മങ്ങാട്ടെ കുടിവെള്ള പ്രശ്നം: ജല വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു
ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ മങ്ങാട് വാർഡിലെ മലിനമായ കിണറുകളും തോടുകളും കുളങ്ങളും തലശ്ശേരിയിലെ കേരള ജലവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കേരള ഹരിത മിഷൻ വീട്ടുകിണറുകളിലെ വെള്ളം പരിശോധന നടത്തിയതിൽ 33 കിണറുകളിലെ വെള്ളം കുടിക്കാനുപയോഗിക്കാവുന്നതല്ലെന്ന് കണ്ടെത്തിയിരുന്നു. 15 കിണറുകളിൽ ക്വാളിഫാം, ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്.18 കാണറുകളിൽ പി.എച്ച്. മൂല്യം കുറവാണെന്നും കണ്ടെത്തി. ഈ പ്രശ്നങ്ങൾ തോട്ടിലെ വെള്ളത്തിലും കുളങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ജലവകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചത്. കഴിഞ്ഞ ദിവസം ആരോഗ്യ പ്രവർത്തകരുടെ സംഘം ഇവിടെയുള്ള 60 കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തിയിരുന്നു. ഇവിടെ കുടിവെള്ളം എത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മങ്ങാട് ദ്വീപ് നിവാസികൾ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതികളുടെ പ്രായോഗികതയും സാധ്യതകളും പഞ്ചായത്ത് അധികൃതരുമായി ചർച്ച ചെയ്തു.
കെ.ഡബ്ളിയു.എ. തലശ്ശേരി അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ ഷർണ രാഘവൻ, അസി.എഞ്ചിനിയർ എം.അനിൽകുമാർ, ഡ്രാഫ്സ്മാൻ കെ.ശിവരാമകൃഷ്ൻ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. സെയ്തു, സെക്രട്ടറി ഷീജാമണി, പഞ്ചായത്ത് അംഗം മഗേഷ് മാണിക്കോത്ത് എന്നിവരും, മയ്യഴിപ്പുഴ സംരക്ഷണ സമിതി പ്രവർത്തകരും കെ.ഡബ്ളിയു.എ അധികൃതർക്കൊപ്പമുണ്ടായിരുന്നു
Post a Comment