ദേശീയ സ്വാതന്ത്ര്യ സമര കാലത്തെ
ആത്മബന്ധം നഷ്ടമായതാണ് ഇന്ത്യ നേരിടുന്ന പ്രതിസന്ധി -കല്പറ്റ നാരായണൻ
മയ്യഴി: സാംസ്കാരിക പാരമ്പര്യങ്ങളും പൊതുവായ രാഷ്ട്രീയപ്രവർത്തനവും തമ്മിൽ ദേശീയ സ്വാതന്ത്ര്യസമരകാലത്ത് നിലനിന്ന ആത്മബന്ധം നഷ്ടമായതാണ് ഇന്ത്യ ഇന്ന് നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനം എന്ന് കവിയും സാമൂഹിക വിമർശകനുമായ കൽപ്പറ്റ നാരായണൻ. മയ്യഴി വിമോചനസമരത്തിലെ മുൻനിര നേതാവും പ്രമുഖ പത്രപ്രവർത്തകനുമായ മംഗലാട്ട് രാഘവൻ്റെ അഞ്ചാം സ്മാരകപ്രഭാഷണത്തിൽ കവിത: ഭാവനയുടെ സാർവ്വലൗകികത എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിന്റെ രാഷ്ട്രീയ അധിനിവേശത്തിനെതിരെ പൊരുതി തോല്പിച്ച മംഗലാട്ട് രാഘവൻ ഫ്രഞ്ച് സാഹിത്യത്തിലെ കാവ്യസംസ്കാരത്തെ മലയാളത്തിലേക്ക് തന്റെ പരിഭാഷകളിലൂടെ ഇറക്കുമതി ചെയ്തു. കവിത്വമില്ലാത്തവരുടെ വിവർത്തനം യാന്ത്രികമാവുമ്പോൾ മംഗലാട്ടിന്റെ വിവർത്തനങ്ങൾ ജീവസ്സുറ്റ സൃഷ്ടികൾ തന്നെയായി മാറി. മംഗലാട്ടിന്റെ പരിഭാഷകൾ വെറും ഭാഷാന്തരങ്ങളായിരുന്നില്ലെന്നും ഫ്രഞ്ച് ഭാവുകത്വത്തെ മലയാളിയുടെ കാവ്യഭാവുകത്വവുമായി സമന്വയിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. ടി. അശോക് കുമാർ എം. എൽ. എ ചടങ്ങ് ഉൽഘാടനം ചെയ്തു. മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യയിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ ചരിത്രം സംബന്ധിച്ച പുസ്തകം പുതുശ്ശേരി മുൻ ഡെപ്യൂട്ടി സ്പീക്കർ പി കെ സത്യനാഥൻ പ്രകാശനം ചെയ്തു. അഡ്വ. പി. റെജിനാർക്ക് പുസ്തകം ഏറ്റുവാങ്ങി. വിജയരാഘവൻ ചേലിയ മംഗലാട്ട് രാഘവൻ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. ഡോ. മഹേഷ് മംഗലാട്ട് സ്വാഗതവും വിനോദ് പയ്യട നന്ദിയും പറഞ്ഞു.

Post a Comment