സായാഹ്‌ന വാർത്തകൾ
🔳യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ റഷ്യന്‍ പട്ടാളം. ഇന്നു പുലര്‍ച്ചെ അഞ്ചോടെ യുക്രെയിന്‍ തലസ്ഥാനമായ കീവില്‍ ഉഗ്രസ്ഫോടനങ്ങളോടെ മിസൈലുകള്‍ പതിച്ചു. കീവിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഉച്ചയോടെ പട്ടാളം കീവ് നഗരം വളഞ്ഞ് കീഴടക്കിയ നിലയിലാക്കി. യുക്രെയിന്റെ പടിഞ്ഞാറന്‍ മേഖലകളിലേക്കും റഷ്യ ആക്രമണം വ്യാപിപ്പിച്ചു. ഇതേസമയം എണ്ണൂറു റഷ്യക്കാരെ വധിച്ചെന്നു യുക്രെയിന്‍ അവകാശപ്പെട്ടു. റഷ്യയുടെ 30 ടാങ്കുകളും ഏഴു വിമാനങ്ങളും ആറു ഹെലികോപ്റ്ററുകളും തകര്‍ത്തെന്നും യുക്രെയിന്‍ അവകാശപ്പെട്ടു. ആദ്യ ദിവസം തങ്ങളുടെ 137 പേര്‍ റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നും യുക്രെയിന്‍ വെളിപ്പെടുത്തി.
🔳റഷ്യക്കെതിരെ സൈനിക നീക്കത്തിനില്ലെന്ന് അമേരിക്കയും. സൈനിക നടപടിക്കില്ലെന്ന് നാറ്റോ ഇന്നലെത്തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ യുക്രൈന്‍ ഒറ്റപ്പെട്ടു. അംഗരാജ്യമല്ലാത്ത യുക്രൈനുവേണ്ടി റഷ്യക്കെതിരെ യുദ്ധം വേണ്ടെന്നാണ് നാറ്റോ തീരുമാനം. നാറ്റോ അംഗരാജ്യങ്ങളും ഇതേ തീരുമാനത്തിലാണ്. എന്നാല്‍ റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ള നാറ്റോ അംഗരാജ്യങ്ങള്‍ പ്രഖ്യാപിച്ചു.
🔳യുദ്ധത്തില്‍ ഒപ്പമുണ്ടാകുമെന്നു കരുതിയ വന്‍ ശക്തികള്‍ കാഴ്ചക്കാരായെന്നു യുക്രെയ്ന്‍ പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കി. താന്‍ രാജ്യം വിട്ട് ഓടിപ്പോകില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് റഷ്യയെ ഭയമാണെന്നു ബോധ്യമായി. റഷ്യ ചര്‍ച്ചയ്ക്കു തയ്യാറാകണം. ചര്‍ച്ചകള്‍ വേഗം ആരംഭിച്ചാല്‍ നാശനഷ്ടം കുറയും. ഇത് യുക്രൈന്‍ ഒറ്റയ്ക്ക് നേരിടുന്ന യുദ്ധമാണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
🔳യുക്രൈനില്‍നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരാന്‍ ഇന്ത്യ നാളെ മുതല്‍ അയല്‍രാജ്യങ്ങളിലേക്ക് വിമാനങ്ങള്‍ അയക്കും. ആദ്യഘട്ടമായി ഹംഗറി റൊമാനിയ അതിര്‍ത്തിയില്‍ എത്താനാണ് നിര്‍ദേശം. യുക്രൈനില്‍നിന്ന് ആയിരം വിദ്യാര്‍ത്ഥികളെ ഉടനേ ഒഴിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഒഴിപ്പിക്കലിന് മേല്‍നോട്ടം വഹിക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ചില അതിര്‍ത്തി പോസ്റ്റുകളില്‍ എത്തി.
🔳ഭക്ഷണമില്ല, കുടിവെള്ളമില്ല. രാത്രി മൈനസ് ഡിഗ്രിയോളമെത്തുന്ന മരംകൊച്ചുന്ന തണുപ്പിനെ പ്രതിരോധിക്കാനുള്ള പുതപ്പോ ബ്ലാങ്കറ്റോ ഇല്ല. പണമില്ല. ബാങ്കുകളോ വ്യാപാര സ്ഥാപനങ്ങളോ തുറക്കുന്നില്ല. എടിഎം പ്രവര്‍ത്തിക്കുന്നില്ല. ഇന്റര്‍നെറ്റ് സൗകര്യവും ഫോണിലെ വൈദ്യുതി ചാര്‍ജും ഇല്ലാതാകുന്നു. യുക്രെയിനിലെ വലിയൊരു വിഭാഗം മലയാളികളും അനുഭവിക്കുന്ന ദുരിതം ഇതെല്ലാമാണ്. സുരക്ഷിത മേഖലയിലേക്കു പോകാന്‍ വിദ്യാര്‍ഥികള്‍ക്കു വാഹന സൗകര്യവും ഇല്ലെന്നതാണ് യുദ്ധമുഖത്തെ ദയനീയ ചിത്രം.
🔳ഒറ്റപ്പെട്ട യുക്രെയിന് ഉടനേ കീഴടങ്ങേണ്ടിവരും. റഷ്യയുടെ വരുതിയില്‍നില്‍ക്കുന്ന ഭരണകൂടത്തെ സ്ഥാപിച്ചശേഷമേ റഷ്യന്‍ പട്ടാളം പിന്മാറൂ. യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കിയും കുടുംബവും മറ്റേതെങ്കിലും രാജ്യത്തിലേക്ക് അഭയാര്‍ത്ഥിയായി പലായനം ചെയ്തില്ലെങ്കില്‍ റഷ്യന്‍ പട്ടാളം പിടികൂടും. അതുവരെ റഷ്യയുടെ ആക്രമണം തുടര്‍ന്നാല്‍ യുക്രെയിന്‍ പൂര്‍ണമായും തകരും. സാമ്പത്തിക നാശം മാത്രമല്ല, വന്‍തോതില്‍ ആള്‍നാശവുമുണ്ടാകും.
🔳അയല്‍പക്കമായ യുക്രെയിനില്‍ അമേരിക്കയ്ക്കും നാറ്റോ സഖ്യത്തിനും താവളം അനുവദിക്കില്ലെന്നാണ് യുദ്ധത്തിലൂടെ റഷ്യ നല്‍കുന്ന സന്ദേശം. ഭരണതന്ത്രജ്ഞനല്ലാത്ത യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി അമേരിക്കയുടേയും നാറ്റോയുടേയും പക്ഷത്തേക്കു കൂടുതല്‍ ചായ്വു പ്രകടിപ്പിച്ചതാണ് പ്രകോപനത്തിനു കാരണം. നാറ്റോയില്‍ അംഗമാകാനിരിക്കേ ഒരു വര്‍ഷത്തോളമായി റഷ്യ ശക്തമായ ഏതിര്‍പ്പു പ്രകടിപ്പിക്കുന്നു. താക്കീതുമായി അതിര്‍ത്തിയില്‍ സൈന്യത്തെ വിന്യസിപ്പിച്ചത് മൂന്നു മാസംമുമ്പാണ്.
🔳യുക്രൈനില്‍ ഒറ്റപ്പെട്ട മലയാളികളെ കണ്ടെത്താനുള്ള ശ്രമങ്ങളുമായി നോര്‍ക്ക. ഇന്നലെയും ഇന്നുമായി 550 പേര്‍ യുക്രൈനില്‍നിന്ന് ബന്ധപ്പെട്ടു. വിശദാംശങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. അതേസമയം പലര്‍ക്കും എംബസിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് യുക്രൈനില്‍ നിന്നുള്ള മലയാളി വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു.
🔳ഐടി പാര്‍ക്കുകളില്‍ ബാറും പബും അനുവദിക്കും. പുതിയ മദ്യനയത്തിന്റെ കരടു രേഖയിലാണ് ഈ വിവരം. പക്ഷേ, ഈ മദ്യശാലകളില്‍ പുറത്തുനിന്നുള്ളവര്‍ക്കു പ്രവേശനം ഉണ്ടാകില്ല. ക്ലബുകളുടെ നിരക്കിനേക്കാള്‍ ഉയര്‍ന്ന നിരക്ക് ലൈസന്‍സ് ഫീസായി ഈടാക്കും. കള്ളുഷാപ്പുകള്‍ക്ക് ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍നിന്നുള്ള ദൂരപരിധി 400 മീറ്ററില്‍നിന്ന് 200 മീറ്ററാക്കി ചുരുക്കും.
🔳മയക്കുമരുന്നു കേസില്‍ ഭര്‍ത്താവിനെ കുടുക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട് പഞ്ചായത്ത് അംഗം സൗമ്യ സുനിലാണ് പിടിയിലായത്. ഭര്‍ത്താവിന്റെ വാഹനത്തില്‍ എംഡിഎംഎ മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച് പിടിപ്പിച്ചു ജയിലിലാക്കിയശേഷം കാമുകനൊപ്പം ജീവിക്കാനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. കൂട്ടുപ്രതികളായ എറണാകുളം സ്വദേശി ഷാനവാസ്, ഷെഫിന്‍ എന്നിവരേയും പിടികൂടി. കാമുകന്‍ വിനോദ് സൗദിയിലാണ്.
🔳തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടലില്‍ കയറി റിസപ്ഷനിസ്റ്റിനെ വെട്ടി കൊന്നു. ഹോട്ടല്‍ സിറ്റി ടവറിലെ റിസപ്ഷിനിസ്റ്റായ തമിഴ്നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടിക്കൊന്നത്. കൊലയാളിയായ നെടുമങ്ങാട് കല്ലിയോട് സ്വദേശി ഹരീഷിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പിടികൂടി. ഒരാഴ്ച മുമ്പ് ഹോട്ടലില്‍ മുറിയെടുക്കാന്‍ എത്തിയപ്പോള്‍ റിസപ്ഷനിസ്റ്റായ അയ്യപ്പനുമായി തര്‍ക്കമുണ്ടാക്കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണം.
🔳ഭാര്യയെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയ യുവാവ് പിടിയില്‍. കൊല്ലം നീണ്ടകര സ്വദേശിനി ശരണ്യയ്ക്കാണ് പൊള്ളലേറ്റത്. 90 ശതമാനം പൊള്ളലേറ്റ ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ബിനു ചവറ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
🔳ബിവറേജസ് ഷോപ്പില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ചു കാഴ്ച നഷ്ടപ്പെട്ടെന്നു പരാതി. എഴുകോണ്‍ ബിവറേജസ് വില്‍പനശാലയില്‍നിന്ന് വാങ്ങിയ മദ്യം കഴിച്ച് കോട്ടാത്തല സ്വദേശിയായ ഓട്ടോഡ്രൈവറുടെ കാഴ്ച നഷ്ടപ്പെട്ടെന്നാണു പരാതി. എക്‌സൈസ് ഷോപ്പില്‍ പരിശോധന നടത്തി. മദ്യങ്ങളുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വില്‍പനശാല അച്ചിടുകയും ചെയ്തു.
🔳ട്രെയിനില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഓസുയാത്ര അവസാനിപ്പിക്കുന്നു. ടിക്കറ്റോ രേഖകളോ കരുതണമെന്ന് ദക്ഷിണ റെയില്‍വെ. ടിക്കറ്റെടുക്കാതെ കയറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ സീറ്റുകള്‍ കൈയേറുന്നുണ്ടെന്ന പരാതികളെത്തുടര്‍ന്നാണ് തീരുമാനം.
🔳വിദേശത്തേക്കു കടത്താന്‍ ആന്ധ്രപ്രദേശില്‍നിന്നു കേരളത്തിലെത്തിച്ച ഇരുതലമൂരി പാമ്പുമായി മലപ്പുറം സ്വദേശി അറസ്റ്റില്‍. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി എച്ച് ഹബീബിനെയാണു (35) പിടികൂടിയത്. സെക്കന്തരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസിലായിരുന്നു ഇയാള്‍ കേരളത്തിലേക്കു വന്നിരുന്നത്. നാലേക്കാല്‍ കിലോ തൂക്കവും 25 സെന്റീമീറ്റര്‍ വണ്ണവും ഒന്നേകാല്‍ മീറ്ററോളം നീളവുമുള്ള ഇരുതലമൂരിക്ക് പത്തു ലക്ഷം രൂപ വിലവരും.
🔳കൊവിഡിന്റെ മറവില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയ മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനിലെ അഴിമതി അസാധാരണ കൊള്ളയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മുഖ്യമന്ത്രിക്ക് കൊള്ളയില്‍ പങ്കുണ്ട്. ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റ് മൂന്നിരട്ടി വിലക്ക് വാങ്ങിയിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. കെഎസ്ഇബി യിലും കോടികളുടെ അഴിമതി നടക്കുകയാണെന്നും വി ഡി സതീശന്‍ ആരോപിച്ചു.
🔳കോഴിക്കോട് ജില്ലയിലെ കൊമ്മേരി, പൊറ്റമ്മല്‍, മാങ്കാവ് എന്നിവിടങ്ങളിലായി 36 പേരെ പേപ്പട്ടി കടിച്ചു. ഇവരെല്ലാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി.
🔳നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് 2018 ല്‍ നടന്ന ക്രമക്കേടില്‍ മുന്‍ ഓപറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ്‌മണ്യനെ സിബിഐ അറസ്റ്റു ചെയ്തു.
🔳യുക്രെയിനില്‍നിന്നു പലായനം ചെയ്യുന്നവരെ പുനരധിവസിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭ രണ്ടു കോടി ഡോളര്‍ അനുവദിച്ചു. അഭയാര്‍ത്ഥികളുടെ ആരോഗ്യം, പാര്‍പ്പിടം, ഭക്ഷണം തുടങ്ങിയ അടിയന്തര ആവശ്യങ്ങള്‍ക്കാണ് ഈ സഹായം.
🔳യുക്രൈനില്‍ റഷ്യന്‍ അധിനിവേശമെന്ന് ഐക്യരാഷ്ട്ര സഭ. കടന്നുകയറ്റം അവസാനിപ്പിച്ച് റഷ്യ പിന്‍വാങ്ങണമെന്ന് യുഎന്‍ കരട് പ്രമേയത്തില്‍ ആവശ്യപ്പെട്ടു. യുക്രൈന് സഹായത്തിന് വഴിയൊരുക്കണെം. കരട് പ്രമേയം ചര്‍ച്ചയ്ക്കായി ഇന്ത്യക്കു കൈമാറി.
🔳റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഫോണില്‍ സംസാരിച്ചു. യുക്രൈനിലെ സൈനിക നീക്കം അവസാനിപ്പിക്കണമെന്ന് മക്രോണ്‍ ആവശ്യപ്പെട്ടു. റഷ്യക്കെതിരേ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നു കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. റഷ്യന്‍ എക്സ്പോര്‍ട്ട് പെര്‍മിറ്റുകള്‍ എല്ലാം കാനഡ റദ്ദാക്കി. 62 റഷ്യന്‍ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിച്ചു.
🔳യുക്രൈന്‍ തലസ്ഥാനമായ കീവില്‍ സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്തു. പുരുഷന്മാര്‍ രാജ്യം വിടുന്നതു വിലക്കി. ഒറ്റയ്ക്കു പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡന്റ് വ്ളോദ്മിര്‍ സെലന്‍സ്‌കിയുടെയും ആഹ്വാനം. എങ്ങനെ ആയുധങ്ങള്‍ ഉപയോഗിക്കണമെന്ന് യുക്രൈന്‍ പൗരന്‍മാര്‍ക്ക് സൈന്യം പരിശീലനം നല്‍കിയിരുന്നു.
🔳മോസ്‌കോയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ് ചത്വരത്തില്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനെതിരെ വന്‍ പ്രതിഷേധറാലി. അര്‍ദ്ധരാത്രി ചത്വരത്തിലെത്തിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ്. നൂറ് കണക്കിന് പേരെ റഷ്യന്‍ പൊലീസ് അറസ്റ്റ് ചെയ്തു. യുദ്ധവിരുദ്ധവികാരം റഷ്യയിലുണ്ടെന്ന് തെളിയിക്കുന്നതാണ് അര്‍ദ്ധരാത്രിയിലെ പ്രതിഷേധപ്രകടനം. റഷ്യന്‍ പൊലീസിന്റെ മുന്നറിയിപ്പു മറികടന്നാണ് ആയിരക്കണക്കിനു പേര്‍ പ്രതിഷേധിച്ചത്.
🔳യുക്രൈനില്‍ റഷ്യ ആക്രമണം നടത്തിയതിനു പിന്നാലെ കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് പവന് 320 രൂപ കുറഞ്ഞ് 37,480 ല്‍ എത്തി. ഗ്രാം വില 40 രൂപ താഴ്ന്ന് 4685 ആയി. ഇന്നലെ യുദ്ധം തുടങ്ങിയതിനു പിന്നാലെ സ്വര്‍ണ വില കുതിച്ചുകയറിയിരുന്നു. രണ്ടു തവണയായി ആയിരം രൂപയാണ് പവന് കൂടിയത്. രാവിലെ 680 രൂപ കൂടിയ പവന്‍ വില ഉച്ചയോടെ 320 രൂപ വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. റഷ്യ ആക്രമണം തുടങ്ങിയതിനു പിന്നാലെ ഓഹരി വിപണികള്‍ തകര്‍ന്നടിഞ്ഞതാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. ഇന്ന് ഓഹരി വിപണികള്‍ ഗ്രീന്‍ സോണിലാണ് വ്യാപാരം തുടരുന്നത്.
🔳യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിനിടെ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മുകേഷ് അംബാനിക്ക് നഷ്ടമായത് 1,12,131 കോടി രൂപ. ഓഹരി വിപണി കുത്തനെ ഇടിഞ്ഞതോടെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ ഓഹരികള്‍ 6.78 ശതമാനമാണ് ഇടിഞ്ഞത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 1.10 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. നെറ്റ്വര്‍ക്ക് 18 മീഡിയ & ഇന്‍വെസ്റ്റ്മെന്റ്സ് 1,288 കോടി രൂപയുടെ വിപണി മൂലധന നഷ്ടം നേരിട്ടു. അതേസമയം, വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച അദാനി ഗ്രൂപ്പ് ഓഹരികള്‍ ഫെബ്രുവരി 15 ന് ശേഷം വിപണി മൂലധനത്തില്‍ നിന്ന് 5.86 ശതമാനമാണ് ഇടിഞ്ഞത്. 66,328 കോടി രൂപ നഷ്ടം. അദാനി ടോട്ടല്‍ എന്റര്‍പ്രൈസസാണ് ഏറ്റവും വലിയ നഷ്ടം നേരിട്ടത്. ഏകദേശം 21,600 കോടി രൂപ നഷ്ടം. ഈ ദിവസങ്ങളില്‍ അദാനി ഗ്യാസിന് 20,143 കോടി രൂപയും അദാനി പോര്‍ട്ട്സിന് 13,241 കോടി രൂപയും നഷ്ടം നേരിട്ടു.
🔳പ്രഭാസ് നായകനാകുന്ന പുതിയ ചിത്രം രാധേ ശ്യാമിലെ പുതിയൊരു ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. രാധ കൃഷ്ണ കുമാറിന്റെ സംവിധാനത്തിലാണ് 'രാധേ ശ്യാം'. മാര്‍ച്ച് 11ന് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ പ്രഭാസും പൂജ ഹെഗ്ഡെയും നിറഞ്ഞുനില്‍ക്കുന്നു. ഹസ്തരേഖ വിദഗ്ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. 'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്ഡെ എത്തുന്നത്. മഴയത്തുള്ള ഒരു പ്രണയഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാണ് പ്രഭാസ് ചിത്രത്തിലെ ഗാനരംഗത്തിന്റെ പ്രത്യേകത.
🔳ഫിലിംഫെയര്‍ ഡിജിറ്റല്‍ മാഗസിന്റെ കവര്‍ ചിത്രമായി നടന്‍ ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്യുന്ന നാരദന്‍ എന്ന സിനിമയിലെ ലുക്കിലാണ് ടൊവിനോ കവര്‍ ചിത്രത്തില്‍ എത്തുന്നത്. ഇതാദ്യമായാണ് മലയാളത്തില്‍ നിന്നുള്ള ഒരു നടന്‍ ഡിജിറ്റല്‍ കവറില്‍ ഇടംപിടിക്കുന്നത്. സിനിമാഭിനയം തുടങ്ങിയതിന്റെ പത്താം വര്‍ഷത്തില്‍ ആണ് ടൊവിനോ ഈ സ്വപ്നനേട്ടം സ്വന്തമാക്കുന്നത്. മിന്നല്‍ മുരളിയുടെ വലിയ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ ലെവലിലേക്ക് ടോവിനോ ഉയര്‍ന്നിരുന്നു. മാര്‍ച്ച് 3 നാണ് നാരദന്‍ ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക.
🔳ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒഖിനാവ ഓട്ടോടെക് തങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ ഓഖി 90 ന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 24-ന് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന ഓഖി 90 ഒഖിനാവയില്‍ നിന്നുള്ള പുതിയ ഹൈ-സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ ഓടാന്‍ കഴിയുന്ന ഒരു ലിഥിയം-അയണ്‍ ബാറ്ററി പാക്കോടെയാണ് സ്‌കൂട്ടര്‍ വരുകയെന്ന് പ്രതീക്ഷിക്കുന്നു. ഒറ്റ ചാര്‍ജില്‍ ഏകദേശം 150 കിലോമീറ്റര്‍ ഓടാന്‍ സ്‌കൂട്ടറിന് കഴിയും.
🔳ഒരു കൗമാര പ്രായത്തിലെ മധുരവും കയ്പ്പും ഇടകലര്‍ന്ന അനുഭവങ്ങളുടെ ഒരു പ്രണയ കഥ! മൂന്നു ദിവസത്തെ യാദൃച്ഛികമായ പരിചയപ്പെടലും മൂന്നു വര്‍ഷത്തെ രഹസ്യ എഴുത്തുകുത്തുകളും... മുപ്പതോളം വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ തികച്ചും അപ്രതീക്ഷിതമായി വീണ്ടും കണ്ടുമുട്ടുമ്പോള്‍... ഞെട്ടിപ്പിക്കുന്ന സംഭവ വികാസങ്ങളുടെ ഒരു ചെറു(തല്ലാത്ത) ടീനെയ്ജ് പ്രണയകഥ....! 'ഒരു ചെറു -തല്ലാത്ത- ടീനെയ്ജ് പ്രണയകഥ'. ജോണ്‍ ഹോര്‍മിസ്. ഡിസി ബുക്സ്. വില 72 രൂപ.
🔳ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഉയര്‍ന്ന നാരുകളുള്ള ഭക്ഷണക്രമം ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കുമെന്ന് പഠനം. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഫലപ്രദമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് ഇത് വളരെ പ്രധാനമാണെന്നും വിദഗ്ധര്‍ പറയുന്നു. ആരോഗ്യമുള്ള മസ്തിഷ്‌കത്തിന് നാരുകളും പ്രധാനമാണെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ പറയുന്നു. ന്യൂട്രിഷണല്‍ ന്യൂറോ സയന്‍സ് എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ഉയര്‍ന്ന നാരുകളുള്ള ഭക്ഷണക്രമം ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറയ്ക്കുന്നതായി ജപ്പാനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു. ഓട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന ലയിക്കുന്ന നാരുകള്‍ കുടലില്‍ വസിക്കുന്ന ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ക്കും മറ്റ് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതിനും പ്രധാനമാണ്. ധാന്യങ്ങള്‍, പച്ചക്കറികള്‍, മറ്റ് ചില ഭക്ഷണങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന ലയിക്കാത്ത നാരുകള്‍ കുടലിന്റെ ആരോഗ്യത്തിന് പ്രധാനമാണെന്ന് അറിയപ്പെടുന്നു. ലയിക്കുന്ന നാരുകള്‍ കുടല്‍ ബാക്ടീരിയയുടെ ഘടനയെ നിയന്ത്രിക്കുന്നു എന്നതാണ് ഒരു സാധ്യത. ഈ ഘടന ന്യൂറോ ഇന്‍ഫ്ലമേഷനെ ബാധിച്ചേക്കാം. ഇത് ഡിമെന്‍ഷ്യയുടെ ആരംഭത്തില്‍ ഒരു പങ്കു വഹിക്കുന്നു. ശരീരഭാരം, രക്തസമ്മര്‍ദ്ദം, ലിപിഡുകള്‍, ഗ്ലൂക്കോസ് അളവ് തുടങ്ങിയ ഡിമെന്‍ഷ്യയ്ക്കുള്ള മറ്റ് അപകട ഘടകങ്ങളെ ഭക്ഷണത്തിലെ നാരുകള്‍ കുറയ്ക്കാനും സാധ്യതയുണ്ട്. ഉയര്‍ന്ന നാരുകളുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ഡിമെന്‍ഷ്യയുടെ സാധ്യത കുറയ്ക്കാന്‍ സാധിച്ചേക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 75.37, പൗണ്ട് - 101.07, യൂറോ - 84.41, സ്വിസ് ഫ്രാങ്ക് - 81.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.23, ബഹറിന്‍ ദിനാര്‍ - 200.09, കുവൈത്ത് ദിനാര്‍ -249.05, ഒമാനി റിയാല്‍ - 195.83, സൗദി റിയാല്‍ - 20.10, യു.എ.ഇ ദിര്‍ഹം - 20.53, ഖത്തര്‍ റിയാല്‍ - 20.71, കനേഡിയന്‍ ഡോളര്‍ - 58.92.
__________________________///
Post a Comment