*സംസ്ഥാനതല കവിതാലാപന മത്സരത്തിൽ മയ്യഴി സ്വദേശി ശാരീ കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനം*
മാഹി: മണപ്പുറം സമീക്ഷയുടെ നേതൃത്വത്തിൽ ഒ.എൻ.വി. കുറുപ്പിന്റെയും പി. ജയചന്ദ്രന്റെയും സ്മരണാർഥം സംഘടിപ്പിച്ച സംസ്ഥാനതല കവിതാലാപന മത്സരത്തിൽ മയ്യഴി പള്ളൂർ സ്വദേശി ശാരീ കൃഷ്ണ ഒന്നാം സ്ഥാനം നേടി.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നിരവധി പേർ പങ്കെടുത്ത മത്സരത്തിന്റെ ആദ്യഘട്ടം ഓൺലൈനായാണ് നടന്നത്. ഇതിൽനിന്ന് ഫൈനലിലേക്ക് യോഗ്യത നേടിയ ശാരീ കൃഷ്ണ, തൃശൂർ അന്തിക്കാട് നടന്ന ഫൈനൽ മത്സരത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
വേദിയിലും അല്ലാതെയും കവിതാലാപന രംഗത്ത് സജീവമായ ശാരീ കൃഷ്ണ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ യു.പി., ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആകാശവാണിയുടെ ‘കാവ്യാഞ്ജലി’ പരിപാടിയിൽ കാഷ്വൽ ആർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്.
5000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി ലഭിച്ചത്.

Post a Comment