പ്രഭാത വാർത്തകൾ
🔳45-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ലഖ്നൗവില്‍ ചേരും. . പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമോയെന്നത് യോഗം ചര്‍ച്ച ചെയ്തേക്കും. കൊവിഡ് വ്യാപനത്തിന് ശേഷം ഇത് ആദ്യമായാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം നേരിട്ട് ചേരുന്നത്. പെട്രോള്‍, ഡീസല്‍, പ്രകൃതി വാതകം, വിമാന ഇന്ധനം എന്നിവ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തി വില കുറക്കാനുള്ള ചരിത്രപരമായ തീരുമാനം കൗണ്‍സിലില്‍ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.
🔳കൊവിഡില്‍ തകര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുക, ബിഹാര്‍ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങുക എന്നീ മോദിസര്‍ക്കാരിന്റെ രണ്ട് അജണ്ടകള്‍ നടപ്പിലാക്കാന്‍ ഐസിഎംആര്‍ രണ്ടാം തരംഗമെന്ന മുന്നറിയിപ്പ് മറച്ചുവെച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യത്തെ കൊവിഡ് സാഹചര്യം മറച്ചുവെച്ചുവെന്ന റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി ഐസിഎംആര്‍ രംഗത്തെത്തി. കൊവിഡ് നിയന്ത്രണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അജണ്ടയാണ് ഇതെന്ന് ഐസിഎംആര്‍ മേധാവി ബല്‍റാം ഭാര്‍ഗവ പ്രതികരിച്ചു. സംഭവത്തില്‍ കോണ്‍ഗ്രസ് ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
🔳പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സേവാ ഓര് സമര്പ്പണ് അഭിയാന് എന്ന പേരില്‍ മൂന്നാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 34,640 കോവിഡ് രോഗികളില്‍ 64 ശതമാനമായ 22,182 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 318 മരണങ്ങളില്‍ 56 ശതമാനമായ 178 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 3,32,451 സജീവരോഗികളില്‍ 56 ശതമാനമായ 1,86,231 രോഗികളും കേരളത്തിലാണുള്ളത്.
🔳മതേതരത്വം കോണ്‍ഗ്രസിന്റെ സൃഷ്ടിയും കുട്ടിയുമാണെന്നും അതു കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ആ ലക്ഷ്യത്തിന്റെ ഭാഗമായാണ് വിവിധ ബിഷപ്പുമാരേയും ഇമാമിനേയും എല്ലാം നേരില്‍ കണ്ടു അഭ്യര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.സുധാകരന്.
🔳കോണ്‍ഗ്രസ് തള്ളുന്ന മാലിന്യം ഏറ്റെടുത്തത് സി.പി.എമ്മിന്റെ പാപ്പരത്തമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്. മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സി.പി.എമ്മില്‍ ചേര്‍ന്നതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് മാറ്റത്തിലൂടെയാണു പോകുന്നത്. ഇതിന് കുറച്ച് ത്യാഗങ്ങള്‍ സഹിക്കേണ്ടിവരുമെന്നും ഇതിനായി കുറെ മാലിന്യങ്ങളെ തള്ളേണ്ടിവരുമെന്നും സുധാകരന് പറഞ്ഞു.
🔳ചന്ദ്രിക കള്ളപ്പണക്കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. എല്ലാ കാര്യങ്ങളിലും വ്യക്തത വരുത്താന്‍ കഴിഞ്ഞുവെന്നായിരുന്നു പുറത്തിറങ്ങിയ ശേഷം കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. എന്‍ഫോഴ്സ്മെന്റ് വിളിച്ചത് നന്നായിയെന്നും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം കിട്ടിയെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു. ആവശ്യമായ രേഖകള്‍ ഇഡിയ്ക്ക് കൈമാറി എന്നും ഇനി വരേണ്ടതുണ്ടോ എന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നുമാണ് മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവ് മൊഴിയെടുപ്പ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ പറഞ്ഞത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ മാറ്റാന്‍ ആയെന്നാണ് അവകാശവാദം.
🔳പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ പിന്തുണച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ബിഷപ്പ് സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെതിരെയാണെന്നാണ് ജോസ് കെ മാണി അഭിപ്രായപ്പെട്ടത്. ബിഷപ്പിനെ മുഖ്യമന്ത്രി തള്ളിപറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
🔳സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എംപിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എംഎല്‍എയുമായ കെ.ബി.ഗണേഷ് കുമാര്‍. സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാന്‍ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യന്‍ പാര്‍ലമെന്റ അംഗത്തിനാണ് സല്യൂട്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
🔳കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് വിട്ട ജി രതികുമാര്‍ രംഗത്ത്. കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരനായി മാറി. അദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കണം. പാര്‍ട്ടിയില്‍ പിന്നാക്കക്കാരെ വളരാന്‍ കൊടിക്കുന്നില്‍ അനുവദിക്കുന്നില്ലെന്നും രതികുമാര്‍ ആരോപിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന ജി രതികുമാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബുധനാഴ്ചയാണ് സിപിഎമ്മില്‍ ചേര്‍ന്നത്.
🔳സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കനയ്യകുമാര്‍ സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വിവാദപ്രചരണങ്ങള്‍ കൊണ്ട് സിപിഐയെയോ കനയ്യകുമാറിനെയോ തളര്‍ത്താന്‍ കഴിയില്ലെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് ആദര്‍ശങ്ങളില്‍ അടിയുറച്ച് നിന്നുകൊണ്ട് പോരാടുന്ന യുവ നേതാവാണ് കനയ്യകുമാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🔳ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പരമാധ്യക്ഷനായി ഡോക്ടര്‍ മാത്യൂസ് മാര്‍ സേവേറിയോസിനെ തെരഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന എപ്പിസ്കോപ്പല്‍ സിനഡാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്. നിലവില്‍ കണ്ടനാട് വെസ്റ്റ് മെത്രാപ്പോലീത്താ ആണ് മാത്യൂസ് മാര്‍ സേവേറിയോസ്.
🔳കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ ഉള്ളടക്കം അടങ്ങിയ പാഠഭാഗം പഠിപ്പിക്കില്ലെന്ന് വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്. സിലബസില്‍ മാറ്റം വരുത്തി നാലാം സെമസ്റ്ററില്‍ ഉള്‍പ്പെടുത്തുമെന്നും വി.സി പ്രതികരിച്ചു.
🔳തൃക്കാക്കര നഗരസഭയില്‍ ചെയര്മാന് അജിത തങ്കപ്പനെതിരേയുള്ള അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനിരിക്കെ കോണ്‍ഗ്രസില്‍ വന്‍ പ്രതിസന്ധി. നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണിത്. അധ്യക്ഷക്കെതിരെ എല്‍ഡിഎഫ് നല്കിയ അവിശ്വാസ പ്രമേയ നോട്ടിസ് 23 ന് പരിഗണിക്കും.
🔳പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു സിറാജ്. പിഡിപിയുടെ മുന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. നിലവില്‍ പിഡിപി വൈസ് ചെയര്‍മാനാണ്.
🔳ഗുജറാത്തില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. 24 അംഗ മന്ത്രിസഭയാണ് സത്യപ്രതിജ്ഞ ചെയ്തത്. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സര്‍ക്കാരില്‍ ഒഴിവാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കിയതില്‍ പാര്‍ട്ടിക്കുളളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കേയായിരുന്നു സത്യപ്രതിജ്ഞ.
🔳അഫ്ഗാനിസ്താനില്‍ മുന്‍ സര്‍ക്കാറില്‍ നിര്‍ണായക പദവികളിലിരുന്ന പ്രമുഖരുടെ വീടുകളില്‍ താലിബാന് നടത്തിയ റെയ്ഡുകളില് 12 മില്യന്‍ ഡോളര്‍ അഥവാ 88 കോടി രൂപ വിലവരുന്ന കറന്‍സികളും സ്വര്‍ണ്ണവും പിടിച്ചെടുത്തു. പാഞ്ച്ഷീറില്‍ താലിബാനെതിരെ പടനയിച്ച മുന്‍ വൈസ്പ്രസിഡന്റ് അംറുല്ലാ സാലിഹ് അടക്കമുള്ളവരുടെ അടച്ചിട്ട വീടുകളിലാണ് താലിബാന് തെരച്ചില്‍ നടത്തിയത്. ഇവിടങ്ങളില്‍നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണവും നോട്ടുകളും തങ്ങള്‍ക്ക് കൈമാറിയതായി അഫ്ഗാനിസ്താന് സെന്‍ട്രല്‍ ബാങ്ക് ട്വീറ്റ് ചെയ്തു.
🔳ഡെന്മാര്ക്കിലെ ഫറോ ദ്വീപില്‍ ഡോള്‍ഫിനുകളുടെ കൂട്ടക്കുരുതി. പ്രാദേശിക ആചാരത്തിന്റെ ഭാഗമായി 1500-ഓളം ഡോള്‍ഫിനുകളെയാണ് ആളുകള്‍ വേട്ടയാടിക്കൊന്ന് തീരത്തിട്ടത്. കരയില്‍ ചോരവാര്‍ന്നു കിടക്കുന്ന നൂറു കണക്കിന് ഡോള്‍ഫിനുകളുടെ ഞെട്ടിക്കുന്ന ചിത്രങ്ങള്‍ സീ ഷെഫേഡ് എന്ന ബ്രിട്ടീഷ് സന്നദ്ധ സംഘടനയാണ് പുറത്തുവിട്ടത്. ഇതിനെ തുടര്‍ന്ന്, ഈ ആചാരത്തിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നു. എന്നാല്‍, പ്രദേശിക ഭരണകൂടം ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
🔳ഡ്യുറന്‍ഡ് കപ്പില്‍ ഗോകുലം കേരളത്തിന് ആദ്യജയം. ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍, ഐഎസ്എല്‍ ടീമായ ഹൈദരാബാദ് എഫ്സിയെ ഗോകുലം തോല്‍പ്പിച്ചു. മറുപടിയല്ലാത്ത ഒരു ഗോളിനാണ് ഗോകുലത്തിന്റെ ജയം.
🔳യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി.
🔳കേരളത്തില്‍ ഇന്നലെ 1,21,486 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 22,182 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 178 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,165 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 89 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21,122 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 866 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 105 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,563 പേര് രോഗമുക്തി നേടി. ഇതോടെ 1,86,190 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സെപ്റ്റംബര്‍ 16 വരെ വാക്സിനേഷന് എടുക്കേണ്ട ജനസംഖ്യയുടെ 80.9 ശതമാനമായ 2,32,18,426 പേര്‍ക്ക് ഒരു ഡോസ് വാക്സിനും 32.6 ശതമാനമായ 93,83,496 പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും നല്കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം 1520, ആലപ്പുഴ 1442, കണ്ണൂര്‍ 1246, കോട്ടയം 1212, പത്തനംതിട്ട 1015, ഇടുക്കി 973, വയനാട് 740, കാസര്‍ഗോഡ് 280.
🔳രാജ്യത്ത് ഇന്നലെ 34,640 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 37,871 പേര് രോഗമുക്തി നേടി. മരണം 318. ഇതോടെ ആകെ മരണം 4,44,278 ആയി. ഇതുവരെ 3,33,80,522 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.32 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,595 പേര്‍ക്കും തമിഴ്നാട്ടില്‍ 1,693 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,367 പേര്‍ക്കും മിസോറാമില്‍ 1,402 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 5,28,348 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 1,27,570 പേര്‍ക്കും ബ്രസീലില്‍ 34,407 പേര്‍ക്കും ഇംഗ്ലണ്ടില്‍ 26,911 പേര്‍ക്കും റഷ്യയില്‍ 19,594 പേര്‍ക്കും തുര്‍ക്കിയില്‍ 28,118 പേര്‍ക്കും ഇറാനില്‍ 18,021 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 21,261 പേര്‍ക്കും മലേഷ്യയില്‍ 18,815 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 22.77 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 8,832 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,712 പേരും ബ്രസീലില്‍ 600 പേരും റഷ്യയില്‍ 794 പേരും ഇറാനില്‍ 453 പേരും മെക്സിക്കോയില്‍ 897 പേരും മലേഷ്യയില്‍ 346 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 46.81 ലക്ഷം.
🔳ആടിമാസ സെയില്‍ മലയാളിക്ക് പരിചയപ്പെടുത്തിയ കല്യാണ്‍ സില്‍ക്സ് വീണ്ടുമൊരു ആടി സെയിലിന് തുടക്കമിട്ടിരിക്കുന്നു. മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ജൂലൈയില്‍ നടത്താന്‍ കഴിയാതിരുന്ന ആടി സെയിലാണ് ഉപഭോക്താക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് കൂടുതല്‍ കരുതലോടെ കല്യാണ്‍ സില്‍ക്സ് ഇപ്പോള്‍ നടത്തുന്നത്. മഹാമാരി ലോകത്തെ മുഴുവന്‍ പിടിച്ചുലച്ച സാഹചര്യത്തില്‍ കല്യാണ്‍ സില്‍ക്സ് ഇന്ത്യയിലെ പ്രമുഖ മില്ലുകളോട് മുന്പത്തെക്കാളും കുറഞ്ഞ വിലയില്‍ വസ്ത്രശ്രേണികള്‍ ലഭ്യമാക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും, ആ അഭ്യര്‍ത്ഥന അവര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുകയും ചെയ്തിരിക്കുന്നു. ഇത്തരമൊരു നീക്കത്തിലൂടെ ലഭിച്ച വലിയ വിലക്കിഴിവുകള്‍ ഉപഭോക്താക്കള്‍ക്ക് കല്യാണ്‍ സില്‍ക്സ് അതേപടി കൈമാറുകയാണ്. ഇതോടൊപ്പം കല്യാണ്‍ സില്‍ക്സിന്റ സ്വന്തം നെയ്ത്ത്ശാലകളില്‍ നിന്നും പ്രൊഡക്ഷന്‍ ഹൗസുകളില്‍ നിന്നുമുള്ള ആടി കളക്ഷനുകള്‍ ലാഭേച്ച കൂടാതെയാണ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകള്‍ 10 മുതല്‍ 50% വരെ വിലക്കുറവിലാണ് ഈ സെയിലിലൂടെ ലഭ്യമാക്കുന്നത്.
🔳ആപ്പിളിന്റെ ഐ ഫോണ്‍ 13-ന് ഉദ്ദേശിച്ചയത്ര സാങ്കേിതക മേന്മയില്ലെന്ന് ആരാധകര്‍. മോഡലിന് വലിയ ടെക് പുരോഗതിയൊന്നുമില്ലെന്നും ആപ്പിളിന് അറിയപ്പെടുന്ന പുതുമ ഇല്ലെന്നും പറഞ്ഞ് പല 'ഐഫാന്‍സും' സോഷ്യല്‍ മീഡിയയില്‍ പൊട്ടിത്തെറിച്ചു. ചിലരാവട്ടെ, ഏറ്റവും പുതിയ ഓഫറില്‍ നിരാശരാണെന്നും കൂട്ടിച്ചേര്‍ത്തു. മാസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍, കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലെ ആസ്ഥാനത്താണ് ആപ്പിള്‍ കോവിഡ് കാലത്ത് തങ്ങളുടെ പുതിയ ഐഫോണ്‍ 13 പുറത്തിറക്കിയത്. ഇത് ഒരു പുതിയ പിങ്ക് നിറത്തില്‍ ലഭ്യമാണ്. ഒരു അപ്ഗ്രേഡ് ഡ്യുവല്‍ ക്യാമറ സിസ്റ്റം ഫീച്ചര്‍ ചെയ്യുന്ന ഇതില്‍ ഐഫോണ്‍ 12 നെ അപേക്ഷിച്ച് ബാറ്ററി ലൈഫ് വര്‍ദ്ധിച്ചു.
🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ 2020 ഡിസംബര്‍ ആദ്യവാരമാണ് മാഗ്നൈറ്റ് സബ് കോംപാക്റ്റ് എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. വളരെപ്പെട്ടെന്നാണ് വാഹനം മികച്ച ബുക്കിംഗ് നേടിയത്. ഇപ്പോള്‍ വിപണിയിലും നിരത്തിലുമെല്ലാം നിസാന്‍ മാഗ്നൈറ്റിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ഐസിസി ടി20 ലോകകപ്പ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക കാറായി മാഗ്നൈറ്റിനെ പ്രഖ്യാപിച്ചിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
🔳സയന്‍സ് ഫിക്ഷന്‍ കോമഡി എന്ന കൗതുകമുണര്‍ത്തുന്ന ഗണത്തില്‍ പെടുന്ന ഒരു സിനിമ വരുന്നു. 'സാജന് ബേക്കറി'ക്കു ശേഷം അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ്, അനാര്‍ക്കലി മരിക്കാര്‍, അജു വര്‍ഗീസ്, ഗണേഷ്കുമാര് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഗഗനചാരി' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. മോഹന്‍ലാലാണ് ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ അവതരിപ്പിച്ചിരിക്കുന്നത്.
🔳ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ളിക്സിനുവേണ്ടി സിനിമയൊരുക്കാന്‍ പ്രമുഖ ബോളിവുഡ് സംവിധായകന് വിശാല്‍ ഭരദ്വാജ്. 'പടാഖ'യ്ക്കുശേഷം വിശാല്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സ്പൈ ത്രില്ലര്‍ ആണ്. 'ഖുഫിയ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിശാലിന്റെ പ്രിയ നടിയായ തബുവാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അലി ഫസല്‍, വമിഖ ഗബ്ബി, ആശിഷ് വിദ്യാര്‍ഥി എന്നിവരും മറ്റു വേഷങ്ങളില്‍ എത്തുന്നു. യഥാര്‍ഥ സംഭവങ്ങളെ അധികരിച്ചുള്ള ചിത്രം അമര്‍ ഭൂഷണ് എഴുതിയ 'എസ്കേപ്പ് റ്റു നോവെയര്‍' എന്ന സ്പൈ നോവലിനെ അടിസ്ഥാനമാക്കിയുമാണ് ഒരുങ്ങുക.
🔳തലമുടി കൊഴിച്ചിലും താരനുമാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. എന്നാല്‍ വീട്ടിലുള്ള ചില വസ്തുക്കള്‍ തന്നെ മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും ഉപയോഗപ്രദമാണ്. അത്തരത്തില്‍ കേശസംരക്ഷണത്തിന് ഉപയോഗിക്കാവുന്ന ഒന്നാണ് ഉലുവ. അമിനോ അസിഡുകള്‍ ധാരാളം അടങ്ങിയ ഉലുവ താരന് അകറ്റാനും തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. ഇതിനായി ആദ്യം ഉലുവ കുതിര്‍ക്കാന്‍ ഇടുക. ശേഷം ഇത് അരച്ചു പേസ്റ്റാക്കണം. ഇനി ഇതിലേയ്ക്ക് രണ്ട് ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം തലമുടിയില്‍ പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പതിവായി ഇത് ചെയ്യുന്നത് തലമുടി കൊഴിച്ചില്‍ തടയാനും തിളക്കമുള്ള മുടി വളരാനും സഹായിക്കും. കുതിര്‍ത്ത ഉലുവയും കറിവേപ്പിലയും ചേര്‍ത്തരച്ച് മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് തലമുടി വളരാന്‍ സഹായിക്കുമെന്നു മാത്രമല്ല, അകാലനരയെ പ്രതിരോധിക്കാനും സഹായിക്കും.
*ശുഭദിനം*
കവിത കണ്ണന്
ഓരോ പരാജയത്തിന്റെയും ഉത്തരവാദിത്തം എപ്പോഴും മറ്റുള്ളവരില്‍ ആരോപിക്കുക അയാളുടെ സ്വാഭാവമായിരുന്നു. എന്നെ ഒന്ന് സഹായിക്കാനും രക്ഷിക്കാനും ആരുമില്ല എന്ന അയാളുടെ പരിവേദനങ്ങള്‍ കേട്ട് ഒരു ദിവസം അച്ഛന് ചോദിച്ചു : നിന്നെ രക്ഷിക്കാന്‍ അല്ലെങ്കില്‍ വിജയിക്കാന്‍ സഹായിക്കുന്ന ആ വ്യക്തി ആരെന്ന് അറിയണം എന്ന് ആഗ്രഹം ഉണ്ടോ?? മകന് വേഗം വേണം എന്ന് ഉത്തരം നല്കി. അപ്പോള്‍ അച്ഛന് പറഞ്ഞു : ശരി, എങ്കില്‍ കണ്ണടച്ചുകൊണ്ട്, ആ വ്യക്തിയെ കാണാന്‍ തീവ്രമായി ആഗ്രഹിച്ചുകൊണ്ട് എന്റെ കൂടെ വരൂ.. അയാള്‍ കണ്ണടച്ചുകൊണ്ട് എഴുന്നേറ്റു. അച്ഛന് അയാളെ വീടിനടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി. എന്നിട്ട് കണ്ണാടിയുടെ മുന്നില്‍ നിര്‍ത്തി കണ്ണ് തുറന്നു നോക്കാന്‍ ആവശ്യപ്പെട്ടു. തന്നെ തന്നെ കണ്ണാടിയില്‍ കണ്ടപ്പോള്‍ മകന് സംശയത്തോടെ അച്ഛനെ നോക്കി. അച്ഛന് തുടര്‍ന്നു: അതെ, നമ്മള് തന്നെയാണ് നമ്മളെ രക്ഷിക്കാന്‍ സഹായിക്കുന്ന വ്യക്തി. നമുക്ക് വിജയിക്കണം അല്ലെങ്കില്‍ രക്ഷപ്പെടണം എന്നുണ്ടെങ്കില്‍ ആ തോന്നല്‍ ആദ്യം ഉണ്ടാവേണ്ടത് നമുക്ക് തന്നെയാണ്. അല്ലാതെ മാറണം എന്ന് സ്വയം തോന്നാത്ത ഒരാളോട് ഈ ലോകത്ത് എത്ര വലിയ മോട്ടിവേഷന്‍ കൊണ്ടുവന്ന് മുന്നില്‍ നിര്‍ത്തിയാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ മാറണമെന്ന് തോന്നിത്തുടങ്ങിയാല്‍ പിന്നീട് ലഭിക്കുന്ന ഒരു വാക്കോ പ്രോത്സാഹനമോ മതി മാന്ത്രികം എന്നു തോന്നുന്ന രീതിയിലുള്ള മാറ്റങ്ങളുണ്ടാക്കാന്‍. ഇനി അങ്ങനെ തോന്നി തുടങ്ങിയെങ്കില്‍ എന്ത് ചെയ്യണം എന്നല്ലേ ചിന്തിക്കുന്നത്. അതിനാണ് സെല്‍ഫ് ടോക്ക് Self Talk സഹായകരമാകുക. പക്ഷേ ആ സെല്‍ഫ് ടോക്ക് പോസിറ്റീവ് ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സമയം കിട്ടുമ്പോള്‍ എല്ലാം കണ്ണാടിക്ക് മുന്നില്‍ പോയി നിന്ന് നമ്മുടെ മനസ്സിനോട് സംസാരിക്കുക. അത് നമ്മളെ തെറ്റും ശരിയും മനസ്സിലാക്കാനും ആത്മവിശ്വാസം വര്‍ദ്ധിക്കാനും സഹായിക്കും. അനാവശ്യ ചിന്തകളെ മാറ്റി നിര്‍ത്തുക. മനസ്സിനെ ശുഭപ്രതീക്ഷകള്കൊണ്ട് നിയന്ത്രിച്ചു നിര്‍ത്തുക. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും നമുക്കു സ്വയം പരിഹാരമുണ്ടാക്കാന്‍ ആവില്ലയെങ്കിലും നമ്മുടെ തന്നെ ആത്മബലവും ഇച്ഛാശക്തിയും കൊണ്ട് കുറെയൊക്കെ ലഘൂകരിക്കാന്‍ നമുക്ക് കഴിയും. നമ്മുടെ ചിന്താധാരയില്‍ നമുക്കുചുറ്റും ഒരു ആകര്‍ഷണവലയം രൂപപ്പെടുകയും അതിനനുസരിച്ച് നമ്മുടെ ജീവിതത്തില്‍ ഇപ്പോള്‍ സംഭവിക്കുന്നതും വരാനിരിക്കുന്നതുമായ സംഭവങ്ങള്‍ നിശ്ചയിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ജീവിതവിജയത്തിന് ആത്മധൈര്യം വികസിപ്പിച്ചെടുക്കേണ്ടത് അനിവാര്യമാണ്. മറ്റുള്ളവര്‍ നമ്മളെ എങ്ങനെ വീക്ഷിക്കണമെന്നനുസരിച്ച് ഒരു വ്യക്തിത്വം വികസിപ്പിച്ചെടുക്കുക.
അതു നമ്മളെ നമ്മുടെ ലക്ഷ്യസ്ഥാനത്തിലെത്തിക്കുക തന്നെ ചെയ്യും. - ശുഭദിനം
My congratulations prime minister to visit again 🌷
ReplyDeletePost a Comment