o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ



സായാഹ്‌ന വാർത്തകൾ



🔳സില്‍വര്‍ ലൈന്‍ പദ്ധതിക്കു  കല്ലിടാന്‍  എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം തേടി കെ റെയില്‍ അധികൃതര്‍ ഡിജിപിക്കു കത്ത് നല്‍കി. പ്രതിഷേധ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് നേരിടാനാണ് നീക്കം.


🔳തലശ്ശേരി ന്യൂമാഹിക്ക് അടുത്ത് പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഏഴു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹരിദാസനുമായി പുന്നോല്‍ ക്ഷേത്രത്തില്‍  സംഘര്‍ഷമുണ്ടാക്കിയ സംഘത്തിലുള്ളവരെയാണ് കസ്റ്റഡിയിലെടുത്തത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗണ്‍സിലര്‍ ലിജീഷിനേയും കസ്റ്റഡിയിലെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ അറിയിച്ചു. 



🔳കൊല്ലപ്പെട്ട ഹരിദാസന്റെ പോസ്റ്റ്‌മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജില്‍ പൂര്‍ത്തിയായി. ഇരുപതിലധികം വെട്ടുകള്‍ ഹരിദാസന്റെ ശരീരത്തിലുണ്ടെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. മുറിവുകളുടെ എണ്ണം കണക്കാക്കാന്‍ ആകാത്ത വിധം കൊത്തിയരിഞ്ഞ് വികൃതമാക്കിയ നിലയിലാണ് ശരീരം. അരയ്ക്ക് താഴെയാണ് പ്രധാനപ്പെട്ട മുറിവുകളെല്ലാം. 


🔳ഹരിദാസിനെ ആക്രമിച്ചത് അഞ്ചംഗ സംഘമാണെന്നും ഇതില്‍ രണ്ടു പേരെ താന്‍ തിരിച്ചറിഞ്ഞെന്നും സഹോദരന്‍ സുരേന്ദ്രന്‍. ആക്രമണം നടക്കുമ്പോള്‍ ഹരിദാസിനൊപ്പം സുരേന്ദ്രനും ഉണ്ടായിരുന്നു.


🔳ഹരിദാസിന്റെ കൊലപാതകത്തിന് കാരണമായെന്ന് സിപിഎം ആരോപിക്കുന്ന തലശ്ശേരി കൊമ്മല്‍ വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ലിജേഷിന്റെ പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. കൊലപാതകത്തിന് പിന്നില്‍ ബിജെപിയും ആര്‍എസ്എസ്സുമാണെന്ന സിപിഎം ആരോപണത്തിനുള്ള പ്രധാന കാരണം ഈ പ്രസംഗമാണ്. 


🔳ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ നടന്ന കൊലപാതകമാണ് പുന്നോലില്‍ ഹരിദാസന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പരിശീലനം ലഭിച്ച ആര്‍ എസ് എസ് - ബിജെപി സംഘമാണ് കൊലനടത്തിയത്. അദ്ദേഹം പറഞ്ഞു.


🔳തുടരന്വേഷണത്തിനെതിരേ ദീലീപ് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് നടി നല്‍കിയ ഹജി ഹൈക്കോടതി അംഗീകരിച്ചു. തുടരന്വേഷണം ചോദ്യംചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് നടി അപേക്ഷയില്‍ പറയുന്നു. ഇതു സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ തന്നെ മൂന്നാം എതിര്‍കക്ഷിയാക്കണം. തന്നെ കേള്‍ക്കാതെ തീരുമാനമെടുക്കരുതെന്നും നടി ഹര്‍ജിയില്‍ പറയുന്നു.


🔳വധഗൂഢാലോചന കേസില്‍ ദിലീപിന്റെ  സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.  ദിലീപിന്റെ സഹോദരന്‍ അനൂപ് നാളെ ഹാജരാകും.  ഫോണുകളുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. നടന്‍ ദിലീപിനെയും ഈയാഴ്ച്ച ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും. 


🔳സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ സാധാരണ നിലയിലേക്ക്. 47 ലക്ഷം കുട്ടികളാണ് ഇന്ന് ക്ലാസ് മുറികളിലെത്തിയത്. യൂണിഫോമും ഹാജരും നിലവില്‍ നിര്‍ബന്ധമാക്കിയിട്ടില്ല.  ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും.  സംസ്ഥാനത്തെ ഭൂരിപക്ഷം കുട്ടികളും ഇന്ന് ക്ലാസുകളിലെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.


🔳പോലീസ് സേനയില്‍ ലിംഗ വിവേചനവും ലൈംഗിക ചൂഷണവും നടക്കുന്നുണ്ടെന്ന മുന്‍ ഡിജിപി ആര്‍ ശ്രീലേഖയുടെ വിമര്‍ശനത്തിനെതിരേ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍. ശ്രീലേഖ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍  മുന്‍ ഡിഐജി ഒരു വനിതാ എസ്‌ഐയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പറഞ്ഞിരുന്നു. സേനയിലെ വനിതകളുടെ ആത്മാഭിമാനം നശിപ്പിക്കുന്ന പ്രസ്താവനയാണ് മുന്‍ ഡിജിപി നടത്തിയതെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു  ഫേസ്ബുക്കില്‍ കുറിച്ചു.


🔳വയനാട് വെള്ളമുണ്ട ഇരട്ടക്കൊലപാതക കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ. കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. മോഷണ ശ്രമത്തിനിടെ വെള്ളമുണ്ട സ്വദേശികളായ യുവദമ്പതികളെ നാലു വര്‍ഷം മുന്‍പാണ് വിശ്വനാഥന്‍ കൊലപ്പെടുത്തിയത്. 


🔳തിരുവനന്തപുരം പേട്ടയില്‍ ഗംഗേശാനന്ദയുടെ  ജനനേന്ദ്രിയം മുറിച്ച കേസില്‍  പരാതിക്കാരിയായ പെണ്‍കുട്ടിയും സുഹൃത്തും ചേര്‍ന്ന് ഗൂഡാലോചന നടത്തി ജനനേന്ദ്രിയം മുറിച്ചതാണെന്ന് ക്രൈംബ്രാഞ്ചിന്റെ  അന്തിമറിപ്പോര്‍ട്ട്. ഗംഗേശാനന്ദ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ആക്രമിച്ചുവെന്ന് ആദ്യം പരാതി നല്‍കിയ പെണ്‍കുട്ടി പിന്നെ മൊഴി മാറ്റിപ്പറഞ്ഞിരുന്നു. 2017 മെയ് 20 ന് രാത്രി പെണ്‍കുട്ടിയുടെ വിട്ടില്‍ അതിഥിയായി എത്തിയപ്പോഴാണ് ഗംഗേശാനന്ദ  ആക്രമിക്കപ്പെട്ടത്. 


🔳യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമനിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ(33)യുടെ അപ്പീല്‍ ഹര്‍ജിയില്‍ വിധി പറയുന്നതു ഒരാഴ്ച നീട്ടിവച്ചു. കേസ്  28നു വീണ്ടും പരിഗണിക്കും. മരിച്ച തലാല്‍ അബ്ദുമഹ്ദിയുടെ ബന്ധുക്കളും പ്രദേശവാസികളും  കോടതിക്കു മുന്നില്‍ പ്രതിഷേധവുമായി തടിച്ചു കൂടി. 


🔳സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രതിഭാധനരായ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ വീതമുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു..   2020-21 അധ്യയന വര്‍ഷം അവസാന വര്‍ഷ ഡിഗ്രി ബിരുദ പരീക്ഷ പാസായവര്‍ക്ക് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ https://dcescholarship.kerala.gov.in എന്ന പോര്‍ട്ടലിലൂടെ മാര്‍ച്ച് അഞ്ച് വരെ  അപേക്ഷിക്കാം.


🔳അന്തരിച്ച കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി.ടി.തോമസിനെ അനുസ്മരിച്ച് നിയമസഭ. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും അടക്കം വിവിധ കക്ഷി നേതാക്കള്‍  നിയമസഭയില്‍ പി.ടി.തോമസിനെ അനുസ്മരിച്ചു സംസാരിച്ചു.  അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു. 


🔳പാലക്കാട് കൂമ്പാച്ചി മലയില്‍ ബാബു  കുടുങ്ങിയതിനു സമാനമായി കര്‍ണാടകയിലെ നന്ദി ഹില്‍സില്‍ കുടുങ്ങിയ യുവാവിനെ വ്യോമസേന രക്ഷപ്പെടുത്തി. കോളജ് വിദ്യാര്‍ത്ഥിയായ 19-കാരന്‍ നിഷാങ്ക് കൗളാണ് കാല്‍വഴുതി വീണ് മലയില്‍ കുടുങ്ങിയത്. വ്യോമസേനയുടെ ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ രക്ഷിച്ചത്. 


🔳തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. 640-ലധികം നഗര, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 12,500-ലധികം വാര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ ശനിയാഴ്ചയാണ്  വോട്ടുടെടുപ്പ് നടന്നത്. 268 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുക.  സംസ്ഥാനത്തെ 21 കോര്‍പ്പറേഷനുകള്‍, 138 മുനിസിപ്പാലിറ്റികള്‍, 490 ടൗണ്‍ പഞ്ചായത്തുകള്‍, 649 നഗര തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ 12,838 തസ്തികകളിലേക്കാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടന്നത്.  74,416 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.


🔳കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസില്‍ മുഖ്യപ്രതിയായ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവ്. 60 ലക്ഷം രൂപ പിഴയും അടയ്ക്കണം.  ഡൊറാന്‍ഡ ട്രഷറിയില്‍നിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു നടത്തിയെന്നതാണ്  കേസ്.


🔳സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ വിജയവഴിയില്‍ തിരിച്ചെത്തി ബാഴ്‌സലോണ. ബാഴ്‌സലോണ ഒന്നിനെതിരെ നാല് ഗോളിന് വലന്‍സിയയെ തോല്‍പിച്ചു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. യുണൈറ്റഡ് രണ്ടിനെതിരെ നാല് ഗോളിന് ലീഡ്‌സിനെ തോല്‍പിച്ചു. ജര്‍മ്മന്‍ ലീഗില്‍ ബയേണ്‍ മ്യൂണിക്കും വിജയവഴിയില്‍ തിരിച്ചെത്തി. ഫൂര്‍ത്തിനെ ഒന്നിനെതിരെ നാല് ഗോളിനാണ് തോല്‍പിച്ചത്. റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ഇരട്ടഗോള്‍ കരുത്തിലാണ് ബയേണിന്റെ ജയം.


🔳അന്താരാഷ്ട്ര യാത്രകള്‍ പുനരാരംഭിക്കുകയും സേവനങ്ങള്‍ക്ക് ആവശ്യകത വര്‍ദ്ധിച്ചുവരുകയും ചെയുന്നതുകൊണ്ട് സേവന കയറ്റുമതിയില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് സൂചന. 2022-23 ല്‍ രാജ്യത്തിന്റെ സേവന കയറ്റുമതി 325 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വീസസ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍.  നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ (2021-22) അവസാനത്തോടെ സേവന കയറ്റുമതി ഏകദേശം 250 ബില്യണ്‍ യുഎസ് ഡോളറിലെത്തും. 2021-22 ഏപ്രില്‍-ജനുവരിയിലെ സേവന കയറ്റുമതിയുടെ കണക്കാക്കിയ മൂല്യം 209.83 ബില്യണ്‍ യുഎസ് ഡോളറാണ്. മുന്‍വര്‍ഷത്തെ 167.45 ബില്യണ്‍ ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 25.31 ശതമാനം വളര്‍ച്ചയാണ് ഇത് കാണിക്കുന്നത്.


🔳കേരളാ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇന്‍ക്യുബേറ്ററായ ടെക് കമ്പനി അഗ്രിമ ഇന്‍ഫോടെകിനെ ഏറ്റെടുത്ത് ടാറ്റ ഗ്രൂപ്പിന്റെ ബിഗ്ബാസ്‌കറ്റ്. കൊച്ചി ആസ്ഥാനമായ ഈ ടെക്നോളജി സ്റ്റാര്‍ട്ടപ്പിന്റെ സ്വന്തം കസ്റ്റമര്‍വിഷന്‍ ടെക്നോളജി പ്ലാറ്റ്ഫോം ആയ 'സൈറ്റ്' ബിഗ്ബാസ്‌കറ്റ് എല്ലാ റീട്ടെയിലര്‍ സ്റ്റോറുകളിലെയും സെല്‍ഫ് ചെക്കൗട്ട് കൗണ്ടറുകളില്‍ സ്ഥാപിക്കും.  ഇന്ത്യയുടെ തനതായ പച്ചക്കറി-ഫലവര്‍ഗങ്ങള്‍ ബാര്‍കോഡില്ലാതെ തന്നെ ചിത്രത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കും. ഇതുവഴി സെല്‍ഫ് ചെക്ക്ഔട്ട് കൗണ്ടറുകളുള്ള റീട്ടെയില്‍ ഷോപ്പുകള്‍ക്ക് സുഗമമമായി പ്രവര്‍ത്തിക്കാനാകും.


🔳സാമന്ത നായികയായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ശാകുന്തള'ത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സിനിമയില്‍ ടൈറ്റില്‍ റോളിലാണ് സമാന്ത എത്തുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. കാളിദാസന്റെ ശാകുന്തളത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനായി എത്തുക. രുദ്രമാദേവിക്കു ശേഷം ഗുണശേഖര സംവിധാനം ചെയ്യുന്ന ചിത്രം നീലിമ ഗുണയും ദില്‍ രാജുവും ചേര്‍ന്ന് നിര്‍മിക്കുന്നു. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അര്‍ഹയുടെ ആദ്യ ചിത്രം കൂടിയാണിത്.


🔳തിയേറ്ററില്‍ ഈ വര്‍ഷത്തെ മികച്ച ഓപ്പണിംഗ് നേടി ബി ഉണ്ണികൃഷ്ണന്റെ 'ആറാട്ട്'. ആദ്യ ദിനത്തില്‍ തന്നെ റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞെന്നാണ് സിനിമ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 50 ശതമാനം ആളുകള്‍ക്ക് മാത്രം പ്രവേശനാനുമതിയുള്ളപ്പോഴാണ് സിനിമയിക്ക് റെക്കോര്‍ഡ് കളക്ഷന്‍ നേടാന്‍ കഴിഞ്ഞത്. കേരളത്തില്‍ നിന്നു മാത്രം 3.50 കോടി ചിത്രം നേടിയെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തിന് പുറത്തു നിന്നുമായി 50 ലക്ഷത്തോളം രൂപ നേടിയതായും റിപ്പോര്‍ട്ടുണ്ട്. ആദ്യ ദിനത്തില്‍ ആകെ 4കോടിയാണ് ആറാട്ട് കളക്ട് ചെയ്തത്. വിനീത് ശ്രീനിവാസന്റെ ഹൃദയം നേടിയതിനെക്കാള്‍ ഉയര്‍ന്ന ഓപ്പണിംഗ് ആണ് ആറാട്ട് നേടിയിരിക്കുന്നത്.


🔳രാജ്യത്തെ ഒന്നാം നിര വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ 2022 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഫെബ്രുവരി 23ന് വാഹനം ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി പുതിയ ബലേനോയിലെ കണക്റ്റഡ് കാര്‍ ടെക് ഫീച്ചറുകളുടെ ടീസര്‍ കമ്പനി പുറത്തുവിട്ടു. ഇന്ധന ഗേജ് റീഡിംഗ്, ദൂരം, ഓഡോമീറ്റര്‍, മറ്റ് സുപ്രധാന സ്ഥിതിവിവരക്കണക്കുകള്‍ എന്നിങ്ങനെ വാഹനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ സുസുക്കി കണക്റ്റ് ആപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് ടീസര്‍ വീഡിയോ കാണിക്കുന്നു.


Post a Comment

Previous Post Next Post