*ഓടിയത് 5000 കിലോമീറ്റർ . ഇനി ഓടാനുള്ളത് 15000 കിലോമീറ്റർ . സ്ത്രീ സുരക്ഷ, ശാക്തീകരണം സന്ദേശവുമായി സൈക്കിളിൽ ഒറ്റയ്ക്ക് ഭാരത് യാത്രയുമായി ആശ മാളവ്യ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിച്ചു*
ചോമ്പാല : സ്ത്രീ സുരക്ഷ സ്ത്രീ ശാക്തീകരണം എന്ന സന്ദേശമുയർത്തി മധ്യപ്രദേശ് സ്ഥാപക ദിനമായ നവംബർ ഒന്നിനാണ് മധ്യപ്രദേശ് സ്വദേശിയായ ആശ മാളവ്യ [24] സോളോ ട്രിപ്പുമായി മധ്യപ്രദേശിലെ ഭോപാലിൽ നിന്നും സമ്പൂർണ്ണ ഭാരത് സൈക്കിൾ യാത്ര ആരംഭിച്ചത്.
തന്റെ സന്ദേശവുമായി മൂന്നൂറ് ദിവസങ്ങൾ കൊണ്ട് ഇരുപത്തെട്ട് സംസ്ഥാനങ്ങളിലൂടെ ഇരുപതിനായിരം കിലോമീറ്റർ സഞ്ചരിക്കുകയാണ് ലക്ഷ്യം. വിദേശ രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഇന്ത്യയിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം കുറവാണെന്ന തെറ്റിദ്ധാരണയുണ്ടെന്നും, അത് മാറ്റാനുള്ള ശ്രമം കൂടി താൻ ലക്ഷ്യമിടുന്നുണ്ടെന്നും ആശ പറഞ്ഞു. മധ്യപ്രദേശിൽ നിന്നും ആരംഭിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര , ഗോവ, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് തിങ്കളാഴ്ച്ച വൈകീട്ട് കണ്ണൂരിലെത്തി.
ഒരു ദിവസം നൂറു മുതൽ 250 കിലോമീറ്റർ വരെ യാത്ര ചെയ്യും.ഗോവ മഹാരാഷ്ട്ര , കേരള മുഖ്യമന്ത്രിമാരെയും യാത്രയ്ക്കിടയിൽ സന്ദർശിച്ചു.
ഇന്ന് രാവിലെ മാഹിയിൽ കടന്ന ആശ മാളവ്യയെ മാഹി പോലീസ് സബ് ഇൻസ്പെക്ടർ റീന മേരി ഡേവിഡ് ഷാൾ അണിയിച്ചു സ്വീകരിച്ചു. ചോമ്പാല പോലീസ് സ്റ്റേഷനിൽ വെച്ച് എസ് എച്ച് ഒ ഇൻ ചാർജ് വി കെ മനീഷ് ഷാളണിയിച്ച് ആദരിക്കുകയും യാത്രാ മംഗളങ്ങൾ നേരുകയും ചെയ്തു. ഇത് വരെ അയ്യായിരത്തോളം കിലോമീറ്ററാണ് ആശ മാളവ്യ പിന്നിട്ടത്. കിട്ടുന്ന അവസരങ്ങളിൽ വിദ്യാർത്ഥികളുമായി സംവദിക്കാനും , തന്റെ ഉദ്ദേശം വിശദീകരിക്കാനും ആശ സമയം കണ്ടെത്തുന്നുണ്ട്. പർവ്വതാരോഹക കൂടിയായ ആശ മധ്യപ്രദേശിലെ രജ്ഘട് ജില്ലയിലെ നാഥാറാം സ്വദേശിയാണ്.ഭോപാലിൽ നിന്നും മധ്യപ്രദേശ് ടൂറിസം വകുപ്പ് മന്ത്രി ഉഷാ ഠാക്കൂർ സൈക്കിൾ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.യാത്രയ്ക്കായി മധ്യപ്രദേശം ടൂറിസം വകുപ്പ് ജി പി എസും, സൈക്കിളും നല്കിയിരുന്നു. അമ്മ രജുഭായിയും ബന്ധുവായ ഓം പ്രകാശ് ശർമ്മയുമാണ് യാത്രയ്ക്ക് പൂർണ്ണ പിന്തുണ നല്കുന്നത്. 2023 സെപ്തംബറിൽ ഡൽഹിയിൽ എത്തുന്നതോടെ തന്റെ ഇരുപതിനായിരം കിലോമീറ്റർ പിന്നിടുന്ന യാത്രയ്ക്ക് പരിസമാപ്തി കുറിക്കുമെന്ന് ആശ പറഞ്ഞു.





Post a Comment