അന്തർസംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതികൾ രണ്ടുകിലോ കഞ്ചാവുമായി കൂത്ത്പറമ്പിൽ പിടിയിൽ ; അറസ്റ്റിലായവരിൽ തലശ്ശേരി സ്വദേശിയും
ഇവരിൽ നിന്നും രണ്ടു കിലോ 300 ഗ്രാം കഞ്ചാവ് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു . തലശ്ശേരി മട്ടാമ്പ്രം പള്ളിയിലെ ഖദീജ മൻസ്സിലിൽ കെ.പി സിയാദ് , വയനാട് ചിറമൂല കോളനിയിൽ കോളോത്ത് വീട്ടിൽ പാച്ചു എന്ന ഫൈസൽ എന്നിവരാണ് അറസ്റ്റിലായത് . ബുധനാഴ്ച രാത്രി 11 മണിയോടെ പൂക്കോട് വെച്ചാണ് ഇരുവരും അറസ്റ്റിലായത് . 1 എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ ഷാജിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കേസിലുൾപ്പെട്ട സിയാദ് കഴിഞ്ഞദിവസമാണ് ജാമ്യത്തിലിറങ്ങിയത് . ഒരാഴ്ചക്കാലമായി എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു ഇരുവരും .
തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ പറഞ്ഞു . ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ എക്സൈസ് ഓഫീസുകളിലും പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട് . കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി . പ്രമോദ് , സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ബി. ജീമോൻ , ഷാജി അളോക്കൻ , കെ സുനീഷ് , എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗം പി ജലീഷ് , പ്രജീഷ് കോട്ടായി , പി.റോഷിത്ത് , ബാബു ജയേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് . എക്സൈസ് കമ്മീഷണർ സ്ക്വാഡിന്റെ ഉത്തരമേഖലാ ചുമതലയുള്ള സർക്കിൾ ഇൻസ്പെക്ടർ സതീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു . ഇവരിൽ നിന്നും ജില്ലയിലെ കഞ്ചാവ് കടത്തുകാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്

Post a Comment