കുറഞ്ഞതുമൊക്കെ  ഈ ഉണക്കൻ മീൻ വ്യവസായ മേഖല ഇല്ലാതാവാൻ ഒരു പരിധി വരെ കാരണമായി.


മാഹിയിലെ പാടെ നശിച്ച ഉണക്ക മത്സ്യമേഖലയുടെ  പോയ കാല ഓർമ്മകൾ അയവിറക്കാൻ സ്മാരകമെന്നേണം രണ്ടോ മൂന്നോ മീൻ ചാപ്പകളുടെ  പൊട്ടിപ്പൊളിഞ്ഞ സ്മാരകങ്ങൾ ഇന്നും പാറക്കൽ പ്രദേശത്ത് കടലും നോക്കിയിരിക്കുന്നു.

Post a Comment

Previous Post Next Post