o സായാഹ്ന വാർത്തകൾ
Latest News


 

സായാഹ്ന വാർത്തകൾ

 


സായാഹ്ന വാർത്തകൾ



🔳കൊവിഡ് വ്യാപനം രൂക്ഷമാവുകയും സര്‍ക്കാര്‍ ഓഫീസുകള്‍ ക്ലസ്റ്ററുകളായി മാറുകയും ചെയ്തതോടെ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വ്യാഴാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനങ്ങളുണ്ടാകും. മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. സെക്രട്ടറിയേറ്റ്, കെഎസ്ആര്‍ടിസി, പൊലീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവിടങ്ങളിലെല്ലാം കൊവിഡ് വ്യാപനം തീവ്രമാണ്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.


🔳സെക്രട്ടറിയേറ്റിലും കൊവിഡ് പടരുന്നു. ഇന്നലെ മാത്രം സെക്രട്ടറിയേറ്റില്‍ 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രി വി. ശിവന്‍കുട്ടി,മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി തുടങ്ങിയവര്‍ക്കും രോഗംബാധിച്ചു. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലെ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പി.പി. സുമോദ് എംഎല്‍എ രോഗബാധിതനായി. കൊവിഡ് പടര്‍ന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നാം നിലയിലെ ജീവനക്കാര്‍ ജോലിക്കെത്തേണ്ടന്ന് നിര്‍ദേശിച്ചു. സെക്രട്ടറിയേറ്റിലെ സെന്‍ട്രല്‍ ലൈബ്രറി അടച്ചു.


🔳സംസ്ഥാനത്തെ പ്രമുഖ ആശുപത്രികളും കോവിഡ് ക്ലസ്റ്ററുകളായി. ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ രോഗബാധിതരാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 25 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 107 പേര്‍ക്കാണ് കൊവിഡ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 10 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 17 ജീവനക്കാര്‍ക്കും രോഗമുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ 22 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 75 ജീവനക്കാര്‍ക്കാണ് കോവിഡ്.



🔳തിരുവനന്തപുരം നെയ്യാറ്റിന്‍കര ആര്യന്‍കോട് പൊലീസ് സ്റ്റേഷനുനേരെ പെട്രോള്‍ ബോംബ് ആക്രമണം. ഇന്നുച്ചയ്ക്കു പതിനൊന്നരയോടെ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ രണ്ടു തവണയായി പെട്രോള്‍ ബോംബ് എറിഞ്ഞത്. ഇതില്‍ ഒരു ബോംബ് പൊട്ടി. കഞ്ചാവ് സംഘം യുവാവിനെ കുത്തിയ കേസിലെ പ്രതികള്‍ക്കായി പൊലീസ് നിരവധി വീടുകളില്‍ പരിശോധന നടത്തിയിരുന്നു. ഇതിലുള്ള പ്രതികാരമാകാം ആക്രമണത്തിനു കാരണമെന്നു സംശയിക്കുന്നു.


🔳കോട്ടയത്ത് കൊല്ലപ്പെട്ട പത്തൊമ്പതുകാരന്‍ ഷാന്‍ ബാബുവിന്റെ കണ്ണില്‍ കുത്തുകയും കാപ്പിവടികൊണ്ട് മൂന്നു മണിക്കൂര്‍ അടിച്ചെന്നും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. മര്‍ദ്ദനത്തിന്റെ 38 അടയാളങ്ങളുണ്ട്. ഷാനെ വിവസ്ത്രനാക്കിയും മര്‍ദ്ദിച്ചു. പ്രതി ജോമോന്റെ സുഹൃത്തായിരുന്ന ഷാന്‍ കൂറു മാറിയതാണു പകയ്ക്കു കാരണമെന്നും പൊലീസ്. കേസില്‍ ഓട്ടോ ഡ്രൈവര്‍ അടക്കം നാലുപേരെകൂടി പോലീസ് കസ്റ്റഡിയിലെടുത്തു.


🔳കാസര്‍കോട് കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിയും സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ കണ്ണൂര്‍ മാലൂര്‍ സ്വദേശി സിനിലിനെ തെരഞ്ഞ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഇയാളുടെ നേതൃത്വത്തില്‍ പണം കൊള്ളയടിക്കുന്ന സംഘത്തിലുള്ള രണ്ട് പ്രധാനികള്‍ സിപിഎം പ്രവര്‍ത്തകരാണ്. കാസര്‍കോട്ട് സ്വര്‍ണ്ണ വ്യാപാരി മഹാരാഷ്ട്ര സ്വദേശി കൈലാസിന്റെ  ഒന്നരക്കോടി രൂപ കൊള്ളയടിച്ച കേസിലാണ് ഇവരെ തെരയുന്നത്. സ്വര്‍ണം വാങ്ങാന്‍ കാറില്‍ കൊണ്ടുപോവുകയായിരുന്ന ഒരു കോടി 65 ലക്ഷം രൂപ മൊഗ്രാല്‍ പുത്തൂരില്‍ സെപ്റ്റംബര്‍ 22 നാണ് കൊള്ളയടിച്ചത്.



🔳കൂറ്റന്‍ ആല്‍മരം വീണപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ടയാള്‍ കമുക് വീണ് മരിച്ചു. പറവൂര്‍ ചെറിയപല്ലം തുരുത്ത് ഈരേപാടത്ത് രാജന്‍(60)ആണ് മരിച്ചത്. തറവാട്ടുവീട്ടിലെ കമുക് വെട്ടിമാറ്റുന്നതിനിടെ രാജന്റെ മേല്‍ പതിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു.


🔳പത്തനംതിട്ട പുളിക്കീഴ് പൊലീസ് സ്റ്റേഷനില്‍നിന്ന് പോക്‌സോ കേസ് പ്രതി ചാടിപോയി. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത സജു കുര്യനാണ് രക്ഷപെട്ടത്. പ്രതിയെ ഇന്നു രാവിലെ കോടതിയില്‍ ഹാജരാക്കാനിരിക്കുകയായിരുന്നു. പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് സജു അറസ്റ്റിലായത്.


🔳തൃശൂരില്‍ മയക്കുമരുന്നുമായി ഡോക്ടര്‍ പിടിയിലായി. നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായിട്ടാണ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ കോഴിക്കോട് സ്വദേശി അക്വില്‍ മുഹമ്മദ് ഹുസൈന്‍ പൊലീസിന്റെ പിടിയിലായത്. 2.4 ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.



🔳നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. സുനിയുടെ അമ്മയുടെ രഹസ്യമൊഴിയുമെടുക്കും. കേസിലെ സുപ്രധാന വിവരങ്ങള്‍ വെളിപെടുത്തിക്കൊണ്ട് സുനി തനിക്കു കത്തയച്ചെന്ന് അമ്മ ശോഭന പറഞ്ഞിരുന്നു.


🔳പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി. അതുവരെ അറസറ്റു ചെയ്യരുതെന്നു വിലക്കുമുണ്ട്. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാലാണ് ഹര്‍ജിയില്‍ തീര്‍പ്പാക്കുന്നതു മാറ്റിവച്ചത്.


🔳പോലീസ് ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലെ ആറാം പ്രതിയായ അജ്ഞാതന്‍ ആലുവാ സ്വദേശി ശരത് ജി. നായരെന്നു ക്രൈംബ്രാഞ്ച് പോലീസ്. ഇയാളുടെ ശബ്ദ സാംപിള്‍ പരിശോധിച്ചശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.


🔳കൈക്കൂലി കേസില്‍ പ്രതിയായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥന്‍ ജോസ്‌മോന്‍ ജോലിയില്‍ തിരികെ എത്തി. കോഴിക്കോട് ഓഫിസിലാണ് ജോലിയില്‍ പ്രവേശിച്ചത്. ഇയാള്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ഇന്നലെ തന്നെ ജോസ്മോനെ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് പറയുന്നു.


🔳പാലക്കാട് അകത്തേത്തറയില്‍ വീണ്ടും പുലിയിറങ്ങി. മേലേ ചെറാട് തെക്കേപരിയത്ത് രാധാകൃഷ്ണന്റെ  വളര്‍ത്തു നായയെ പുലി ആക്രമിച്ചു. വനം വകുപ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നീരീക്ഷണം ശക്തമാക്കി. ഒരാഴ്ചമുമ്പ് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനി ഉള്‍പ്പെടുന്ന പഞ്ചായത്താണ് അകത്തേത്തറ.


🔳താമരശ്ശേരിയില്‍ കെട്ടിടം തകര്‍ന്നു വീണ് 15 പേര്‍ക്കു പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. താമരശ്ശേരി നോളജ്സിറ്റിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്.


🔳ഇടുക്കി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ പ്രവര്‍ത്തകനുമായിരുന്ന ധീരജിനെ കുത്തിക്കൊന്ന കേസിലെ മുഖ്യതെളിവായ കത്തി ഇതുവരെ കണ്ടെത്താനായില്ല. കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പൊലീസിന്റെ അപേക്ഷ ജില്ലാ കോടതിയില്‍. യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരായ നിഖില്‍ പൈലി, ജെറിന്‍ ജോജോ, ജിതിന്‍, ടോണി തേക്കിലക്കാടന്‍ എന്നിവരെ പത്ത് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം.


🔳ആര്‍എംപി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു വീണിടത്തു സ്മാരക ചത്വരം ഉയരുന്നു. ശിലാസ്ഥാപനം നാളെ ആര്‍എംപി സംസഥാന സെക്രട്ടറി എന്‍. വേണു നിര്‍വഹിക്കും. വള്ളിക്കാട്ടെ രണ്ടര സെന്റ് സ്ഥലം വിലയ്ക്കെടുത്താണ് സ്മാരക ചത്വരം നിര്‍മിക്കുന്നത്. ടിപി ഉപയോഗിച്ച ബൈക്ക് അടക്കമുള്ളവ ഇവിടെ സ്ഥാപിക്കുന്ന മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. ഇവിടെ ആര്‍എംപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച സ്തൂപം പലതവണ തകര്‍ക്കപ്പെട്ടിട്ടുണ്ട്.


🔳വര്‍ക്കല താലൂക്കാശുപത്രിയിലെ നഴ്സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ചു മരിച്ചു. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് നഴ്സിംഗ് ഓഫീസര്‍ സരിത കൊവിഡ് ബാധിച്ചു മരിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.


🔳മദ്യത്തിനു പകരം സാനിറ്റൈസര്‍ കുടിച്ചയാള്‍ മരിച്ചു. തിരുവനന്തപുരം പേയാട് ചന്തമുക്ക് സ്വദേശി രാജേന്ദ്രന്‍ എന്ന അമ്പത്താറുകാരനാണ് സാനിറ്റൈസര് കുടിച്ചു മരിച്ചത്. വയറുവേദന മൂലം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


🔳കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷ സാന്നിധ്യമില്ലാത്തതു രാഹുല്‍ഗാന്ധിയുടെ നയമാണോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ത്യ ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്നു പറഞ്ഞ രാഹുലിന്റേത് ഏറ്റവും വലിയ വര്‍ഗീയ പരാമര്‍ശമാണ്. കോണ്‍ഗ്രസിന്റെ മതേതരമുഖം നഷ്ടമായെന്നും കോടിയേരി.


🔳സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പച്ചയ്ക്കു വര്‍ഗീയത പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു കയ്യില്‍ യേശുവിനേയും മറു കയ്യില്‍ കൃഷ്ണനെയും കൊണ്ട് വീടുകളില്‍ പോകുന്ന പാഷാണം വര്‍ക്കിയെ പോലെയാണ് കോടിയേരി.  സതീശന്‍ പറഞ്ഞു.


🔳മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോടിയേരി നടത്തുന്ന ന്യൂനപക്ഷ പ്രീണനത്തിന്റെ പിറകിലെ രഹസ്യം ഇതാണെന്നും മുരളീധരന്‍ പരിഹസിച്ചു.


🔳ബ്രിട്ടനിലെ ചെല്‍റ്റന്‍ഹാമില്‍ കാര്‍ അപകടത്തില്‍ രണ്ടു മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ബിന്‍സ് രാജന്‍ (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മ്മല്‍ എന്നിവരാണ് മരിച്ചത്. ബിന്‍സിന്റെ ഭാര്യ അനഘയും മകളും തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.


🔳പ്രതീക്ഷകളുടെ പൂച്ചെണ്ടാണ് ഇന്ത്യ ലോകത്തിനു നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജന്‍ഡ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മോദി. കോവിഡിന്റെ മൂന്നാം തരംഗത്തെ നേരിടുമ്പോഴും രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 160 കോടി ഡോസ് കോവിഡ് വാക്സീന്‍ നല്‍കി. നിരവധി രാജ്യങ്ങളിലേക്കു മരുന്നുകള്‍ അയച്ചു. ഇന്നു ലോകത്തിന്റെ ഫാര്‍മസിയാണ് ഇന്ത്യ. ഐടി മേഖല മുഴുവന്‍ സമയവും ജോലി ചെയ്തു. ലോകത്തിനു വളരെയേറെ സോഫ്റ്റ്‌വെയര്‍ പ്രഫഷനലുകളെ രാജ്യം സംഭാവന ചെയ്തെന്നും മോദി പറഞ്ഞു.


🔳ദാവോസ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദിയുടെ പ്രസംഗത്തിനിടെ ടെലിംപ്രോപ്റ്റര്‍ തകരാറിലായതുമൂലം പ്രസംഗം അല്‍പനേരം നിര്‍ത്തിവെച്ചിരുന്നു. ഇതിനെ പരിഹസിച്ചാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ഇത്രധികം കള്ളങ്ങള്‍ പറയാന്‍ ടെലിംപ്രോംപ്റ്ററിന് കഴിയില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.


🔳കടലാസ് നിര്‍മ്മിതമായ ദേശീയ പതാകയായാലും  റിപ്പബ്ളിക് ദിന പരിപാടിക്കു ശേഷം ഉപേക്ഷിക്കുകയോ നിലത്ത് എറിയുകയോ ചെയ്യരുതെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയപതാകയെ ആദരവോടെ കൈകാര്യം ചെയ്യണമെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.


🔳പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഭഗവന്ത് സിംഗ് മാനിനെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.


🔳പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത് സിംഗ് ചന്നിയുടെ മരുമകന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. ഭൂപീന്ദര്‍ സിംഗ് ഹണിയുടെ വീട് ഉള്‍പെടെ പത്തിടങ്ങളിലാണ് പരിശോധന. അടുത്ത മാസം 20 നു വോട്ടെടുപ്പു നടക്കാനിരിക്കേയാണ് റെയ്ഡ്.  


🔳അബുദാബിയില്‍ ആക്രമണം നടത്തിയ ഹുതികള്‍ക്കുനേരെ തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി ശക്തികേന്ദ്രങ്ങള്‍ ആക്രമിച്ച് മിസൈല്‍ സംവിധാനം തകര്‍ത്തു. 230 ഹൂതി വിമതരെ വധിച്ചതായും സേനാവൃത്തങ്ങള്‍ അറിയിച്ചു.


🔳കുവൈറ്റിലേക്കു വരുന്ന വാക്സിനെടുത്ത യാത്രക്കാര്‍ക്ക് ഹോം ക്വാറന്റീന്‍ നിബന്ധനയില്‍  ഇളവ്. രാജ്യത്ത് എത്തിയ ശേഷം നടത്തുന്ന പി.സി.ആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കില്‍ ഹോം ക്വാറന്റീന്‍ അവസാനിപ്പിക്കാം.


🔳പടിഞ്ഞാറന്‍ അഫ്ഗാനിലുണ്ടായ ഭൂചലനത്തില്‍ 26 മരണം. ബാദ്ഗിസ് പ്രവിശ്യയിലെ ഖാദിസ് ജില്ലയില്‍ വീടുകളുടെ മേല്‍ക്കൂര തകര്‍ന്നുവീണാണ് ആളുകള്‍ മരിച്ചത്.


🔳ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എല്‍ഐസി)യുടെ മെഗാ ലിസ്റ്റിംഗ് രാജ്യത്തെ ഓഹരി വിപണിയിലേക്ക് കോടിക്കണക്കിന് പുത്തന്‍ നിക്ഷേപകരെ ആകര്‍ഷിക്കും. ലിസ്റ്റിംഗ് നടപടികളുടെ മുന്നോടിയായി എല്ലാ പോളിസി ഉടമകളോടും ഡിമാറ്റ് എക്കൗണ്ടുകള്‍ എടുക്കാന്‍ കോര്‍പ്പറേഷന്‍ തന്നെ അഭ്യര്‍ത്ഥിക്കുന്നുണ്ട്. എല്‍ഐസിയുടെ കോടിക്കണക്കിന് പോളിസി ഉടമകളില്‍ ദശലക്ഷക്കണക്കിനാളുകള്‍ ഇപ്പോളും ഓഹരി വിപണിയില്‍ നിക്ഷേപം നടത്താത്തവരാണ്. മാത്രമല്ല ഡീമാറ്റ് എക്കൗണ്ടില്ലാത്തവരും. എല്‍ഐസിക്ക് 15 ലക്ഷം കോടി രൂപയുടെ മൂല്യമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.


🔳കൊവിഡ് മഹാമാരിയ്ക്കിടയിലും, ജോലിയുടെ ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തിലാണ് ഇന്ത്യയിലെ തൊഴിലാളികള്‍. ഇതില്‍ 82 ശതമാനം പേര്‍ 2022-ല്‍ ജോലി മാറുന്നത് പരിഗണിക്കുന്നുവെന്ന് പ്രൊഫഷണല്‍ നെറ്റ്വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിന്റെ പുതിയ തൊഴിലന്വേഷക ഗവേഷണം പറയുന്നു. 2022-ല്‍ ജോലി മാറ്റംആഗ്രഹിക്കുന്നത് 1 വര്‍ഷം വരെ പ്രവൃത്തിപരിചയമുള്ള തൊഴിലാളികളാണ്.  2022-ല്‍ ഇന്ത്യയിലെ പ്രൊഫഷണലുകളെ അവരുടെ നിലവിലെ തൊഴിലുടമയ്ക്കൊപ്പം തുടരാന്‍ പ്രേരിപ്പിക്കുന്ന  കാരണങ്ങളില്‍ മികച്ച ശമ്പളം (42%), കൂടുതല്‍ വിലമതിപ്പ് (36%), മെച്ചപ്പെട്ട തൊഴില്‍-ജീവിത ബാലന്‍സ് (34%) എന്നിവ ഉള്‍പ്പെടുന്നു.


🔳മികച്ച പ്രതികരണങ്ങളോടെ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഉണ്ണി മുകുന്ദന്‍ ചിത്രം മേപ്പടിയാന്റെ സക്‌സസ് ടീസര്‍ പുറത്ത്. ജയകൃഷ്ണന്‍ എന്ന യുവാവിന്റെ കഥയാണ് മേപ്പടിയാന്‍ പറയുന്നത്. 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ചിത്രത്തിലെ നായകന്‍ കടന്നുപോകുന്ന സംഘര്‍ഷങ്ങളാണ് കാണിക്കുന്നത്. വിഷ്ണു മോഹന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് നിര്‍മ്മിച്ചത്. ഫാമിലി എന്റര്‍ടെയ്‌നറായി ഒരുക്കിയിരിക്കുന്ന മേപ്പടിയാനില്‍ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, അജു വര്‍ഗീസ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, മേജര്‍ രവി, ശങ്കര്‍ രാമകൃഷ്ണന്‍, ശ്രീജിത്ത് രവി, നിഷ സാരംഗ്, പൗളി വത്സന്‍, മനോഹരിയമ്മ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.


🔳വിദേശമാധ്യമങ്ങളിലും ചര്‍ച്ചയായിരിക്കുകയാണ് ടൊവീനോ തോമസ്- ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി. ദ ന്യൂയോര്‍ക്ക് ടൈംസിലാണ് മിന്നല്‍ മുരളിയെ കുറിച്ച് പറയുന്നത്. നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളെ കുറിച്ചുള്ള വാര്‍ത്തയിലാണ് മിന്നല്‍ മുരളി എന്ന പേരും ഉള്‍പ്പെട്ടിട്ടുള്ളത്. ഫാമിലി ബെല്‍ജിയന്‍ ഡ്രാമയും മെക്സിക്കന്‍ ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റിലുള്ളിടത്താണ് നിന്നും മിന്നല്‍ മുരളി ഇക്കൂട്ടത്തില്‍ ഇടം പിടിച്ചത്. സംവിധായകന്‍ ബേസില്‍ ജോസഫ് ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ടൊവിനോയുടെ കരിയര്‍ ബേസ്ഡ് സിനിമയായി തന്നെ 'മിന്നല്‍ മുരളി' മാറിയിരിക്കുകയാണ്.


🔳പുതിയ സിഎന്‍ജി വേരിയന്റിനൊപ്പം പുതിയ സെലേറിയോ മോഡല്‍ ലൈനപ്പ് മാരുതി സുസുക്കി  കൂടുതല്‍ വിപുലീകരിച്ചു. വിഎക്സ്ഐ ട്രിം അടിസ്ഥാനമാക്കി, മോഡലിന് 6.58 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം, ദില്ലി) വില. പുതിയ വേരിയന്റില്‍ ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റിനൊപ്പം 1.0ലി, 3സിലിണ്ടര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എഞ്ചിന്‍ ആണ് വാഹനത്തിന്റെ ഹൃദയം. പുതിയ മാരുതി സെലേറിയോ സിഎന്‍ജി 5,300 ആര്‍പിഎമ്മില്‍ 55.9 ബിഎച്ച്പി കരുത്തും 3,400 ആര്‍പിഎമ്മില്‍ 82.1 എന്‍എം ടോര്‍ക്കും നല്‍കുന്നു. 60 ലിറ്റര്‍ സിഎന്‍ജി ടാങ്കാണ് ഹാച്ച്ബാക്കിനുള്ളത്.


🔳സുന്ദരരൂപകങ്ങള്‍ കൊണ്ടും ലളിതാഖ്യാനം കൊണ്ടും സമ്പന്നമാണ് കെ വി മോഹന്‍കുമാറിന്റെ കഥകള്‍. പേപ്പര്‍ വെയ്റ്റ്, ജിബ്രാന്റെ കാമുകി, ഉല്‍പലാക്ഷ് കല്‍പദ്രുമം, മൂരി, നകുലന്‍, പടിഞ്ഞാറേ മുറി,അമ്പയ്യോന്‍ പെരുമാള്‍, മായന്‍തുരുത്ത് തുടങ്ങി യാഥാര്‍ത്ഥ്യത്തിന്റെയും മിത്തുകളുടെയും അടരുകള്‍ ചേര്‍ത്തുവച്ച എട്ട് കഥകളുടെ സമാഹാരം. 'പേപ്പര്‍ വെയ്റ്റ്'. ഒലീവ് പബ്ളിക്കേഷന്‍സ്. വില 153 രൂപ.


🔳ഒമിക്രോണ്‍ വകഭേദം മൂലം ഇപ്പോള്‍ രാജ്യത്ത് പടരുന്ന മൂന്നാം തരംഗം ലക്ഷണങ്ങളിലും ചില വ്യത്യാസങ്ങള്‍  പ്രകടിപ്പിക്കുന്നുണ്ട്. ഒമിക്രോണ്‍ ബാധിതരില്‍ പ്രധാനമായും കാണപ്പെട്ട രോഗലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്. മൂക്കൊലിപ്പ്, തലവേദന, തുമ്മല്‍, തൊണ്ട വേദന, തുടര്‍ച്ചയായ ചുമ, പനി, ഇതിന് പുറമേ മറ്റ് ചില ലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചിലും തിണര്‍പ്പും അലര്‍ജി, ചൂട്, അണുബാധ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലമാകാം. കോവിഡ് മൂലം ചര്‍മത്തിലും കൈകാല്‍ വിരലുകളിലും വായിലും നാക്കിലുമെല്ലാം തിണര്‍പ്പുകള്‍ ഉണ്ടാകുന്നതായി രോഗികള്‍ പരാതിപ്പെടുന്നു. രാത്രിയില്‍ ചൊറിച്ചില്‍ കൂടുന്നതായും ഇത് ഉറക്കത്തെ ബാധിക്കുന്നതായും കോവിഡ് പോസിറ്റീവായ പല രോഗികളും അഭിപ്രായപ്പെടുന്നു. ചിന്തയില്‍ ആശയക്കുഴപ്പവും ചുറ്റുപാടുകളെ കുറിച്ചുള്ള ധാരണക്കുറവും ഒമിക്രോണ്‍ ബാധ മൂലം ഉണ്ടാകുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. പ്രായമായ രോഗികളിലാണ് ഇത് കൂടുതല്‍ കണ്ടു വരുന്നത്. വൈറസ് ബാധിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണം പ്രത്യക്ഷപ്പെടാം. പ്രായമായവര്‍ പനിയെയോ ചുമയെയോ തുടര്‍ന്ന് പെട്ടെന്ന് വിചിത്രമായി പെരുമാറാന്‍ തുടങ്ങിയാല്‍ ഇത് കോവിഡ് ബാധ മൂലമാണെന്ന് സംശയിക്കണം. രോഗമുക്തി നേടുന്നതോടെ ഈ ലക്ഷണങ്ങള്‍ താനേ അപ്രത്യക്ഷമാകും. കോവിഡ് ബാധിച്ച മൂന്നിലൊരാള്‍ക്കും വിശപ്പില്ലായ്മ അനുഭവപ്പെടുന്നുണ്ട്. ഒരാഴ്ചക്കാലത്തേക്ക് എങ്കിലും ഭക്ഷണം കഴിക്കുന്നതിനോട് വിരക്തി തോന്നാം. ഇത് ഭാരം കുറയാനും ശരീരം ദുര്‍ബലമാകാനും കാരണമാകാം. കോവിഡ് സമയത്ത് രോഗമുക്തി വൈകുന്നതിലേക്ക് ഈ വിശപ്പിലായ്മ നയിക്കും.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 74.45, പൗണ്ട് - 101.56, യൂറോ - 84.88, സ്വിസ് ഫ്രാങ്ക് - 81.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 53.58, ബഹറിന്‍ ദിനാര്‍ - 197.46, കുവൈത്ത് ദിനാര്‍ -246.31, ഒമാനി റിയാല്‍ - 193.62, സൗദി റിയാല്‍ - 19.84, യു.എ.ഇ ദിര്‍ഹം - 20.27, ഖത്തര്‍ റിയാല്‍ - 20.45, കനേഡിയന്‍ ഡോളര്‍ - 59.52.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post