*ശിവസൂര്യയെ കണ്ടെത്താൻ ജനകീയ ഇടപെടൽ; നവംബർ 3ന് യോഗം*
ചൊക്ലി: കാണാതായ ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ശിവസൂര്യയെ കണ്ടെത്താൻ ജനകീയ ഇടപെടൽ ശക്തമാക്കുന്നു. രണ്ടര മാസം പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ വിവിധ മേഖലകളിലുള്ളവരെ പങ്കെടുപ്പിച്ച് യോഗം ചേരും.
ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. എന്നിട്ടും ശിവസൂര്യയെ കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് തുടർനടപടികൾ ആലോചിക്കാൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർക്കുന്നത്.
നവംബർ മൂന്നിന് വൈകിട്ട് 4.30ന് ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലാണ് യോഗം. രാഷ്ട്രീയ പാർട്ടികൾ, യുവജന-വിദ്യാർഥി സംഘടനകൾ, മഹിളാ-തൊഴിലാളി സംഘടനകൾ, അധ്യാപകർ, വ്യാപാരികൾ, രക്ഷിതാക്കൾ, മാധ്യമപ്രവർത്തകർ, ക്ലബ്ബുകൾ, വായനശാലകൾ, മതസംഘടനകൾ, നിയമവിദഗ്ധർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
ശിവസൂര്യയെ കണ്ടെത്താൻ സഹായകമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനും അന്വേഷണം കൂടുതൽ ഫലപ്രദമാക്കുന്നതിനുമുള്ള കൂട്ടായ പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും.

Post a Comment