o മാഹിയുടെ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് ബ്ലോക്ക് കോൺഗ്രസ്സ് ലഫ്നൻ്റ് ഗവർണർക്ക് നിവേദനം നൽകി*
Latest News


 

മാഹിയുടെ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് ബ്ലോക്ക് കോൺഗ്രസ്സ് ലഫ്നൻ്റ് ഗവർണർക്ക് നിവേദനം നൽകി*

 *മാഹിയുടെ വികസന പ്രശ്നങ്ങൾ ഉന്നയിച്ച് ബ്ലോക്ക് കോൺഗ്രസ്സ് ലഫ്നൻ്റ് ഗവർണർക്ക് നിവേദനം നൽകി*




മാഹി: മാഹി സന്ദർശിക്കാനെത്തിയ പുതുച്ചേരി ലഫ്നൻ്റ് ഗവർണർക്ക് മാഹിയുടെ വിവിധ ആവശ്യങ്ങളടങ്ങിയ മെമ്മോറാണ്ടം സമർപ്പിച്ച് ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികൾ. മാഹി ഗവൺമെന്റ് ഹൗസിൽ വെച്ചാണ് പ്രതിനിധിസംഘം ഗവർണറെ നേരിൽ കണ്ട് ജനങ്ങൾ നേരിടുന്ന അടിയന്തര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടത്.

മാഹിയുടെ വികസനവും ജനങ്ങളുടെ സുരക്ഷിതത്വവും മുൻനിർത്തി ഏഴിന ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്.


*പ്രധാന ആവശ്യങ്ങൾ*


*മുൻസിപ്പൽ കമ്മീഷണറുടെ ഒഴിവ് നികത്തുക*:മാഹി മുൻസിപ്പൽ കമ്മീഷണറുടെ ഒഴിവ് കാരണം ജനങ്ങൾ കടുത്ത പ്രയാസമാണ് അനുഭവിക്കുന്നത്. ഈ ഒഴിവ് അടിയന്തരമായി നികത്തി പ്രതിസന്ധി പരിഹരിക്കണം.


*ജീവനക്കാരുടെ കുറവ് പരിഹരിക്കുക:* മാഹി മുൻസിപ്പൽ ഓഫീസ് ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിൽ നിലനിൽക്കുന്ന ജീവനക്കാരുടെ ഒഴിവുകൾ നികത്തി ഭരണനിർവ്വഹണം കാര്യക്ഷമമാക്കുക.


*പുതിയ പെട്രോൾ പമ്പുകൾക്ക് അനുമതി നൽകരുത്:* മാഹിയുടെ പരിമിതമായ സ്ഥലത്ത് വർദ്ധിച്ചുവരുന്ന പെട്രോൾ പമ്പുകളുടെ പ്രവർത്തനം ജനങ്ങളിൽ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. അതിനാൽ ഇനിമേൽ പുതിയ പമ്പുകൾക്ക് ലൈസൻസ് അനുവദിക്കരുത്.


*ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുക:* മാഹി ഗവൺമെന്റ് ആശുപത്രിയിൽ അനുവദിക്കപ്പെട്ട ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ഉടനടി ആരംഭിക്കണം.


*സ്‌റ്റേഡിയം നിർമ്മാണം:* മൂലക്കടവ് ഐ. കെ. കുമാരൻ ഹയർ സെക്കൻഡറി സ്കൂളിന് ആവശ്യമായ സ്‌റ്റേഡിയത്തിന്റെ പ്രവൃത്തികൾ ഉടൻ ആരംഭിക്കുക.


*റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുക:* തകർന്നു കിടക്കുന്ന പി.ഡബ്ല്യു.ഡി, മുൻസിപ്പൽ റോഡുകൾ അടിയന്തരമായി പുനരുദ്ധരിക്കുക.


*പുനർനിയമനങ്ങൾ റദ്ദാക്കുക:* പ്ലാനിങ്ങ് ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ വകുപ്പുകളിൽ വിരമിച്ച ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുന്നത് റദ്ദാക്കുക.


ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ. മോഹനൻ, പി. പി. വിനോദൻ, വി. ടി. ഷംസുദ്ദീൻ എന്നിവരടങ്ങുന്ന പ്രതിനിധിസംഘമാണ് ലഫ്നൻ്റ് ഗവർണർക്ക് നിവേദനം കൈമാറിയത്. വിഷയങ്ങളിൽ അനുകൂലമായ നടപടിയുണ്ടാകുമെന്ന് ഗവർണർ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.



Post a Comment

Previous Post Next Post