o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ


🔳രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നു. 24 മണിക്കൂറില്‍ 13,154 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒറ്റ ദിവസത്തിലാണ് കേസുകളില്‍ 45 ശതമാനം ഉയര്‍ച്ച ഉണ്ടായത്. മുംബൈ, കല്‍ക്കത്ത, ബെഗ്ലുരു, ദില്ലി എന്നിവിടങ്ങളിലാണ് കൊവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം 9155 ആയിരുന്നു രാജ്യത്തെ പ്രതിദിന കേസുകള്‍. അതിന് മുമ്പ് ആറായിരത്തോളം കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ നിന്നാണ് പതിമൂന്നായിരത്തിലേക്ക് കേസുകളെത്തിയത്. കൊവിഡ് മൂന്നാം തരംഗ ജാഗ്രത മുന്നറിയിപ്പ് കേന്ദ്രം ആവര്‍ത്തിക്കുന്നതിനിടെയാണ് കേസുകളിലെ വന്‍ വര്‍ധന.



🔳ഒമിക്രോണില്‍ സമൂഹവ്യാപന സാധ്യത തള്ളാതെ ദില്ലി സര്‍ക്കാര്‍. രാജ്യത്ത് ദില്ലിയിലാണ് ഏറ്റവുമധികം ഒമിക്രോണ്‍ ബാധിതരുള്ളത്. 263 പേരിലാണ് പുതിയ വകഭേദം ഇതുവരെ സ്ഥിരീകരിച്ചത്. ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ 46 ശതമാനവും ഒമികോണ്‍ വകഭേദമാണ്. വിദേശയാത്ര പശ്ചാത്തലമില്ലാത്തവര്‍ക്കും ഒമിക്രോണ്‍ ബാധിക്കുന്നതോടെ സമൂഹവ്യാപന സാധ്യത സര്‍ക്കാര്‍ തള്ളുന്നില്ല. ഒമിക്രോണ്‍ വ്യാപനം രൂക്ഷമാകുന്ന ദില്ലിയിലെ കൊവിഡ് കണക്കില്‍ 89 ശതമാനത്തോളം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 496 കൊവിഡ് കേസില്‍ നിന്ന് ഒറ്റ ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് കണക്ക് 923 ലേക്ക് എത്തിയത്.


🔳രാഹുല്‍ ഗാന്ധി വീണ്ടും വിദേശയാത്രയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനാണ് രാഹുല്‍ തിരിച്ചത് എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേ സമയം രാഹുലിന്റെ യാത്ര സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാഹുല്‍ വിദേശ സന്ദര്‍ശനത്തിലായതിനാല്‍ പഞ്ചാബിലെ മോഗയില്‍ നടത്താനിരുന്ന കോണ്‍ഗ്രസ് റാലി മാറ്റിവച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍.


🔳ശ്രീനാരായണ ഗുരുവിന്റെ സന്ദേശം മനസിലാകാത്തവര്‍ ഇന്നുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിനെ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന് അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞ ആളാണ് ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


🔳ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ സര്‍ക്കാര്‍ മാറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണര്‍ തുടരണമെന്നാണ് എല്‍ഡിഎഫ് നിലപാട്. ഗവര്‍ണറുടെ നിലപാടില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. കണ്ണൂര്‍ വിസി നിയമനവിവാദത്തില്‍ വീണ്ടും സര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുകയാണ് ഗവര്‍ണര്‍. കണ്ണൂര്‍ വിസി നിയമന കേസില്‍ ഹൈക്കോടതി ഗവര്‍ണര്‍ക്ക് അയച്ച നോട്ടീസ് സര്‍ക്കാരിലേക്ക് അയച്ച് ഒഴിഞ്ഞുമാറിയിരിക്കുകയാണ് ഗവര്‍ണര്‍. ചാന്‍സലര്‍ സ്ഥാനം ഒഴിഞ്ഞതിനാല്‍ നോട്ടീസ് കൈപ്പറ്റില്ലെന്നാണ് ഗവര്‍ണറുടെ നിലപാട്.


🔳ആര്‍.എസ്.സ്സുകാര്‍ പോലീസില്‍ ഉണ്ട് എന്നത് ഒരു പുതിയ വാര്‍ത്തയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആര്‍.എസ്.എസും പോപ്പുലര്‍ ഫ്രണ്ടും ഒരു പോലെയല്ല. പോപ്പുലര്‍ ഫ്രണ്ട് ഒരു ഭീകരവാദ സംഘടനയാണ്. ആര്‍ എസ് എസ് ഒരു ദേശ സ്നേഹ സംഘടനയാണ്. അവര്‍ പോലീസിലും പട്ടാളത്തിലുമടക്കം രാജ്യത്താകമാനം ഉണ്ട്. കേരളാ പോലീസില്‍ ആര്‍.എസ്.എസുകാര്‍ ഉണ്ട് എന്ന കാര്യം ആര്‍ക്കാണ് അറിയാത്തതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.


🔳പാലക്കാടും ആലപ്പുഴയിലും എസ്.ഡി.പി.ഐ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സംസ്ഥാനന്തര ഗൂഡാലോചനയുണ്ടെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ. കൊല നടത്തിയ ശേഷം പ്രതികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടന്ന് വിദഗ്ധമായി ഒളിവില്‍ കഴിയുകയാണ് രീതിയെന്നും സാഖ്റേ പറഞ്ഞു.


🔳ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലെ ബിജെപി പ്രവര്‍ത്തകന്‍ രണ്‍ജീത്തിന്റെ കൊലപാതകത്തിലെ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കൊലപാതകങ്ങളില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എസ്ഡിപിഐക്ക് സഹായം ലഭിക്കുന്നുവെന്ന എഡിജിപിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം. കേരളാ പൊലീസിന് കുറ്റം തെളിയിക്കാന്‍ കഴിയില്ലെന്ന കുറ്റസമ്മതമാണ് എഡിജിപി വിജയ് സാഖറെയുടേതെന്നും അതിനാല്‍ കേസ് എന്‍ ഐഎയ്ക്ക് വിടണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.


🔳തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെ പരിഹസിച്ച കോണ്‍ഗ്രസ് എംപി കെ മുരളീധരന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ശക്തനായി വന്ന് നേമത്ത് ശക്തമായി തോറ്റതിന്റെ വിഷമമാണ് മുരളീധരനെന്ന് ശിവന്‍കുട്ടി പറഞ്ഞു. മേയര്‍ ആര്യാ രാജേന്ദ്രന് അംഗീകാരം ലഭിക്കുന്നതിന്റെ അസൂയയാണ് മുരളീധരനെന്നും ശിവന്‍കുട്ടി പരിഹസിച്ചു.


🔳നടിയെ ആക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് എറണാകുളത്തെ പ്രത്യേക കോടതി ജനുവരി 4 ലേക്ക് മാറ്റി. ഇന്ന് സാക്ഷി വിസ്താരം നടന്നില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ സാക്ഷി വിസ്താരം ആയിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച സാഹചര്യത്തില്‍ അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ ആണ് ഇന്ന് ഹാജരായത്.


🔳സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി. ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്‌കൂള്‍ തുറക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാകാര്യങ്ങളിലും തീരുമാനമെടുത്തത്. ഒമിക്രോണ്‍ കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അതിനാല്‍ പരീക്ഷ ഉള്‍പ്പെടെയുളള കാര്യങ്ങളുമായി മുന്നോട്ടു പോകുമെന്നും മന്ത്രി അറിയിച്ചു.


🔳ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി എസ് രാജേന്ദ്രന്‍. പാര്‍ട്ടി അന്വേഷണത്തില്‍ വിശദീകരണം നല്‍കിയില്ല എന്നു പറയുന്നത് തെറ്റെന്ന് രാജേന്ദ്രന്‍. ആരെങ്കിലും കഥയെഴുതുന്നതിനനുസരിച്ച് അഭിനയിക്കാന്‍ തനിക്കറിയില്ലെന്നും പാര്‍ട്ടിയില്‍ ചിലര്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെമ്പര്‍ഷിപ്പ് കൊടുക്കുന്നതും ഒഴിവാക്കുന്നതുമെല്ലാം പാര്‍ട്ടിയുടെ അവകാശമാണെന്നും നടപടി ശുപാര്‍ശയോടുള്ള പ്രതികരണമായി എസ് രാജേന്ദ്രന്‍ പറഞ്ഞു.


🔳മഹാത്മാ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ ആള്‍ ദൈവം സാധു കാളീചരണ്‍ മഹാരാജിനെ ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഖജുരാവോയില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റായ്പൂരില്‍ നടന്ന ധരം സന്‍സദില്‍ ആയിരുന്നു ആള്‍ ദൈവം സാധു കാളീചരണ്‍ മഹാരാജിന്റെ വിവാദ പ്രസംഗം. ഇയാളെ ഇന്ന് വൈകീട്ട് റായ് പൂരില്‍ എത്തിക്കും. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി രാജ്യം നശിപ്പിച്ചു... അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു ഇയാളുടെ വിവാദ പരാമര്‍ശം.


🔳സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിര്‍ത്തിയെയും, സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡ് ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അറിയപ്പെടും. സിക്കിം ഗവര്‍ണര്‍ ഗംഗ പ്രസാദാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്റു മാര്‍ഗ് എന്നായിരുന്നു ഈ റോഡിന്റെ പേര്. കൊവിഡ് കാലത്ത് സൌജന്യ വാക്സിനും, റേഷനും നല്‍കിയതിന് ആദരസൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോദിയുടെ പേര് ഇട്ടത് എന്നാണ് പ്രദേശിക നേതാവായ ഐകെ റസൈലിയുടെ പ്രതികരണം.


🔳സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്സ്പ നിയമം നാഗാലാന്‍ഡില്‍ 6 മാസത്തേക്ക് കൂടി നീട്ടി. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം. ഡിസംബര്‍ ആറിന് 21 പാരാ സ്പെഷ്യല്‍ ഫോഴ്സിലെ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.


🔳അഫ്ഗാനിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പ്രത്യേക സ്ഥാനപതിയെ നിയമിച്ച് യു.എസ്. സര്‍ക്കാര്‍. നിലവില്‍ അഫ്ഗാന്‍ ഭരണം കൈയാളുന്ന താലിബാന്‍ സ്ത്രീകള്‍ക്കെതിരെയുള്ള നിയന്ത്രണം കടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യു.എസിന്റെ പുതിയ നീക്കം.


🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജൈത്രയാത്ര തുടരുന്നു. എതിരില്ലാത്ത ഒരു ഗോളിന് സിറ്റി ബ്രന്‍ഡ്ഫോര്‍ഡിനെ തോല്‍പ്പിച്ചു. 20 മത്സരങ്ങളില്‍ നിന്ന് 50 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് സിറ്റി. അതേസമയം ലീഗില്‍ കരുത്തരായ ചെല്‍സിക്ക് സമനില. ബ്രൈറ്റന്‍ 1-1നാണ് ചെല്‍സിയെ സമനിലയില്‍ തളച്ചത്. 20 മത്സരങ്ങളില്‍ നിന്ന് 42 പോയിന്റുമായി ചെല്‍സി നിലവില്‍ രണ്ടാം സ്ഥാനത്താണ്.


🔳കൊവിഡ് കാലത്ത് അത്ര സാധാരണമല്ലാത്ത ഒരു നടപടിയിലൂടെ ചില ജീവനക്കാരെയും കോടീശ്വരന്‍മാര്‍ ആക്കിയിരിക്കുകയാണ് മള്‍ട്ടി നാഷണല്‍ കമ്പനിയായ ആപ്പിള്‍. ജീവനക്കാരെ പ്രത്യേകിച്ച് വിദഗ്ധരായ എന്‍ജിനിയര്‍മാരെ പിടിച്ചു നിര്‍ത്തുന്നതിനായി 50,0000 ഡോളര്‍ മുതല്‍ 1,80,000 ഡോളര്‍ വരെ മൂല്യമുള്ള സ്റ്റോക്ക് ബോണസാണ് ജീവനക്കാര്‍ക്ക് നല്‍കുന്നത്. 1.3 കോടി രൂപയിലേറെ മൂല്യമുള്ള ഓഹരികള്‍ കിട്ടുന്ന ജീവനക്കാരും കോടീശ്വരന്‍മാരാകും. ഫേസ്ബുക്ക് പോലുള്ള എതിരാളികളായ കമ്പനികളിലേക്ക് ജീവനക്കാര്‍ ചേക്കേറുന്നത് തടയാന്‍ കൂടെയാണ് വമ്പന്‍ ബോണസ് പ്രഖ്യാപിച്ചത്. ഹാര്‍ഡ് വെയര്‍ , സോഫ്റ്റ് വെയര്‍ രംഗത്തെയും ഡിസൈന്‍ മേഖലയിലെയും വിദഗ്ധരായ എന്‍ജിനിയര്‍മാര്‍ക്ക് ബോണസ് ലഭിക്കും.


🔳സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില താഴേക്ക്. പവന് 200 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,920. ഏറെ ദിവസത്തിനു ശേഷമാണ് പവന്‍ വില 35,000ല്‍ താഴെ എത്തുന്നത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4490ല്‍ എത്തി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 440 രൂപയാണ് പവന് താഴ്ന്നത്. തിങ്കളാഴ്ച 36,360 രൂപയായിരുന്നു പവന്‍ വില. ചൊവ്വാഴ്ച ഇത് 26,380ല്‍ എത്തി. ഇന്നലെ വീണ്ടും 36,120 രൂപയായി. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില 35,560 വരെ താഴ്ന്നിരുന്നു.


🔳തെലുങ്ക് യുവതാരം ശര്‍വാനന്ദിന്റെ ചിത്രമാണ് 'ഒകെ ഒകെ ജീവിതം'. നവാഗതനായ ശ്രീ കാര്‍ത്തിക്കാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശ്രീ കാര്‍ത്തിക് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'ഒകെ ഒക ജീവിത'മെന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. റിതു വര്‍മ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ തെലുങ്ക് നടി അമലയും പ്രധാന കഥാപാത്രമായി എത്തുന്നു.


🔳പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഉണ്ണി മുകുന്ദന്‍ ചിത്രമാണ് 'മേപ്പടിയാന്‍'. വിഷ്ണു മോഹനാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സിനിമയ്ക്കായി ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവയ്ക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇന്ദ്രന്‍സ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. 'അഷ്‌റഫ് അലിയാര്‍' എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. ജനുവരി 14നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.


🔳സങ്കീര്‍ത്തന' ത്തിനുശേ,ഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ളാസിക്. ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര

കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേല്‍ നശ്വരവും നിസ്സാരവുമെന്ന് ചക്രവര്‍ത്തി തിരിച്ചറിയുന്നു. 'അശ്വാരൂഢന്റെ വരവ്'. പെരുമ്പടവം ശ്രീധരന്‍. മനോരമ ബുക്സ്. വില 152 രൂപ.


🔳കുപ്പിയില്‍ വായ മുട്ടിച്ച് വെള്ളം കുടിച്ച് കഴിഞ്ഞ് ശേഷിക്കുന്ന വെള്ളം നാം കുപ്പിയില്‍ തന്നെ വയ്ക്കാറുണ്ട്. ചിലര്‍ കാറിനുള്ളിലൊക്കെ ഇത്തരം വെള്ളകുപ്പികള്‍ വച്ചിട്ട് പോകും. ഇതും അപകടകരമാണ്. കുപ്പിയില്‍ നാം വായ മുട്ടിക്കുമ്പോള്‍ നമ്മുടെ ചുണ്ടിലെയും വായിലെയും നിര്‍ജീവ കോശങ്ങളും പൊടിയും വിയര്‍പ്പുമെല്ലാം കുപ്പിക്കുള്ളില്‍ എത്തും. ഉമിനീരിലെ ലക്ഷണക്കണക്കിന് ബാക്ടീരിയയും കുപ്പിയിലെ വെള്ളത്തില്‍ കലരും. ഈ വെള്ളം കുറച്ച് നേരം വച്ചു കഴിഞ്ഞാല്‍, പ്രത്യേകിച്ചും കാറിന്റെയുള്ളിലെ ചൂട് താപനിലയില്‍ വച്ചു കഴിഞ്ഞാല്‍, അവയില്‍ ബാക്ടീരിയ വളരാന്‍ ആരംഭിക്കും. ഇത് പിന്നീട് കുടിക്കുന്നത് ആരോഗ്യ പ്രശ്നം ഉണ്ടാക്കാം. വായ മുട്ടിച്ച് കുടിക്കുന്ന കുപ്പി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതും അപകടമാണ്. ടാപ്പില്‍ നിന്നോ ഫില്‍റ്ററില്‍ നിന്നോ വെള്ളം ആവശ്യമുള്ളപ്പോള്‍ പകര്‍ന്നു കുടിക്കുന്നതാണ് ഏറ്റവും ഉത്തമം. ഉറങ്ങാന്‍ കിടക്കുമ്പോ സമീപത്ത് കുപ്പി വച്ചിട്ടുണ്ടെങ്കിലും അതില്‍ നിന്നു നേരിട്ട് കുടിക്കാതെ ഒരു ഗ്ലാസ്സിലേക്ക് പകര്‍ന്നു കുടിക്കണം. ഇതിനായി മൂടി വച്ച ഗ്ലാസ് അരികില്‍ സൂക്ഷിക്കാം. രാത്രിയില്‍ എടുത്ത് വച്ച വെള്ളം രാവിലെ കുടിക്കാതിരിക്കാനും കുപ്പിയിലെ വെള്ളം ദിവസവും മാറ്റാനും ശ്രദ്ധിക്കണം. കാറില്‍ കുപ്പിയിലാക്കി വച്ചിരിക്കുന്ന വെള്ളവും ദിവസവും മാറ്റണം.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 74.57, പൗണ്ട് - 100.44, യൂറോ - 84.41, സ്വിസ് ഫ്രാങ്ക് - 81.37, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.09, ബഹറിന്‍ ദിനാര്‍ - 197.81, കുവൈത്ത് ദിനാര്‍ -246.43, ഒമാനി റിയാല്‍ - 193.94, സൗദി റിയാല്‍ - 19.86, യു.എ.ഇ ദിര്‍ഹം - 20.30, ഖത്തര്‍ റിയാല്‍ - 20.48, കനേഡിയന്‍ ഡോളര്‍ - 58.26.

➖➖➖➖➖➖➖➖

Post a Comment

Previous Post Next Post