തെരുവുനായ ആക്രമണം: അടിയന്തര നടപടി വേണം; മുസ്ലിം യൂത്ത് ലീഗ്
ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഒന്നാം, പതിനാലാം വാർഡുകളിലുണ്ടായ തെരുവുനായ ആക്രമണത്തിൽ എട്ടുപേർക്ക് കടിയേൽക്കുകയും രണ്ടുപേരുടെ പരിക്ക് ഗുരുതരമാവുകയും ചെയ്ത സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റി രംഗത്ത്.
ആക്രമണത്തിനിരയായ മറ്റു നായകളെയും പൂച്ചകളെയും കണ്ടെത്തി ആവശ്യമായ പരിശോധനയും വാക്സിനേഷനും നടത്തുന്നതിനും പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പഞ്ചായത്ത് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
സംഭവം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ആവശ്യമായ തുടർനടപടികൾ വൈകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. തെരുവുനായ ഭീഷണി പരിഹരിക്കുന്നതിനും നായയുടെ കടിയേറ്റ് ചികിത്സ തേടിയവർക്ക് ആവശ്യമായ ചികിത്സാ സഹായം ലഭ്യമാക്കുന്നതിനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ മുസ്ലിം യൂത്ത് ലീഗ് ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുവരുമെന്ന് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് തഷ്രീഫ് ഉസ്സൻമൊട്ട അറിയിച്ചു. ജനങ്ങളുടെ ജീവനും സുരക്ഷയും സംബന്ധിച്ച വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഇനിയും കാലതാമസം ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment