*കുറിച്ചിയിൽ പി.എച്ച്.ഇ.ഡി ശുദ്ധ ജല വിതരണ പദ്ധതി പുനഃസ്ഥാപിക്കുക - സിപിഐഎം വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെ ഉപരോധിച്ചു*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1,14 വാർഡുകളിലെ 96 കുടുംബങ്ങൾക്ക് കഴിഞ്ഞ ആറ് പതിറ്റാണ്ടിലധികമായി തടസ്സമില്ലാതെ കുടിവെള്ള വിതരണം നടത്തിയിരുന്ന കുറിച്ചിയിൽ പി.എച്ച്.ഇ.ഡി ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതി കേരള വാട്ടർ അതോറിറ്റി ചെലവ് ചുരുക്കലിൻ്റെ ഭാഗമായി നിർത്തലാക്കിയിരിക്കുകയാണ്. കുടിവെള്ള വിതരണ പദ്ധതി പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം ന്യൂ മാഹി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി തലശ്ശേരി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പി പ്രനീഷിനെ ഉപരോധിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അർജുൻ പവിത്രൻ, സിപിഐഎം ന്യൂ മാഹി ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി കെ പ്രകാശൻ, പി പി രഞ്ജിത്ത്, എസ് കെ വിജയൻ, ശരത് രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ലാഭകരമല്ലാത്ത പദ്ധതികൾ ഉപേക്ഷിക്കുക എന്ന ആശയം സംസ്ഥാന സർക്കാർ നയത്തിൻ്റെ ഭാഗമായാണ് പദ്ധതി ഉപേക്ഷിച്ചതെന്നും വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്നും അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.

Post a Comment