കോപ്പാലത്ത് റോഡിൽ വീണ്ടും കുണ്ടും കുഴിയും നിറഞ്ഞു. യാത്രക്കാർ ദുരിതത്തിൽ
മാഹി: തലശ്ശേരി-പാനൂർ റോഡിലെ കോപ്പാലം ഭാഗത്ത് മഴ കനത്തതോടെ വീണ്ടും കുണ്ടും, കുഴികളും നിറഞ്ഞിരിക്കയാണ്. മഴക്കാലത്ത് ഈ ഭാഗത്ത് റോഡ് പൊട്ടിപ്പൊളിയുന്നത് നിത്യ സംഭവമായിരിക്കുകയാണ്. നിരവധി ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവർ ഇവിടെ തെന്നി വീണിരുന്നു.. .പരാതികൾ മാഹി പൊതുമരാമത്ത് വകുപ്പിൽ എത്തിയപ്പോൾ അറ്റകുറ്റപ്പണികൾ ചെയ്ത് റോഡ് നവീകരിച്ചിരുന്നു.ഇപ്പോൾ മഴ കനത്തതോടെയാണ് റോഡ് വീണ്ടും പൊട്ടിപ്പൊളിഞ്ഞത്. ആഴമുള്ള കുഴികളിൽ മഴ വെള്ളം കെട്ടി നിൽക്കുകയാണ്.വാഹനങ്ങൾ കുഴികളിൽ ചാടുമ്പോൾ കാൽ നട യാത്രക്കാർക്കും സുഗമമായി നടന്നു പോകാൻ പറ്റാത്ത അവസ്ഥയാണ്. പാതയോരത്തെ കടകളിൽ വാഹനങ്ങൾ കടന്നു പോകുമ്പോൾ ചെളിവെള്ളം തെറിക്കുകയാണ്.
ഈ റൂട്ടിൽ 60 ൽ പരം ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. പെട്രോൾ പമ്പുകളിലേക്ക് മാത്രമായി തലശ്ശേരിയിൽ നിന്ന് ബസ്സുകളും, ഭാരവണ്ടികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കോപ്പാലം വഴി മൂലക്കടവിൽ എത്തുന്നുണ്ട്. പാനൂരിൽ നിന്ന് തലശ്ശേരിക്കുള്ള ഏറ്റവും ഏളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡായതിനാൽ വാഹനങ്ങളുടെ തിരക്ക് തന്നെയാണ്. 100 മീറ്റർ അകലെ പന്തക്കൽ ഐ.കെ. കെ. ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൻ്റെ പ്രധാന കവാടത്തിന് മുന്നിലും റോഡിൽ കുഴിയുണ്ട്.
പൊതുമരാമത്ത് വകുപ്പ് കോപ്പാലം - മുതൽ മാഹി അതിർത്തിയായ മാക്കുനി വരെ ടാറിങ്ങിനായി കരാർ നൽകിയിട്ടുണ്ടെന്നാണ് അറിയിച്ചത്.എന്നാൽ കരാറുകാർ പുതുച്ചേരി സ്വദേശികളാണ്. റോഡ് പണി സീസണിൽ പ്രവൃത്തി നടക്കുന്നതിനിടയിൽ ഇടവിട്ട് വേനൽ മഴ പെയ്താൽ കരാറുകാർ നാട്ടിലേക്ക് മടങ്ങും. തൊഴിലാളികളും പുതുച്ചേരിയിൽ നിന്നാണെത്തുക. മാഹി മേഖലയിലെ നിരവധി റോഡുകളുടെ കരാർ പുതുച്ചേരി സ്വദേശികളായ ഈ കരാറുകാരാണ് ഏറ്റെടുത്തിട്ടുള്ളത്. ഇത് കാരണം പ്രവൃത്തി തീരാതെ കിടക്കും.നിലവാരം കുറഞ്ഞ ടാറിങ്ങാണ് ഈ കരാറുകാർ നടത്തിയതെന്ന പരാതിയും ഉയർന്നിരുന്നു. പന്തക്കൽ മൊട്ടേമ്മൽ ഭാഗത്തെ എൽ.പി. സ്കൂൾ റോഡ് നവീകരിച്ച ഉടനെ പൊട്ടിപ്പൊളിഞ്ഞിരുന്നു. നാട്ടുകാർ പ്രതിഷേധിച്ചപ്പോൾ വീണ്ടും ഈ റോഡിൽ കരാറുകാർ ടാറിങ് പ്രവൃത്തി നടത്തിയിരുന്നു.

Post a Comment