o സായാഹ്‌ന വാർത്തകൾ
Latest News


 

സായാഹ്‌ന വാർത്തകൾ

 സായാഹ്‌ന വാർത്തകൾ



🔳ലോകത്ത് ഒമിക്രോണ്‍ അതിവേഗത്തില്‍ പടരുന്നു. യുകെയിലെ വ്യാപനത്തിന്റെ തോതനുസരിച്ച്, ഇന്ത്യയില്‍ സമാനമായ വ്യാപനം ഉണ്ടാവുകയാണെങ്കില്‍, നമ്മുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍, പ്രതിദിനം 14 ലക്ഷം കേസുകള്‍ വരെ ഉണ്ടായേക്കാമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുന്നറിയിപ്പ്. 80 ശതമാനം ഭാഗിക പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തിയിട്ടും യൂറോപ്പ് ഗുരുതരമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഡെല്‍റ്റ തരംഗം അവിടെ ആഞ്ഞടിക്കുകയാണെന്നും ഡോ. വി കെ പോള്‍ പറഞ്ഞു. അനാവശ്യ യാത്രകള്‍, തിരക്കുള്ള സ്ഥലങ്ങള്‍, പുതുവത്സര ആഘോഷങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ രീതിയില്‍ കടന്നുപോകുകയാണെങ്കില്‍ ഒമിക്രോണ്‍ ഡെല്‍റ്റയെ മറികടക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.


🔳സ്ത്രീകളുടെ വിവാഹപ്രായം ഇരുപത്തിയൊന്നായി ഉയര്‍ത്താനുള്ള ബില്‍ തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ എതിര്‍പ്പുമായി കോണ്‍ഗ്രസും. വിവാഹപ്രായം ഉയര്‍ത്തുന്ന ബിജെപി സര്‍ക്കാരിന് ഗൂഢ ഉദ്ദേശമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മറ്റ് പല പ്രധാനപ്പെട്ട വിഷയങ്ങളും അവഗണിച്ച് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ മറ്റ് അജണ്ടകള്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഇന്ത്യയില്‍ ഇപ്പോള്‍ ഈ ബില്ലിന്റെ ആവശ്യമില്ലെന്നും എതിര്‍ത്ത് വോട്ടു ചെയ്യാന്‍ തീരുമാനിച്ചതായും സമാജ് വാദി പാര്‍ട്ടി വ്യക്തമാക്കി. അസദുദ്ദീന്‍ ഒവൈസിയുടെ എംഐഎമ്മും ബില്ലിനെ എതിര്‍ക്കും. നേരത്തെ മുസ്ലിംലീഗ്, സിപിഎം, സിപിഐ എന്നീ പാര്‍ട്ടികളും എതിര്‍പ്പ് പരസ്യമാക്കിയിരുന്നു.


🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെ എതിര്‍ത്ത് സീതാറാം യെച്ചൂരി. എന്ത് അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തുന്നത് എന്ന് വ്യക്തമല്ല. വിവാഹപ്രായം 21 ആക്കിയതുകൊണ്ട് സമൂഹത്തില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് യെച്ചൂരി വിമര്‍ശിച്ചു. രാജ്യത്തെ പോഷകാഹാരപ്രശ്നമാണ് ആദ്യം പരിഹരിക്കേണ്ടത്. അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇത്തരം നീക്കങ്ങള്‍ ഗുണം ചെയ്യില്ലെന്നും യെച്ചൂരി പറഞ്ഞു.


🔳പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസില്‍ നിന്ന് 21 വയസാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടി ദൂരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാഹപ്രായമിപ്പോള്‍ 21 ആക്കേണ്ട കാര്യമില്ല. ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ആശയക്കുഴപ്പമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ദില്ലിയില്‍ പറഞ്ഞു.


🔳കെപിസിസി പുനസംഘടനയുമായി സഹകരിക്കാന്‍ എ-ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടേയും അഭിപ്രായങ്ങള്‍ കൂടി പരിഗണിക്കുമെന്ന് നേതൃത്വത്തിന്റെ ഉറപ്പിനെ തുടര്‍ന്നാണ് സമവായം. രാഷ്ട്രീയകാര്യസമിതി ഉടന്‍ വിളിക്കാനും തീരുമാനമായി.


🔳കെ-റെയില്‍ പദ്ധതിക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കി യുഡിഎഫ്. പദ്ധതിക്കെതിരെ സംസ്ഥാനത്തെ  വിവിധ  കേന്ദ്രങ്ങളിലും യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധധര്‍ണ്ണ നടത്തി. സെക്രട്ടേറിയറ്റിനു മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലുമാണ് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ മാര്‍ച്ച് സംഘടിപ്പിച്ചത്. യുഡിഎഫ് നിലപാടിനൊപ്പം നില്‍ക്കാത്ത ശശി തരൂരിന്റെ നിലപാട് വിവാദമായതിനിടെയാണ് സമരം


🔳കെറെയില്‍ പദ്ധതിയില്‍ മുന്നണിക്കും പാര്‍ട്ടിക്കും വിരുദ്ധമായ നിലപാട് സ്വീകരിക്കുകയും പൊതുവേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്ത ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍.  പാര്‍ട്ടിക്ക് അകത്തുള്ളവരാണെങ്കില്‍ അവര്‍ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരുമെന്നും ശശി തരൂരിനോടും തങ്ങള്‍ക്കുള്ള അഭ്യര്‍ത്ഥന അതാണെന്നും സുധാകരന്‍ തുറന്നടിച്ചു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന പാര്‍ട്ടിയുടെ നയത്തോടൊപ്പം ഒതുങ്ങി നില്‍ക്കാനും തീരുമാനങ്ങളെ പിന്താങ്ങാനും തയ്യാറാവണം എന്നാണ് ഞങ്ങള്‍ക്ക് അദ്ദേഹത്തോടുള്ള അഭ്യര്‍ത്ഥന. ശശി തരൂര്‍ ലോകം കണ്ട നേതാവാണ് എന്നാല്‍ ഇരിക്കുന്നിടം കുഴിക്കാന്‍ ഞങ്ങള്‍ അദ്ദേഹത്തെ അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.


🔳കെ റെയില്‍ വിഷയത്തില്‍ തരൂര്‍ പറഞ്ഞത് കേരളത്തിന്റെ പൊതുവികാരമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. വികസനത്തോട് മറ്റു നേതാക്കളെപ്പോലെ തരൂരിന് നിഷേധാത്മക സമീപനമില്ല. കെ റെയിലില്‍ സര്‍ക്കാരിന് തിടുക്കമില്ല. കോണ്‍ഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതി ആണിത്. എന്നാല്‍ എല്‍ഡിഎഫ് പദ്ധതി നടപ്പാക്കുന്നതിലാണ് കോണ്‍ഗ്രസിന് എതിര്‍പ്പെന്നും കോടിയേരി പറഞ്ഞു.


🔳സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്ര നിരക്ക് വര്‍ധനവുമായി ബന്ധപെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂലമായ  നടപടികള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് സമരം മാറ്റിവെക്കാന്‍ സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. അനിശ്ചിതകാല സമരം 21 മുതല്‍ ഉണ്ടാകില്ലെന്നും മാറ്റിവെച്ചതായും ബസ് ഉടമ സംയുക്ത സമിതി നേതാക്കള്‍ അറിയിച്ചു.


🔳മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ആശ്രിത നിയമനം കേരള ഹൈക്കോടതി റദ്ദാക്കിയതെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. മന്ത്രിസഭാ തീരുമാനത്തില്‍ പിഴവില്ലെന്നും ഹൈക്കോടതി വിധി ഉടന്‍ സ്റ്റേ ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്നു.


🔳ദത്ത് കേസില്‍ പൊലീസ് അന്വേഷണം ശരിയായി നടക്കുന്നില്ലെന്ന് സമരസമിതി. കുറ്റക്കാര്‍ക്ക് എതിരെ അന്വേഷണം നടക്കുന്നില്ലെന്ന് സമരസമിതി ആരോപിച്ചു. വനിതാ ശിശുക്ഷേമ ഡയറക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നല്‍കുന്നില്ല. ശിശുക്ഷേമ സമിതി കുടുംബകോടതിയെ കബളിപ്പിച്ചെന്നും അനുപമ ആരോപിച്ചു. കോടതിയില്‍ സമര്‍പ്പിച്ചത് കൊല്ലം കേന്ദ്രത്തിന്റെ അഡോപ്ഷന്‍ ലൈസന്‍സ് ആണെന്നും തിരുവനന്തപുരം കേന്ദ്രത്തിന് ഉള്ളത് ഓര്‍ഫനേജ് രജിസ്‌ട്രേഷന്‍ ലൈസന്‍സ് മാത്രമാണെന്നും സമരസമിതി ആരോപിക്കുന്നു. തിരുവനന്തപുരം കേന്ദ്രത്തിന് അഡോപ്ഷന്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ പുറത്തുവിടണമെന്നും അനുപമ ആവശ്യപ്പെട്ടു.


🔳പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ തിരക്കി പോയ പൊലീസുകാര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞ് ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ആലപ്പുഴ സ്വദേശി ബാലുവാണ് മരിച്ചത്. എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്. വര്‍ക്കല ശിവഗിരി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ബാലുവിനെ ഇവിടെ നിന്ന് പ്രതിക്കായുള്ള തെരച്ചില്‍ സംഘത്തിലേക്ക് നിയോഗിക്കുകയായിരുന്നു.

🔳സജീവ രാഷ്ട്രീയം ഉപേക്ഷിച്ച മെട്രോമാന്‍ ഇ ശ്രീധരന്റെ തീരുമാനം വൈകി വന്ന വിവേകമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബിജെപിയില്‍ നിന്നും ഇപ്പോഴെങ്കിലും രക്ഷപ്പെടാന്‍ തോന്നിയത് നന്നായെന്നും വൈകി വന്ന വിവേകമാണ് ഒരുപക്ഷെ ചിലരെ രക്ഷിക്കുകയെന്നും ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു. കള്ളപ്പണത്തിന്റെയും കുഴല്‍പ്പണത്തിന്റെയും രാജാക്കന്മാരായി വിലസുന്ന ബിജെപിയിലേക്ക് മെട്രോമാന്‍ പോകാന്‍ പാടില്ലായിരുന്നു. കേരളത്തിലെ ബിജെപി ആഴക്കടലിലെ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും ജയരാജന്‍ പറഞ്ഞു.


🔳പ്രണയ നൈരാശ്യം മൂലം കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച നന്ദു എന്ന നന്ദകുമാര്‍  (31) മരിച്ചു. തിക്കോടി പള്ളിത്താഴം സ്വദേശി മോഹനന്റെ മകനാണ്. 99 ശതമാനം പൊള്ളലേറ്റ നന്ദു കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.


🔳ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സമാജ് വാദി പാര്‍ട്ടി നേതാക്കളുടെ വീടുകളില്‍ കേന്ദ്ര ഏജന്‍സിയുടെ പരിശോധന. സമാജ് വാദി പാര്‍ട്ടി ദേശീയ വക്താവ് രാജീവ് റായ്, ജെനേന്ദ്ര യാദവ്, മനോജ് യാദവ് എന്നിവരുടെ വീടുകളില്‍ ഇന്ന് രാവിലെയാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ വിശ്വസ്തരാണ് മൂവരും. മൂന്ന് പേരുടേയും വീടുകളില്‍ ഒരേ സമയത്താണ് പരിശോധന നടന്നത്. രണ്ട് മണിക്കൂറോളം പരിശോധന നീണ്ടുനിന്നു.

വിശ്വസ്തരുടെ വീടുകളില്‍ നടന്ന പരിശോധനക്ക് എതിരെ അഖിലേഷ് യാദവ് രംഗത്തെത്തി. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര ഏജന്‍സിയെ ഉപയോഗിച്ച് ബി ജെ പി നടത്തുന്ന നാടകമാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.


🔳ഐഎസ്എല്ലില്‍  ഇന്ന് രണ്ട് മത്സരങ്ങള്‍. രാത്രി 7.30ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി, ഒഡിഷയെ നേരിടും. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ രാത്രി 9.30ന് എഫ്‌സി ഗോവ, ഹൈദരാബാദുമായി ഏറ്റുമുട്ടും.


🔳ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട വീഡിയോ മേക്കിംഗ് ആപ്പായ ടിക് ടോക് റസ്റ്റോറന്റ് ബിസിനസ് രംഗത്തേക്ക്. യുഎസിലാണ് തുടക്കമിടുന്നത്. ഡെലിവറി മാത്രം നല്‍കുന്ന റസ്റ്റോറന്റുകളായിരിക്കും വെര്‍ച്വല്‍ ഡൈനിംഗ് കണ്‍സപ്റ്റ്, ഗ്രുഭുബ് തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് നടത്തുക. അടുത്ത വര്‍ഷം മാര്‍ച്ചോടെ യുഎസില്‍  300 കേന്ദ്രങ്ങളില്‍ ഇവയെത്തും. വര്‍ഷാവസാനത്തോടെ ആയിരത്തിലധികം കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കും. ടിക് ടോക്കില്‍ വൈറലായ വിഭവങ്ങളായിരിക്കും ആദ്യ ഘട്ടത്തില്‍ വിളമ്പുക. വിവിധ തരം പാസ്തകള്‍, പാചകംചെയ്ത പാല്‍ക്കട്ടി തുടങ്ങി നിരവധി ഡിഷുകള്‍ മെനുവിലുണ്ടാകും.


🔳മുന്‍ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് തന്റെ നോണ്‍-ഫംജബ്ള്‍ ടോക്കണും (എന്‍എഫ്ടി) ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി സംരംഭവും ആരംഭിച്ചു. അത്തരം ആസ്തികളെ ചുറ്റിപ്പറ്റിയുള്ള സമീപകാല ചര്‍ച്ചകള്‍ക്കിടയിലേക്ക് കയറിക്കൂടിയ പുതിയ സെലിബ്രിറ്റിയാണ് മുന്‍ ഫസ്റ്റ് ലേഡി. 'ഡിജിറ്റല്‍ മെമ്മോറബിലിയ' പൂളിലേക്ക് എത്തിയ മെലാനിയ ട്രംപ് എന്‍എഫ്ടി ശേഖരത്തില്‍ നിന്നുള്ള ഒരു വലിയ വരുമാനത്തുക ഫോസ്റ്റര്‍ കെയറില്‍ നിന്നും വളര്‍ന്നു വരുന്ന മുതിര്‍ന്ന കുട്ടികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മെലാനിയ അവതരിപ്പിച്ചത് 'മെലാനിയാസ് വിഷന്‍' എന്ന് പേരിട്ടിരിക്കുന്ന എന്‍എഫ്ടിയാണ്. ഫ്രഞ്ച് കലാകാരനായ മാര്‍ക്ക്-ആന്റോയിന്‍ കൂലോണ്‍ സൃഷ്ടിച്ച ഒരു ജലച്ചായാ ചിത്രമാണിത്.


🔳സൗബിന്‍ സാഹിര്‍, മംമ്ത മോഹന്‍ദാസ് എിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യു ' മ്യാവൂ ' എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. വിനീത് ശ്രീനിവാസന്‍, സൗബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. സൗബിനും മംമ്തയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സലിംകുമാര്‍, ഹരിശ്രീ യൂസഫ് എന്നിവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയുമാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. ആലുവക്കാരനായ ഗ്രോസറി നടത്തിപ്പുകാരന്‍ ദസ്തഗീറിന്റെയും ഭാര്യയുടെയും മൂന്ന് മക്കളുടെയും കഥയാണ് ചിത്രം പറയുന്നത്.


🔳രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രമാണ് 'ബ്രഹ്‌മാസ്ത്ര'. അയന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം 2022 സെപ്റ്റംബര്‍ 9ന് പ്രദര്‍ശനത്തിന് എത്തുക. എസ് എസ് രാജമൗലിയാണ് മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ ബ്രഹ്‌മാസ്ത്ര അവതരിപ്പിക്കുക. അമിതാഭ് ബച്ചനും 'ബ്രഹ്‌മാസ്ത്ര'യില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രണ്ട് ഭാഗങ്ങളായിട്ട് എത്തുന്ന ചിത്രം ആദ്യം ബ്രഹ്‌മാസ്ത്ര പാര്‍ട് വണ്‍: ശിവ എന്ന പേരിലാണ്. നാഗാര്‍ജുനയും 'ബ്രഹ്‌മാസ്ത്ര'യെന്ന ചിത്രത്തില്‍ അഭിനയിക്കുന്നു. ആലിയ ഭട്ട് ആണ് നായിക. ഡിംപിള്‍ കപാഡിയയാണ് മറ്റൊരു കഥാപാത്രമായി എത്തുന്നത്. ഷാരൂഖ് ഖാന്‍  അതിഥി വേഷത്തില്‍ എത്തും.


🔳ബെനെല്ലി ഇന്ത്യ പുതിയ എന്‍ട്രി ലെവല്‍ അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ ടിആര്‍കെ 251 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.51 ലക്ഷം രൂപ  പ്രാരംഭ വിലയിലാണ് വാഹനത്തിന്റെ അവതരണം. കമ്പനിയുടെ ജനപ്രിയ അഡ്വഞ്ചര്‍ സീരീസായ 'ടിആര്‍കെ' മോട്ടോര്‍സൈക്കിളുകള്‍ക്ക് പുതിയ രൂപഭാവങ്ങള്‍ നല്‍കിയാണ് പുതിയ ടിആര്‍കെ  251 എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുക്കിംഗും ആരംഭിച്ചു കഴിഞ്ഞു. ബൈക്കിന്റെ ഡെലിവറിയും ഉടന്‍ ആരംഭിക്കും. പുതിയ ബെനെല്ലി ടിആര്‍കെ  251 ഓണ്‍ലൈനിലോ അംഗീകൃത ഡീലര്‍ഷിപ്പിലോ 6,000 രൂപ ടോക്കണ്‍ തുക നല്‍കി മുന്‍കൂട്ടി ബുക്ക് ചെയ്യാം.


🔳ക്വിറ്റ് ഇന്ത്യാ സമരം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് യശ്പാലിന്റെ 'രാജ്യദ്രോഹി'. ആശയസംഘട്ടനങ്ങള്‍കൊണ്ട് ബഹുലമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി ഇന്ത്യന്‍ സാഹിത്യത്തില്‍ മറ്റൊരു നോവല്‍ രചിക്കപ്പെട്ടിട്ടില്ല. റൊമാന്റിക് റിയലിസ്റ്റിക് തലങ്ങളുടെ സമന്വയത്തിലൂടെ ആവിഷ്‌ക്കരണത്തിന്റെ വ്യത്യസ്തമായ സൗന്ദര്യമാനദണ്ഡങ്ങളിലേക്ക് ഈ കൃതി ഉയരുന്നു. ഗ്രീന്‍ ബുക്സ്. വില 337 രൂപ.


🔳ശരീരത്തിന്റെ സംരക്ഷണത്തില്‍ നാരുകള്‍ വളരെയധികം പ്രാധാന്യം വഹിക്കുന്നുണ്ട്. സസ്യാഹാരങ്ങളില്‍ മാത്രം കാണപ്പെടുന്ന ഒരു അന്നജമാണ് നാരുകള്‍ അഥവാ ഫൈബര്‍. മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറപ്പെടാത്തതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നും. അതിനാല്‍ ഭക്ഷണം കഴിക്കുന്നതിന്റെ അളവ് കൂടാതിരിക്കും. മലബന്ധം ഇല്ലാതാക്കാനും നാരുകളുള്ള ഭക്ഷണങ്ങള്‍ ശീലമാക്കാം. ജലത്തില്‍ ലയിക്കുന്ന നാരുകള്‍ രക്തത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ധാന്യങ്ങളുടെ തവിടില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. റാഗി, ബാര്‍ലി, കുത്തരി, ചോളം എന്നിവ ശീലമാക്കാം. കടല, ചെറുപയര്‍, സോയ, മുതിര, ചീര, കാബേജ്, കോളിഫ്ളവര്‍, പാവയ്ക്ക, വഴുതനങ്ങ, മത്തങ്ങ, വെണ്ടയ്ക്ക, ആപ്പിള്‍, കിവി, പാഷന്‍ ഫ്രൂട്ട്, പേരയ്ക്ക, മാതളം, നെല്ലിക്ക, മുന്തിരി, നിലക്കടല, നട്സ് തുടങ്ങിയവയില്‍ നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.


*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ - 76.31, പൗണ്ട് - 101.00, യൂറോ - 85.78, സ്വിസ് ഫ്രാങ്ക് - 82.55, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.38, ബഹറിന്‍ ദിനാര്‍ - 202.41, കുവൈത്ത് ദിനാര്‍ -251.79, ഒമാനി റിയാല്‍ - 198.19, സൗദി റിയാല്‍ - 20.33, യു.എ.ഇ ദിര്‍ഹം - 20.78, ഖത്തര്‍ റിയാല്‍ - 20.96, കനേഡിയന്‍ ഡോളര്‍ - 59.18.

                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                        

Post a Comment

Previous Post Next Post