o സംഘടിതശക്തിയിലൂടെ രാഷ്ട്രവിജയം; കുടുംബമൂല്യങ്ങൾ സംരക്ഷിക്കണം: കെ.എം. ശ്രീധരൻ മാസ്റ്റർ* ചാലക്കരയിൽ ആർ.എസ്.എസ്. പഥസഞ്ചലനവും വിജയദശമി ആഘോഷവും
Latest News


 

സംഘടിതശക്തിയിലൂടെ രാഷ്ട്രവിജയം; കുടുംബമൂല്യങ്ങൾ സംരക്ഷിക്കണം: കെ.എം. ശ്രീധരൻ മാസ്റ്റർ* ചാലക്കരയിൽ ആർ.എസ്.എസ്. പഥസഞ്ചലനവും വിജയദശമി ആഘോഷവും

 *സംഘടിതശക്തിയിലൂടെ രാഷ്ട്രവിജയം; കുടുംബമൂല്യങ്ങൾ സംരക്ഷിക്കണം: കെ.എം. ശ്രീധരൻ മാസ്റ്റർ*
ചാലക്കരയിൽ ആർ.എസ്.എസ്. പഥസഞ്ചലനവും വിജയദശമി ആഘോഷവും



മാഹി: സംഘടിതമായ സമാജശക്തിയിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ സമഗ്രവികസനവും ധാർമികമൂല്യങ്ങളുടെ സംരക്ഷണവും സാധ്യമാകൂവെന്ന് ആർ.എസ്.എസ്. പ്രാന്തീയ കാര്യകാരി സദസ്യൻ കെ.എം. ശ്രീധരൻ മാസ്റ്റർ പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം മാഹി മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ വിജയദശമി ആഘോഷത്തിന്റെ ഭാഗമായി ചാലക്കരയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയദശമി ധർമത്തിന്റെ വിജയത്തെ ഓർമിപ്പിക്കുന്ന ദിനമാണെന്നും നൂറുവർഷം പിന്നിട്ട സംഘപ്രവർത്തനം സംഘടിതശക്തിയുടെ പ്രാധാന്യമാണ് ഉയർത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബങ്ങളിലെ മൂല്യശോഷണം, ലഹരിയുടെ വ്യാപനം, സാമൂഹികമാധ്യമങ്ങളുടെ ദുരുപയോഗം, യുവതലമുറ നേരിടുന്ന മാനസികസംഘർഷങ്ങൾ തുടങ്ങിയ വെല്ലുവിളികൾ ഗൗരവത്തോടെ കാണണം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്തിയും കുട്ടികളിലും യുവാക്കളിലും ധാർമികബോധവും കർത്തവ്യനിഷ്ഠയും വളർത്തിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജാതി, ഭാഷ, സാമ്പത്തികനില തുടങ്ങിയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരെയും ഉൾക്കൊള്ളുന്ന സമാജമാണ് ഭാരതീയ ദർശനം മുന്നോട്ടുവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തലമുറകൾ തമ്മിലുള്ള അകലം വർധിപ്പിക്കുന്നതിനുപകരം മൂല്യങ്ങളുടെ തുടർച്ച ഉറപ്പാക്കണം. ഗ്രാമങ്ങളിലും നഗരങ്ങളിലും സേവനസന്നദ്ധരും മൂല്യബോധമുള്ളവരുമായ വ്യക്തികളിലൂടെ ശക്തമായ സമാജത്തെ കെട്ടിപ്പടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കീഴന്തൂർ പത്മനാഭൻ അധ്യക്ഷത വഹിച്ചു. സായന്ത് ടി. പരിചയഭാഷണം നടത്തി.

പൊതുപരിപാടിക്ക് മുന്നോടിയായി പള്ളൂർ കോയ്യോടൻ കോറോത്ത് ക്ഷേത്രപരിസരത്തുനിന്ന് ആരംഭിച്ച പഥസഞ്ചലനം ഇരട്ടപ്പിലാക്കൂൽ, പള്ളൂർ പോലീസ് സ്റ്റേഷൻ വഴി ചാലക്കര മഹാത്മാഗാന്ധി ഗവ. കോളജ് ഗ്രൗണ്ടിൽ സമാപിച്ചു. തുടർന്ന് സ്വയംസേവകരുടെ ശാരീരിക പ്രദർശനങ്ങളും അരങ്ങേറി.




Post a Comment

Previous Post Next Post