*കല്ലായി ചുങ്കത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കണം: മാഹി എംഎൽഎയ്ക്ക് നിവേദനം നൽകി*
ന്യൂ മാഹി: ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ ഏക ഹയർസെക്കൻ്ററി വിദ്യാലയമായ എം എം ഹയർസെക്കൻ്ററി സ്കൂളിന് സമീപം കല്ലായി ചുങ്കത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മാഹി എംഎൽഎ അഡ്വ. ടി. അശോക് കുമാറിന് നിവേദനം നൽകി.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ മാഹി എംഎൽഎയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് നിവേദനം കൈമാറിയത്. പ്രസിഡൻ്റിനൊപ്പം സി കെ പ്രകാശൻ, വി കെ മുഹമ്മദ് തമീം എന്നിവരും ഉണ്ടായിരുന്നു.
എം എം ഹയർസെക്കൻ്ററി സ്കൂളിലെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും സുരക്ഷിതമായ ബസ് കാത്തിരിപ്പ് സൗകര്യം ഒരുക്കുന്നതിനായി കല്ലായി ചുങ്കത്ത് ബസ് വെയിറ്റിംഗ് ഷെൽട്ടർ അനിവാര്യമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചതിൽ, മാഹി പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള എം എം ഹയർസെക്കൻ്ററി സ്കൂളിന് മുന്നിലൂടെ കടന്നുപോകുന്ന പിഡബ്ല്യുഡി റോഡിന്റെ കിഴക്ക് ഭാഗത്ത് ഷെൽട്ടർ നിർമ്മിക്കുന്നതാണ് അനുയോജ്യമെന്ന് വിലയിരുത്തിയിട്ടുണ്ട്.
പ്രസ്തുത സ്ഥലം പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായതിനാൽ, ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും അധികാരികളിൽ നിന്നും ആവശ്യമായ അനുമതികൾ ലഭ്യമാക്കുന്നതിനും ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമ്മിക്കുന്നതിനുമായി മാഹി എംഎൽഎ എന്ന നിലയിൽ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് നിവേദനത്തിൽ അഭ്യർത്ഥിച്ചു.
വിദ്യാർഥികളുടെയും പൊതുജനങ്ങളുടെയും യാത്രാസൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

Post a Comment