o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ


◼️വര്‍ക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫിസിനു സമീപം വീടിനു തീപിടിച്ച് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍ (62), ഭാര്യ ഷെര്‍ലി (53), മകന്‍ അഹില്‍ (25), മറ്റൊരു മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി (24), നിഹുലിന്റേയും അഭിരാമിയുടെയും എട്ട് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ മൂത്ത മകന്‍ നിഹുലിനെ(29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. രണ്ടു നിലയുള്ള വീടിനാണു തീ പിടിച്ചത്. കാര്‍പോര്‍ച്ചില്‍ തീ ആളിക്കത്തുന്നത് കണ്ട അയല്‍വാസിയായ കെ ശശാങ്കനാണ് നാട്ടുകാരെ വിവരം അറിയിച്ചത്. ആളുകള്‍ എത്തുമ്പോഴേക്കും വീടിനുള്ളില്‍ തീ പടര്‍ന്നു പിടിച്ചിരുന്നു. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന നാലു ബൈക്കുകള്‍ കത്തി. വീടിനകത്തുനിന്നാണ് തീ പടര്‍ന്നതെന്നാണു പ്രാഥമിക നിഗമനം.


◼️സംസ്ഥാനത്തെ ചില സേവനങ്ങള്‍ക്കു നികുതിയും സേവനനികുതിയും വര്‍ധിപ്പിച്ചേക്കും. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല. വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കുന്ന സംസ്ഥാന ബജറ്റില്‍ വരുമാനം വര്‍ധിപ്പിക്കുന്ന നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സൂചിപ്പിച്ചു. ജിഎസ്ടി നിലവില്‍ വന്നതിനുശേഷം നികുതി വര്‍ധിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു പരിമിതമായ സ്വാതന്ത്ര്യമേയുള്ളൂ. ജനജീവിതത്തെ ബാധിക്കുന്ന വിധത്തില്‍ നികുതി വര്‍ധിപ്പിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.


◼️ആലപ്പുഴ വെണ്‍മണിയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിക്കു വധശിക്ഷ. ബംഗ്ലാദേശ് സ്വദേശി ലബിലു ഹുസൈവിനാണ് (39) മാവേലിക്കര ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ജൂവല്‍ ഹുസൈനെ (24) ജീവപര്യന്തം തടവിനും ശിക്ഷിച്ചു. 2019 നവംബര്‍ 11 ന് എ.പി ചെറിയാന്‍, ഭാര്യ ഏലിക്കുട്ടി എന്നിവരെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം  45 പവന്‍ സ്വര്‍ണവും പതിനേഴായിരം രൂപയും കവര്‍ന്നു. പ്രതികളെ വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.


◼️വയനാട് മൂപ്പൈനാട് സ്വദേശി അക്ഷയ് മോഹനനെ കൊലപ്പെടുത്തിയതിന് അച്ഛന്‍ മോഹനനെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയത്. അക്ഷയ് ലഹരിക്കടിമയായി വീട്ടില്‍ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് സൂചന.


◼️തൊടുപുഴ മുട്ടം മഞ്ഞപ്രയില്‍ യുവതിക്കുനേരെ ആസിഡ് അക്രണം നടത്തിയ മുന്‍ ഭര്‍ത്താവ് പിടിയിലായി. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെ ആണ് ആക്രമണം ഉണ്ടായത്. സോനയുടെ മുന്‍ ഭര്‍ത്താവ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◼️വീടിന്റെ ഗേറ്റ് വീണ് നാലുവയസുകാരന് ദാരുണാന്ത്യം. ഈരാറ്റുപേട്ട പുത്തന്‍പള്ളി ഇമാം നദീര്‍ മൗലവിയുടെ ചെറുമകന്‍ അഹ്‌സന്‍ അലിയാണ് മരിച്ചത്. ഗേറ്റില്‍ കയറി കളിക്കുന്നതിനിടെ ഗേറ്റ് ഇളകി വീണതാണ് അപകടത്തിനു കാരണം. കുട്ടിയുടെ തലയിലേക്കാണ് ഗേറ്റ് വീണത്. കുടുംബസമേതം ഗള്‍ഫില്‍ കഴിയുന്ന ഇവര്‍ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.


◼️നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ തുടരന്വേഷണത്തിന് ഹൈക്കോടതിയുടെ അനുമതി. ഏപ്രില്‍ 15 ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കണം. തുടരന്വേഷണത്തിനെതിരേ ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ വിശ്വാസ്യതയെപ്പറ്റി നിലവില്‍ അഭിപ്രായം പറയുന്നില്ലെന്നും കോടതി അറിയിച്ചു.


◼️സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ഐപിഎസിന്റെ  പേരില്‍ വാട്സ്ആപ് സന്ദേശം അയച്ച് ഓണ്‍ലൈന്‍ പണം തട്ടിപ്പു നടത്തിയ നൈജീരിയന്‍ സ്വദേശിയെ ഡല്‍ഹിയിലെ ഉത്തംനഗറില്‍നിന്ന് പിടികൂടി. റൊമാനസ് ക്ലിബൂസ് എന്നയാളെ തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് പിടികൂടിയത്. കൊല്ലത്തെ അധ്യാപികയില്‍നിന്ന് 14 ലക്ഷം രൂപയാണ് ഇയാള്‍  തട്ടിയെടുത്തത്.



◼️അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് കേരള ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായി വനിതാ ജഡ്ജിമാര്‍ മാത്രം അടങ്ങുന്ന ഫുള്‍ ബെഞ്ച് കേസ് പരിഗണിക്കും. ജസ്റ്റിസുമാരായ അനു ശിവരാമന്‍, വി. ഷിര്‍സി, എം ആര്‍ അനിത എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഫണ്ട് സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് അസാധുവാക്കിയ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ മുന്‍ ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ റിവ്യൂ ഹര്‍ജിയാണ് പരിഗണിക്കുന്നത്. നേരത്തെയുള്ള ബെഞ്ചില്‍നിന്നു ജസ്റ്റിസ് ഹരിപ്രസാദ് വിരമിച്ചതിനെത്തുടര്‍ന്നാണ് ജസ്റ്റിസ് വി ഷിര്‍സിയെ ഉള്‍പ്പെടുത്തിയത്.


◼️ടൊവിനൊ നായകനാകുന്ന ചിത്രം 'തല്ലുമാല'യുടെ കളമശ്ശേരിയിലെ ലൊക്കേഷനില്‍ സംഘര്‍ഷം. നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്. പരുക്കേറ്റ് ഷമീര്‍ എന്ന ആള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സിനിമയ്ക്കായി സെറ്റ് ഇട്ട എച്ച് എം ടി കോളനിയില്‍ സിനിമക്കാര്‍  മാലിന്യം തള്ളുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.  


◼️ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസിലെ മൂന്നു പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍. ഹോട്ടല്‍ ഉടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, ഇരുവരുടെയും സുഹൃത്തായ കോഴിക്കോട് സ്വദേശിനി അഞ്ജലി റിമാ ദേവ് എന്നിവരാണ് പ്രതികള്‍. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചെന്നാണ് കേസ്. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുളള തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നാണ് പ്രതികളുടെ വാദം.


◼️തിരുവനന്തപുരത്ത് വസ്ത്രവില്‍പ്പനശാലകളില്‍ വന്‍ മോഷണം. പത്മനാഭ സ്വാമി ക്ഷേത്രത്തിനു  സമീപമുള്ള സുരക്ഷാമേഖലയിലെ രണ്ടു കടകളില്‍നിന്ന് രണ്ടേ മുക്കാല്‍ ലക്ഷം രൂപ മോഷ്ടിച്ചു. രാത്രി ഒന്നരയോടെ ഒരു കടയുടെ മുകളിലുള്ള ഗ്രില്ല് മുറിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ആദ്യ കടയില്‍ നിന്ന് പുറത്തേക്കിറങ്ങിയ മോഷ്ടാവ് നാണയങ്ങള്‍ അടങ്ങിയ കെട്ട് ഉപേക്ഷിച്ചു. മോഷ്ടിച്ച വസ്ത്രങ്ങളും ടെറസില്‍ ഉപേക്ഷിച്ചാണ് തൊട്ടടുത്ത കടയിലേക്കു കയറിയത്. അടുത്ത കടയിലെ ടെറസിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് പൊളിച്ചാണ് അകത്തു കയറിയത്. ഇവിടെനിന്നും പണം മോഷ്ടിച്ചു.


◼️എറണാകുളം പാലാരിവട്ടത്ത് പട്രോളിംഗിനിടെ പോലീസ് ജീപ്പ് ഇടിച്ചു തെറുപ്പിച്ച് മാലിന്യ ടാങ്കര്‍. രാത്രി ഏലൂര്‍ പോലീസാണ് മാലിന്യ ടാങ്കര്‍ ലോറിക്ക് ആദ്യം കൈകാണിച്ചത്. നിര്‍ത്താതെ പോയ ലോറിയെ പിടികൂടാന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഇതനുസരിച്ച് ഹൈവേയിലുണ്ടായിരുന്ന പോലീസ് ലോറി നിര്‍ത്തിക്കാന്‍ കൈ കാണിച്ചെങ്കിലും പോലീസ് ജീപ്പിലിടിക്കുകയായിരുന്നു. ഡ്രൈവറേയും ക്ളീനറേയും പോലീസ് പിടികൂടി.


◼️തനിക്കു ജോലി തന്നതിന്റെ പേരില്‍ എച്ച്ആര്‍ഡിഎസിനും തനിക്കുമെതിരെ ബ്യൂറോക്രാറ്റുകളുടെ  വേട്ടയാടലുകളാണെന്ന് സ്വപ്ന സുരേഷ്. എച്ച്ആര്‍ഡിഎസിന്റെ പദ്ധതികള്‍ക്ക് അനുമതി നിഷേധിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പ്രതികാരം ചെയ്യുന്നതെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു. സ്വപ്ന സുരേഷ് ജോലിയില്‍ പ്രവേശിച്ച സന്നദ്ധ സംഘടനയായ എച്ചആര്‍ഡിഎസിനെതിരെ സംസ്ഥാന പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തിരുന്നു.


◼️കേരളത്തിന്റെ ഡല്‍ഹിയിലുള്ള പ്രത്യേക പ്രതിനിധി വേണു രാജാമണി 'വിദേശകാര്യ മന്ത്രി' കളിക്കുകയാണെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുക്രെയിനില്‍നിന്ന് മലയാളികളെ തിരിച്ചെത്തിക്കാന്‍ വിരമിച്ച നയതന്ത്ര ഉദ്യോഗസ്ഥന്‍കൂടിയായ വേണു രാജാമണി നടപടികളെടുക്കുന്നതിനെയാണ് ബിജെപി നേതാവിന്റെ ആക്ഷേപം. വേണു രാജാമണി എട്ടുകാലി മമ്മൂഞ്ഞിന്റെ രാഷ്ട്രീയം കളിക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളുന്നില്ല. പകരം വേണു രാജാമണിയാണു തള്ളുന്നത്. യുക്രെയിനില്‍നിന്നു വിദ്യാര്‍ഥികളെ എത്തിച്ചത് കേന്ദ്രസര്‍ക്കാരാണെന്ന് മറക്കരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.


◼️രാജ്യസഭയിലേക്കു മല്‍സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്. പാര്‍ട്ടിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.


◼️കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മിഷേല്‍ ഷാജിയുടെ കല്ലറയ്ക്കു മുന്നില്‍ മാതാപിതാക്കളുടെ നിരാഹാര സമരം. മകളുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. ആത്മഹത്യയാണെന്ന ലോക്കല്‍ പോലീസിന്റെ റിപ്പോര്‍ട്ട് ശരിയല്ലെന്ന് പിതാവ് ഷാജി വര്‍ഗീസ് പറഞ്ഞു.


◼️ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ 'പടവെട്ട്' എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണയുടെ ഫെഫ്ക അംഗത്വം റദ്ദാക്കി. അതിജീവിതയോടൊപ്പം നില്‍ക്കുന്നുവെന്ന് വ്യക്തമാക്കിയാണ് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അംഗത്വം റദ്ദാക്കിയത്.


◼️വര്‍ക്കല ചെറുന്നിയൂരില്‍ വീട്ടിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിക്കാനിടയായത് പുക ശ്വസിച്ചിട്ടാണെന്നു പ്രാഥമിക നിഗമനം. വീട്ടിലെ എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വില്ലനായത്. എസി കാരണം  പുക പുറത്ത് പോയില്ല. ഇന്റീരിയര്‍ ഡിസൈന്‍ ഘടകങ്ങളും അഗ്നി ബാധയുടെ തോത് കൂട്ടി. ഫയര്‍ ആന്റ് റെസ്‌ക്യു അധികൃതര്‍ ചൂണ്ടിക്കാട്ടി.


◼️കോണ്‍ഗ്രസ് പരമാവധി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും യഥാര്‍ത്ഥ ഫലം വരട്ടെയെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ പ്രവചനങ്ങളോടു പ്രതികരിക്കുകയായിരുന്നു അവര്‍. ഉത്തരാഖണ്ഡില്‍ എക്സിറ്റ് പോള്‍ പ്രവചനത്തില്‍ പറയുന്നതിനേക്കാള്‍ സീറ്റ് ബിജെപിക്കു കിട്ടുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പ്രതികരിച്ചു.


◼️സുമിയടക്കം അഞ്ചു യുക്രൈന്‍ നഗരങ്ങളില്‍ റഷ്യ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. സുരക്ഷാ ഇടനാഴികള്‍ തുറക്കുമെന്ന ഉറപ്പും റഷ്യ നല്‍കി. സുമിയിലെ വിദ്യാര്‍ത്ഥികളെ രക്ഷിക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യന്‍ എംബസി.


◼️കോയമ്പത്തൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി യുക്രൈന്‍ സൈന്യത്തില്‍ ചേര്‍ന്നു. സായി നികേഷ് രവിചന്ദ്രന്‍ എന്ന വിദ്യാര്‍ത്ഥിയാണ് യുദ്ധ മുന്നണിയില്‍ സൈന്യത്തിനൊപ്പം ചേര്‍ന്നത്. ഖാര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് സായി നികേഷ്. കോയമ്പത്തൂരിലെ സായി നികേഷിന്റെ  വീട്ടിലെത്തി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിവരം ശേഖരിച്ചു.


◼️യുക്രെയിനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം എംബാം ചെയ്ത് യുക്രൈനിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. യുക്രെയിനിലെ ഷെല്ലിംഗ് അവസാനിച്ചാല്‍ ഉടന്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മേ അറിയിച്ചു.


◼️റഷ്യയുടെയും യുക്രെയിന്റെയും വിദേശകാര്യമന്ത്രിമാര്‍ വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും. തീരുമാനങ്ങള്‍  നടപ്പാക്കാനാവാത്ത രണ്ടു ചര്‍ച്ചകള്‍ക്കു ശേഷം നടത്തിയ മൂന്നാം വട്ട ചര്‍ച്ചയിലും കാര്യമായ തീരുമാനങ്ങളില്ല. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവറോവും, യുക്രെയ്ന്‍ വിദേശകാര്യമന്ത്രി  ദിമിത്രോ കുലേബയും തുര്‍ക്കി വിദേശകാര്യമന്ത്രിയുടെ മധ്യസ്ഥതയിലാണു ചര്‍ച്ച നടത്തുക. യുദ്ധം തുടങ്ങിയ ശേഷമുള്ള എറ്റവും ഉയര്‍ന്ന തലത്തിലുള്ള ചര്‍ച്ചയാണിത്. സാമ്പത്തികതകര്‍ച്ച മുന്നില്‍ കണ്ടാണ് തുര്‍ക്കിയുടെ ഇടപെടല്‍.


◼️യുക്രെയിന്റെ മുന്‍ പ്രസിഡന്റ് യാനുകോവിചിനേയോ മുന്‍ ഉപപ്രധാനമന്ത്രി യൂറി ബോയ്കോയേയോ യുക്രെയിന്റെ പ്രസിഡന്റാക്കാന്‍ റഷ്യയുടെ നീക്കം. ഇതിനായി മുന്‍ പ്രസിഡന്റ് യാനുകോവിചുമായി ക്രെംലിനില്‍ ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ട് യുക്രൈന്‍ തള്ളി. 'യൂറി ബോയ്കോ, വിക്ടര്‍ യാനുകോവിച്ച് എന്നീ റഷ്യന്‍ വിഡ്ഢികള്‍ക്ക് പ്രാധാന്യം നല്‍കേണ്ട സമയമല്ല ഇതെ'ന്നാണ് യുക്രെയിന്‍ പ്രതികരിച്ചത്.


◼️യുക്രെയിന്‍ അണുബോംബുണ്ടാക്കിയെന്ന വാര്‍ത്ത പ്രചരിപ്പിച്ച് റഷ്യ. അധിനിവേശത്തില്‍ വന്‍ നാശം നേരിട്ട റഷ്യയിലെ പ്രമുഖ വാര്‍ത്താ ഏജന്‍സികളാണ് ഇങ്ങനെയൊരു വാര്‍ത്ത പ്രചരിപ്പിച്ചത്. ആധികാരികത വ്യക്കമാക്കാതെയാണ് വാര്‍ത്ത. ആരെയും ഉദ്ധരിക്കുകയോ ഒരു തെളിവും നിരത്തുകയോ ചെയ്യാത്ത വാര്‍ത്ത  വെറും ദുരാരോപണമെന്ന് യുക്രെയിന്‍.


◼️അന്താരാഷ്ട്ര ഷൂട്ടിങ് ഫെഡറേഷനായ ഐ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഷൂട്ടിങ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം. ഏഴ് മെഡലുകള്‍ നേടിയാണ് ഇന്ത്യ ഒന്നാമതെത്തിയത്.


◼️ആക്സിസ് ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക സേവനങ്ങള്‍ നല്‍കാനൊരുങ്ങി എയര്‍ടെല്‍. കമ്പനിയുടെ മൊബൈല്‍ വരിക്കാര്‍ക്കാണ് സേവനങ്ങള്‍ ലഭ്യമാവുക. ബൈ നൗ പേ ലേറ്റര്‍, തല്‍ക്ഷണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയവയൊക്കെ ആക്സിസ് ബാങ്കുമായി ചേര്‍ന്ന് എയര്‍ടെല്‍ അവതരിപ്പിക്കും. എയര്‍ടെല്ലുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ ചെറു നഗരങ്ങളിലെ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നത്. എയര്‍ടെല്‍ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ആണ് ആദ്യ ഘട്ടത്തില്‍ എത്തുന്നത്. എയര്‍ടെല്‍ വരിക്കാര്‍ക്ക് പ്രത്യേക ഓഫറുകളും ക്യാഷ്ബാക്കുകളും നല്‍കുന്നതാവും ക്രെഡിറ്റ് കാര്‍ഡ്. എയര്‍ടെല്‍ താങ്ക്സ് ആപ്പിലൂടെ അര്‍ഹരായവര്‍ക്ക് ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കാം.


◼️ടെക് ഭീമനായ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലുതും നാലാമത്തേതുമായ ഡേറ്റ സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കും. ഏകദേശം 275 കോടി രൂപയ്ക്ക് ഹൈദരാബാദില്‍ മൂന്ന് പ്രദേശങ്ങളിലായി സ്ഥലം വാങ്ങിച്ചു. മേക്കഗുഡയിലെ 22 ഏക്കര്‍ 40 കോടി രൂപയ്ക്കും ഷാദ്നഗറിലെ 41 ഏക്കര്‍ 164 കോടി രൂപയ്ക്കും ചന്ദന്‍വേലിയിലെ 52 ഏക്കര്‍ 72 കോടി രൂപയ്ക്കും കമ്പനി ഏറ്റെടുത്തു. 15000 കോടി രൂപയുടേതാണ് മൊത്ത നിക്ഷേപം. തെലങ്കാനയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.  നിലവില്‍ പുണെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ മൈക്രോസോഫ്റ്റ് ഡേറ്റ സെന്ററുകളുണ്ട്.


◼️ലിംഗപരമായ മുന്‍വിധികളില്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നത് വനിതാ ദിനത്തിന്റെ ലക്ഷ്യമാണ്. കുടുംബത്തിലും രാഷ്ട്രീയ- സാമൂഹ്യ- സാമ്പത്തിക സ്ഥാനങ്ങളിലും സ്ത്രീകളുടെ നേതൃത്വം പ്രോല്‍സാഹിപ്പിക്കുക. സുസ്ഥിരവികസനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ ആദരിക്കുക തുടങ്ങിയവ വനിതാ ദിന ആചരണത്തിന്റെ ഭാഗമാണ്. മാര്‍ച്ച് എട്ട്  അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്ന വേളയില്‍ മലയാളത്തില്‍ ഈ ആശയങ്ങളെ സന്നിവേശിപ്പിച്ച് വനിതാ ദിന ഗാനം അവതരിപ്പിച്ചിരിക്കുകയാണ് ബിജിബാല്‍. ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് വി എസ് ശ്യാം. പാടിയത് നിഷി.


◼️സിജു വില്‍സണ്‍ ചിത്രം 'വരയന്‍' മെയ് ഇരുപതിന് റിലീസ് ചെയ്യും. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിജു വില്‍സണ്‍ ചിത്രം തിയറ്ററുകളില്‍ തന്നെയാണ് പ്രദര്‍ശനത്തിന് എത്തുക. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. പ്രേമചന്ദ്രന്‍ എ ജിയാണ്  ചിത്രം നിര്‍മിക്കുന്നത്. സത്യം സിനിമാസാണ് ചിത്രം അവതരിപ്പിക്കുന്നത്. 'വരയന്‍' എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത് ബി കെ ഹരിനാരായണനാണ്. പ്രകാശ് അലക്സാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.


◼️ചൈനീസ്  വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്സിന്റെ 2022 എംജി ഇസെഡ്എസ് ഇവി രാജ്യത്ത് 21.99 ലക്ഷം രൂപ (എക്സ് ഷോറൂം) പ്രാരംഭ വിലയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ജൂലൈ മുതല്‍ ലഭ്യമാകുന്ന എക്‌സൈറ്റ് വേരിയന്റിനാണ് 21.99 ലക്ഷം രൂപ അടിസ്ഥാന വിലയെങ്കില്‍, എക്‌സ്‌ക്ലൂസീവ് വേരിയന്റിന്റെ വില 25.88 ലക്ഷം രൂപയാണ് (എക്‌സ് ഷോറൂം). 2019 അവസാനത്തോടെ ഇന്ത്യയില്‍ ആദ്യമായി എത്തിയ വാഹനത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ഇപ്പോള്‍ അവതരിപ്പിച്ചത്.


Post a Comment

Previous Post Next Post