*പെരിങ്ങാടി റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കണം - ഷാഫി പറമ്പിൽ എംപിക്ക് നിവേദനം നൽകി*
രൂക്ഷമായ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന പെരിങ്ങാടി റെയിൽവേ ലെവൽ ക്രോസിംഗിലെ യാത്രാദുരിതത്തിന് പരിഹാരം കാണുന്നതിന് റെയിൽവേ മേൽപ്പാലം നിർമ്മിക്കുക എന്ന് ആവശ്യപ്പെട്ട് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ വടകര ലോക്സഭ മണ്ഡലം എംപി ഷാഫി പറമ്പിലിന് നിവേദനം നൽകി. തലശ്ശേരിയിൽ വെച്ച് ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എംപിക്ക് നിവേദനം നൽകുകയും വിഷയത്തിന്റെ ഗൗരവം നേരിട്ട് ബോധ്യപ്പെടുത്തുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, മെമ്പർമാരായ ടി എച്ച് അസ്‌ലം, ശഹദിയ മധുരിമ, മുൻ ഗ്രാമപഞ്ചായത്ത് മെമ്പർ പി സി റിസാൽ എന്നിവർ സംബന്ധിച്ചു. വിഷയത്തിൽ അനുകൂല ഇടപെടൽ നടത്തുമെന്ന് ഷാഫി പറമ്പിൽ എംപി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ഉറപ്പ് നൽകി. പെരിങ്ങാടി റെയിൽവേ ഗേറ്റിലെ ഗതാഗതക്കുരുക്ക് പ്രദേശത്തെ ഏറ്റവും വലിയ ജനകീയ പ്രശ്നമായി മാറിയതിനെ തുടർന്ന് കഴിഞ്ഞമാസം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഒരു ജനകീയ കൺവെൻഷൻ വിളിച്ച് ചേർക്കുകയും ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ ചെയർമാനായും ഗ്രാമപഞ്ചായത്ത് മെമ്പർ ടി എച്ച് അസ്‌ലം ജനറൽ കൺവീനറായും ഒരു ജനകീയ കമ്മിറ്റിക്കും രൂപം നൽകിയിരുന്നു. വിഷയം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും റെയിൽവേ മന്ത്രാലയത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുള്ള തുടർനടപടികളും ഗ്രാമപഞ്ചായത്ത് ഭരണസമിതി ആലോചിക്കുകയാണ്.

Post a Comment