ഇരുട്ടിനെ അകറ്റി വെളിച്ചത്തിനായി പ്രവർത്തിക്കണം -എം.മുകുന്ദൻ
മയ്യഴി: ഇരുട്ടിനെ നമ്മൾ ഭയപ്പെടണമെന്നും കാരണം ഇരുട്ടിലാണ് ദുഷ്ടശക്തികൾ വളരുന്നതെന്നും അതിനാൽ നമ്മൾ വെളിച്ചത്തിന് വേണ്ടി പ്രവർത്തിക്കണമെന്നും എഴുത്തുകാരൻ എം.മുകുന്ദൻ പറഞ്ഞു. മാഹി സെയ്ൻ്റ് തെരേസ ദേവാലയത്തിലെ തിരുനാളിൻ്റെ ഭാഗമായി മേരി മാതാ കമ്യൂണിറ്റി ഹാളിൽ നടന്ന സ്നേഹ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു.
പ്രൊമിത്യൂസിന് വെളിച്ചം നിഷേധിക്കപ്പെട്ടപ്പോൾ അദ്ദേഹം തീ മോഷ്ടിച്ചു എല്ലാവർക്കും വെളിച്ചം നൽകി. അദ്ദേഹത്തിന് അതിക്രൂരമായ ശിക്ഷ കിട്ടി. എന്നാൽ പ്രൊമിത്യൂസ് ഇതിനെയെല്ലാം അതിജീവിച്ച് പുനർജനിച്ചു. വെളിച്ചം നൽകുന്നവർക്ക് മരണമില്ലെന്നും അമ്മ ത്രേസ്യ വിശ്വാസികൾക്ക് വെളിച്ചമാണ് നൽകുന്നതെന്നും എം.മുകുന്ദൻ പറഞ്ഞു. എൻ്റെ എമ്പസിക്കാലം പ്രകാശനം ചെയ്തത് ഡോ.വർഗീസ് ചക്കാലക്കൽ പിതാവായിരുന്നു. അതിൻ്റെ അനുഗ്രഹമാണ് പുസ്തകം രണ്ടാം പതിപ്പിലേക്ക് പ്രവേശിച്ചതന്നും കഥാകാരൻ കൂട്ടിച്ചേർത്തു.
ഇനിയുള്ള കാലം യുദ്ധത്തിൻ്റേതാവരുത് -മെത്രാപോലീത്ത
ഇനിയുള്ള കാലം യുദ്ധത്തിൻ്റേതല്ലെന്നും സമാധാനത്തിൻ്റേതാവണമെന്നും കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ.വർഗ്ഗീസ് ചക്കാലക്കൽ പറഞ്ഞു. തിരുനാളിൻ്റെ ഭാഗമായി നടന്ന സ്നേഹസംഗമത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു. പകരത്തിന് പകരമെന്ന പകരം വീട്ടലിൻ്റെ തത്വശാസ്ത്രം നാശത്തിൻ്റേതാണ്. എല്ലാവരെയും ഉൾക്കൊണ്ടും സ്നേഹിച്ചും ബഹുമാനിച്ചും അംഗീകരിച്ചും ജീവിക്കാൻ കഴിയുന്ന ദർശനം വളർത്തിയെടുക്കാൻ കഴിയണം. ഭാഗ്യവശാൽ മയ്യഴിയിൽ ഈ സ്നേഹ സൗഹാർദ്ദങ്ങളുടെ സംസ്കാരമുണ്ട് എന്നത് സന്തോഷ പ്രദമാണ്.
റോമിൽ മാർപ്പാപ്പയിൽ നിന്നും ഷെവലിയാർ പട്ടം ലഭിച്ച ആൽഫ്രഡ് ജോർജ് ഡി. റൊസാരിയോയെ മെത്രാപ്പോലീത്ത ആദരിച്ചു.
മയ്യഴിയുടെ അമ്മയായി സെയ്ൻ്റ് തെരേസ പുണ്യവതിയെ ലഭിച്ച സൗഭാഗ്യം മയ്യഴിക്കാരുടെ പുണ്യമാണെന്നും മതസൗഹാർദ്ദത്തിൻ്റെ മഹനീയമാതൃകയായ മാഹി ബസിലിക്ക രാജ്യത്ത് ഉയർത്തി കാണിക്കപ്പെടേണ്ടതാണെന്നും രമേശ് പറമ്പത്ത് എം.എൽ.എ പറഞ്ഞു. സ്നേഹസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ആയുധങ്ങൾ എടുത്ത് പോരാട്ടം നടത്തുന്ന സംസ്കാരം മാറേണ്ടതുണ്ടെന്നും എല്ലാവർക്കും സമാധാനത്തോടെയും സൗഹാർദ്ദത്തോടെയും ജീവിക്കാൻ കഴിയണമെന്നും കെ.കെ. രമ എം.എൽ.എ. പറഞ്ഞു. മുൻ മന്ത്രി ഇ. വത്സരാജ്, സ്വാമി പ്രേമാനന്ദ, മുഹമ്മദലി ദരമി, മാഹി അഡ്മിനിസ്ട്രറ്റർ ഡി. മോഹൻകുമാർ, മാഹി പോലീസ് സൂപ്രണ്ട് ഡോ. വിനയ് കുമാർ ഗാഡ്ഗെ, പ്രൊഫ. ആൻ്റണി ഫെർണാണ്ടസ്, റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, ഷാജു കാനത്തിൽ, സിസ്റ്റർമാരായ എലിഷ്വ, വിജയ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment