പ്രഭാത വാർത്തകൾ
🔳ലോകത്ത് സങ്കുചിത ചിന്തയും തീവ്രവാദവും പടരുകയാണെന്നും ഇത് നേരിടാന്‍ ശാസ്ത്ര മൂല്യങ്ങളില്‍ അധിഷ്ഠിതമായ പഠനം ആവശ്യമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പുരോഗതി ലോകത്തിന്റെ പുരോഗതിയുടെ വേഗത വര്‍ധിപ്പിക്കുമെന്നും ഇന്ത്യ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ലോകത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും വികസനമെന്നത് എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
🔳യു.എന്‍ പൊതുസഭയില്‍ പാകിസ്താനെതിരെ പരോക്ഷ വിമര്‍ശമുന്നയിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. ഭീകരതയെ ചില രാജ്യങ്ങള്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ലോകമെങ്ങും തീവ്രവാദവും മൗലികവാദവും വര്‍ധിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഫ്ഗാനിസ്താനെ സ്വാര്‍ഥ ലാഭത്തിന് വേണ്ടി ഉപയോഗിക്കരുതെന്നും അഫ്ഗാന്‍ ജനതയെ സംരക്ഷിക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഭീകരതയെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്ന രാജ്യങ്ങള്‍ അത് അവര്‍ക്കുതന്നെയും ഭീഷണിയാണെന്ന് മനസ്സിലാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
🔳സഹകരണ മന്ത്രാലയ വിഷയത്തില്‍ സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടലിനില്ലെന്ന് കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ. പുതിയ സഹകരണ നയം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കും. ഊരാളുങ്കലും കോഴിക്കോട് സഹകരണ ആശുപത്രിയും സഹകരണ രംഗത്തെ മികച്ച മാതൃകകളാണെന്നും ആദ്യ ദേശീയ സഹകരണ യോഗത്തില്‍ അമിത് ഷാ പറഞ്ഞു
🔳കോണ്‍ഗ്രസ് പ്രവേശം സ്ഥിരീകരിച്ച് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി. തനിക്കൊപ്പം കനയ്യ കുമാറും ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ ദില്ലിയിലായിരിക്കും പാര്‍ട്ടി പ്രവേശം. ഭഗത് സിംഗ് ദിനത്തില്‍ ഇരുവരും പാര്‍ട്ടിയിലെത്തുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. കനയ്യയോ മേവാനിയോ റിപ്പോര്‍ട്ടുകള്‍ തള്ളുകയോ സ്ഥിരീകരിക്കുകയോ ചെയ്തിരുന്നില്ല.
🔳രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ച 28,143 കോവിഡ് രോഗികളില്‍ 59.23 ശതമാനമായ 16,671 രോഗികളും കേരളത്തില്‍. ഇന്നലെ രേഖപ്പെടുത്തിയ 258 മരണങ്ങളില്‍ 46.51 ശതമാനമായ 120 മരണങ്ങളും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 2,96,500 സജീവരോഗികളില്‍ 55.71 ശതമാനമായ 1,65,198 രോഗികളും കേരളത്തിലാണുള്ളത്.
🔳കൊവിഡില്‍ കേരളത്തില്‍ ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയെന്ന് സെറോ പ്രിവിലന്‍സ് പഠന റിപ്പോര്‍ട്ട്. 80 ശതമാനത്തോളം പേര്‍ക്ക് പ്രതിരോധ ശേഷി വൈകവരിക്കാനായിട്ടുണ്ടെന്നാണ് കേരളം നടത്തിയ പഠന റിപ്പോര്‍ട്ട് എന്നാണ് സൂചന. വാക്സിനേഷനും രോഗം വന്നു പോയതും പ്രതിരോധ ശേഷി നേടാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍.
🔳സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ടലുകളില്‍ ആളുകള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയായി. ബാറുകളിലും ഇരുന്ന് കഴിക്കാന്‍ അനുമതിയായിട്ടുണ്ട്. ആദ്യഡോസ് വാക്സിന്‍ എടുത്തവരുടെ എണ്ണം 91 ശതമാനം കടന്നതും രോഗവ്യാപനം കുറഞ്ഞതുമാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കാനുള്ള കാരണം.
🔳കോവിഡാനന്തരം ഗള്‍ഫ് യാത്രക്കാര്‍ അനുഭവിക്കുന്ന വിഷമം വളരെ വലുതാണെന്നും ന്യായീകരണമില്ലാത്തതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യാത്രാക്ലേശം അടക്കം വിദേശ മലയാളികള്‍ അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ പരിഗണിച്ചുവെന്നും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി പരിഹാരം തേടാമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
🔳മുതിര്‍ന്ന നേതാവ് വിഎം സുധീരന്റെ രാജിയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റുമായി സംസാരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗം താരിഖ് അന്‍വര്‍. അതിന് ശേഷം ആവശ്യമെങ്കില്‍ സുധീരനെ കാണുമെന്നും അദ്ദേഹം അറിയിച്ചു. അടുത്ത രണ്ട് ദിവസം തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാക്കളുമായെല്ലാം ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ അറിയിച്ചു.
🔳ചവറയില്‍ പ്രവാസി വ്യവസായിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സിപിഎം മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജു ശ്രീനിത്യത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടി. ബിജു തെറ്റു ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു സി പി എം ജില്ലാ നേതൃത്വം. ജില്ലാ നേതൃത്വത്തിന്റെ നടപടിയില്‍ കടുത്ത വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വം ഇടപെട്ടതും നടപടിയുണ്ടായതും.
🔳നോക്കുകൂലി സമ്പ്രദായത്തെ പൂര്‍ണമായും തളളി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും നോക്കുകൂലിയെ അനുകൂലിക്കുന്നില്ലെന്നും. അത്തരം പ്രശ്നങ്ങളില്‍ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
🔳പോത്തന്‍കോട് ചുമട്ടുതൊഴിലാളികള്‍ കെട്ടിട നിര്‍മാണ കരാറുകാരനെ മര്‍ദിച്ച സംഭവത്തില്‍ തൊഴിലാളി കാര്‍ഡുള്ള എട്ട് പേര്‍ക്ക് പങ്കെന്ന് തൊഴില്‍വകുപ്പ് റിപ്പോര്‍ട്ട്. ഇവരുടെ തൊഴിലാളി കാര്‍ഡ് സസ്പെന്റ് ചെയ്യാന്‍ ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി തിരുവനന്തപുരം ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
🔳കെഎസ്എഫ്ഇയുടെ പ്രവാസിചിട്ടിയിലൂടെ കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് സമാഹരിച്ച തുക 500 കോടിയിലെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസികളെ സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തില്‍ പങ്കാളികളാക്കി അതുവഴി അവര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വവും നാടിന് വികസനവും കൈവരുത്തുക എന്ന ആശയത്തിന്റെ ഫലപ്രാപ്തിയായിരുന്നു കെഎസ്എഫ്ഇയുടെ പ്രവാസി ചിട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
🔳1921 ലെ മലബാര്‍ കലാപം ജിഹാദികള്‍ നടത്തിയ ആസൂത്രിത വംശഹത്യ ആയിരുന്നുവെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മലബാര്‍ കലാപത്തെക്കുറിച്ച് ആര്‍എസ്എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു യോഗി. മാനവരാശിയെ മുഴുവന്‍ ജിഹാദി ആശയങ്ങളില്‍നിന്ന് മോചിപ്പിക്കുന്നതിന് എന്തുചെയ്യാന്‍ കഴിയും എന്നതിനെപ്പറ്റി ആഴത്തില്‍ ചര്‍ച്ച ചെയ്യേണ്ട സമയമാണിതെന്ന് യോഗി പറഞ്ഞു.
🔳കുടിയൊഴിപ്പിക്കലിനിടെയുണ്ടായ സംഘര്‍ഷത്തില്‍ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന ആരോപണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. പൊലീസ് വെടിവെപ്പിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പൂര്‍ണമായി പുറത്തുവരാതെ വിഷയത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദരാങ് ജില്ലയിലാണ് 800ഓളം കുടുംബങ്ങളെ പദ്ധതിക്കുവേണ്ടിയാണ് സര്‍ക്കാര്‍ ഭൂമിയില്‍ നിന്ന് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്.
🔳ഇറ്റലിയില്‍ നടക്കുന്ന ലോക സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അനുമതി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍. വത്തിക്കാനില്‍ ഒക്ടോബറിലാണ് സമ്മേളനം. ഒരു സംസ്ഥാന മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചത്.
🔳അര്‍ധസെഞ്ചുറി നേടി ഫോമിലേക്കുയര്‍ന്നിട്ടും സഞ്ജു സാംസണ് രാജസ്ഥാനെ വിജയത്തിലെത്തിക്കാനായില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന് 33 റണ്‍സിന്റെ തോല്‍വി. ഡല്‍ഹി ഉയര്‍ത്തിയ 154 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്താനേ കഴിഞ്ഞുള്ളൂ.
🔳ഐപിഎല്ലിലെ ആവേശകരമായ മറ്റൊരു മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ പഞ്ചാബ് കിങ്സിന് അഞ്ച് റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍125 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദിന് നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെടുക്കാനെ സാധിച്ചുള്ളു.
🔳ലാ ലിഗ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന് സീസണിലെ ആദ്യ പരാജയം. എതിരില്ലാത്ത ഒരു ഗോളിന് ഡീപോര്‍ട്ടീവോ അലാവെസാണ് അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയത്. 2003ന് ശേഷം അത്‌ലറ്റിക്കോയ്‌ക്കെതിരേ അലാവെസിന്റെ ആദ്യ വിജയമാണിത്. ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമായി അത്‌ലറ്റിക്കോ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ കരുത്തരായ ചെല്‍സിയെ കീഴടക്കി നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ഒരു ഗോളിനാണ് സിറ്റിയുടെ വിജയം. അതേസമയം പരാജയമറിയാതെ കുതിച്ച മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി. ആസ്റ്റണ്‍ വില്ലയാണ് ചുവന്ന ചെകുത്താന്മാരെ അട്ടിമറിച്ചത്. തുല്യ ശക്തികളുടെ പോരാട്ടത്തില്‍ സിറ്റിയ്ക്ക് വേണ്ടി 53-ാം മിനിട്ടില്‍ ബ്രസീല്‍ താരം ഗബ്രിയേല്‍ ജെസ്യൂസാണ് വിജയഗോള്‍ നേടിയത്.
🔳കേരളത്തില്‍ ഇന്നലെ 1,14,627 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,248 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 110 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 692 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 75 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,242 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,65,154 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283.
🔳രാജ്യത്ത് ഇന്നലെ 28,143 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 25,984 പേര്‍ രോഗമുക്തി നേടി. മരണം 258. ഇതോടെ ആകെ മരണം 4,46,948 ആയി. ഇതുവരെ 3,36,51,221 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 2.96 ലക്ഷം കോവിഡ് രോഗികള്‍.
🔳മഹാരാഷ്ട്രയില്‍ ഇന്നലെ 3,276 പേര്‍ക്കും തമിഴ്നാട്ടില്‍ 1,724 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,167 പേര്‍ക്കും മിസോറാമില്‍ 1,322 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ ഇന്നലെ 3,73,298 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 52,433 പേര്‍ക്കും ബ്രസീലില്‍ 15,688 പേര്‍ക്കും ഇംഗ്ലണ്ടില്‍ 31,348 പേര്‍ക്കും റഷ്യയില്‍ 22,041 പേര്‍ക്കും തുര്‍ക്കിയില്‍ 26,145 പേര്‍ക്കും ഫിലിപ്പൈന്‍സില്‍ 16,907 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 23.22 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.86 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,783 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 752 പേരും ബ്രസീലില്‍ 502 പേരും റഷ്യയില്‍ 822 പേരും ഇറാനില്‍ 290 പേരും മെക്‌സിക്കോയില്‍ 564 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47.56 ലക്ഷം.
🔳2020ല്‍ ആഗോള തലത്തില്‍ തേയില ഉല്‍പാദനത്തില്‍ ഇടിവ്. മുന്‍വര്‍ഷത്തെക്കാള്‍ 137.27 ദശലക്ഷം കിലോഗ്രാം കുറഞ്ഞ് 6012.81 ദശലക്ഷം കിലോഗ്രാമിലെത്തി. ചൈനയാണ് 45.56 ശതമാനം വിഹിതവുമായി മുന്നില്‍. രണ്ടാമത് ഇന്ത്യയും. ഇന്ത്യയുടെ വിഹിതം 20.91 ശതമാനമാണ്. എന്നാല്‍, ഇന്ത്യയിലെ മൊത്തം ഉല്‍പാദനം 2019 നെക്കാള്‍ 132.58 ദശലക്ഷം കിലോഗ്രാം കുറഞ്ഞ് 1257.5 ദശലക്ഷം കിലോഗ്രാമായി. അതേസമയം, ദക്ഷിണേന്ത്യയില്‍ 3.11 ദശലക്ഷം കിലോഗ്രാമിന്റെ വര്‍ധനയാണുണ്ടായി. ഉല്‍പാദനം 222.1 ദശലക്ഷം കിലോഗ്രാം. കേരളം 2019 നെക്കാള്‍ മെച്ചപ്പെട്ട ഉല്‍പാദന നേട്ടം കൈവരിച്ചു. 4.04 ദശലക്ഷം കിലോഗ്രാം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
🔳വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫാഷന്‍ ഓണ്‍ലൈന്‍ റീട്ടെയിലിംഗ് വിഭാഗമായ മിന്ത്ര തങ്ങളുടെ ഏറ്റവും വലിയ ഫാഷന്‍ ഫെസ്റ്റിവലിന്റെ തീയതികള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ മൂന്ന് മുതല്‍ പത്ത് വരെയാണ് ഫെസ്റ്റിവല്‍. മിന്ത്ര ഇന്‍സൈഡേര്‍സ്, മിന്ത്ര ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ കൂടി ഓഫറുകള്‍ ലഭിക്കും. ബിഗ് ഫാഷന്‍ ഫെസ്റ്റിവലിന്റെ പുതിയ എഡിഷനില്‍ 7000 ബ്രാന്റുകളാണ് പങ്കെടുക്കുക. പത്ത് ലക്ഷത്തിലേറെ സ്റ്റൈലുകള്‍ ഉണ്ടാവും. രാജ്യത്തെ ഉത്സവ സീസണിനെ തങ്ങളുടേതാക്കാനുള്ള വമ്പന്‍ തയ്യാറെടുപ്പിലാണ് കമ്പനി.
🔳ജയസൂര്യ കടമറ്റത്ത് കത്തനാരുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു. 'ഹോം' സംവിധായകന്‍ റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രത്യേകതകള്‍ ഏറെയാണ്. ഇന്ത്യന്‍ സിനിമയിലെ ആദ്യ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ആണ് ചിത്രമെന്ന് അണിയറക്കാര്‍ പറയുന്നു. ഏഴ് ഭാഷകളിലാവും ചിത്രം തിയറ്ററുകളിലെത്തുക. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാണം. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന ഒരു മാന്ത്രികനായ വൈദികനായിരുന്നു കടമറ്റത്ത് കത്തനാര്‍. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടട് ആയിരിക്കും കത്തനാര്‍.
🔳ആന്റണി വര്‍ഗീസ് നായകനാകുന്ന 'ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്' ചിത്രത്തിന്റെ ടീസര്‍ പുറത്ത്. നവാഗതനായ നിഖില്‍ പ്രേംരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നതാണ് ചിത്രം. മലബാറിലെ ഫുട്‌ബോള്‍ പശ്ചാത്തലത്തിലൂടെ രണ്ട് ഫുട്‌ബോള്‍ പ്രേമികളുടെ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നായകനായ ആന്റണി വര്‍ഗീസ് അവതരിപ്പിക്കുന്ന ഹിഷാം ബഷീറും എട്ടുവയസ്സുകാരനായ ഉമ്മര്‍ എന്ന കഥാപാത്രവും തമ്മിലുള്ള ആത്മബന്ധത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ.എം. വിജയന്‍, ദിനേശ് മോഹന്‍, അര്‍ച്ചനാ വാസുദേവ്, എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
🔳അടുത്തിടെയാണ് രാജ്യത്തെ പ്രമുഖ ആഭ്യന്തര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് 2021 അപ്പാഷെ ആര്‍ആര്‍310 വിപണിയില്‍ അവതരിപ്പിക്കുന്നത്. നവീകരിച്ച എത്തുന്ന മോഡലിന് 2.59 ലക്ഷം രൂപയായിരുന്നു എക്‌സ്‌ഷോറൂം വില. ഈ പതിപ്പ് ഏകദേശം 150 യൂണിറ്റുകളായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും അവതരണവേളയില്‍ കമ്പനി അറിയിച്ചിരുന്നു. ഇപ്പോഴിതാ അവതിരിപ്പിച്ച് ഏതാനും ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും ആദ്യ ബാച്ച് മുഴുവനായും വിറ്റു തീര്‍ന്നു. ബുക്കിംഗ് ഇപ്പോള്‍ ടിവിഎസ് അവസാനിപ്പിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
🔳വനജ, ഞാവല്‍പ്പഴം, ജീവിതം ജീവിതം എന്നു പറയുന്നത്, മുഴക്കം, നളിനി രണ്ടാം ദിവസം, കനം, ചൊവ്വാഴ്ചയല്ലാത്ത ഒരു ദിവസം, വെളുത്ത നിറമുള്ള മയക്കം, മരിച്ചവിശ്വാസികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന, കയ്പ്, പരിഭാഷകന്‍ എന്നിങ്ങനെ പതിനൊന്നു കഥകള്‍. 'മുഴക്കം'. പി.എഫ്. മാത്യൂസിന്റെ ഏറ്റവും പുതിയ കഥാസമാഹാരം. മാതൃഭൂമി. വില 136 രൂപ.
🔳ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും അതോടൊപ്പം തന്നെ ആവശ്യത്തിന് പ്രോട്ടീന്‍ ലഭ്യമാക്കാനുമെല്ലാം സോയ മികച്ചൊരു ഭക്ഷണമാണ്. സ്ത്രീകളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും സോയ സഹായിക്കുന്നു. സോയ പുരുഷന്മാര്‍ക്ക് മികച്ചൊരു ഭക്ഷണമല്ലെന്നും അത് പുരുഷന്മാരുടെ ലൈംഗികശേഷിയെ ബാധിക്കുമെന്നൊക്കെയുള്ള വാദങ്ങള്‍ ഉയരുന്നുണ്ട്. പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനത്തെ സോയ പ്രതികൂലമായി ബാധിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. സോയ ലൈംഗികശേഷിയെ ബാധിക്കില്ലെന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്. ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്നും ഗവേഷണങ്ങള്‍ പറയുന്നു. സോയ കഴിക്കുന്നത് കൊണ്ട് ടെസ്റ്റോസ്റ്റിറോണ്‍ ഉത്പാദനം കൂടുകയോ കുറയുകയോ ചെയ്യില്ലെന്നും അത്തരത്തിലുള്ള വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പഠനത്തില്‍ പറയുന്നു. സോയ ഭക്ഷണങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും പുരുഷന്മാരില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ തടയാനും സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ശ്രീബുദ്ധന്റെ പ്രഭാഷണം അവിടെ നടക്കുകയാണ്. അതിനിടെ ഒരാള്‍ വന്ന് അദ്ദേഹത്തെ അസഭ്യം പറയാന്‍ തുടങ്ങി. പരസ്യ അവഹേളനത്തിന് മുതിര്‍ന്ന അയാളെ എതിര്‍ക്കാന്‍ ശിഷ്യര്‍ ശ്രമിച്ചെങ്കിലും ബുദ്ധന്‍ അവരെ തടഞ്ഞു. അവസാനം ബുദ്ധനെ നോക്കി നീട്ടി തുപ്പിയതിന് ശേഷം അയാള്‍ അന്ന് അവിടെ നിന്നും പോയി. അപ്പോള്‍ ബുദ്ധന്‍ ശിഷ്യരോട് പറഞ്ഞു: അയാള്‍ക്ക് എന്നോട് എന്തൊക്കെയോ സംസാരിക്കാനുണ്ടായിരുന്നു. അത് അയാള്‍ അറിയാവുന്ന ഭാഷയില്‍ എന്നോട് പറഞ്ഞു. എനിക്കറിയാവുന്ന ഭാഷയില്‍ ഞാനും അയാളോട് പ്രതികരിച്ചു. എന്റെ മറുപടിയില്‍ അയാള്‍ തൃപ്തനല്ലെങ്കില്‍ ഇനിയും അയാള്‍ വരും. അടുത്ത ദിവസവും അയാള്‍ വന്നു. ശ്രീബുദ്ധനെ വീണ്ടും അധിഷേപിച്ചു. ബുദ്ധന്‍ പതിവുപോലെ മൗനം പലിച്ചു. അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞ് ഒരു ദിവസം അയാളെത്തി. കുറെ നേരം നിശബ്ദനായി അയാള്‍ ബുദ്ധനെ നോക്കി നിന്നു. അതിന് ശേഷം അയാള്‍ അദ്ദേഹത്തിന്റെ കാല്‍ക്കല്‍വീണ് കരഞ്ഞു. അയാള്‍ പോയതിന് ശേഷം ബുദ്ധന്‍ ശിഷ്യരോട് പറഞ്ഞു. അയാള്‍ കുറച്ചു ദിവസങ്ങളായി ഒരു തരം ഭാഷ ഉപയോഗിച്ചു. ഇന്ന് മറ്റൊരു തരം ഭാഷ ഉപയോഗിച്ചു നമ്മള്‍ എല്ലാവരും പഠിക്കുന്ന അക്ഷരങ്ങള്‍ ഒന്ന് തന്നെയാണ്. പക്ഷേ, അവ ഉപയോഗിച്ച് രൂപപ്പെടുത്തുന്ന ഭാഷ വ്യത്യസ്തമാണ്. വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ക്കും ലഭിച്ച പരിശീലനങ്ങള്‍ക്കുമനുസരിച്ചായിരിക്കും എല്ലാവരും പെരുമാറുക. അപകീര്‍ത്തിപ്പെടുത്തുന്നവരെ അവഹേളിച്ചു തോല്‍പ്പിക്കാനാകില്ല. അത്തരം അവഹേളനങ്ങളുമായി അവര്‍ പണ്ടേ സമരസപ്പെട്ടവരാണ്. തിരിച്ചു ലഭിക്കുന്ന ഓരോ നിന്ദയും അവര്‍ക്ക് കൂടുതല്‍ ആവേശവും കരുത്തും പകരും. എന്നാല്‍ അപമാനത്തെ അവഗണിക്കുന്നവരെ ആര്‍ക്കെന്തുചെയ്യാന്‍ കഴിയും.. നിശബ്ദത പാലിക്കുന്നവര്‍ക്കെതിരെ എത്രനേരം ശബ്ദമുയര്‍ത്താന്‍ കഴിയും ? ഒരധിഷേപത്തിനും വശംവദരാകാതിരിക്കുന്നതാണ് യഥാര്‍ത്ഥ സ്വഭാവമഹിമ. പുറത്ത് നിന്നുള്ള പ്രകോപനങ്ങള്‍കൊണ്ട് ആരുടേയും അകം മോശമാക്കാന്‍ ആകില്ല. മറുവാദമുയര്‍ത്തിയും പ്രതികാരം ചെയ്തും ആരെയും കീഴടക്കാനാകില്ല. പക്ഷേ, സൗമ്യതയോടെ പിന്മാറിയാല്‍ ഏത് വില്ലുകുലച്ചവനും തോല്‍വി സമ്മതിക്കും. തോറ്റുകൊടുക്കാന്‍ തയ്യാറായവരെ തോല്‍പിക്കാന്‍ ആര്‍ക്കാണ് താല്‍പര്യം. ഒന്ന് നിശബ്ദമായി നോക്കൂ.. ചിലപ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് ആ നിശബ്ദത പരിഹാരമാകുന്നത് കാണാനാകും - ശുഭദിനം.
Post a Comment