തുകയീടാക്കുന്നത് ചാക്കൊന്നിന്: മാലിന്യം ‘സുരക്ഷിത’മായി തള്ളാനും ക്വട്ടേഷൻ സംഘം.
കണ്ണൂർ: അക്രമം നടത്താനും മദ്യം കടത്താനും ക്വട്ടേഷൻ സംഘങ്ങളെ നിയോഗിക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ മാലിന്യം ‘സുരക്ഷിതമായി തള്ളുന്ന’ ക്വട്ടേഷൻ സംഘങ്ങളും വ്യാപകമാകുകയാണ്. ചാക്കൊന്നിന് നിശ്ചിതതുക നൽകിയാൽ വീട്ടിലേയോ സ്ഥാപനത്തിലേയോ വാണിജ്യസമുച്ചയത്തിലേയോ മാലിന്യം സംഘം അതിവിദ്ഗ്‌ധമായി തള്ളും.
വാഹനങ്ങളുടെയും ആളുകളുടെയും തിരക്കില്ലാത്ത അർധരാത്രിയും പുലർച്ചെയും ഒഴിഞ്ഞസ്ഥലത്ത് വണ്ടി നിർത്തി ചാക്കുകൾ വലിച്ചെറിയുന്നതാണ് ഇവരുടെ രീതി. വണ്ടിക്ക് അറ്റകുറ്റപ്പണിയെന്ന വ്യാജേന നിർത്തിയിട്ടാകും പരിപാടി അരങ്ങേറുന്നത്. പൊന്തക്കാട് നിറഞ്ഞ പ്രദേശങ്ങൾ, ഉപയോഗശൂന്യമായ ജലാശയങ്ങൾ എന്നിവിടങ്ങളാണ് ഇവരുടെ സ്ഥിരം പ്രവർത്തനമേഖല. പൊതുസ്ഥലങ്ങളിലും ജനവാസകേന്ദ്രങ്ങളിലും മാലിന്യം തള്ളി കടന്നുകളയുന്നവരുമുണ്ട്. കഴിഞ്ഞദിവസം കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം കണ്ണൂർ സിറ്റിയിൽനിന്ന് പിടിച്ചെടുത്ത മാലിന്യം പഴയങ്ങാടി മൊട്ടാമ്പ്രത്തേതായിരുന്നു. ഇത്തരം ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനപരിധി എത്ര വിശാലവും വ്യാപകവുമാണ് എന്നതിന്റെ തെളിവാണിത്. തദ്ദേശസ്ഥാപനപരിധി മാലിന്യമുക്തമാക്കാനായി അധികൃതർ വിവാഹച്ചടങ്ങുകളിൽവരെ ഹരിതപെരുമാറ്റചട്ടം നടപ്പിൽ വരുത്തുന്നതിനിടെയാണ് ഇത്തരം കൃത്യങ്ങൾ അരങ്ങേറുന്നത്.
ചാക്കിന് 100 മുതൽ 500 രൂപവരെ
:സ്ഥാപനങ്ങളിൽനിന്ന് മാലിന്യം എടുക്കുന്ന സംഘം വൻ തുകയാണ് ഈടാക്കുന്നത്. ചാക്കൊന്നിന് 100 മുതൽ 500 രൂപവരെ വാങ്ങുന്ന സംഘങ്ങളുണ്ട്. മാലിന്യം തള്ളുന്നതിനെപ്പറ്റി ആശങ്ക വേണ്ടെന്ന് ഇടപാടുകാരെ ബോധിപ്പിക്കാനും സംഘം മിടുക്ക് കാട്ടുന്നു. വീടുകളിൽനിന്നുള്ള മാലിന്യം സംഘത്തെ ഏൽപ്പിക്കുന്നവരും കുറവല്ല. പ്ലാസ്റ്റിക്, ഡയപ്പർ, സാനിറ്ററി നാപ്കിനുകൾ എന്നിവമുതൽ ഇ-മാലിന്യങ്ങൾവരെ ഇക്കൂട്ടത്തിൽപ്പെടും. സദ്യയും പാർട്ടിയും നടത്തിയ ശേഷമുള്ള മാലിന്യവും കോഴി-കക്കൂസ് മാലിന്യവും ഇത്തരക്കാർ ഏറ്റെടുത്ത് നടത്തുന്നുണ്ട്. പകൽ മുഴുവൻ കിടന്നുറങ്ങി രാത്രികാലത്ത് ‘ക്വട്ടേഷൻ ജോലി’ക്കിറങ്ങുന്ന സംഘങ്ങൾവരെയുണ്ടെന്ന് അധികൃതർ പറയുന്നു.
പിഴ 500 രൂപമുതൽ 25,000 വരെ
:മുനിസിപ്പൽ ആക്ട് 340, 340 എ പ്രകാരം പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നതിന് 500 രൂപമുതൽ 25,000 രൂപ വരെ പിഴയീടാക്കാം. പിഴയടച്ചില്ലെങ്കിൽ പ്രോസിക്യൂഷന് വിധേയമാക്കാം. തള്ളുന്നത് എവിടെയാണ്, എന്ത് മാലിന്യമാണ് എന്നതനുസരിച്ചിരിക്കും പിഴയുടെ തോത്. ജലസ്രോതസ്സുകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം തള്ളുന്നത് ഗൗരവകരമായ കുറ്റകൃത്യമാണ്.
Post a Comment