o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ


◼️മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. 74 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നു വൈകുന്നേരം അഞ്ചു മുതല്‍ മലപ്പുറം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ ഒമ്പതിനാണ് കബറടക്കം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കുറച്ചു ദിവസമായി മോശമായിരുന്നു. 2009 മുതല്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാണ്.


◼️സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് അതിര്‍ത്തി രക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. വെടിവച്ചയാളും മരിച്ചു. പഞ്ചാബ് അമൃത്സറില്‍ ഇന്നു രാവിലെയാണ് അഞ്ചു സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. അട്ടാരി-വാഗ അതിര്‍ത്തിക്ക് 20 കിലോമീറ്റര്‍ അകലെയുളള ഖാസ ഏരിയയിലെ സൈനികരുടെ ഭക്ഷണശാലയിലാണ് സംഭവം. എസ്.കെ. സട്ടേപ്പ എന്ന ബിഎസ്എഫ് സൈനികനാണ് വെടിയുതിര്‍ത്തത്.


◼️റഷ്യയിലുള്ള യുഎസ് പൗരന്മാരോട് ഉടനേ രാജ്യം വിടണമെന്ന് അമേരിക്ക. നിലവിലുള്ള സാഹചര്യം എപ്പോള്‍വേണമെങ്കിലും മാറാമെന്ന് അമേരിക്ക മുന്നറിയിപ്പു നല്‍കി. കാനഡയും പൗരന്മാരോടു റഷ്യ വിടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യയില്‍നിന്നു പരിമിതമായ വിമാന സര്‍വീസുകളാണു ശേഷിക്കുന്നത്. ഇപ്പോഴുള്ള സൗകര്യം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്ന് ഇരു രാജ്യങ്ങളും ഓര്‍മിപ്പിച്ചു.


◼️വിവാദങ്ങളെ ഭയന്ന് നാടിന് ആവശ്യമായ പദ്ധതി മാറ്റിവക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കണ്ണൂര്‍ പയ്യന്നൂരില്‍ സിയാല്‍ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നാടിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായമാണ് പയ്യന്നൂരിലെ സോളാര്‍ പ്ലാന്റെന്നും അദ്ദേഹം പറഞ്ഞു.



◼️കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കുടുംബത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അനുഭാവികളെ പോലും ആര്‍എസ്എസ് വെറുതെ വിടുന്നില്ല. സംയമനം ദൗര്‍ബല്യമായി കാണരുത്. ഉന്നതതല ഗൂഡാലോചന ഇതിനു പിന്നിലുണ്ടെന്നും കോടിയേരി പറഞ്ഞു.


◼️ടാറ്റൂ പീഡനക്കേസ് പ്രതി സുജീഷിനെ പൊലീസ് ടാറ്റൂ സെന്റിലെത്തി തെളിവെടുപ്പ് നടത്തി. ഇയാള്‍ പീഡനപരാതികള്‍ നിഷേധിച്ചെങ്കിലും തെളിവുകളുണ്ടെന്ന് കൊച്ചി ഡിസിപി അവകാശപ്പെട്ടു. ഇന്നലെ വൈകിട്ട് ഇടുക്കിയില്‍നിന്ന് ഒരു സുഹൃത്തിനൊപ്പം പെരുമ്പാവൂരിലേക്ക് അഭിഭാഷകനെ കാണാന്‍ പോകുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്.  


◼️തിരുവനന്തപുരം തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ച നിലയില്‍. കാട്ടാക്കട വീരണക്കാവ് സ്വദേശി ഗായത്രിദേവിയാണ് മരിച്ചത്. ഇന്നലെ ഗായത്രിക്കൊപ്പം മുറിയെടുത്ത പ്രവീണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കൊല്ലം പരവൂരില്‍ കീഴടങ്ങുകയായിരുന്നു.  ശ്വാസംമുട്ടിച്ചാണു കൊലപ്പെടുത്തിയതെന്ന് ഇയാള്‍ മൊഴി നല്‍കി. മരിച്ച ഗായത്രിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറിയിലെ ജീവനക്കാരായിരുന്നു. വിവാഹിതനായ പ്രവീണ്‍ രണ്ടു മക്കളുടെ പിതാവാണ്.


◼️ഏറ്റുമാനൂര്‍ പട്ടിത്താനത്ത് രാജീവ് ഗാന്ധി കോളനിയില്‍ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചയാള്‍  പിടിയില്‍. ഇതേ കൊളനിയിലുള്ള നവാസാണ് പിടിയിലായത്. പൊലീസ് ഇയാളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ രാത്രി കോളനി നിവാസികള്‍ ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. കോളനിയിലെ ഷറഫ്നിസയുടെ കടയില്‍ വടിവാളുമായി എത്തിയ നവാസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു.


◼️വയനാട്ടിലെ പാരമ്പര്യ കര്‍ഷകനും അനേകമിനം പാരമ്പര്യ നെല്‍വിത്തുകളുടെ സംരക്ഷകനുമായ ചെറുവയല്‍ രാമന്റെ വീട്ടില്‍ കൃഷി മന്ത്രി പി. പ്രസാദ് എത്തി. പുല്ലുമേഞ്ഞ വീടിന്റെ വരാന്തയിലിരുന്ന് അവര്‍ കൃഷി വിശേഷങ്ങള്‍ പങ്കുവയ്ക്കുകയും കഞ്ഞി കുടിക്കുകയും ചെയ്തു. ഒരു മാസംമുമ്പ് ഒരു ചടങ്ങില്‍ കണ്ടപ്പോള്‍ രാമന്റെ വീട്ടിലേക്കു വരുമെന്നു കൃഷിമന്ത്രി പറഞ്ഞിരുന്നു. ഇത്രയും വേഗം വാക്കുപാലിക്കുമെന്നു രാമന്‍ പ്രതീക്ഷിച്ചതല്ല. രാവിലെ ഏഴരയ്ക്ക് രാമേട്ടന്റെ വീട്ടില്‍ എത്തിയ മന്ത്രി ഒന്നര മണിക്കൂറോളം സംസിച്ചിരുന്നു. യാത്രയാക്കാന്‍ വാഹനത്തിനരികില്‍ എത്തിയ ചെറുവയല്‍ രാമന് മന്ത്രി ഒരു സല്യൂട്ടും സമ്മാനിച്ചു.


◼️എംജി സര്‍വകലാശാലയിലെ കൈക്കൂലി കേസില്‍ പിടിയിലായ എംബിഎ വിഭാഗം അസിസ്റ്റന്റ് സി.ജെ. എല്‍സി മറ്റു നാലു പേരില്‍നിന്നുകൂടി പണം വാങ്ങിയെന്ന് വിജിലന്‍സ് കണ്ടെത്തി. എല്‍സിയുടെ അക്കൗണ്ട് വിവരങ്ങളില്‍നിന്നാണ് നിര്‍ണായക തെളിവ് കിട്ടിയത്. 2010-2014 ബാച്ചിലെ നാലു വിദ്യാര്‍ത്ഥികളില്‍നിന്ന് വിവിധ ഘട്ടങ്ങളായാണ് എല്‍സിയുടെ അക്കൗണ്ടിലേക്ക് പണം വന്നത്. എല്‍സിയെ വീണ്ടും ചോദ്യം ചെയ്യും.


◼️മുഖ്യമന്ത്രിയുടെ ബന്ധു ആയതിനാലല്ല മന്ത്രി മുഹമ്മദ് റിയാസ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. മന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ മികച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണ് നല്‍കിയത്. പി.ജയരാജനെ തഴഞ്ഞെന്ന് പാര്‍ട്ടി അംഗങ്ങള്‍ ഫേസ്ബുക്കില്‍ പരസ്യമായി വിമര്‍ശനം ഉന്നയിച്ചാല്‍ നടപടി ഉണ്ടാകും. സംഘടന കാര്യങ്ങള്‍ പൊതു ഇടത്ത് ചര്‍ച്ചയാക്കരുതെന്നും അദ്ദേഹം പറഞ്ഞു.


◼️മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. ആലത്തിയൂര്‍ സ്വദേശി വേലായുധനെതിരെയാണ് തിരൂര്‍ പൊലീസ് കേസെടുത്തത്. ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ വേലായുധനും പഞ്ചായത്തിലെ എല്‍ ഡി ക്ലര്‍ക്ക് സുവിന്‍ ശേഖറുമായി ഉണ്ടായ വാക്കേറ്റമാണ് അക്രമസംഭവത്തില്‍ കലാശിച്ചത്.


◼️കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി കിണറ്റിലേക്ക് വീണ രണ്ട് തൊഴിലാളികളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. കോഴിക്കോട് ചേവായൂര്‍ ശങ്കര്‍ ഗ്യാസ് ഗോഡൗണിന് സമീപം വില്ലിഗല്‍ കോട്ടക്കുന്നില്‍ ഉണ്ണികൃഷ്ണന്റെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ വാര്‍പ്പ് ജോലിയ്ക്കിടെയാണ് അപകടം. കോഴിക്കോട് കാളൂര്‍ റോഡ് സ്വദേശി ജയന്‍ (55), ഒഡീഷ സ്വദേശി വിരാട് (30) എന്നിവരാണ് പലക പൊട്ടി വീണ്  കിണറ്റില്‍ വീണത്.


◼️കോഴിക്കോട് നന്മണ്ടയിലെ സിനിമാ നിര്‍മാതാവ് വില്‍സനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ മൂന്നാമനും പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി (32) യാണ് അറസ്റ്റിലായത്. കേസില്‍ മുക്കം സ്വദേശി മുനീര്‍ (38), ഓമശേരി സ്വദേശി ഷാഫി (32) എന്നീ രണ്ടു പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


◼️കോയമ്പത്തൂരിനടുത്ത കവുണ്ടന്‍ ചാവടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു കുട്ടികള്‍ മരിച്ചു. മൂന്ന് വയസുള്ള മിത്രന്‍, അഞ്ചു വയസുകാരി സംഗീത ശ്രീ എന്നിവരാണ് മരിച്ചത്. മൂന്നു സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴുപേരെ ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേരളത്തില്‍നിന്ന് സേലം ഭാഗത്തേക്കു പോകുകയായിരുന്ന ഒമ്നി വാന്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.


◼️പത്തനംതിട്ട റാന്നിയില്‍ പോലീസ് കോണ്‍സ്റ്റബിളിനെ എസ്ഐ മര്‍ദിച്ചെന്നു പരാതി. ബഹുമാനിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനമെന്ന് കൊട്ടാരക്കര സ്വദേശി സുബിന്‍ എസ്ഐ എസ്.കെ. അനിലിനെതിരേ നല്‍കിയ പരാതിയില്‍ പറയുന്നു. അന്വേഷിക്കാന്‍ റാന്നി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


◼️മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി. മുന്‍മുഖ്യമന്ത്രിമാരായ എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവരും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍, കാന്തപുരം എ.പി. അബൂബക്കല്‍ മുസലിയാര്‍ തുടങ്ങിയവരും അനുശോചിച്ചു.


◼️ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളെ തല മുണ്ഡനം ചെയ്യിച്ച്, കൈകള്‍ പിന്നിലേക്കു കെട്ടി, ബാഗും ചുമപ്പിച്ച് തല കുനിച്ചു നടത്തി സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗ്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി മെഡിക്കല്‍ കോളേജിലെ റാഗിംഗിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍. 27 ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് റാഗിംഗിന് ഇരയായത്. കുറ്റക്കാര്‍ക്കെതിരേ നടപടി ഉടനേ ഉണ്ടായേക്കും.


◼️പൂനെ മെട്രോ റെയില്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഗാര്‍വെയര്‍ മെട്രോ സ്റ്റേഷനില്‍നിന്ന് ടിക്കറ്റ് വാങ്ങി ആനന്ദ്നഗര്‍ സ്റ്റേഷന്‍വരെ പ്രധാനമന്ത്രി മെട്രോ ട്രെയിനില്‍ യാത്ര ചെയ്തു. പ്രധാനമന്ത്രി കുട്ടികള്‍ക്കൊപ്പം മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവയ്ക്കുകയും ചെയ്തു.


◼️യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രെയിന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ. ശനിയാഴ്ച ടെലിവിഷന്‍ പ്രസംഗത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്. യുദ്ധം തുടരുന്നത് എല്ലാ രാജ്യങ്ങള്‍ക്കും ദോഷമാണ്. യുദ്ധം അവസാനിക്കുന്നത് എല്ലാ രാജ്യങ്ങള്‍ക്കും ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.


◼️യുക്രെയിനിലെ മരിയോപോളില്‍ നാലു ലക്ഷം ജനങ്ങളെ ബന്ദികളാക്കിയാണു യുദ്ധം ചെയ്യുന്നതെന്ന്  മരിയോപോള്‍ മേയര്‍. അഞ്ചു ദിവസമായി ഈ പ്രദേശത്തെ വൈദ്യുതി, കുടിവെള്ളം വിതരണം തടസപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വെടിനിറുത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യുദ്ധം തുടര്‍ന്നതിനാല്‍ വളരെ കുറച്ചുപേരെ മാത്രമേ ഒഴിപ്പിക്കാനായുള്ളൂ.


◼️യുക്രെയിന്റെ രാജ്യപദവിതന്നെ ഇല്ലാതാക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിന്‍. യുക്രെയിനിലെ അധികാരികള്‍ ചെയ്യുന്നതു തുടര്‍ന്നാല്‍ ഇതാണു സംഭവിക്കുകയെന്നും പുടിന്‍ പറഞ്ഞു.


◼️യുക്രെയിനിലെ ഒരു മൃഗശാലയിലുള്ള സിംഹങ്ങളേയും കടുവയേയും ആഫ്രിക്കന്‍ കാട്ടുനായകളേയും സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കുന്നു. ആല്‍മെറിലുള്ള ഡച്ച് ഫൗണ്ടേഷനാണ് ഈ മൃഗങ്ങളെ പോളണ്ടിലേക്കു മാറ്റി സുരക്ഷിതമാക്കുന്നത്. വന്യമൃഗങ്ങള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഷെല്‍ട്ടറില്‍ നിന്നാണ് ഇവയെ സുരക്ഷിതമായി മാറ്റുന്നത്. വന്യമൃഗങ്ങളെ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ അന്തര്‍ ദേശീയ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.


◼️ഇസ്രയേലിലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ റഷ്യന്‍ വിമാനത്തിന് യുക്രൈന്‍ പതാക ഉപയോഗിച്ച് സിഗ്നല്‍ നല്‍കി എയര്‍പോര്‍ട്ട് ജീവനക്കാരന്‍. ടെല്‍ അവീവ് വിമാനത്താവളത്തിലെ ഗ്രൗണ്ട് ഡ്യൂട്ടി സ്റ്റാഫാണ് റഷ്യക്കെതിരേ ഇങ്ങനെ പ്രതിഷേധിച്ചത്. റഷ്യന്‍ പൈലറ്റുമാരെ പരിഹസിച്ചതിന് ഇയാള്‍ക്കെതിരെ നടപടിയെടുത്തെന്നാണു വിവരം.


◼️സൗദി അറേബ്യയിലേക്കു വരുന്ന വിമാനയാത്രക്കാരില്‍നിന്ന് ക്വാറന്റീന്‍ പാക്കേജ് സഹിതമുള്ള ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടുണ്ടെങ്കില്‍ എയര്‍ലൈന്‍ കമ്പനികള്‍ ക്വാറന്റൈന്‍ പണം തിരിച്ചുനല്‍കണമെന്ന്  സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി ആവശ്യപ്പെട്ടു. സൗദിയിലേക്ക് വരുന്നവര്‍ക്കുള്ള ഹോം ക്വാറന്റീനും ഹോട്ടല്‍ ക്വാറന്റീനും ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം ഇന്നലെയാണ് പ്രഖ്യാപിച്ചത്.


◼️ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക്. നാല് വിക്കറ്റിന് 108 റണ്‍സ് എന്ന നിലയില്‍ കളി തുടര്‍ന്ന ശ്രീലങ്കയുടെ ഒന്നാമിന്നിംഗ്സ് 174 ല്‍ അവസാനിച്ചിരുന്നു. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ലങ്കയെ തകര്‍ത്തത്. ഫോളോ ഓണ്‍ ചെയ്ത ശ്രീലങ്കക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടാമിന്നിംഗ്സില്‍ 140 റണ്‍സ് നേടുന്നതിനിടെ ഏഴു വിക്കറ്റുകള്‍ നഷ്ടമായി. രണ്ടാമിന്നിംഗസിലും 3 വിക്കറ്റുകള്‍ നേടിയ ജഡേജ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.


◼️പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് പ്രീമിയം പുതിയ സാമ്പത്തിക വര്‍ഷം (2022-23) ആരംഭിക്കുന്ന ഏപ്രില്‍ ഒന്നുമുതല്‍ ഉയരും. ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഡിസ്‌കൗണ്ടും ശുപാര്‍ശ ചെയ്യുന്ന കരട് വിജ്ഞാപനം പുറത്തിറക്കി. കൊവിഡില്‍ രണ്ടുവര്‍ഷത്തെ മോറട്ടോറിയം കാലത്തിന് ശേഷമാണ് പ്രീമീയം കൂടുന്നത്. പുതിയ നിരക്കനുസരിച്ച് 1,000 സി.സി കാറുകളുടെ പ്രീമിയം 2019-20ലെ 2,072 രൂപയില്‍ നിന്ന് 2,094 രൂപയാകും. 1,500 സി.സി കാറുകള്‍ക്ക് പുതുക്കിയനിരക്ക് 3,416 രൂപയും 1,500 സി.സിക്ക് മുകളിലുള്ളവയ്ക്ക് 7,897 രൂപയുമാണ്.


◼️സെമികണ്ടക്ടറുകളുടെ ക്ഷാമം ആഭ്യന്തര വില്‍പ്പനയ്ക്ക് തിരിച്ചടിയായെങ്കിലും കയറ്റുമതി മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന ചിപ്പുകളുടെ അധിക വിതരണം മാരുതി സുസുകിയുടെ കയറ്റുമതിയില്‍ നേട്ടമുണ്ടാക്കി. ഏപ്രില്‍-ഫെബ്രുവരി കാലയളവിലെ പാസഞ്ചര്‍ വാഹനങ്ങളുടെ കയറ്റുമതിയിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 151 ശതമാനത്തിന്റെ വര്‍ധനവാണ് രാജ്യത്തെ ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍ നേടിയത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ 11 മാസങ്ങളില്‍ മാരുതി സുസുകി കയറ്റുമതി ചെയ്തത് മൊത്തം 2,11,880 യൂണിറ്റുകള്‍. ഇതില്‍ 2,09,487 പാസഞ്ചര്‍ വാഹനങ്ങളും 2,393 ചെറുകിട വാണിജ്യ വാഹനങ്ങളും ഉള്‍പ്പെടുന്നു.


◼️പൃഥ്വിരാജിന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിജോ ജോസ് ആന്റണിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന ജന ഗണ മനയുടെ റിലീസ് തീയതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  ഏപ്രില്‍ 28നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തുക. ഷാരിസ് മുഹമ്മദിന്റേതാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജിനൊപ്പം സുരാജ് വെഞ്ഞാറമ്മൂട് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.


◼️അനൂപ് മേനോനെ നായകനാക്കി നവാഗതനായ ബിബിന്‍ കൃഷ്ണ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അനൂപ് മേനോന് പുറമെ ലിയോണ ലിഷോയ്, രഞ്ജിത്ത്, രണ്‍ജി പണിക്കര്‍, ലെന, അനു മോഹന്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  മാര്‍ച്ച് 18ന് ചിത്രം തിയറ്ററുകളില്‍ എത്തും.


◼️ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഐ20 ഹാച്ച്ബാക്കിന്റെ രണ്ട് പുതിയ വകഭേദങ്ങള്‍ പുറത്തിറക്കി. 1.2എല്‍ ആസ്റ്റ സിവിടി, 1.0 സ്പോര്‍ട്സ് ഡിസിടി എന്നിവയാണവ. ആദ്യത്തേതിന് 10.51 ലക്ഷം രൂപയാണ് വില, സ്‌പോര്‍ട്‌സ് ഡിസിടി മോഡലിന് 9.76 ലക്ഷം രൂപയാണ് വില. പുതിയ വകഭേദങ്ങള്‍ മാത്രമല്ല, പുതിയ ഐ20 ഹാച്ച്ബാക്കിന്റെ ഫീച്ചര്‍ ലിസ്റ്റും ഹ്യുണ്ടായ് അപ്ഡേറ്റ് ചെയ്തതു. പുതിയ സ്‌പോര്‍ട്‌സ് ഡിസിടി വേരിയന്റിന് 1.0 ആസ്റ്റ ഡിസിറ്റിയേക്കാള്‍ 1.05 ലക്ഷം വില കുറവാണ്.


◼️കേരളത്തിലെ ഫ്യൂഡല്‍ വ്യവസ്ഥയുടെ തകര്‍ച്ചയും ആ ഇടത്തിലേക്കുള്ള ആധുനികതയുടെ കടന്നുവരവും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ആധാരമാക്കി പെരുമ്പടവം എഴുതിയ ജനകീയ നോവല്‍. 'തേവാരം'. ചിന്ത പബ്ളിക്കേഷന്‍സ്. വില 198 രൂപ.


◼️കഞ്ഞിവെള്ളത്തിന്റെ പോഷക മൂല്യങ്ങള്‍ വളരെ വലുതാണ്. അതിനാല്‍ തന്നെ കുടിവെള്ളമായി കഞ്ഞിവെള്ളം ഉപയോഗിക്കുന്നു. എന്നാല്‍ മുടിയഴക് വര്‍ദ്ധിപ്പിക്കാനുള്ള ഒരു ഒറ്റമൂലികൂടിയാണ് കഞ്ഞിവെള്ളം എന്ന് എത്ര പേര്‍ക്ക് അറിയാം. അന്നജം നിറഞ്ഞ കഞ്ഞിവെള്ളം മുടിയുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിന് അത്യുത്തമമാണ്. കഞ്ഞിവെള്ളത്തില്‍ ധാരാളം ധാതുക്കളും,  അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ബി 6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും തിളക്കം വര്‍ദ്ധിപ്പിക്കാനും മൃദുത്വം വര്‍ദ്ധിപ്പിക്കാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കും. മുടിയെ ആഴത്തില്‍ കണ്ടീഷനിംഗ് ചെയ്യാന്‍ ഇപ്പോള്‍ കഞ്ഞിവെള്ളം ഉപയോഗിക്കുന്നുണ്ട്. ചൈനയില്‍ പുളിപ്പിച്ച കഞ്ഞിവെള്ളം സ്ത്രീകള്‍ മുടി സംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ട്. തലമുറകളായി തങ്ങളുടെ മുടിയുടെ ആരോഗ്യ രഹസ്യം ഇതാണന്നാണ് ഇവരുടെ വിശ്വാസം. മുടി സംരക്ഷണത്തിന് കഞ്ഞിവെള്ളത്തിന് കഴിയുമെന്ന പഠന റിപ്പോര്‍ട്ട് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് കോസ്‌മെറ്റിക് സയന്‍സില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post