അഴിയൂർ പഞ്ചായത്തിലെ ജലസ്രോതസ്സുകൾ നികത്തുന്നത് മയ്യഴിപ്പുഴ സംരക്ഷണ പ്രവർത്തകർ സന്ദർശിച്ചു
അഴിയൂർ പഞ്ചായത്ത് ആറാം വാർഡിലെ *കുന്നത്ത്താഴെ വയലിൽ തോടും* പത്താം വാർഡിലെ *കല്ലാമല കോവുക്കൽ കടവ് പാത്തി* ഭാഗത്ത് വ്യാപകമായി ബിൽഡിങ്ങ് വേസ്റ്റ് നിക്ഷേപിച്ച് നികത്തുന്നതും മയ്യഴിപ്പുഴ സംരക്ഷണ സമിതിയംഗങ്ങൾ, അഴിയൂർ മേഖല കമ്മിറ്റി പ്രതിനിധികളോടൊപ്പം സന്ദർശിച്ചു. ഒപ്പം അഴിയൂരിലെ ചാരങ്കയ്യിൽ പ്രദേശത്തെ തോട്, വർഷങ്ങൾക്ക് മുൻപ് നികത്തിയ വിവിധ പ്രദേശങ്ങൾ, വ്യാപകമായി കണ്ടൽ കാടുകൾ വെട്ടി നശിപ്പിച്ച പ്രദേശങ്ങൾ തുടങ്ങിയവയും സന്ദർശിച്ചു. ചാരങ്കയ്യിൽ തോട് അനധികൃതമായി കയ്യേറ്റം ചെയ്തത് കൊണ്ട്, തോടിന്റെ വീതി കുറഞ്ഞത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്താൻ ധാരണയായി.
കുന്നത്ത്താഴെ വയലിൽ തോട്, ജനങ്ങൾ പ്രതികരിച്ചപ്പോൾ, 10 മീറ്റർ വീതിയുള്ള തോടിന് പകരം അരമീറ്റർ വലിപ്പമുള്ള കോണ്ക്രീറ്റ് പൈപ്പ് ഇട്ട് തടിതപ്പാൻ ശ്രമക്കുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.
കല്ലാമല കോവുക്കൽ കടവ് പാത്തി ഭാഗത്ത് ജലസമ്പന്നമായ തോടാണ് വ്യാപകമായി ബിൽഡിങ്ങ് വേസ്റ്റ് ഇട്ട് നികത്തുന്നത്. നികത്തിയാൽ ഉപ്പ് വെള്ളത്തിൽ നിന്നും രക്ഷ നേടാം എന്നും, മഴക്കാലത്ത് പ്രളയം ഒഴിവാക്കാമെന്നുമുള്ള തെറ്റായ ധാരണയാണ് നാട്ടുകാർ വെച്ചു പുലർത്തുന്നത് എന്ന് മനസ്സിലായി. വെള്ളത്തിന് സരംഭിക്കപ്പെടാൻ സ്ഥലമില്ലാതെ വന്നാൽ, മഴക്കാലത്ത് വെള്ളപ്പൊക്കം അതിരൂക്ഷമാകുമെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. ഉപ്പുവെള്ളം കയറാതിരിക്കാൻ വി.സി.ബി (പാത്തി) സംവിധാനമാണ് വേണ്ടത്.
ഈ രണ്ട് വിഷയങ്ങളിലും അഴിയൂർ മേഖല കമ്മിറ്റി ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുവാൻ തീരുമാനിച്ചു. വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ മയ്യഴിപ്പുഴ സംരക്ഷണ സമിതി നൽകുമെന്നും ധാരണയായി.
സന്ദർശക സംഘത്തിൽ മയ്യഴിപ്പുഴ സംരക്ഷണ സമിതി ചെയർമാൻ വിജയൻ കൈനടത്ത്, വർക്കിങ്ങ് ചെയർമാൻ ഷൗക്കത്ത് അലി എരോത്ത്, വൈസ് ചെയർമാൻ സുധീർ കേളോത്ത്, സംഘടന കാര്യ സെക്രട്ടറി സി.കെ രാജലക്ഷ്മി, ജോയിന്റ് സെക്രട്ടറി മഹിജ തോട്ടത്തിൽ, മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് ആനന്ദകുമാർ പറമ്പത്ത്, അഴിയൂർ മേഖല വർക്കിങ്ങ് ചെയർമാൻ വി.പി ജയൻ, റിയാൻ അഴിയൂർ എന്നിവരുണ്ടായിരുന്നു.


Post a Comment