പരാതി നൽകി
ചൊക്ലി ഒളവിലം പാത്തിക്കലിൽ ഞായറാഴ്ചത്തെ ഫുൾ ലോക്ഡൗണിന്റെ മറവിൽ മയ്യഴിപ്പുഴ തീരത്ത് കെട്ടിട മാലിന്യം തള്ളിയതിനെതിരെ മയ്യഴിപ്പുഴ സംരക്ഷണ സമിതി ശക്തമായ നടപടി ആവശ്യപ്പെട്ട് ചൊക്ലി പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.
തുടർച്ചയായി മാലിന്യം കരാറെടുത്ത് നിക്ഷേപിച്ചു പണം നേടുന്നവർ പെരുകുന്ന അവസ്ഥയിലേക്ക് കേരളം മാറുന്നുവോ? അവധി ദിവസങ്ങൾ അതിനുള്ള അവസരമാക്കി, പുഴകളും തോടുകളും അവരുടെ ലക്ഷ്യസ്ഥാനവുമായി മാറുന്നു. ഇത്തരം ഹീന കർമ്മങ്ങൾ ചെയ്യുന്നവർ മാത്രമല്ല ഗുണഭോക്താക്കളാവുന്നത്. അത് കോൺട്രാക്ടെടുക്കുന്നവരും മാലിന്യം തങ്ങളുടെ സ്ഥലത്തു നിന്നും മാറ്റുവാൻ ക്വട്ടേഷൻ നൽകുന്നവരും മറ്റു ചിലപ്പോൾ നിക്ഷേപിക്കപ്പെടുന്ന ഉപയോഗയോഗ്യമല്ലാത്ത ഭൂമിയുടെ ഉടമയും!!!
ചൊക്ലി പഞ്ചായത്ത് വാർഡ് 12ലെ ഒളവിലം പാത്തിക്കൽ പ്രദേശവും അഴിയൂർ കക്കടവും ഇത്തരം കേന്ദ്രങ്ങളാണ്. രണ്ട് മാസം മുമ്പ് ഇവിടങ്ങളിൽ ഇത്തരം നിക്ഷേപങ്ങൾ നടന്നതായി നാട്ടുകർ പരാതി ഉന്നയിക്കുകയും മയ്യഴിപ്പുഴ സംരക്ഷണ സമിതി ഇടപെടുകയും ചെയ്യുകയുണ്ടായി. ചില സ്ഥലങ്ങളിൽ കുറ്റവാളികൾ പിഴയടക്കാൻ നിർബ്ബന്ധിതരായിട്ടുണ്ടെങ്കിലും പലപ്പോഴും കുറ്റവാളികൾ പിടിക്കപ്പെടുന്നില്ല.
പകർച്ചവ്യാധികൾ നാട്ടിൽ സംഹാര താണ്ഡവമാടുമ്പോഴും പണക്കൊതി മൂത്ത സാമൂഹ്യവിരുദ്ധരെ അതൊന്നും തിരുത്താൻ പ്രാപ്തമായിട്ടില്ല. ഇതിന്നറുതിവരുത്താൻ ദേശവാസികളുടെ ജാഗ്രതയും നിരീക്ഷണവും ഇടപെടലും നിരന്തരമായുണ്ടാവണം, ഒപ്പം റെവന്യൂ സ്‌പെഷ്യൽ സ്ക്വാഡിന്റെയും.
കഴിഞ്ഞ ഞായറാഴ്ച ഒളവിലം പാത്തിക്കലിൽ ലോഡ്കണക്കിന്ന് മാലിന്യമാണ് നിക്ഷേപിക്കപ്പെട്ടത്. നാട്ടുകാരുടെ അറിയിപ്പനുസരിച്ച് സമിതി അംഗങ്ങൾ അവിടം സന്ദർശിച്ചു. നാട്ടുകരിൽ നിന്നും ലഭിച്ച വാഹനവിവരങ്ങൾ സഹിതം ഉൾപ്പെടുത്തിയാണ് പരാതി നൽകിയത്. സ്ഥലവിവരങ്ങൾ നൽകി പത്രലേഖകർ ബന്ധപ്പെട്ടപ്പോൾ അത് ചൊക്ലി പഞ്ചായത്ത് അതിർത്തിയിലല്ല എന്ന നിലപാടാണ് സെക്രട്ടറി എടുത്തത് എന്നറിഞ്ഞതിനാൽ വാർഡ് നമ്പർ സഹിതമാണ് സമിതി പരാതി നൽകിയത്. കടുത്ത നടപടികൾ ഇത്തരം പ്രവൃത്തികൾക്കെതിരെ അധികൃതർ എടുക്കണമെന്ന് സമിതി പരാതിയിൽ ആവശ്യപ്പെട്ടു.
സമിതിയുടെ ആവശ്യപ്രകാരം സ്ഥലമുടമ പള്ളൂരിലെ എൻ.ആർ.കെ സജീവൻ പോലീസിൽ പരാതി നൽകിയിട്ടുമുണ്ട്. പ്രദേശത്തെ സി.സി.ടി.വികൾ പരിശോധിച്ചാൽ പ്രതികളെ കണ്ടെത്താവുന്നതാണെങ്കിലും കേസ് അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.
വിജയൻ കൈനാടത്ത്, ഷൗക്കത്ത് അലി എരോത്ത്, സുധീർ കേളോത്ത് എന്നിവർ നാട്ടുകാർക്കൊപ്പം സ്ഥലം സന്ദർശിച്ചു.
Post a Comment