പ്രഭാത വാർത്തകൾ
🔳റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ ലിമിറ്റഡ് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 8.5 ശതമാനത്തില്‍ നിന്ന് ഒമ്പത് ശതമാനമായി ഉയര്‍ത്തി. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയിലെ മികച്ച വളര്‍ച്ചാ സാധ്യതകള്‍ ചൂണ്ടിക്കാട്ടിയാണ് നിരക്കില്‍ ഏജന്‍സി മാറ്റം വരുത്തിയത്.
🔳കാലാവസ്ഥയെ അതിജീവിക്കുന്ന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതില്‍ ബഹുജന അവബോധം സൃഷ്ടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തുടനീളമുള്ള എല്ലാ ഐസിഎആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സംഘടിപ്പിക്കുന്ന പരിപാടിയില്‍, വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രത്യേക സവിശേഷതകളുള്ള 35 വിള ഇനങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കും. സംസ്ഥാന, കേന്ദ്ര കാര്‍ഷിക സര്‍വകലാശാലകളും കൃഷി വിജ്ഞാന കേന്ദ്രങ്ങളും സംഘടിപ്പിക്കുന്ന പരിപാടിക്കിടെ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോട്ടിക് സ്ട്രെസ് ടോളറന്‍സ് റായ്പൂരില്‍ പുതുതായി നിര്‍മ്മിച്ച കാമ്പസും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും. കാര്‍ഷിക സര്‍വകലാശാലകള്‍ക്കുള്ള ഗ്രീന്‍ കാമ്പസ് അവാര്‍ഡും ഈ അവസരത്തില്‍ പ്രധാനമന്ത്രി വിതരണം ചെയ്യും,
🔳ജിഎസ്ടി നികുതി നിരക്കുകള്‍ പരിഷ്‌കരിക്കാന്‍ നടപടി തുടങ്ങി. ചില ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് ഉയര്‍ത്താനും ഏകീകരിക്കാനുമാണ് ഉദ്ദേശിക്കുന്നത്. ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞെന്ന സംസ്ഥാനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരക്ക് ഏകീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മന്ത്രിതല സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉള്‍പ്പെട്ട ഏഴംഗ സമിതി രണ്ടു മാസത്തിനുള്ളില്‍ വിഷയത്തില്‍ ശുപാര്‍ശ നല്‍കും.
🔳സിപിഐ കേന്ദ്ര നിര്‍വാഹക സമിതിയംഗം കനയ്യ കുമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരും. കനയ്യയുടെ കോണ്‍ഗ്രസ് പ്രവേശനം ഇന്ന് മൂന്ന് മണിക്ക് എഐസിസി ആസ്ഥാനത്ത് നടക്കും. ജിഗ്നേഷ് മേവാനിയും വാര്‍ത്താ സമ്മേളനത്തില്‍ കനയ്യക്കൊപ്പം പങ്കെടുക്കുമെങ്കിലും ഇദ്ദേഹത്തിന്റെ കോണ്‍ഗ്രസ് പ്രവേശനം പിന്നീടായിരിക്കും. ഇന്ന് കനയ്യ കുമാറിനൊപ്പം ഇദ്ദേഹത്തിന്റെ അനുയായികളും കോണ്‍ഗ്രസില്‍ ചേരും. രാഹുല്‍ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 17,465 കോവിഡ് രോഗികളില്‍ 66.98 ശതമാനമായ 11,699 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 181 മരണങ്ങളില്‍ 32.04 ശതമാനമായ 58 മരണങ്ങളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,84,060 സജീവരോഗികളില്‍ 55.34 ശതമാനമായ 1,57,204 രോഗികളും കേരളത്തിലാണുള്ളത്.
🔳അനുനയ നീക്കവുമായി ഹൈക്കമാന്‍ഡ് പ്രതിനിധി ചര്‍ച്ച നടത്തിയതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വിഎം സുധീരന്‍. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ പുതിയ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സുധീരന്‍ ഉന്നയിച്ചത്. വലിയ പ്രതീക്ഷയോടെ ചുമതലയേറ്റ നേതൃത്വം തെറ്റായ ശൈലിയും അനഭിലഷണീയമായ പ്രവര്‍ത്തനവുമാണ് നടത്തുന്നതെന്നും പ്രതീക്ഷിച്ച പോലെ നന്നായില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്റെ നന്‍മയ്ക്ക് ഉപകരിക്കാത്ത രീതി തുടരുന്നതിനാലാണ് താന്‍ പ്രതികരിക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.
🔳പുനസംഘടനക്ക് പിന്നാലെ പൊട്ടിത്തെറി രൂക്ഷമായ കോണ്‍ഗ്രസില്‍ അനുനയനീക്കവുമായി ഹൈക്കമാന്‍ഡ്. വിഎം സുധീരന് പിന്നാലെ രമേശ് ചെന്നിത്തലയുമായും എഐസിസി പ്രതിനിധി താരീഖ് അന്‍വര്‍ ചര്‍ച്ച നടത്തി. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും അതിനുള്ള സാഹചര്യം ഒരുക്കാന്‍ എഐസിസി മുന്‍കൈയ്യെടുക്കണമെന്നും ചര്‍ച്ചയ്ക്ക് ശേഷം ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ആരെയും ഇരുട്ടില്‍ നിര്‍ത്തുന്നത് ശരിയല്ല. മുതിര്‍ന്ന നേതാക്കളായ വിഎം സുധീരനുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
🔳പുരാവസ്തു ശേഖര തട്ടിപ്പില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിനെതിരെ 2020 ല്‍ തന്നെ കേരള പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മോന്‍സനുള്ളത് പ്രാഥമിക വിദ്യാഭ്യാസം മാത്രമാണെന്നും ഇയാളുടെ എല്ലാ ഇടപാടുകളും ദുരൂഹമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസില്‍ എന്‍ഫോഴ്സെമെന്റ് അന്വേഷണം ഡിജിപി ശുപാര്‍ശ ചെയ്തിരുന്നു.
🔳കോടികളുടെ തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി വ്യക്തിപരമായ ബന്ധമുണ്ടെന്ന് മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍. എന്നാല്‍ ജോന്‍സണ്‍ന്റെ ഒരു സാമ്പത്തിക ഇടപാടുകള്‍ക്കും താന്‍ കൂട്ട് നിന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
🔳പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെ റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ ആറുവരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
🔳കോഴിക്കോട് സിറ്റിയില്‍ സ്മാര്‍ട്ട് പോലീസ് സ്റ്റേഷനും കൊച്ചിയില്‍ സാമൂഹികമാധ്യമ വിശകലനലാബും നിര്‍മിക്കുന്നത് ഉള്‍പ്പെടെ സംസ്ഥാന പോലീസില്‍ വന്‍നവീകരണ പദ്ധതികള്‍ നടപ്പാക്കുന്നു. 37.59 കോടിരൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരമായത്. മുന്‍കാലങ്ങളില്‍ ആരംഭിച്ച പദ്ധതി പൂര്‍ത്തീകരണത്തിനും തുക അനുവദിച്ചു.
🔳കെഎസ്ആര്‍ടിസി ബസുകളില്‍ സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ലോ ഫ്ലോര്‍ ബസുകളിലും ബെംഗളൂരുവിലേക്കുള്ള സ്‌കാനിയ, വോള്‍വോ ബസുകളിലും സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടു പോകാനുള്ള സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി. ഒരു നിശ്ചിത തുക ഈടാക്കിയിട്ടായിരിക്കും ഇത്തരത്തില്‍ സൈക്കിളുകളും ഇലക്ട്രിക് സ്‌കൂട്ടറുകളും കൊണ്ടു പോകാന്‍ സാധിക്കുക.
🔳ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ കനത്ത മഴ തുടരും. വരും മണിക്കൂറുകളില്‍ സംസ്ഥാനത്തെ 14 ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് ഇന്നലെ വൈകിട്ട് നാല് മണിക്ക് പുറത്തു വിട്ട കാലാവസ്ഥാ ബുള്ളറ്റിനില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
🔳അസമിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ് ചെയ്തു. കുടിയൊഴിപ്പിക്കലിനിടെ കലാപമുണ്ടാക്കിയെന്ന് ആരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചനയും കൊലപാതകവും അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
🔳പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി മത്സരിക്കുന്ന ഭവാനിപുര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രിയങ്ക തിബ്രേവാളിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ദിലീപ് ഘോഷിന് നേരെ ആക്രമണം. ഭബാനിപുര്‍ മണ്ഡലത്തിലെ ജാദൂബാബുര്‍ ബസാറില്‍ കാല്‍നട പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. അക്രമികളില്‍ നിന്ന് ഘോഷിനെ രക്ഷിക്കാന്‍ അംഗരക്ഷകര്‍ക്ക് ഒടുവില്‍ തോക്ക് ചൂണ്ടേണ്ടി വന്നു.
🔳തദ്ദേശീയ സംരംഭകര്‍ക്ക് ഭീഷണിയാണെന്ന് ആരോപിക്കുകയും ഈസ്റ്റ് ഇന്ത്യാ കമ്പനി 2.0 എന്ന് വിശേഷിപ്പിക്കുകയും ചെയ്ത ആര്‍എസ്എസ് പ്രസിദ്ധീകരണത്തിന് മറുപടി നല്‍കി ആമസോണ്‍. വില്‍പ്പനക്കാര്‍, കരകൗശല വിദഗ്ധര്‍, വിതരണ - ലോജിസ്റ്റിക് പങ്കാളികള്‍ എന്നിവരടക്കുള്ള ചെറുകിട ബിസനുസുകാര്‍ക്ക് തങ്ങളുടെ ഇടപാടുകളിലൂടെ ലഭിക്കുന്ന മെച്ചം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ആമസോണ്‍ മറുപടി നല്‍കിയിരിക്കുന്നത്. 70000-ത്തിലധികം ഇന്ത്യന്‍ വ്യവസായികള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ലോകമെമ്പാടും കയറ്റുമതി ചെയ്യാനും വിതരണം ചെയ്യാനും ആമസോണ്‍ വഴി സാധിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.
🔳പാകിസ്താനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തുറമുഖ നഗരിയിലുണ്ടായ സ്‌ഫോടനത്തില്‍ പാകിസ്താന്‍ സ്ഥാപക നേതാവ് മുഹമ്മദലി ജിന്നയുടെ പ്രതിമ പൂര്‍ണമായും തകര്‍ന്നു. ഈ വര്‍ഷം ആദ്യം സ്ഥാപിച്ച ജിന്നയുടെ പ്രതിമയുടെ പുറകില്‍ സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. സ്ഫാടനത്തിന്റെ ഉത്തരവാദിത്വം നിരോധിക്കപ്പെട്ട സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു.
🔳ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളില്‍ ദുബൈയ്ക്ക് അഞ്ചാം സ്ഥാനം. റിസോണന്‍സ് കണ്‍സള്‍ട്ടന്‍സിയുടെ റാങ്കിങ്ങിലാണ് ദുബൈ അഞ്ചാമതെത്തിയത്. കാലാവസ്ഥ, സുരക്ഷ, ലാന്‍ഡ്മാര്‍ക്കുകള്‍, വിമാനത്താവളം, അടിസ്ഥാന സൗകര്യങ്ങള്‍, മ്യൂസിയങ്ങള്‍, കല, സംസ്‌കാരം, വിനോദം, ഹോട്ടല്‍, അഭിവൃദ്ധി, തൊഴില്‍ അവസരങ്ങള്‍ ഇവയെല്ലാം റാങ്കിങ്ങില്‍ വിലയിരുത്തി. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ലണ്ടനാണ്. പാരീസ് രണ്ടാമതും ന്യൂയോര്‍ക്ക്, മോസ്‌കോ എന്നീ നഗരങ്ങള്‍ യഥാക്രമം മൂന്നും നാലും സ്ഥാനത്തുമുണ്ട്.
🔳ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് രാജസ്ഥാനെ കീഴടക്കിയത്. ഏഴുവിക്കറ്റിനാണ് സണ്‍റൈസേഴ്‌സിന്റെ വിജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. അര്‍ധസെഞ്ചുറി നേടിയ ജേസണ്‍ റോയിയും നായകന്‍ കെയ്ന്‍ വില്യംസണുമാണ് സണ്‍റൈസേഴ്‌സിന് വിജയം സമ്മാനിച്ചത്. രാജസ്ഥാന് വേണ്ടി 82 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് പാഴായി. ഈ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു.
🔳കേരളത്തില്‍ ഇന്നലെ 80,372 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,661 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,134 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 492 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,763 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,57,158 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 91.8 ശതമാനമായ 2,45,37,535 പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും 39.7 ശതമാനമായ 1,06,22,133 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും നല്‍കി.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം 942, കൊല്ലം 891, കോട്ടയം 870, പാലക്കാട് 792, ആലപ്പുഴ 766, കണ്ണൂര്‍ 755, പത്തനംതിട്ട 488, ഇടുക്കി 439, വയനാട് 286, കാസര്‍ഗോഡ് 144.
🔳രാജ്യത്ത് ഇന്നലെ 14,902 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 24,238 പേര്‍ രോഗമുക്തി നേടി. മരണം 181. ഇതോടെ ആകെ മരണം 4,47,406 ആയി. ഇതുവരെ 3,36,93,148 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.84 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 2,563 പേര്‍ക്കും തമിഴ്നാട്ടില്‍ 1,657 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,12,468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 48,239 പേര്‍ക്കും ഇംഗ്ലണ്ടില്‍ 37,960 പേര്‍ക്കും റഷ്യയില്‍ 22,236 പേര്‍ക്കും തുര്‍ക്കിയില്‍ 27,188 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.29 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.85 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 4,660 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 417 പേരും റഷ്യയില്‍ 779 പേരും ഇറാനില്‍ 289 പേരും മലേഷ്യയില്‍ 258 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.67 ലക്ഷം.
🔳ആമസോണ്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത വ്യക്തിഗത വില്പനക്കാര്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും തല്‍ക്ഷണ ഓവര്‍ ഡ്രാഫ്റ്റ് സേവനം അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്. 25 ലക്ഷം രൂപ വരെയാണ് ബാങ്ക് ഓവര്‍ ഡ്രാഫ്റ്റ് ആയി അനുവദിക്കുക. പൂര്‍ണമായും ഓണ്‍ലൈന്‍ ആയാകും ബാങ്കിന്റെ സേവനം. ആമസോണില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മറ്റ് ബാങ്കുകളിലെ ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്കില്‍ കറന്റ അക്കൗണ്ട് തുറക്കുന്നതിലൂടെ ഒഡി ലഭിക്കും. ഓണ്‍ലൈന്‍ ആയി അക്കൗണ്ട് തുറക്കാവുന്നതാണ്.
🔳മാമുക്കോയ വേറിട്ട വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ഉരു. ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എഴുത്തുകാരന്‍ കെ പി രാമനുണ്ണി റിലീസ് ചെയ്തു. ഇ എം അഷ്‌റഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. ഉരു എന്ന ചിത്രം പറയുന്നത് ബേപ്പൂരിലെ ഉരു നിര്‍മാണത്തൊഴിലുമായി ബന്ധപ്പെട്ട ജീവിതങ്ങളുടെ കഥയാണ്. മൂത്താശാരി ആയിട്ടാണ് മാമുക്കോയ ചിത്രത്തില്‍ അഭിനയിക്കുന്നത്. മഞ്ജു പത്രോസ്, അര്‍ജുന്‍, ആല്‍ബര്‍ട്ട് അലക്സ് അനില്‍ ബാബു, അജയ് കല്ലായി, രാജേന്ദ്രന്‍ തായാട്ട്, ഗീതിക, ശിവാനി, സാഹിര്‍ പി കെ, പ്രിയ എന്നിവരാണ് അഭിനേതാക്കള്‍.
🔳സുധീര്‍ കരമന നായകനാകുന്ന ചിത്രം 'ഉടുപ്പ്' ഒടിടി പ്ലാറ്റ്ഫോമില്‍ ഉടനെ റിലീസ് ചെയ്യും. അനില്‍ മുഖത്തല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉടുപ്പ്. അശോക് ആര്‍ നാഥാണ് ഈ ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. നടന്‍ ഇന്ദ്രന്‍സും ഉടുപ്പില്‍ മികച്ച വേഷം ചെയ്യുന്നുണ്ട്. നടി സോനാനായരും ചിത്രത്തില്‍ മുഴുനീള കഥാപാത്രമാകുന്നുണ്ട്. ആക്ഷനും സസ്പെന്‍സും ത്രില്ലും നിറഞ്ഞ 'ഉടുപ്പ്' ഒരു ഫാമിലി എന്റര്‍ടെയ്ന്‍ര്‍ കൂടിയാണ്.
🔳രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുടെ ഫ്ലാഗ്ഷിപ്പ് വാഹനമാണ് എക്സ്പള്‍സ് 200 ശ്രേണി. എക്‌സ്പള്‍സ് 200, എക്‌സ്പള്‍സ് 200ടിഎന്നിവയാണ് ഈ ശ്രേണിയിലെ ബൈക്കുകള്‍. ഇപ്പോഴിതാ ഡ്യുവല്‍ പര്‍പ്പസ് ബൈക്കുകള്‍ കൂടിയായ ഈ അഡ്വഞ്ചര്‍-ടൂറിംഗ് മോട്ടോര്‍സൈക്കിളുകളുടെ വിലയില്‍ വര്‍ധനവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇരുമോഡലുകള്‍ക്കും 2,350 രൂപയുടെ വര്‍ധനവാണ് കമ്പനി വരുത്തിയിരിക്കുന്നത്. ഇതോടെ ഹീറോ എക്‌സ്പള്‍സ് 200 നായി 1,23,150 രൂപയും, എക്‌സ്പള്‍സ് 200ടി മോഡലിനായി 1,20,650 രൂപയും ഉപഭോക്താക്കള്‍ എക്‌സ്‌ഷോറൂം വിലയായി നല്‍കണം.
🔳നാം ജീവിക്കുന്ന കാലത്തിന്റെ അഗാധതകളിലേക്ക് ദേശീയവും അന്തര്‍ദ്ദേശീയവുമായ രാഷ്ട്രീയ - സാംസ്‌കാരിക ചലനങ്ങളെ സ്വാംശീകരിച്ചുകൊണ്ട് നടത്തുന്ന ധൈഷണികയാത്രകള്‍ എന്ന് ഈ പഠനങ്ങളെ വിശേഷിപ്പിക്കാം. ആഗോളതലത്തിലുള്ള ആശയവികാസങ്ങള്‍ക്കൊപ്പം, കേരളത്തിന്റെയും ഇന്ത്യയുടെ തന്നെയും ചരിത്രവും വര്‍ത്തമാനവും സൂക്ഷ്മമായി ഉള്‍ക്കൊള്ളുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തില്‍ ശ്രീകുമാര്‍ നടത്തുന്നത്. 'വായനയും പ്രതിരോധവും'. ഒലീവ് പബ്ളിക്കേഷന്‍സ്. വില 250 രൂപ.
🔳കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടിയായിരിക്കും മിക്കവരും 'ബ്രെയിന്‍ ഫോഗ്' എന്ന വാക്ക് തന്നെ കേള്‍ക്കുന്നത്. കൊവിഡ് ലക്ഷണമായും കൊവിഡാനന്തരം നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളിലൊന്നായുമെല്ലാം 'ബ്രെയിന്‍ ഫോഗ്' വരുന്നുണ്ട്. പേരില്‍ സൂചനയുള്ളത് പോലെ തന്നെ 'ബ്രെയിന്‍' അഥവാ തലച്ചോറിനെ ബാധിക്കുന്നൊരു പ്രശ്‌നമാണിത്. തലച്ചോറില്‍ പുക മൂടുന്നത് പോലൊരു അവസ്ഥ തന്നെയാണിത്. ഓര്‍മ്മക്കുറവ്, കാര്യങ്ങള്‍ കൃത്യമായി മനസിലാകായ്ക, എപ്പോഴും ക്ഷീണം അനുഭവപ്പെടുക തുടങ്ങി പല പ്രശ്‌നങ്ങളും 'ബ്രെയിന്‍ ഫോഗി'ന്റെ ഭാഗമായി ഉണ്ടാകാം. കൊവിഡ് മൂലം മാത്രമല്ല, സ്‌ട്രെസ്, ഉത്കണ്ഠ, വിഷാദം തുടങ്ങി 'ക്രോണിക് ഫാറ്റിഗ് സിന്‍ഡ്രോം', 'ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍', 'ന്യൂറോസൈക്യാട്രിക് ഡിസോര്‍ഡറുകള്‍' തുടങ്ങി പല അവസ്ഥകളുടെയും ഭാഗമായി ബ്രെയിന്‍ ഫേഗ് പിടിപെടാം. ഒന്നിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ബ്രെയിന്‍ ഫോഗിന്റെ ഒരു പ്രധാന ലക്ഷണം. ഏറ്റവും ചെറുതും എളുപ്പമേറിയതുമായ ഒരു പ്രവര്‍ത്തിയില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. ചിന്താശക്തി കാര്യമായി കുറയുന്നതും ബ്രെയിന്‍ ഫോഗിന്റെ ലക്ഷണമാകാം. അതായാത് 10 മിനുറ്റ് കൊണ്ട് ചെയ്ത് തീര്‍ക്കേണ്ടുന്ന ജോലി 30 മിനുറ്റ്- 40 മിനുറ്റിലേക്കെല്ലാം നീളുന്നു. ഇതുമൂലം സാരമായ വൈകാരികപ്രശ്‌നങ്ങളും നേരിടാം. ബ്രെയിന്‍ ഫോഗ് ഉള്ളവര്‍ക്ക് മറ്റുള്ളവരുമായുള്ള സംഭാഷണം തന്നെ ഭാരിച്ച ജോലിയായി അനുഭവപ്പെടാം. സംസാരിക്കുമ്പോള്‍ വാക്കുകള്‍ കിട്ടാതിരിക്കുക, തപ്പലുണ്ടാവുക, മനസിലുണ്ടെങ്കിലും പറയാന്‍ സാധിക്കാതിരിക്കുക എന്നീ പ്രശ്‌നങ്ങളെല്ലാം ബ്രെയിന്‍ ഫോഗിന്റെ ഭാഗമായി വരാം. ചില സന്ദര്‍ഭങ്ങളില്‍ കുറഞ്ഞ കാലത്തേക്ക് ഓര്‍മ്മകള്‍ ഇല്ലാതായിപ്പോകുന്ന അവസ്ഥ വരെ ബ്രെയിന്‍ ഫോഗുള്ളവരിലുണ്ടാകാം.
*ശുഭദിനം*
*കവിത കണ്ണന്‍*
അതിപ്രശസ്തനായ ഭൂഗര്‍ഭ ഗവേഷകനായിരുന്നു അദ്ദേഹം. ഒട്ടേറെ കണ്ടെത്തലുകള്‍ അയാള്‍ നടത്തിയിട്ടുണ്ട്. 5ലക്ഷം വര്‍ഷം പഴക്കമുള്ള ശിലകള്‍ കണ്ടെത്തി അവതരിപ്പിച്ചതായിരുന്നു ഏറ്റവും പ്രധാനപ്പെട്ട നേട്ടം. അതോടെ അയാളുടെ പ്രശസ്തി വാനോളമുയര്‍ന്നു. അംഗീകാരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നെത്തി. പക്ഷേ, പിന്നീടു വന്ന ഗവേഷകര്‍ സത്യം പുറത്തുകൊണ്ടുവന്നു. അദ്ദേഹം ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. അയാള്‍ തന്നെ കുഴിച്ചിട്ട ശിലകളാണ് ഗവേഷണഫലമായി അയാള്‍ അവതരിപ്പിച്ചത്. അന്നുമുതല്‍ അയാളെ പിന്നെ ആരും കണ്ടിട്ടില്ല. രണ്ടുതരം വഴികളുണ്ട്. യഥാര്‍ത്ഥവഴിയും എളുപ്പവഴിയും. യാഥാര്‍ത്ഥവഴികള്‍ക്കു പ്രചോദനസാധ്യതയും എളുപ്പവഴികള്‍ക്ക് പ്രലോഭനസാധ്യതയുമാണ് ഉള്ളത്. എളുപ്പവഴികള്‍ക്ക് ചില പ്രത്യേകതകളുണ്ട്. അവ നമ്മെ ലക്ഷ്യസ്ഥാനത്ത് നേരത്തെ തന്നെ എത്തിക്കും. പക്ഷേ, യാത്രികര്‍ക്കു മുഴുവന്‍ സമയ യാത്രയുടെ അറിവുകളോ അനുഭവങ്ങളോ അവിടെ ലഭിക്കാറില്ല. എവിടെയെത്തി, എപ്പോഴെത്തി എന്നതുപോലെ തന്നെ പ്രധാനമാണ് എങ്ങനെയെത്തി എന്നതും. എടുക്കേണ്ട സമയവും പ്രയത്‌നവും എടുത്തുവേണം എല്ലാ യാത്രകളും പൂര്‍ത്തിയാക്കാന്‍. സ്ഥിരപരിചയത്തിലൂടെയും തുടര്‍പരിശീലനത്തിലൂടെയും കരസ്ഥമാക്കിയ എന്തിനെയും കൃത്യതയോടെ കൈകാര്യം ചെയ്യാനും കാത്തുസൂക്ഷിക്കാനുമാകും. നമുക്ക് എളുപ്പവഴിയിലൂടെയുള്ള ക്രിയകള്‍ വേണ്ടെന്നുവെക്കാം. അഭിമാനകരമായ വഴികളിലൂടെ നടന്നുകയറാം - ശുഭദിനം
➖➖➖➖➖➖➖➖
Post a Comment