പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനച്ചോർച്ച: മാഹി പള്ളൂരിൽ കിണറുകളിൽ വിഷവെള്ളം, 20 കുടുംബങ്ങൾ കുടിവെള്ള പ്രതിസന്ധിയിൽ
മാഹി: മാഹി ബൈപാസ് ഉദ്ഘാടനത്തിനുശേഷം നികുതി ഇളവുകളുടെ ആനുകൂല്യത്തിൽ പെട്രോൾ പമ്പുകൾ പെരുകിയതോടെ പള്ളൂർ കുഞ്ഞിപ്പുര മുക്കിൽ ഗുരുതരമായ കുടിവെള്ള പ്രതിസന്ധി. പ്രദേശത്ത് നവതായി പ്രവർത്തനം ആരംഭിച്ച പെട്രോൾ പമ്പുകളിൽ നിന്നുള്ള ഇന്ധനച്ചോർച്ചയാണ് സമീപത്തെ വീട്ടു കിണറുകളിലെ വെള്ളം മലിനമാക്കിയതെന്നാണ് നാട്ടുകാരുടെ പരാതി. ഇതോടെ 20-ഓളം കുടുംബങ്ങളുടെ കുടിവെള്ളമാണ് പൂർണ്ണമായും പ്രതിസന്ധിയിലായത്.
കഴിഞ്ഞ ജനുവരി മുതലാണ് കിണറുകളിലെ വെള്ളത്തിന് പെട്രോളിന്റെയും ഡീസലിന്റെയും ഗന്ധം അനുഭവപ്പെട്ടു തുടങ്ങിയത്. തുടർന്ന് മയ്യഴി ആരോഗ്യവകുപ്പും റവന്യൂ വകുപ്പും ഇടപെട്ട് നടത്തിയ പരിശോധനയിൽ കിണറുകളിലെ വെള്ളത്തിൽ പെട്രോളിയം ഹൈഡ്രോകാർബണിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ ഈ വെള്ളം കുടിക്കാനോ കുളിക്കാനോ മറ്റ് ഗാർഹിക ആവശ്യങ്ങൾക്കോ ഉപയോഗിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.
നിലവിൽ പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് പ്രതിദിനം 20 ലിറ്റർ വീതം കുടിവെള്ളം റീജണൽ അഡ്മിനിസ്ട്രേറ്ററുടെ ഇടപെടലിൽ എത്തിക്കുന്നുണ്ടെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് ഇത് തികയാത്ത അവസ്ഥയിലാണ്. കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരുന്ന സാഹചര്യവും തുടർച്ചയായ മാനസിക സമ്മർദ്ദവും കാരണം ചില കുടുംബങ്ങൾ വർഷങ്ങളായി താമസിച്ചിരുന്ന വീടുകൾ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് മാറിയതായും നാട്ടുകാർ പറയുന്നു.
പ്രശ്നത്തിന് അടിയന്തരവും ശാശ്വതവുമായ പരിഹാരം ആവശ്യപ്പെട്ട് സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം. ജീവിക്കാനാവശ്യമായ ശുദ്ധജലം അടിയന്തരമായി ലഭ്യമാക്കുക, പ്രദേശത്തെ പെട്രോൾ പമ്പുകളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുക, ഭാവിയിൽ ഇന്ധനമാലിന്യങ്ങൾ കിണറുകളിൽ കലരുന്നത് തടയാൻ ശാസ്ത്രീയമായ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിക്കുന്നത്.
പ്രതിഷേധത്തിന്റെ ഭാഗമായി ഈ മാസം 23-ന് രാവിലെ 11 മണിക്ക് മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലേക്ക് സമാധാന മാർച്ച് നടത്തുമെന്ന് കുഞ്ഞിപ്പുര മുക്ക് റസിഡൻസ് വെൽഫെയർ അസോസിയേഷൻ ആക്ഷൻ കമ്മിറ്റി അറിയിച്ചു.

Post a Comment