മാഹി കോളജിൽ സംഘർഷം: ഡിഗ്രി ക്ലാസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തി
മയ്യഴി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് കോളേജിലെ ഡിഗ്രി ഓഫ് ലൈൻ ക്ലാസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു.ഡിഗ്രി രണ്ടാംവർഷ വിദ്യാർഥികളുടെ ഒരുസംഘവും അവസാനവർഷ വിദ്യാർഥികളുടെ ഒരുസംഘവും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. രണ്ടാംവർഷ വിദ്യാർഥിയെ മൂന്നാംവർഷ വിദ്യാർഥി റാഗ് ചെയ്യാൻ ശ്രമിച്ചതാണ് സംഘർഷത്തിനും ഏറ്റുമുട്ടലിനും കാരണമായത്.വെള്ളിയാഴ്ചയുണ്ടായ പ്രശ്നങ്ങളുടെ തുടർച്ചയായി തിങ്കളാഴ്ചയും ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പള്ളൂർ പോലീസ് സ്ഥലത്തെത്തിയെങ്കിലും ആർക്കും പരാതിയില്ലാത്തതിനാൽ തിരിച്ചുപോയി.
കോളേജ് അധികൃതർക്കും സംഭവം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഡിഗ്രി ക്ലാസുകൾ തത്കാലത്തേക്ക് നിർത്തിവെച്ചത്. പരീക്ഷകളും ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും നടക്കുന്നുണ്ട്.
Post a Comment