സായാഹ്ന വാർത്തകൾ
🔳യുക്രെയിനിലെ നോവ കഖോവ നഗരം റഷ്യ പിടിച്ചെടുത്തു. ശക്തമായ ഏറ്റമുട്ടലുള്ള കര്‍കീവ് ഉടനേ പിടിച്ചെടുക്കുമെന്ന അവസ്ഥയിലാണ്. യുക്രെയിനിലെ വാസില്‍കീവിലെ എണ്ണ സംഭരണ ശാലയ്ക്കുനേരെ റഷ്യയുടെ മിസൈല്‍ ആക്രമണം. യുക്രൈന്‍ തലസ്ഥാനമായ കീവിനു സമീപ പ്രദേശമാണിത്. ഖാര്‍ക്കിവില്‍ വാതക പൈപ്പ് ലൈനിനുനേരെയും ആക്രമണം ഉണ്ടായി. രണ്ടിടത്തും വന്‍ തീപിടുത്തം.
🔳ചര്‍ച്ചയ്ക്കു ബെലാറൂസിലേക്കില്ലെന്നും നാറ്റോ സഖ്യരാജ്യങ്ങളില്‍ ചര്‍ച്ച നടത്താമെന്നും യുക്രെയിന്‍ പ്രസിഡന്റ് സെലന്‍സ്‌കി. യുക്രെയിനെ രണ്ടാം തവണയും ചര്‍ച്ചയ്ക്കു ക്ഷണിച്ച് റഷ്യന്‍ പ്രതിനിധി സംഘം ബെലാറൂസിലേക്കു പോയിരുന്നു. എന്നാല്‍ റഷ്യന്‍പക്ഷ രാജ്യമായ ബെലാറൂസില്‍ ചര്‍ച്ചയ്ക്കില്ലെന്നും നാറ്റോസഖ്യ രാജ്യങ്ങളിലെ വാഴ്സ, ഇസ്താംബൂള്‍, ബൈകു എന്നീ നഗരങ്ങളില്‍ ചര്‍ച്ചയാകാമെന്നുമാണ് യുക്രെയിന്‍ അറിയിച്ചത്.
🔳യുക്രെയിനില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കുന്നതു കൂടുതല്‍ ദുഷ്‌കരമാകും. യുക്രെയിനും റഷ്യയും അതിര്‍ത്തി അടയ്ക്കുന്നതിനാലാണ് യാത്രയ്ക്കു തടസമാകുന്നത്. റഷ്യന്‍ സേനയെ ചെറുക്കാന്‍ എല്ലാ അതിര്‍ത്തികളും ഇന്ന് അര്‍ധരാത്രിയോടെ അടയ്ക്കുമെന്നാണ് യുക്രെയിന്‍ ഇന്നലെ രാത്രി അറിയിച്ചത് എന്നാല്‍ അറിയിപ്പു വന്നതിനു പിറകേ പലയിടത്തും അതിര്‍ത്തി അടച്ചു. യുക്രെയിനിലേക്കുള്ള പ്രവേശനം തടയാനാണ് ഉത്തരവെങ്കിലും പട്ടാളം ആരേയും പുറത്തേക്കു പോകാനും അനുവദിക്കുന്നില്ല.
🔳യുക്രെയിനില്‍ കുടുങ്ങിയവരെ റഷ്യ വഴി ഒഴിപ്പിക്കാനാവില്ല. റഷ്യ അതിര്‍ത്തി അടച്ചതാണു കാരണം. റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി എസ് ജയശങ്കര്‍ സംസാരിച്ചേക്കും. പടിഞ്ഞാറന്‍ അതിര്‍ത്തി ഇന്ത്യക്കാര്‍ക്കായി തുറക്കാന്‍ യുക്രെയിനോട് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയുടെ കടന്നുകയറ്റം തടയാന്‍ യുക്രൈനിലേക്കുള്ള റെയില്‍വേ ലൈന്‍ തകര്‍ത്തു.
🔳യുക്രെയിനില്‍നിന്നു കിലോമീറ്ററുകള്‍ നടന്ന് പോളണ്ട് അതിര്‍ത്തി വഴി രക്ഷപ്പെടാനെത്തിയ മലയാളികളടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ദുരിതത്തില്‍. മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് അതിര്‍ത്തിയിലെ യുക്രെയിന്‍ സൈന്യം വിദ്യാര്‍ത്ഥികളെ തോക്ക് ചൂണ്ടിയും ലാത്തിച്ചാര്‍ജ്ജിലൂടെയും ഭീഷണിപ്പെടുത്തിയെന്ന് മലയാളി വിദ്യാര്‍ത്ഥികള്‍.
🔳യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ രണ്ടു വിമാനങ്ങള്‍കൂടി അയച്ചു. ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ബുഡാപെസ്റ്റ് വഴി 25 മലയാളികളടക്കം 240 യാത്രക്കാരുമായാണ് വിമാനം എത്തിയത്. ഇതുവരെ അറുനൂറിലേറെ പേരെ ഇന്ത്യയില്‍ എത്തിച്ചു. ആദ്യ വിമാനത്തില്‍ എത്തിയ മലയാളികളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ചു.
🔳യുക്രെയിനിലെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചര്‍ച്ച നടത്തി. മലയാളികളില്‍നിന്ന് നിരവധി ദുരിത സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളിലെ ബങ്കറുകളില്‍ അഭയം പ്രാപിച്ചവര്‍ക്ക് വെള്ളവും ഭക്ഷണവും എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🔳സിപിഎം സംസ്ഥാന സമ്മേളനത്തിനു ചൊവ്വാഴ്ച കൊച്ചിയില്‍ തുടക്കം. പ്രവര്‍ത്തന റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിനുള്ള സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന കമ്മിറ്റി യോഗം നാളെ കൊച്ചിയില്‍ ചേരും. പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. 400 പ്രതിനിധികളാണ് പങ്കെടുക്കുക. വിദേശത്തുനിന്നടക്കം അമ്പതോളം നിരീക്ഷകരുമുണ്ടാകും. നാലാം തീയതി പൊതു സമ്മേളനത്തോടെ സംസ്ഥാന സമ്മേളനം സമാപിക്കും.
🔳ഒന്നാം പിണറായി സര്‍ക്കാരിന്റെ ആവര്‍ത്തനമല്ല രണ്ടാം പിണറായി സര്‍ക്കാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസനപദ്ധതികളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം സ്വരൂപിച്ചാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🔳ശിവരാത്രി പ്രമാണിച്ച് കൊച്ചി മെട്രോ ചൊവ്വാഴ്ചയും ബുധനാഴ്ചയും സ്പെഷ്യല്‍ സര്‍വീസ് നടത്തും. ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച വെളുപ്പിനുമാണ് പ്രത്യേക സര്‍വീസുകള്‍. മാര്‍ച്ച് ഒന്നിന് പേട്ടയില്‍ നിന്ന് രാത്രി 11 മണിവരെ സര്‍വീസ് ഉണ്ടാകും. രണ്ടാം തിയതി വെളുപ്പിന് 4.30 ന് ആലുവ സ്റ്റേഷനില്‍ നിന്ന് പേട്ടയിലേക്കുള്ള സര്‍വീസ് ആരംഭിക്കും. 30 മിനിറ്റ് ഇടവിട്ട് സര്‍വീസ് ഉണ്ടാകും.
🔳കൊച്ചിയിലെ ഫ്ളാറ്റിനു മുകളില്‍നിന്നു വീണ വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. പത്തനംതിട്ട പുല്ലാട് വരയന്നൂര്‍ കുളത്തുമുട്ടയ്ക്കല്‍ സ്വദേശി രേഷ്മ ആന്‍ ഏബ്രഹാം (26) ആണു മരിച്ചത്. കൊച്ചിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടറാണ്. ഫ്ളാറ്റിന്റെ പതിമ്മൂന്നാം നിലയില്‍നിന്നു വീണ രേഷ്മ രണ്ടാം നിലയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
🔳മികച്ച തൊഴിലുടമകള്‍ക്ക് മുഖ്യമന്ത്രിയുടെ പുരസ്‌കാരം ഏര്‍പ്പെടുത്തി തൊഴില്‍വകുപ്പ്. തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങളില്‍ ഏറ്റവും മികച്ച സ്ഥാപനത്തിനാണു പുരസ്‌കാരം. ടെക്സ്റ്റൈല്‍ ഷോപ്പുകള്‍, ഹോട്ടലുകള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ജ്വല്ലറികള്‍, സെക്യൂരിറ്റി സ്ഥാപനങ്ങള്‍, ഹൗസ്ബോട്ടുകള്‍, ഐ.ടി.സ്ഥാപനങ്ങള്‍, നിര്‍മ്മാണ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, ഓട്ടോമൊബൈല്‍ ഷോറൂമുകള്‍, മെഡിക്കല്‍ ലാബുകള്‍ തുടങ്ങിയ മേഖലയിലുള്ള സ്ഥാപനങ്ങള്‍ക്കാണു പുരസ്‌കാരം.
🔳കൈക്കൂലി വാങ്ങിയതിനു കോട്ടയത്തെ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എരുമേലി പൊലീസ് ഇന്‍സ്പെക്ടര്‍ മനോജ് മാത്യു, കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ ബിജി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ശബരിമല മണ്ഡലകാലത്ത് എരുമേലിയിലെ പാര്‍ക്കിംഗ് മൈതാനത്ത് വാഹനങ്ങളില്‍നിന്ന് പണപ്പിരിവ് നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളിലാണു നടപടി.
🔳പന്ത്രണ്ടാം ക്ലാസിലെ പഠന വിടവ് നികത്താന്‍ തെളിമ പദ്ധതിയുമായി എന്‍എസ്എസ് ഹയര്‍സെക്കണ്ടറി. ഓഫ്‌ലൈന്‍ - ഓണ്‍ലൈന്‍ പഠനവിടവ് ഉണ്ടെങ്കില്‍ അത് നികത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തൊട്ടാകെ 56 കേന്ദ്രങ്ങളില്‍ സ്പെഷ്യല്‍ ക്ളാസുകള്‍ തുടങ്ങുന്നതാണ് പദ്ധതി. രാത്രികാല ക്ളാസുകള്‍ക്ക് വേണ്ടി അധ്യാപകര്‍ അധിക ജോലി ചെയ്യും. ലളിതവല്‍ക്കരിച്ച പഠന സഹായികള്‍ ഈ ക്ലാസുകളില്‍ വിതരണം ചെയ്യും.
🔳കടക്കെണിയിലായി ലേലത്തില്‍പോയ വീട്ടില്‍നിന്ന് സിനിമാ നിര്‍മാതാവിനെ പുറത്തിറക്കാന്‍ വെടിവയ്പും ഗുണ്ടാ ആക്രമണവും നടത്തിയ രണ്ടു പേരെ കോഴിക്കോട് ബാലുശേരി പോലീസ് പിടികൂടി. കോഴിക്കോട് നന്‍മണ്ടയിലാണ് സിനിമ നിര്‍മ്മാതാവിന്റെ വീടിനുനേരെയാണ് വെടിവയ്പും ഗുണ്ടാ ആക്രമണവുമുണ്ടായത്. 2016 ല്‍ പുറത്തിറങ്ങിയ വൈഡ്യൂര്യം എന്ന സിനിമയുടെ നിര്‍മാതാവ് വില്‍സന്റെ വീട്ടിലാണ് അതിക്രമം അരങ്ങേറിയത്. കൊടിയത്തൂര്‍ സ്വദേശികളായ ഷാഫി, മുനീര്‍ എന്നിവരാണ് പിടിയിലായത്.
🔳ജ്യേഷ്ഠനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അമ്മയെ ജ്യേഷ്ഠന്‍ കൊലപ്പെടുത്തിയെന്നു പോലീസ് സ്റ്റേഷനിലേക്കു വിളിച്ചു പറഞ്ഞ അനുജന്‍ ഒടുവില്‍ കുടുങ്ങി. വിഴിഞ്ഞം ചൊവ്വര പനനിന്ന വടക്കതില്‍ വീട്ടില്‍ ജോസ് എന്ന് വിളിക്കുന്ന അജികുമാര്‍ (51) ആണ് ഒടുവില്‍ പിടിയിലായത്. വിവരമറിഞ്ഞയുടനേ പോലീസ് അന്വേഷണം ആരംഭിച്ചു. അജികുമാര്‍ ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തു. കബളിപ്പിച്ചതാണെന്നു മനസിലാക്കിയ പോലീസ് ഒടുവില്‍ അജികുമാറിനെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ജ്യേഷ്ഠനെ പോലീസിനെക്കൊണ്ടു വിറപ്പിക്കാന്‍ അനുജന്റെ അഭ്യാസമായിരുന്നെന്നു മനസിലായത്. ഇയാള്‍ക്കെതിരേ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.
🔳യുക്രെയിനില്‍നിന്ന് ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ രാവും പകലും ശ്രമിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
🔳യുക്രെയിനില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥിയെ നാട്ടിലെത്തിക്കാമെന്നു പറഞ്ഞ് തട്ടിപ്പിനു ശ്രമിച്ചയാള്‍ അറസ്റ്റില്‍. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന പേരില്‍ തട്ടിപ്പിനു ശ്രമിച്ച 35 കാരനായ പ്രിന്‍സ് ഗാവ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ ഗുരുഗാവില്‍ നിന്നാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
🔳മണിപ്പൂരില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിനു മുന്‍പു നടന്ന സ്ഫോടനത്തില്‍ രണ്ടു വയസുള്ള കുട്ടി ഉള്‍പെടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. അഞ്ചു പേര്‍ക്ക് പരിക്ക്. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ വൈകുന്നേരം ഏഴരയോടെയാണ് സ്ഫോടനം നടന്നത്.
🔳ബിജെപി അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. റഷ്യക്കൊപ്പം നില്‍ക്കണമെന്ന കുറിപ്പും റഷ്യക്കായി ക്രിപ്റ്റോ കറന്‍സി സംഭാവനയായി സ്വീകരിക്കുമെന്ന അറിയിപ്പും സഹിതമാണ് ട്വിറ്റര്‍ അക്കൗണ്ട് ഹാക്കു ചെയ്തത്.
🔳യുക്രെയിനില്‍ 240 സിവിലിയന്മാര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. നൂറുകണക്കിന് ആളുകള്‍ വെള്ളവും വൈദ്യുതിയുമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഒരു ലക്ഷത്തി അറുപതിനായിരം പേര്‍ മറ്റുരാജ്യങ്ങളിലേക്കു പലായനം ചെയ്തു. റഷ്യന്‍ അധിനിവേശം അമ്പതു ലക്ഷം അഭയാര്‍ത്ഥികളെ സൃഷ്ടിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.
🔳യുക്രൈനിലെ കീവിലും കാര്‍കീവിലും റഷ്യ ഉഗ്രസ്ഫോടനങ്ങള്‍ നടത്തി. ജനവാസ കേന്ദ്രങ്ങളിലും സൈന്യം ആക്രമണം നടത്തി. കാര്‍കീവിലെ അപ്പാര്‍ട്ട്മെന്റിനുനേരെ സൈന്യം വെടിയുതിര്‍ത്തു. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ജനം ബങ്കറുകളിലും മെട്രോ സബ്വേകളിലും അഭയം തേടിയതിനാലാണ് ആളപായം കുറഞ്ഞത്.
🔳യുക്രെയിന് ആയുധങ്ങള്‍ നല്‍കുമെന്ന് ഓസ്ട്രേലിയ. ആയുധങ്ങള്‍ നല്‍കുമെന്ന് ജര്‍മനി അടക്കമുള്ള ഏതാനും രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാറ്റോ സഖ്യകക്ഷികളിലൂടെ ആയുധങ്ങള്‍ ലഭ്യമാക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കി.
🔳റഷ്യക്കെതിരേ ലോകരാജ്യങ്ങള്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നു. അമേരിക്കയും യുറോപ്യന്‍ യൂണിയനും ചേര്‍ന്നാണ് തീരുമാനം എടുത്തത്. റഷ്യന്‍ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നതാണ് ഈ ഉപരോധം.
🔳യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ റഷ്യയുടെ വോട്ടവകാശം റദ്ദാക്കണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. റഷ്യന്‍ യുദ്ധം വംശഹത്യയാണ്. റഷ്യന്‍ സൈനികരുടെ മൃതദേഹം തിരികെ നല്‍കാന്‍ വഴിയൊരുക്കണമെന്നും യുക്രൈന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ യു.എന്‍ സെക്രട്ടറി ജനറലുമായി സംസാരിച്ചെന്നും സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു.
🔳റഷ്യയെ ബഹിഷ്‌കരിച്ച് ഗൂഗിള്‍. ട്വിറ്ററും സേവനം നിര്‍ത്തിവച്ചു. സൈബര്‍രംഗത്തും റഷ്യക്കെതിരെ ഉപരോധം. യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങള്‍ റഷ്യന്‍ ചാനലുകള്‍ക്കു പരസ്യവരുമാനം നല്‍കുന്നതു നിര്‍ത്തിവച്ചു. ഫേസ്ബുക്കിനു ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയ റഷ്യയ്ക്കു മെറ്റ തിരിച്ചടി നല്‍കിയത് റഷ്യന്‍ മാധ്യമങ്ങള്‍ക്കും വാര്‍ത്ത ഏജന്‍സികള്‍ക്കും തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടാണ്.
🔳യുക്രെയിനിലെ തടസപ്പെട്ട ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കാന്‍ ടെസ്ല മേധാവിയും ലോകത്തെ ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് രംഗത്ത്. യുക്രെയിലനുള്ളവര്‍ക്കായി മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതി സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തനക്ഷമമാക്കി.
🔳റഷ്യയ്ക്കെതിരായ സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എത്തിക്കല്‍ ഹാക്കിംഗ് സംഘമായ അനോണിമസ്. റഷ്യന്‍ പ്രതിരോധ വകുപ്പിന്റെയും ക്രെംലിന്റെയും വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയത് തങ്ങളാണെന്ന് അനോണിമസ് അവകാശപ്പെട്ടു.
🔳റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനെതിരെ വിമര്‍ശനവുമായി റഷ്യന്‍ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ഗാരി കാസ്പറോവ്. യുദ്ധം രാജ്യ താല്‍പര്യമല്ല. യുക്രെയിനെതിരായ സൈനിക നടപടി വിജയിച്ചാല്‍ അടുത്ത ലക്ഷ്യം തായ്‌വാന്‍ ആകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
🔳ഉത്തരകൊറിയ വീണ്ടും ബാലസ്റ്റിക്ക് മിസൈല്‍ പരീക്ഷണം നടത്തി. പ്യോങ്ഗ്യാങ്ങില്‍ നിന്ന് കിഴക്ക് മാറി കരയില്‍നിന്നു കടലിലേക്കു വിക്ഷേപിക്കാവുന്ന മിസൈലാണ് പരീക്ഷിച്ചത്. ഉത്തരകൊറിയ ഈ വര്‍ഷം പരീക്ഷിക്കുന്ന എട്ടാമത്തെ മിസൈലാണിത്.
🔳ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് പെര്‍ഫിയോസ് യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടി. ഈ വര്‍ഷം യുണീകോണാവുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പാമ് പെര്‍ഫിയോസ്. ഏറ്റവും പുതിയ ഫണ്ടിംഗില്‍ 70 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ പെര്‍ഫിയോസിന്റെ മൂല്യം ഒരു ബില്യണ്‍ ഡോളര്‍ കടന്നു.ഈ വര്‍ഷം ഫിന്‍ടെക് മേഖലയില്‍ നിന്ന് യുണീകോണ്‍ ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ സ്ഥാപനമാണ് പെര്‍ഫിയോസ്. ഒരു ബില്യണോ അതില്‍ കൂടുതലോ മൂല്യമുള്ള കമ്പനികളാണ് യുണീകോണുകള്‍. നിലവില്‍ 2 ബില്യണ്‍ ഡോളറോളമാണ് കമ്പനിയുടെ മൂല്യം. നിലവില്‍ 18 രാജ്യങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയാണ് പെര്‍ഫിയോസ്.
🔳ബസുമതി അരി കയറ്റുമതിയില്‍ ഇന്ത്യയെ ബഹുദൂരം പിന്നിലാക്കി പാകിസ്ഥാന്റെ കുതിപ്പ്. നടപ്പുവര്‍ഷം (2021-22) ഏപ്രില്‍-ഡിസംബറില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 19 ശതമാനം കുറഞ്ഞപ്പോള്‍ പാകിസ്ഥാനില്‍ നിന്നുള്ളത് 28.5 ശതമാനം ഉയര്‍ന്നു. 294.70 കോടി ഡോളറില്‍ നിന്ന് 238.2 കോടി ഡോളറിലേക്കാണ് ഇന്ത്യയുടെ കയറ്റുമതി വരുമാനം കുറഞ്ഞത്. കയറ്റുമതി അളവ് 33.81 ലക്ഷം ടണ്ണില്‍ നിന്ന് കുറഞ്ഞ് 27.45 ലക്ഷം ടണ്ണിലെത്തിയെന്ന് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി (അപെഡ) വ്യക്തമാക്കി. ജൂണ്‍-ഡിസംബറില്‍ പാകിസ്ഥാന്‍ കയറ്റുമതി ചെയ്തത് 4.14 ലക്ഷം ടണ്ണാണ്. മുന്‍വര്‍ഷത്തെ സമാനകാലത്തെ 2.93 ലക്ഷം ടണ്ണിനേക്കാള്‍ 28.58 ശതമാനം അധികമാണിത്.
🔳വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോന്‍ - മഞ്ജു വാര്യര്‍ ജോഡി വീണ്ടും ഒന്നിക്കുന്ന 'ലളിതം സുന്ദരം' മാര്‍ച്ചില്‍ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നു. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ' ലളിതം സുന്ദരം '. പ്രമോദ് മോഹനാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് ബിജി ബാല്‍ സംഗീതം പകരുന്നു. സൈജു കുറുപ്പ്, സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി, ആശാ അരവിന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.
🔳ഡ്രീം കാച്ചേഴ്സ് എന്റര്‍ടെയ്ന്‍മെന്റ് തെലുങ്കില്‍ നിര്‍മ്മിച്ച്, പ്രദര്‍ശന വിജയം നേടിയ രാക്ഷസി ബ്രഹ്‌മരാക്ഷസി എന്ന പേരില്‍ തമിഴില്‍ റിലീസ് ചെയ്യുന്നു. സംവിധാനം പന റോയലാണ് ചിത്രം തമിഴിലേക്ക് മൊഴി മാറ്റുന്നത്. പൂര്‍ണ എന്ന പേരിലാണ് ഇതര ഭാഷകളില്‍ ഷംന അറിയപ്പെടുന്നത്. അഭിമന്യു സിംഗ്, പ്രഭാസ് ശ്രീനു,ഗീതാഞ്ജലി രാമ കൃഷ്ണ എന്നിവരാണ് രാക്ഷസിയിലെ മറ്റു താരങ്ങള്‍. ഹൊറര്‍ ഹിറ്റ് ചിത്രമായ രാക്ഷസി ഒരു സംഭവ കഥയെ ആസ്പദമായാണ്.
🔳2022 ജനുവരിയിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട സ്‌കൂട്ടറായി ഹോണ്ട ആക്ടിവ മാറി. ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ ആക്ടിവ ബ്രാന്‍ഡ് വര്‍ഷങ്ങളായി മറ്റെല്ലാ സ്‌കൂട്ടറുകളെക്കാളും അവിശ്വസനീയമായ മാര്‍ജിനില്‍ വിറ്റഴിക്കുന്നു, ജനുവരി മാസവും വ്യത്യസ്തമായിരുന്നില്ല. ജാപ്പനീസ് ബ്രാന്‍ഡ് കഴിഞ്ഞ മാസം ഏകദേശം 1.43 ലക്ഷം ആക്ടിവകള്‍ ഇന്ത്യയില്‍ വിറ്റു. അതിന്റെ ഏറ്റവും അടുത്ത എതിരാളിയായ ടിവിഎസ് ജൂപിറ്റര്‍ 43,476 യൂണിറ്റുകള്‍ മാത്രമാണ് വിറ്റത്.
🔳കേരളത്തിന്റെ സമീപകാലചരിത്രത്തിലെ സവിശേഷമായ അടരുകളിലൊന്നിലെ സൂക്ഷ്മാനുഭവങ്ങളെ ചരിത്രമായി പുനര്‍വിന്യസിക്കുന്ന നോവലാണ് ഗഫൂര്‍ അറയ്ക്കലിന്റെ 'രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി'. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങളിലാരംഭിച്ച് സമകാലികലോകം വരെ പടര്‍ന്നുകിടക്കുന്ന കാലയളവാണ് ഈ നോവലിന്റെ കാലപരമായ അതിര്‍ത്തി. ഡിസി ബുക്സ്. വില 153 രൂപ.
🔳ഓര്‍മക്കുറവ് ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും സൃഷ്ടിക്കാറുണ്ട്. എന്നാല്‍ ഇത് നിത്യസംഭവമാകുന്നത് ചില ഗൗരവമായ പ്രശ്‌നങ്ങളുടെ സൂചനയായി കണക്കാക്കേണ്ടതാണ്. പല കാരണങ്ങള്‍ കൊണ്ട് ഓര്‍മശക്തിയില്‍ വിള്ളല്‍ വീഴാം. നിരന്തരമായ സമ്മര്‍ദവും ഉത്കണ്ഠയും ഭയവുമെല്ലാം തലച്ചോറിനെ ക്ഷീണിപ്പിക്കും. ഇതുമൂലം തലച്ചോറിന് കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കാനും ഓര്‍മയില്‍ സൂക്ഷിക്കാനും കഴിയാതെ വരുന്നു. വിഷാദരോഗം ഒരാളുടെ ധാരണാശേഷിയിലും ഓര്‍മശക്തിയിലുമെല്ലാം കാര്യമായ തകരാറുകള്‍ ഉണ്ടാക്കാം. വിഷാദം നേരിടുന്നവരില്‍ ഓര്‍മശക്തിക്ക് മങ്ങലേല്‍ക്കുന്നതും ഇതിനാലാണ്. രാത്രിയില്‍ നന്നായി ഉറങ്ങാതിരിക്കുന്നത് ഓര്‍മശക്തിയെ ബാധിക്കും. ഉറക്കമില്ലായ്മ മാത്രമല്ല അമിതമായ ഉറക്കവും ഓര്‍മശക്തിയെ ബാധിക്കാമെന്ന് ഹാര്‍വഡ് നഴ്‌സസ് ഹെല്‍ത്ത് സ്റ്റഡി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പ്രതിദിനം ശരാശരി ഏഴ് മണിക്കൂര്‍ ഉറങ്ങുന്നത് ഓര്‍മശക്തിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വീഴ്ചയിലോ മറ്റോ തലയ്ക്ക് ഉണ്ടാകുന്ന ക്ഷതവും പരുക്കും ഓര്‍മശക്തിക്ക് തകരാറുണ്ടാക്കാറുണ്ട്. ഇതിനാല്‍ തലയിടിച്ച് വീഴുന്ന അവസരത്തില്‍ പരിശോധനകള്‍ നടത്തി തലയ്ക്ക് ക്ഷതമുണ്ടായിട്ടില്ല എന്ന് ഉറപ്പിക്കേണ്ടതാണ്. സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തോട് അടുപ്പിച്ച് സംഭവിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂഡ് മാറ്റങ്ങളിലേക്കും ഉറക്ക പ്രശ്‌നങ്ങളിലേക്കും നയിക്കും. ഇത് ചിലപ്പോള്‍ അവരുടെ ഓര്‍മശക്തിയെയും ബാധിക്കാം. വൈറ്റമിന്‍ ബി1, ബി12 പോലെയുള്ളവയുടെ അഭാവവും ഓര്‍മക്കുറവിന് കാരണമാകാം. പോഷകസമ്പുഷ്ടവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കും. മദ്യത്തിന്റെ അമിതമായ ഉപയോഗം കേന്ദ്ര നാഡീവ്യവസ്ഥയെ മന്ദീഭവിപ്പിക്കുകയും പതിയെ ഓര്‍മശക്തിയെ ബാധിക്കാന്‍ തുടങ്ങുകയും ചെയ്യും.
*
Post a Comment