പെരിങ്ങാടിയിൽ തെരുവുനായ്ക്കളുടെ വിളയാട്ടം. അധികൃതർ ഉണരണം.
ന്യൂമാഹി പഞ്ചായത്തിലെ പെരിങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം. മുക്കിലും, മൂലയിലും, ഇടവഴികളിലും, റോഡുകളിലും, കട വരാന്ത കളിലും, വീടുകളുടെ മുറ്റത്തും, നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിലുമെല്ലാം കൂട്ടത്തോടെ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ പ്രദേശ വാസികൾക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്.
വൃദ്ധരും കുട്ടികളുമടക്കമുള്ളവർക്ക് ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്നതും തിരികെ വരുന്നതും ഭീതിയോടെയാണ്. ദിവസങ്ങൾ കഴിയുന്തോറും തെരുവ് നായ്ക്കളുടെ എണ്ണം കൂടി കൂടി വരുകയാണ്.
ഇരുചക്ര വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തെരുവ് നായ്ക്കൾ ഭീഷണിയായിരിക്കയാണ്. വാഹനങ്ങളുടെ പിറകെ ഓടുന്നതും റോഡിന് കുറുകെ ചാടുന്നതും കാരണം അപകടങ്ങൾ തുടർക്കഥയാകുകയാണ്.
തെരുവ് നായ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കാനും വേണ്ടി അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Post a Comment